ഐതിഹ്യത്തിന്റെയും പ്രകൃതിയുടെയും ഉൾക്കാഴ്ചകളുമായി 'നീലിയാർ കോട്ടം'

ഐതിഹ്യത്തിന്റെയും പ്രകൃതിയുടെയും ഉൾക്കാഴ്ചകളുമായി 'നീലിയാർ കോട്ടം'
Published on

അസ്തമയ സൂര്യനെ സാക്ഷി നിർത്തി നീലിയാർ അമ്മ തന്റെ മക്കളെ കാണാൻ വരുകയാണ്. പ്രകൃതിയും മറ്റു ജീവജാലങ്ങളും ഒന്നായി കഴിയുന്ന ആ കാവിൽ വാദ്യമേളങ്ങളും ഇരുപത്തടിയോളം നീളമുള്ള തിരുമുടിയുമായി മഹാകാളി സങ്കല്പത്തിൽ എത്തുന്ന ദേവി,തന്നെ കാണാൻ എത്തിയ മക്കളെ അനുഗ്രഹിക്കുന്നു. മക്കൾ അമ്മയെ ഭക്തിയോടെയും ഭയത്തോടെയും തൊഴുതു വണങ്ങുന്നു. മനുഷ്യവിശ്വാസങ്ങളേയും പ്രകൃതിയെയും സമീകരിക്കുന്ന ഉത്തര മലബാറിലെ തെയ്യക്കാവുകളിലൊന്നായ നീലിയാർ കോട്ടത്തിലാണ് ഈ കാഴ്ച.

ശ്രീകാന്ത് ഇ ജി സംവിധാനം ചെയ്ത നീലിയാർ കൂട്ടമെന്ന ഡോക്യുമെന്ററി നാഗരികതയുടെ നടുവിൽ കാലങ്ങളായി സംരക്ഷിച്ചു പോകുന്ന നീലിയാർ കൂട്ടമെന്ന കാവിനെ പറ്റിയുള്ള ഐതിഹ്യവും ,കാവിന്റെ സാംസ്‌കാരിക ചരിത്രത്തെയും ജൈവവൈവിധ്യത്തെയും പറ്റിയുള്ള ഉൾക്കാഴ്ചകളിലേക്കുമാണ് പ്രേക്ഷകനെ കൊണ്ട് പോകുന്നത്. കണ്ണൂർ ജില്ലയിലെ ധർമശാലയ്ക്കടുത്ത് മാങ്ങാട്ടുപറമ്പിൽ സ്ഥിതിചെയ്യുന്ന 20.18 ഏക്കർ വിസ്തീർണമുള്ള കാവാണ് നീലിയാർ കോട്ടം. ഡോക്യുമെന്ററി ദി ക്യു സ്റ്റുഡിയോ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു.

‌‌

വേദങ്ങളും ഇതിഹാസങ്ങളും പഠിച്ച താഴ്ന്ന ജാതിയിലെ നീലിയെ നാടുവാഴി അച്ഛന്റെ കൈയ്യാൽ കൊലപ്പെടുത്തുന്നു. തുടർന്ന് യക്ഷിയായി മാറുന്ന നീലി മനുഷ്യന്റെ ചോര കുടിക്കുകയും ചെയ്യുന്നു. അങ്ങനെ അവിടെ എത്തിയ കാലകാട്ട് തന്ത്രി അവളെ അമ്മയായി കണ്ട് മങ്ങാട്ട് പറമ്പിൽ പ്രതിഷ്ഠിക്കുന്നു. നീലിയായിരുന്ന അവൾ പിന്നീട് ജനങ്ങളുടെ സ്വന്തം നീലിയാർ അമ്മയായി. ഐതിഹ്യവും കാവിന്റെ ചരിത്രപരമായ പ്രാധാന്യവും, പ്രകൃതിയോടുള്ള ചേർത്ത് നിൽപ്പുമെല്ലാം വിശദീകരിക്കുന്ന ഡോക്യുമെന്ററി കാവിന്റെ മധ്യ ശിലായുഗ വേരുകളെപററ്റിയും പ്രതിപാദിക്കുന്നുണ്ട്. മലമ്പുള്ള്‌ അടക്കമുള്ള വൈവിധ്യങ്ങളാർന്ന പക്ഷികളിലേക്കും, കാശാവ് അടക്കമുള്ള മരങ്ങളിലേക്കും നീളുന്നതാണ് കാവിന്റെ ജൈവ സമ്പത്തെന്നും ഡോക്യുമെന്ററി കാണിക്കുന്നു.

ഡോക്യൂമെന്ററിയുടെ ആശയവും, കാമറയും കൈകാര്യം ചെയ്തിരിക്കുന്നത് നിജിൻ ലൈറ്റ്റൂമാണ് . കാവിന്റെ ലോകമെന്നത് ചിത്രശലഭത്തിന്റേതും പക്ഷികളുടേതും , മരങ്ങളുടേതും മനുഷ്യന്റേതുമാണെന്നു ഫ്രെമുകൾ പ്രേക്ഷകനോട് പറയുന്നു . ബിനീഷ് കരുണിന്റേതാണ് സംഗീതം. ശുദ്ധവായുവും ഔഷധ സസ്യങ്ങളും നൽകുന്ന കാവുകൾ കാലാവസ്ഥ വ്യതിയാനത്തെയും വരെ ചേർത്തു നില്ക്കാൻ മനുഷ്യനെ സഹായിക്കുന്നുവെന്നതുകൊണ്ട് തന്നെ അവ സംരക്ഷിക്കുകയും,പഠനങ്ങൾക്ക് വിധേയമാക്കുകയും വേണമെന്ന മഞ്ജുള പൊയിലടക്കമുള്ളവരുടെ ആവശ്യത്തെയും ഡോക്യൂമെന്ററി കാണിച്ചു തരുന്നുണ്ട് . നീലിയാർ കൂട്ടമെന്ന ഡോക്യുമെന്ററി പറയുന്നത് പ്രകൃതിയുടെ മാത്രം രാഷ്ട്രീയമല്ല, അവയോട് ചേർന്ന് ജീവിതം നയിക്കുന്ന ഒരുപാട് മനുഷ്യരുടെ രാഷ്ട്രീയം കൂടിയാണ്

എഡിറ്റർ ശ്യാം കൃഷ്ണൻ , ടൈറ്റിൽ അനിമേഷൻ -അജ്മൽ എ ,ഡിസൈൻ :നിതിൻ കെ പി , ‌ക്രീയേറ്റീവ് കോണ്ട്രിബൂഷൻ :ബിനോജ് കെ വി, ധീരജ്, ജിതിൻ എ കെ, ജിതിൻ കെ വി, രാകേഷ് കെ, ഉമാദേവി കെ എസ്, വിജേഷ് എ, ഷിതിൻ പി വി, ശരത് രമേഷ്, ഡേവിസ് ജോർജ്

Related Stories

No stories found.
logo
The Cue
www.thecue.in