Shortfilm : 'എന്താണ് ബാ​ഗ് കാണാനില്ലേ ?' ചിരിപ്പിക്കാൻ മക്​ഗുഫിൻ

Shortfilm : 'എന്താണ് ബാ​ഗ് കാണാനില്ലേ ?' ചിരിപ്പിക്കാൻ മക്​ഗുഫിൻ
Published on

മക്​ഗുഫിൻ എന്നാൽ സാധാരണക്കാരനെ സംബന്ധിച്ചടുത്തോളം അത്ര പരിചിതമായ ഒരു വാക്കല്ല, എന്നാൽ ഒരു സിനിമാ പ്രേമിയെയോ, തിരക്കഥാവിദ്യാർഥിയെയോ ഒക്കെ സംബന്ധിച്ച് മക്​ഗുഫിൻ എന്ന് പറഞ്ഞാൽ അതിൽ തന്നെ എന്തിനെക്കുറിച്ചാണോ സംസാരിക്കുന്നത് അതിനെകുറിച്ച് അൻപത് ശതമാനത്തോളം പറഞ്ഞു കഴിഞ്ഞു എന്ന് വേണമെങ്കിൽ പറയാം. അത്രയും പ്രധാനപ്പെട്ടതോ, അർത്ഥമുള്ളതോ ആണ് ആ വാക്ക്. ഒരു കഥയെ മുന്നോട്ട് നയിക്കുന്ന വ്യക്തിയോ, വസ്തുവോ, ആശയമോ എന്ത് വേണമെങ്കിലും ആകാം മക്​ഗുഫിൻ. തൊണ്ടിമുതലിൽ പ്രസാദ് വിഴുങ്ങിയ മാലയോ ഹോനായ് തേടി വരുന്ന തോമസുകുട്ടി കൊടുത്തു വിട്ട പെട്ടിയോ, ബാധ കൂടിയ ജൂനിയർ മാൻഡ്രേക്കോ എന്ത് വേണമെങ്കിലുമാകാം അത്. അതായിരിക്കും ആ കഥയെ ഡ്രെെവ് ചെയ്യുന്നത്. അത്തരത്തിൽ മക്​ഗുഫിൻ അടിസ്ഥാനമാക്കിക്കൊണ്ട് മുഹമ്മദ് നിഹാൽ സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ക്യു സ്റ്റുഡിയോയുടെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത മക്​ഗുഫിൻ.

ഒരു ക്രിമിനൽ ​ഗാങ്ങിനെ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അവർ തമ്മിൽ കൈമാറ്റം ചെയ്യാനൊരുങ്ങുന്ന ഒരു ബാ​ഗാണ് ചിത്രത്തിലെ മക്​ഗുഫിൻ. അത് ലക്ഷ്യസ്ഥാനത്തെത്തിക്കാൻ യാത്രതിരിക്കുന്ന ഒരു ​ഗുണ്ടയും അയാളുടെ അസിസ്റ്റന്റും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളാകുന്നു. ക്രിമിനൽ ​ഗാങ്ങാണ് ചിത്രത്തിലെ കഥാപാത്രങ്ങളെങ്കിലും ഒട്ടും സീരിയസായിട്ടില്ല സിനിമ കഥ അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളും അവരെത്തിച്ചേരുന്ന സന്ദർഭങ്ങളും നർമത്തോടെയാണ് സിനിമ അവതരിപ്പിക്കുന്നത്. ബാ​ഗുമായി പോകുന്ന രണ്ട് ​പേർ, അത് തട്ടിയെടുക്കാൻ കാത്തിരിക്കുന്ന ഒരു സംഘം, ഇതിനിടയിൽ കയറിവരുന്ന നാട്ടുകാരൻ, മദ്യപിച്ച് ഫിറ്റായ ഡോക്ടർ, ഇവരെല്ലാമാണ് പ്രധാനകഥാപാത്രങ്ങളാകുന്നത്.

വിവിധ രീതിയിലുള്ള കഥാപാത്രങ്ങൾ ഒരിടത്തേക്ക് പെട്ടന്നൊരു നിമിഷം എത്തിച്ചേരുന്നതും അവരുണ്ടാക്കുന്ന നർമം നിറഞ്ഞ കലുഷിതമായ സാഹചര്യവുമെല്ലാം അധികം ​ഗിമ്മിക്കുകളൊന്നും ഇല്ലാതെ കഥാപാത്രങ്ങളുടെ പ്രകടനം കൊണ്ട് മാത്രം രസകരമായി അവതരിപ്പിക്കാൻ ചിത്രം ശ്രമിക്കുന്നുണ്ട്.

റിജിൻ, അഖിൽ മോഹൻ, മുഹമ്മദ് നിഹാൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത് .അഭിജിത് കൃഷ്ണ കുമാറിന്റേതാണ് ഛായാഗ്രഹണം. അർജുൻ ചന്ദ്രൻ,ദീപക് സെൽ വരാജ്, അഖിൽ പ്ലാകാട്, ഉദയകുമാർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നിർമിച്ചത് എംപ്റ്റി പോക്കറ്റ് പ്രൊഡക്ഷൻ.

Related Stories

No stories found.
logo
The Cue
www.thecue.in