പുറമേ നിന്ന് സമൂഹം നോക്കി കാണുന്നതിൽ നിന്നും വ്യത്യസ്തമായി ജോലിക്കപ്പുറം ജീവിതമില്ലാത്ത ഐടി ജീവനക്കാർ. ലക്ഷങ്ങൾ ശമ്പളം വാങ്ങി എസി റൂമിൽ സുഖ ജീവിതം നയിക്കുന്നു എന്ന് കരുതപ്പെടുന്ന ടെക്കി ജീവനക്കാരുടെ ജീവിതത്തെക്കുറിച്ചുള്ള മിഥ്യാധാരണകളെ പൊളിച്ചെഴുതുകയാണ് ഒരു ഹ്രസ്വ ചിത്രം. മഹേഷ് മാനസ് രചനയും സംവിധാനവും നിർവഹിച്ച് ഇൻഫോപാർക്കിലെ ഐടി ജീവനക്കാർ ഒരുക്കിയ ഈ ഹ്രസ്വ ചിത്രത്തിന്റെ പേര് ക്യൂബിക്കിൾഡ് എന്നാണ്. ഐടി കമ്പനികളുടെ ക്യൂബിക്കിളുകൾക്കുള്ളിൽ കുടുങ്ങി പോകുന്നവരെ കുറിച്ചാണ് ചിത്രം പറയുന്നത്. ചിത്രം ഇപ്പോൾ യുട്യൂബിൽ ലഭ്യമാണ്.
ഡെഡ്ലെെനുകൾ എത്തിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവിതവും, അനുഭവിക്കുന്ന മാനസിക സംഘർഷവും പ്രമേയമായി വരുന്ന ഈ ഹ്രസ്വ ചിത്രമാണ് ഈ വർഷത്തെ ഓൾ കേരള ഐടി ഫെസ്റ്റ് തരംഗിൽ മികച്ച ഷോർട് ഫിലിമിനുള്ള അവാർഡ് കരസ്ഥമാക്കിയത്. 30 ൽ അധികം ചിത്രങ്ങളോട് മത്സരിച്ചാണ് ഈ ചിത്രം ഒന്നാം സ്ഥാനം നേടിയത്. അതിനു പുറമെ മറ്റു നിരവധി ചലച്ചിത്ര ഫെസ്റ്റിവലുകളിലേക്കും ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജോലിസമയം ദിവസം 14 മണിക്കൂറുകൾ ആക്കുവാനുള്ള കർണാടക സർക്കാരിന്റെ ശ്രമങ്ങളുടെ പശ്ചാത്തതിൽ നിന്നു വേണം ഈ ചിത്രത്തെ നോക്കി കാണുവാൻ. ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും അഭിനേതാക്കളും എല്ലാം തന്നെ ഇൻഫോപാർക്കിലെ ഐടി ജീവനക്കാരാണ്. സ്റ്റെജി, ബിൻസി റിജു, ആദിത്യ സി ജെ, നെവിൻ സേവ്യർ, രശ്മി എൻ, ശ്രീലക്ഷ്മി ആർ, സുമിത്ര ഭട്ട് എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് അംജിത് പിള്ളയാണ്. ചിത്രത്തിന്റെ എഡിറ്റിംഗും സൗണ്ട് ഡിസെെനും നിർവഹിച്ചിരിക്കുന്നത് സംവിധായകൻ മഹേഷ് മാനസ് തന്നെയാണ്. സംഗീതം നിർവഹിച്ചിരിക്കുന്നത് രാം സുരേന്ദർ, അസോസിയേറ്റ് ഡയറക്ടർ - ആദിത്യ സി.ജെ, ഡിസൈൻസ് - വിനോദ് എസ് പിള്ളൈ, സബ്ടൈറ്റിൽസ് - രശ്മി എൻ