ശ്വസിക്കുന്നവയെല്ലാം..!

All That Breathes (2022)
All That Breathes (2022)
Summary

ഈ വർഷത്തെ കാൻ ചലച്ചിത്രമേളയിൽ മികച്ച ഡോക്യുമെന്ററിക്കുള്ള Golden Eye പുരസ്‌കാരം ഇന്ത്യയ്ക്ക് നേടിത്തന്ന All That Breathes എന്ന ഡോക്യുമെന്ററിയുടെ ആസ്വാദനം. സി.വി.രമേശന്‍ എഴുതുന്നു

ദൽഹിയിൽ താമസിക്കുന്ന ഷൗനക് സെൻ നഗരത്തിലെ ഒഴിഞ്ഞ സ്ഥലം കണ്ടെത്തി ആകാശം നിറയെ വട്ടമിട്ടു പറക്കുന്ന പരുന്തുകളെ മണിക്കൂറുകളോളം നോക്കി നിൽക്കാറുണ്ട്. ദൽഹിയിലെ പൊടിയും പുകയും നിറഞ്ഞ് ഇരുണ്ട് കിടക്കുന്ന ആകാശത്തിൽ വട്ടമിട്ട് പറക്കുന്ന കറുത്ത ചിറകുള്ള പരുന്തുകൾ, ചെറുപൊട്ടുകളായി അദ്ദേഹത്തിന്റെ മനസ്സിലിടം പിടിക്കും. ഒരു ഫെലോഷിപ്പിൽ കേബ്രിഡ്ജ് സർവ്വകലാശാല സന്ദർശിക്കാനവസരം ലഭിച്ചപ്പോൾ അവിടത്തെ തെളിഞ്ഞ ആകാശത്തിൽ രാജകീയപ്രൗഢിയോടെ താഴെ ഭൂമിയിലുള്ളതൊക്ക നിരീക്ഷിച്ചു കൊണ്ട് പറക്കുന്ന ചുവപ്പ് ചിറകുള്ള പരുന്തുകൾ സെന്നിനെ വല്ലാതെ ആകർഷിച്ചു.

മിക്ക നഗരങ്ങളിലെയും പതിവു കാഴ്ചകളിൽപ്പെടുന്ന ഈ ദൃശ്യങ്ങളിൽ നിന്നാണ് ഈ വർഷത്തെ കാൻ ചലച്ചിത്രമേളയിൽ മികച്ച ഡോക്യുമെന്ററിക്കുള്ള Golden Eye പുരസ്‌കാരം ഇന്ത്യയ്ക്ക് നേടിത്തന്ന All That Breathes രൂപപ്പെടുന്നത്. അതിനിടയിൽ, ഇതേ സിനിമ ഈ വർഷത്തെ Sundance International Film Festival-ൽ പങ്കെടുത്ത് World Cinema Grand Jury Prize നേടുന്ന ആദ്യ ഇന്ത്യൻ സിനിമയായി ചരിത്രത്തിൽ ഇടം നേടിക്കഴിഞ്ഞിരുന്നു. ദൽഹിയിൽ മറ്റ് ജീവജാലങ്ങൾക്കൊപ്പം ജീവിക്കുന്നവരുടെ സഹവർത്തിത്വം, നഗരത്തിലെ വായു-ജലമലിനീകരണം, സാമൂഹികജീവിതത്തെ വിഷലിപ്തമാക്കുന്ന മത-ജാതി വേർതിരിവുകൾ, അവയുണ്ടാക്കുന്ന സംഘർഷങ്ങൾ എന്നിവയാണ് സിനിമയിൽ ദൃശ്യവൽക്കരിക്കുന്നത്.

'ഓരോ പ്രാവശ്യവും ഇരുണ്ട് ദു;ഖം നിറഞ്ഞു കിടക്കുന്ന ആകാശത്തേക്കു നോക്കുമ്പോൾ കറുപ്പ് നിറമുള്ള പൊട്ടുകളായി പറക്കുന്ന പരുന്തുകളെ കാണാറുണ്ട്. ആ കാഴ്ചയിൽ നിന്നാണ് നഗരങ്ങളിലെ മനുഷ്യന്റെയും മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും പക്ഷികളുടെയും ഒന്നിച്ചുള്ള ജീവിതത്തെക്കുറിച്ച് ഞാൻ ചിന്തിക്കാൻ തുടങ്ങുന്നത് . അസാധാരണമായ ഈ വൈജ്ഞാനികമേഖല പിന്നീട് എനിക്ക് പ്രിയപ്പെട്ടതായി.' ഷൗനക് സെൻ വിശദീകരിക്കുന്നു.

ഷൗനക് സെൻ
ഷൗനക് സെൻ

മുറിവേറ്റ പക്ഷികൾക്ക് ചികിത്സ നൽകി അവയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന മുഹമ്മദ്‌ സൗദ്, നദീം ഷെഹാസദ്‌ എന്നീ സഹോദരന്മാരുടെ ജീവിതക്കാഴ്ചകളാണ് സിനിമയിൽ. ദൽഹിയിൽ വാസിയബാദിലെ വീട്ടിലിരുന്ന് അപകടത്തിൽപ്പെടുന്ന പക്ഷികളെ, വിശേഷിച്ച് കറുത്ത പരുന്തുകളെ രക്ഷപ്പെടുത്തി ചികിത്സ നൽകുന്നു ഇവർ. രണ്ട് പതിറ്റാണ്ടുകൾക്ക് ഇവർ രൂപം കൊടുത്ത Wildlife Rescue എന്ന സന്നദ്ധസംഘടനയുടെ പ്രവർത്തനങ്ങൾ സിനിമ ആവിഷ്‌കരിക്കുന്നു.

മാംസം ഭക്ഷിക്കുന്നതിന്റെ പേരിൽ പരുന്തിന് ചികിത്സ നിഷേധിക്കുന്ന മൃഗാശുപത്രികളുണ്ട് എന്നു മനസ്സിലാക്കിയാണ് നദീമും സൗദും പക്ഷികൾക്ക് ഒരു ആശുപത്രി ആരംഭിക്കാൻ തീരുമാനിക്കുന്നത്. പല തലങ്ങളിലായി ദൽഹി നേരിടുന്ന പരിസ്ഥിതിപ്രശ്നങ്ങളും സാമൂഹിക സംഘർഷങ്ങളും സിനിമ ആവിഷ്‌കരിക്കുന്നുണ്ട്. ഗുരുതരമായ വായു മലിനീകരണം, വെള്ളം കെട്ടി നിൽക്കുന്ന തെരുവുകൾ, പവർകട്ട്, രാസമാലിന്യങ്ങൾ നിറയുന്ന നദികൾ, രാഷ്ട്രീയ-മത സംഘർഷങ്ങൾ എന്നിവ പല തലങ്ങളിലായി ദൃശ്യവൽക്കരിക്കുന്നു. ജീവജാലങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവ് നദീമിനും സൗദിനും കിട്ടുന്നത് അമ്മയിൽ നിന്നാണ്. ശ്വസിക്കുന്ന എല്ലാറ്റിനേയും ഒരേപോലെ കാണണമെന്ന് രണ്ടുപേരേയും പഠിപ്പിക്കുന്നത് അവരാണ്. അതിൽ നിന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ തിരഞ്ഞെടുത്തത്. പ്രമുഖ റഷ്യൻ സംവിധായകൻ Victor Kossakovsky യുടെ ക്യാമറാമാൻ Ben Bernhard ക്യാമറ കൈകാര്യം ചെയ്യുന്നത്. ഒച്ചുകൾ, എലികൾ, കുതിരകൾ, കുരങ്ങന്മാർ, പല്ലികൾ തുടങ്ങിവ നേരിടുന്ന വംശനാശം രേഖപ്പെടുത്തി. നമുക്കും മറ്റെല്ലാ ജീവജാലങ്ങൾക്കും മുമ്പിൽ എപ്പോഴും ഒരു ഭീഷണി നിലനിൽക്കുന്നുണ്ട്. അതിജീവനത്തിന്റെ ആ ഭീഷണി മനസ്സുകളിൽ ഭീതി വിതക്കുന്നു.

സെന്നിന്റെ ആദ്യത്തെ ഡോക്കുമെന്ററി Cities of Sleep ഒരുപാട് അം‌ഗീകാരങ്ങൾ നേടി. 2014-ൽ ദൽഹിയിലും ബെർലിനിലും നടന്ന വീഡിയോ ഇൻസ്റ്റലേഷൻ ഷോ Downtime, 2015-ൽ നടന്ന വീഡിയോ പ്രദർശനം Notes on Mourning എന്നിവയുടെ ക്യൂറേറ്ററുമായിരുന്നു സെൻ.

Related Stories

No stories found.
logo
The Cue
www.thecue.in