ന്റോളെ എനിക്കെന്തിഷ്ടമെന്നോ...., പ്രണയവും നോവും പാടി നിപിന്‍ നാരായണന്റെ 'ഉള്ളം'

Ullam| Malayalam Music Video directed Nipin Narayanan|
Ullam| Malayalam Music Video directed Nipin Narayanan|

പാലപ്പൂവിന്റെ മണമുള്ളോള്

പാതിരക്കാറ്റിന്റെ കുളിരുള്ളോള്...

നീല നിലാവിന്റെ നിറമുള്ളോള്...

നീര്‍മണിത്തുമ്പിന്‍ തെളിവുള്ളോള്..

നാടന്‍ ശീലുകളുടെ അനുഭവം സമ്മാനിച്ച് മനോഹരമായൊരു മ്യൂസിക് വീഡിയോ. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന പാലപ്പൂവിന്റെ മണമുള്ളോള് എന്ന് തുടങ്ങുന്ന ഗാനത്തില്‍ പ്രണയവും നോവുമെല്ലാം കടന്നുവരുന്നു. കാരിക്കേച്ചറുകളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും ശ്രദ്ധേയനായ നിപിന്‍ നാരായണനാണ് 'ഉള്ളം' എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോ ഒരുക്കിയിരിക്കുന്നത്.

പ്രണവ് സി.പിയാണ് പാലപ്പൂവിന്റെ മണമുള്ളോള് എന്ന് തുടങ്ങുന്ന പാട്ടിന്റെ സംഗീതവും ആലാപനവും. സംവിധായകനും ഗായകനും നടനുമായ വിനീത് ശ്രീനിവാസന്‍ ഉള്‍പ്പെടെ നിരവധി പേര്‍ മ്യൂസിക് വീഡിയോയെ പ്രശംസിച്ച് രംഗത്ത് വന്നിട്ടുണ്ട്. മനോഹമായ ഗാനം, മനോഹരമായി ചിത്രീകരിച്ച ഗാനവുമെന്നാണ് വിനീത് ശ്രീനിവാസന്‍ കുറിച്ചിരിക്കുന്നത്.

ലാല്‍ ജോസ്, വിനീത് ശ്രീനിവാസന്‍,ബിജിബാല്‍,റോഷന്‍ മാത്യു, സിതാര കൃഷ്ണകുമാര്‍, അജു വര്‍ഗീസ്, നിഖില വിമല്‍ രതീഷ് പൊതുവാള്‍, ജിയോ ബോബി, അനുരാജ് മനോഹര്‍, വി.സി അഭിലാഷ് എന്നിവരും അനുമോള്‍,മാല പാര്‍വതി, രാജേഷ് മാധവന്‍ തുടങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകരാണ് ഉള്ളം പുറത്തിറക്കിയത്.

ഹരീഷ് മോഹനനാണ് ഗാനരചന. നിപിന്‍ നാരായണന്‍ തന്നെയാണ് സ്‌ക്രീന്‍ പ്ലേ. സച്ചിന്‍ രവി ക്യാമറയും ആകാശ് പയ്യന്നൂര്‍ എഡിറ്റിംഗും. ഗുല്‍മോഹര്‍ പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം.

പാട്ടിനെക്കുറിച്ച് സംവിധായകന്‍ നിപിന്‍ നാരായണന്‍ എഴുതിയത്

ഉള്ളം' പയ്യന്നൂരില്‍ കൂടിയിരിക്കാറുള്ള ഞങ്ങളുടെ സൗഹൃദത്തില്‍ നിന്നും വരുന്ന പാട്ടാണ്. ഒരു വര്‍ഷം മുന്‍പാണ് പ്രണവ് ഈ പാട്ട് കേള്‍പ്പിച്ചുതരുന്നത്. ആദ്യ കേള്‍വിയില്‍ തന്നെ പാട്ട് ഹൃദയത്തിലേക്ക് കയറി. പിന്നെ ഒരു നോവ് അകത്ത് കിടന്ന് മുഴങ്ങി. വരികളും സംഗീതവും ആലാപനവും എല്ലാം കൂടി സൃഷ്ടിച്ച ഒരു നോവ്! ഞാന്‍ എന്റെ മനസില്‍ വന്ന ഇമേജുകള്‍ പറഞ്ഞപ്പോള്‍ നമുക്ക് ഷൂട്ട് ചെയ്യാമെന്നായി എല്ലാവരും. പക്ഷേ ഞങ്ങള്‍ നിശ്ചയിച്ച ബഡ്ജറ്റില്‍ എത്താന്‍ കഴിയാതിരുന്നതടക്കം പല കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല.

പിന്നീട് നാളുകള്‍ക്ക് ശേഷം കൂടിയിരുന്നപ്പോള്‍ ഈ പാട്ട് പിന്നെയും സംസാരത്തില്‍ പൊന്തിവന്നു. ജീവനുള്ള ഒരു പാട്ടിന് അങ്ങനെ എളുപ്പം മരിക്കാന്‍ പറ്റില്ലല്ലോ! അങ്ങനെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ചിന്തകളെ അഴിച്ചുപണിഞ്ഞു. ഞങ്ങളുടെ സംഘം മാത്രം ഒത്തുചേര്‍ന്ന് നാട്ടില്‍ തന്നെ ഷൂട്ട് ചെയ്തു. പാട്ട് റെഡിയായി!

അസാധാരണമായി ഒന്നുമില്ലെന്ന് പറയുമ്പോഴും നിങ്ങളില്‍ പലരുടെയും ഉള്ളിലേക്ക് കയറിപ്പോയേക്കാവുന്ന ഒരു പാട്ടാണെന്ന വിശ്വാസം എനിക്കുണ്ട്. ഞാന്‍ ആദ്യം കേട്ടപ്പോള്‍ അനുഭവിച്ച ഒന്ന് നിങ്ങളില്‍ ചിലരെങ്കിലും അനുഭവിക്കുമെന്നും വിശ്വാസമുണ്ട്

പാലപ്പൂവിന്റെ മണമുള്ളോള്

പാതിരക്കാറ്റിന്റെ കുളിരുള്ളോള്...

നീല നിലാവിന്റെ നിറമുള്ളോള്...

നീർമണിത്തുമ്പിൻ തെളിവുള്ളോള്... ഓളെയെനിക്കെന്തിഷ്ടമെന്നോ...

ഓരത്തു നിക്കണ കൈതപ്പെണ്ണേ...

ഓള് നടക്കണ കണ്ടോ നിയ്യ് പാദസ്വരമേഴും കേപ്പിച്ചോണ്ട്... കൈപ്പാട് ചാടിക്കടക്കുന്നതാ...

കൈത്തളരണ്ടും കുലുക്കികൊണ്ട്... ഓളെയെനിക്കെന്തിഷ്ടമെന്നോ...

ഓരത്തു നിക്കണ തുമ്പപ്പൂവേ...

കൺമിഴിയോരം കറുപ്പ് കണ്ടാ...

രാവിനെ തൊട്ട് വരച്ചതോള്...

നെറ്റിത്തടത്തിലെ പൊട്ട് കണ്ടാ...

തിങ്കളെടുത്ത് പതിച്ചതോള്...

രാവൊന്നിലോളെ ചതിച്ചതോര്...

തൈവച്ചൂരേറ്റ് നടക്കണോര്...

കാട്ടിൽക്കിടന്ന് പിടഞ്ഞാനോള്...

കൂവിവിളിച്ച് കരഞ്ഞാനോള്....

കാടും കടന്ന് നടന്നാനോള്...

കാറ്റിൽപ്പറന്നു നടന്നാനോള്...

നാട്ടകം പേടിക്കും കഥയും പേറി...

നാവേറു പാട്ടിലെ നീലിപ്പെണ്ണ്....

ന്റോളെ എനിക്കെന്തിഷ്ടമെന്നോ.... ഓടിയടുക്കുന്നോരോമൽക്കാറ്റേ....

Related Stories

No stories found.
logo
The Cue
www.thecue.in