‘കലയാണ് ഞങ്ങളുടെ ആയുധം’; മലയാളത്തില്‍ പാടിയതിന് ബെംഗലുരുവില്‍ ഇറക്കിവിട്ട ‘സ്ട്രീറ്റ് അക്കാദമിക്സ്’ 

‘കലയാണ് ഞങ്ങളുടെ ആയുധം’; മലയാളത്തില്‍ പാടിയതിന് ബെംഗലുരുവില്‍ ഇറക്കിവിട്ട ‘സ്ട്രീറ്റ് അക്കാദമിക്സ്’ 

മലയാളത്തില്‍ പാട്ടുപാടിയതിന് ബെംഗലുരുവിലെ വേദിയില്‍ നിന്ന് ഇറക്കിവിട്ടതിന് പാട്ടിലൂടെ തന്നെ പ്രതിഷേധമറിയിക്കാനൊരുങ്ങി ഹിപ്‌ഹോപ് ക്രൂവായ 'സ്ട്രീറ്റ് അക്കാദമിക്സ്'. കലയാണ് തങ്ങളുടെ ആയുധമെന്ന് അറിയിച്ചുകൊണ്ടുള്ള 'ഡിസ് ട്രാക്ക്’ ഈ ആഴ്ച പുറത്തിറക്കുമെന്ന് റാപ്പറായ അംജദ് ‘ദ ക്യൂ’വിനോട് പറഞ്ഞു.

ആര്‍ട്ടിസ്റ്റുകള്‍ തമ്മിലോ അല്ലെങ്കില്‍ അവര്‍ക്കെതിരെ മറ്റാരെങ്കിലുമോ രാഷ്ട്രീയപരമായോ സാമൂഹ്യപരമായോ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കുമ്പോള്‍, അതിനെതിരെ അടിപിടിയോ പ്രശ്‌നമോ ഉണ്ടാക്കുന്നതിന് പകരം കലയിലൂടെ തന്നെ പ്രതിഷേധിക്കുക എന്നതാണ് ‘ഡിസ് ട്രാക്കി’ന്റെ ലക്ഷ്യം, കലയാണ് ഞങ്ങളുടെ ആയുധം.

അംജദ്

ജൂലായ് 13നായിരുന്നു ബെംഗലുരുവിലെ ഫോകസ്ട്രോട്ട് വേദിയില്‍ വച്ച് പരിപാടി നടന്നു കൊണ്ടിരിക്കെ സ്ട്രീറ്റ് അക്കാദമിക്‌സിനെ ഇറക്കിവിട്ടത്. 'സ്ട്രീറ്റ് അക്കാദമിക്സി'ന്റെ പാട്ടുകള്‍ പ്രേക്ഷകര്‍ ആസ്വദിച്ചു കൊണ്ടിരിക്കെ തന്നെയായിരുന്നു സൗണ്ട് ഓഫ് ചെയ്തതും സ്റ്റേജില്‍ നിന്നിറങ്ങാന്‍ ആവശ്യപ്പെട്ടതും. ഇത് കര്‍ണാടകയാണ് ഇവിടെ മലയാളം പാട്ട് വേണ്ട എന്ന മദ്യപിച്ച് ബഹളം വെച്ച മൂന്ന് പേരുടെ ആവശ്യത്തിന് വഴങ്ങിയായിരുന്നു ഫോകസ്ട്രോട്ട് മാനേജ്‌മെന്റ് ശബ്ദം ഓഫ് ചെയ്തത്.

ഇതിന് മുന്‍പ് ഇത്തരമൊരു അനുഭവം തങ്ങള്‍ക്ക് എവിടെ നിന്നും ഉണ്ടായിട്ടില്ലെന്ന് അംജദ് പറഞ്ഞു. ആര്‍ടിസ്റ്റുകളോട് കാണിക്കേണ്ട യാതൊരു മര്യാദയുമില്ലാതെയായിരുന്നു മാനേജ്‌മെന്റിന്റെ പ്രതികരണം.

മൂന്ന് കള്ളുകുടിയന്മാരെ പുറത്താക്കുന്നതിന് പകരം നമ്മളെ ഇറക്കിവിടുക ആയിരുന്നു അവര്‍ ചെയ്തത്. അവിടെ അന്‍പതിലധികം ആളുകള്‍ എന്തായാലും ടിക്കറ്റെടുത്ത് വന്നിരുന്നത് നമ്മുടെ പരിപാടി കാണുവാന്‍ കൂടിയായിരുന്നു, അവിടെയാണ് അവര്‍ സൗണ്ട് ഓഫ് ചെയ്തത്. സൗണ്ട് ഓഫ് ചെയ്തപ്പോള്‍ ഞങ്ങള്‍ക്കധികം മനസിലായില്ല, ടെക്കിനിക്കല്‍ പ്രശ്‌നമാണെന്നാണ് കരുതിയത്. ഞങ്ങള്‍ പാട്ടു തുടരുകയായിരുന്നു, കേട്ടു കൊണ്ടിരുന്നവരെല്ലാം ഞങ്ങള്‍ക്കൊപ്പം പാടിക്കൊണ്ട് തന്നെ ഇരിക്കുകയായിരുന്നു. അവരെല്ലാവരും അത് ആസ്വദിക്കുകയായിരുന്നു. പാട്ട് മോശമായത് കൊണ്ട് ഇറക്കിവിട്ടതല്ല, മറിച്ച് നല്ല രീതിയില്‍ പരിപാടി നടക്കവെ ഒന്നും പറയാതെ ഓഫ് ചെയ്യുകയായിരുന്നു.

അംജദ്

ആസാദി റെക്കോര്‍ഡ്‌സും 4/4 എക്സ്പീരിയന്‍സും ചേര്‍ന്ന് മാര്‍ത്തഹള്ളിയിലെ ഫോകസ്‌ട്രോട്ട് എന്ന വേദിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. പെര്‍ഫോര്‍മന്‍സിനിടെ തന്നെ ബഹളം വെച്ച മൂന്ന് പേരുടെ ആവശ്യപ്രകാരം ഇംഗ്ലീഷ് പാട്ട് പാടുകയോ ഇല്ലെങ്കില്‍ പരിപാടി നിര്‍ത്തി വെയ്ക്കുകയോ ചെയ്യണമെന്ന് ഫോകസ്‌ട്രോട്ട് മാനേജ്‌മെന്റ് സ്‌പോണ്‍സേഴ്‌സായ 4/4 എക്സ്പീരിയന്‍സിനോട് ആവശ്യപ്പെട്ടു. എന്നാല്‍ സ്ട്രീറ്റ് അക്കാദമിക്‌സിനോട് പാടാന്‍ തയ്യാറായി വന്ന പാട്ട് മാറ്റാന്‍ ആവശ്യപ്പെടില്ലെന്ന് 4/4 എക്സ്പീരിയന്‍സും ആസാദി റെക്കോര്‍ഡ്‌സും ഫോക്‌സ്‌ട്രോട്ടിനെ അറിയിച്ചു. തുടര്‍ന്നാണ് യാതൊരു അറിയിപ്പും കൂടാതെ മാനേജ്‌മെന്റ് ശബ്ദം ഓഫ് ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in