ബോംബെ ജയശ്രീ വീണ്ടും മലയാളത്തില്‍ പാടുന്നു, 'സൗദി വെള്ളക്ക'യില്‍

SaudiVellakka

ഓപ്പറേഷന്‍ ജാവ എന്ന സിനിമക്ക് ശേഷം തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'സൗദി വെള്ളക്ക' യ്ക്ക് വേണ്ടി ബോംബെ ജയശ്രീയുടെ ഗാനം. അന്‍വര്‍ അലിയാണ് ഗാനരചന. പാലി ഫ്രാന്‍സിസാണ് സംഗീതം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റി വച്ച സോംഗ് റെക്കോര്‍ഡിംഗ് ചെന്നൈയില്‍ വച്ച് കഴിഞ്ഞ ദിവസം നടന്നു.

തരുണ്‍ മൂര്‍ത്തിയുടെ വാക്കുകള്‍

ഏറെ സന്തോഷത്തോടെ അഭിമാനത്തോടെ അറിയിക്കട്ടെ...സൗദി വെള്ളക്കയിലെ ഒരു മനോഹരമായ ഗാനം ആലപിക്കുന്നത് പത്മശ്രീ ബോംബെ ജയശ്രീയാണ്.

സിനിമയുടെ പ്രീ പ്രൊഡക്ഷൻ സമയത്തു തന്നെ കഥാ സന്ദർഭത്തിൽ മനോഹരമായ ഒരു പാട്ടു വേണം എന്നത് തീരുമാനിച്ചിരുന്നു. ആ പാട്ടിന്റെ ട്യൂണിനു വേണ്ടി Palee Francis ഞങ്ങളും വളരെയേറെ സമയം ചിലവഴിച്ചിരുന്നു.

ഓരോ ട്യൂണുകളും കേട്ട് കേട്ട് ഒടുവിൽ മനസ്സിനെ വല്ലാതെ സ്പർശിച്ച ഒരു ട്യൂണിലെത്തിയപ്പോൾ അത് ബോംബെ ജയശ്രീ മാം പാടിയാൽ നന്നാകും എന്നൊരു തോന്നൽ മുഴുവൻ ടീമിനും ഉണ്ടായി.

ഒട്ടും അമാന്തിക്കാതെ സന്ദീപേട്ടനോടും കാര്യം പറഞ്ഞു. മുന്നോട്ടു പോകാനുള്ള ധൈര്യം തന്ന് സന്ദീപേട്ടനും ഒപ്പം കൂടി.

മനസ്സിലുറച്ച ട്യൂണിന് ആത്മാവുള്ള വരികൾ കോറിയിട്ട് അൻവർ അലിയും ഞങ്ങൾക്കൊപ്പം ചേർന്നു,അന്ന് മുതൽ ഒരു നീണ്ട കാത്തിരിപ്പായിരുന്നു, ഞങ്ങൾക്കേറെ പ്രീയപ്പെട്ട ഈണവും വരികളും കാതുകളിൽ സംഗീതമായി അലയടിയ്ക്കുന്നതും കാത്ത്...

കോവിഡ് പടരുന്നതിനിടയിൽ പലവട്ടമായി നീണ്ടു പോയ റെക്കോർഡിംഗ് ഇന്ന് ചെന്നൈയിൽ വെച്ച് നടന്നു.അത്രയേറെ പ്രീയപ്പെട്ട നമ്മുടെ സിനിമയ്ക്ക് അത്രമേൽ പ്രാധാനപ്പെട്ടതാണ് ഈ ഗാനവും.

അൻവർ അലി വരികൾ എഴുതി പാലി ഫ്രാൻസിസ് സംഗീതം നിർവ്വഹിക്കുന്ന ഈ പാട്ട് നിങ്ങൾക്കും പുതിയ ഒരു അനുഭവം തരുമെന്നാണ് വിശ്വാസം.

വെള്ളക്ക ശുദ്ധമാണ്..ജയശ്രീ മാമിന്റെ സംഗീതം പോലെ ശുദ്ധം

തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്നീ ചിത്രങ്ങൾക്കുശേഷം സന്ദീപ് സേനൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ലുക്ക് മാന്‍ അവറാന്‍, ദേവീ വര്‍മ്മ, സിദ്ധാർഥ് ശിവ,ബിനു പപ്പു,സുജിത്ത് ശങ്കർ ഗോകുലന്‍, ശ്രിന്ധ,റിയ സെയ്റ,ധന്യ, അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്

സഹനിര്‍മ്മാതാവ് ഹരീന്ദ്രനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനനുമാണ്.എഡിറ്റിംഗ് നിഷാദ് യൂസഫ് സംഗീതം പാലി ഫ്രാൻസിസ്, സൗണ്ട് ഡിസൈനിംഗ് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ്, ആർട്ട് സാബു വിതുര , മേക്കപ്പ് മനു മോഹൻ, കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണന്‍. പ്രൊഡക്ഷൻ കൺട്രോളർ ജിനു പികെ,, സ്റ്റിൽസ് ഹരി തിരുമല,

ഡിസൈൻസ് യെല്ലോ ടൂത്ത്, പി ആർ ഒ മഞ്ജു ഗോപിനാഥ്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും പെരുമ്പാവൂരിലുമായാണ് സൗദി വെള്ളക്കയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in