രവീന്ദ്രസംഗീതം സങ്കീര്‍ണതയല്ല, സാഹസികമായ ഒരുമ്പെടലുകളാണ്

രവീന്ദ്രസംഗീതം സങ്കീര്‍ണതയല്ല, സാഹസികമായ ഒരുമ്പെടലുകളാണ്

സംഗീതസംവിധായകൻ രവീന്ദ്രൻ്റെ പാട്ടുകൾ ആവശ്യമില്ലാതെ സങ്കീർണ്ണമാക്കപ്പെട്ടവയാണെന്നും അതുകൊണ്ട് അദ്ദേഹം മാസ്റ്റർ എന്നു വിളിക്കപ്പെടാൻ അർഹനല്ലെന്നും പി. ജയചന്ദ്രൻ ഈയിടെ പ്രസ്താവിക്കുകയുണ്ടായി. പക്ഷേ ആ പ്രസ്താവനയിൽ തന്നെ അദ്ദേഹം ഈ അഭിപ്രായം മാറ്റിപ്പറയുന്നുമുണ്ട്. ചില പാട്ടുകൾ മാത്രമാണിതെന്നും അദ്ദേഹം തന്നെ പാടിയ ആലിലത്താലിയുമായ് (മിഴിരണ്ടിലും) വളരെ സൗമ്യതരവുമാണെന്നും സമർത്ഥിക്കുന്നു, ഒരു തെറ്റ് തിരുത്തുന്നതുപോലെ. പക്ഷേ, മാധ്യമങ്ങൾ അദ്ദേഹത്തിൻ്റെ ആദ്യവാചകം മാത്രം ഏറ്റെടുത്ത് ഒരു വിവാദം സൃഷ്ടിച്ചെടുത്തു. നല്ലപാട്ടുകൾ കമ്പോസ് ചെയ്തിരുന്ന രവീന്ദ്രൻ കോംപ്ളിക്കേറ്റഡ് പാട്ടുകൾ കമ്പോസ് ചെയ്യാൻ നിർബ്ബന്ധിതനായിത്തീരുകയായിരുന്നു എന്നും അഭിപ്രായപ്പെടുന്നുണ്ട്, അദ്ദേഹം.

ശ്രീ ജയചന്ദ്രൻ രവീന്ദ്രനെ ജോൺസണുമായി താരതമ്യപ്പെടുത്തുന്നു. സംഗീതസംവിധായകരെ താരതമ്യപ്പെടുത്തുന്നത് യുക്തിഭദ്രമല്ല. ഒരേ കാലത്ത് രംഗത്തുണ്ടായിരുന്ന ഇവർ രണ്ടു പേരും അത്യാകർഷകവും പോപ്പുലറുമായ പാട്ടുകൾ രചിച്ചവരുമാണ്.

സങ്കീർണ്ണമായ പാട്ടുകൾ രവീന്ദ്രൻ നിർമ്മിച്ചു എന്നാണ് ജയചന്ദ്രൻ്റെ പരാതി. അതിൽ ശരിയുണ്ട് താനും. യേശുദാസുമായി ചേർന്ന് അങ്ങനെയൊരു പതിവ് വന്നു ഭവിച്ചിട്ടുണ്ട്. പക്ഷേ ഇത് രവീന്ദ്രൻ്റെ പാട്ടുകളെ അടച്ചാക്ഷേപിക്കാനുള്ള വക നൽകുന്നതേയില്ല. അത്രമാത്രം വൈവിധ്യമിയന്നതായിരുന്നു രവീന്ദ്രൻ്റെ സംഗീതസംവിധാനസപര്യ. യേശുദാസിനെക്കൊണ്ട് അദ്ദേഹം പാടിപ്പിച്ച ജനപ്രിയഗീതങ്ങളൊക്കെ വൻ പ്രചാരത്തിലായവയാണ്. അവയിൽ ചിലതു മാത്രമേ സങ്കീർണ്ണമായിട്ടുള്ളു. ആദ്യകാല പാട്ടുകളായ ‘തേനും വയമ്പും’, ‘ഒറ്റക്കമ്പി നാദം’ ഒക്കെ ക്ളിഷ്ടതരമോ മനഃപൂർവ്വം ജടിലത ഉൾച്ചേർത്തതോ അല്ല.

അധികം താമസിയാതെയാണ് ‘ഉത്രാടപ്പൂനിലാവേ’, ‘മാമാങ്കം പലകുറി’ ഒക്കെ മലയാളികൾ സഹർഷം നെഞ്ചിലേറ്റുന്നത്. സങ്കീർണ്ണത നിർമ്മിച്ചെടുത്തതിനെപ്പറ്റി പരാതി പറയുന്ന ശ്രീ ജയചന്ദ്രൻ തീർച്ചയായും 'അതിമനോഹരം ആദ്യത്തെ ചുംബനം' കേട്ടിട്ടുണ്ടാവണം. ലാളിത്യത്തോടൊപ്പം മാധുര്യം നിറച്ചിരിക്കയാണ്. ഒരു സംഭാഷണം പോലെ സ്വരങ്ങൾ തിരിച്ചും മറിച്ചും പാടുന്ന സംഘം കൂടെയുണ്ട്. പാട്ടുകാരന്മാരും പാട്ടുകാരികളും. ഗിമ്മിക്കുകൾ തൻ്റെ ലക്ഷ്യമല്ല എന്ന രവീന്ദ്രൻ്റെ പ്രഖ്യാപനം കൂടിയാണ് ഈ പാട്ട്. പ്രശ്നം ഗുരുതരത്തിലെ 'ലീലാതിലകം ചാർത്തി' വ്യക്തമായി രാഗം അടിസ്ഥാനമാക്കിയ പാട്ടാണെങ്കിലും സങ്കീർണ്ണത തെല്ലുമില്ല. സ്വരാലാപനങ്ങൾ സർക്കസ് കളിക്കുന്ന മട്ടിൽ ചിട്ടപ്പെടുത്തിയതുമല്ല.

'താരകേ മിഴിയിതളിൽ' ആദ്യം യേശുദാസിനെക്കൊണ്ട് പാടിപ്പിക്കുമ്പോൾത്തന്നെ ലളിതമെന്ന് തോന്നിപ്പിക്കുന്ന മന്ദഗതിയിലാണെങ്കിലും താഴ്ന്ന സ്ഥായിയിലാണ്. യേശുദാസ് അനായാസമായി പാടുന്നുണ്ടെങ്കിലും ഈ കീഴ്സ്ഥായിയിൽ പലർക്കും സുന്ദരമായി പാടാൻ സാധിക്കുകയില്ല. താഴ്ന്ന സ്ഥായിയിൽ പലരുടെയും ശബ്ദസൗകുമാര്യം പമ്പ കടന്നേക്കും. യേശുദാസിനു വെല്ലുവിളികൾ നൽകുക എന്നത് രവീന്ദ്രൻ്റെ പതിവായിത്തീർന്നു എന്നത് സത്യമാണ്. പിന്നീട് കമ്പോസിങ്ങ് സമയത്ത് ഇരുവരും തീക്ഷ്ണമായ അഭിപ്രായപ്രകടങ്ങൾ പ്രകാശിപ്പിക്കുക വഴി ചൂടൻചർച്ചയിൽ എത്താറുണ്ടായിന്നു എന്ന് പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. യേശുദാസിൻ്റെ എല്ലാ ആലാപനമികവും പുറത്തെടുക്കാനുള്ള യത്നമായിട്ടു വേണം ഈ സംഭവങ്ങളെ വിലയിരുത്തേണ്ടത്.

ഭരതത്തിലെ ‘രാമകഥാഗാനലയം’ (1991) ജയചന്ദ്രനെ തെല്ല് ചൊടിപ്പിക്കുന്നുണ്ട്. സങ്കീർണ്ണതയുടെ ഉദാഹരണമായി ആ ട്യൂൺ ചൊല്ലിക്കേൾപ്പിക്കുന്നുണ്ട്. ചടുലമായും അതിവേഗതയോടും സ്ഥായികൾ ഉയർത്തി താഴ്ത്തുന്നത് ആവർത്തിച്ച് സംഘർഷാത്മകത സൃഷ്ടിക്കുന്നുണ്ട് എന്നതാണ് അദ്ദേഹത്തെ സ്വൽപ്പം രോഷാകുലനാക്കുന്നത്. രവീന്ദ്രൻ ‘മാസ്റ്റർ’ ബിരുദത്തിന് അർഹനല്ലെന്ന് വിധിക്കാൻ പ്രേരിപ്പിക്കുന്നത്.

1986-ലെ 'ശ്രീലതികകൾ’ (സുഖമോ ദേവീ) ആയിരിക്കണം ഇത്തരം നിഷ്ക്കർഷകൾ തീക്ഷ്ണമായതിൻ്റെ ആദ്യസൂചന. ചടുലമായ അക്ഷരവിന്യാസവും യമകപ്രയോഗങ്ങളും സ്ഥായികളുടെ ഉയർച്ചകളും നിപാതങ്ങളും ആവോളം നിറച്ചിട്ടുണ്ട് ഈ പാട്ടിൽ. നൃത്തരംഗൾക്ക് വേണ്ടിയുള്ളതോ കച്ചേരി മട്ടിൽ പാടുന്നതോ ആയ പാട്ടുകളിൽ മാത്രമേ അന്ന് വരെ സ്വരങ്ങൾ ഉപയോഗിച്ചിരുന്നുള്ളു. ഈ കീഴ് വഴക്കം പാടേ മാറ്റി മറിച്ചുകൊണ്ടാണ് ഒരു സാധാരണ പാട്ടിൽ സ്വരാലാപനം രവീന്ദ്രൻ നിബന്ധിച്ചത്. ചരണത്തിൻ്റെ ആദ്യവരി കഴിഞ്ഞ് ‘സരിമ സരിമപ സരിമപനിസ..’ എന്നിങ്ങനെ ഓരോ ആവർത്തനത്തിനും ഓരോ സ്വരങ്ങൾ ഒന്ന് വെച്ച് കൂട്ടി വ്യാപ്തി കൂട്ടുന്ന കച്ചേരിപ്രയോഗവും വ്യത്യസ്തത വരുത്താനുള്ള വ്യഗ്രതയുടെ ഉദാഹരണമാണ്. ഒന്നിടവിട്ട് ‘കോരിയെൻ- കരളിൽ- ആകവേ- മലയസാനുവിൽ- നിറനിലാവുപോൽ എന്നതിൽ ഉയർന്നതും താഴ്ന്നതുമായ സ്ഥായികൾ ഒന്നിടവിട്ട് പ്രയോഗിച്ചിട്ടുമുണ്ട്. ചടുലമായ മൃദംഗനടകൾ അത്യപൂർവ്വമായ ചാതുരിയോടെയാണ് താളക്കൊഴുപ്പ് സൃഷ്ടിക്കുന്നത്. ഇതിനും തൊട്ടുമുൻപ് 1984-ൽ ‘മനതാരിലെന്നും കൊണ്ടുവാ..' അയത്നസുന്ദരമായി ചിട്ടപ്പെടുത്തിയത് ഓർമ്മിക്കാം. പക്ഷേ ചരണങ്ങളുടെ അവസാനം 'ഹൃദയം-പിടയും-പുതുലഹരിയിൽ-മിഴികൾ-തിരയും-തവവദനം' എന്ന രീതിയിൽ ചടുലത നിബന്ധിച്ചിട്ടുണ്ട്. ഇത് രവീന്ദ്രൻ്റെ ചിട്ടപ്പെടുത്തലുകളിൽ ഒരു കയ്യൊപ്പ് പോലെ പതിഞ്ഞു കിടക്കുന്നതാണ്. ഒരു സങ്കീർണ്ണതയും അനുഭവപ്പെടുന്നില്ല എന്നു മാത്രമല്ല, പാട്ടിൻ്റെ ഗതി ഒന്ന് മാറി ഒഴുകുന്നത് ആസ്വാദ്യത വർദ്ധിപ്പിക്കുന്നുമുണ്ട്. 1984-ൽത്തന്നെ 'മനസ്സേ നിൻ്റെ മണിനൂപുരങ്ങൾ..’ അതിമന്ദ്രമായി ചിട്ടപ്പെടുത്തി വെച്ചിട്ടുമുണ്ട്. ഓരോ വാക്കിലും പരമശാന്തത ഘനീഭിവിപ്പിച്ചിട്ടുമുണ്ട്.

ഭരതത്തിലെ ‘രാമകഥാഗാനലയം’ (1991) ജയചന്ദ്രനെ തെല്ല് ചൊടിപ്പിക്കുന്നുണ്ട്. സങ്കീർണ്ണതയുടെ ഉദാഹരണമായി ആ ട്യൂൺ ചൊല്ലിക്കേൾപ്പിക്കുന്നുണ്ട്. ചടുലമായും അതിവേഗതയോടും സ്ഥായികൾ ഉയർത്തി താഴ്ത്തുന്നത് ആവർത്തിച്ച് സംഘർഷാത്മകത സൃഷ്ടിക്കുന്നുണ്ട് എന്നതാണ് അദ്ദേഹത്തെ സ്വൽപ്പം രോഷാകുലനാക്കുന്നത്. രവീന്ദ്രൻ ‘മാസ്റ്റർ’ ബിരുദത്തിന് അർഹനല്ലെന്ന് വിധിക്കാൻ പ്രേരിപ്പിക്കുന്നത്. രാമകഥാ-ഗാനലയം-മംഗളമെൻ- തംബുരുവിൽ എന്ന വാക്കുകളാണ് പൊടുന്നനെ ഉയരുകയും താഴുകയും ചെയ്യുന്നത്. മൃദംഗത്തിൻ്റെ ശ്രുതിയും ഇതോടൊപ്പം പൊങ്ങിത്താഴുന്നുണ്ട്. പിന്നെ വരുന്ന സ്വരങ്ങൾ സങ്കീർണ്ണാലാപനമാക്കിയിട്ടുണ്ട്. സ്ഥായി ഉയർത്തിത്താഴ്ത്തുന്നത് സർക്കസ്സിൻ്റെ ചാതുര്യത്തോടെ തന്നെ.

കച്ചേരികളിൽ സംഗീതജ്ഞർ തങ്ങളുടെ പാടവം പ്രദർശിപ്പിക്കാനുള്ള വിദ്യകളുടെ ഭാഗമാകാറുണ്ട് എന്നത് വിസ്മരിക്കാൻ വയ്യ. 'ഇന്ദ്രധനുസ്സുകൾ മീട്ടിദേവകൾ..‘ എന്ന ഭാഗം അത്യന്തം ക്ളിഷ്ടതരമാണ്. 'പ്രണവം വിടർന്നുലഞ്ഞ സരയുവിൽ' പാടുമ്പോഴൊക്കെ സ്ഥായി പെട്ടെന്ന് ഉയർന്ന് താഴുകയാണ്. സിനിമയിലെ ആ രംഗത്തിൻ്റെ സംഘർഷാവസ്ഥ കൃത്യമായി ആവിഷ്ക്കരിക്കപ്പെടുകയാണിവിടെ. നായകൻ്റെ മനസ്സ് പ്രക്ഷുബ്ധമാണ്. ഈ പാട്ട് പാടാൻ എളുപ്പമല്ല. രവീന്ദ്രൻ്റെ കമ്പോസിങ്ങ് ചാതുര്യവും യേശുദാസിൻ്റെ ആലാപനവൈദഗ്ദ്ധ്യവും സമ്മേളിക്കുന്ന വേളയാണിത്. സിനിമാസംഗീതത്തിൽ ഭാവതീവ്രത ആവശ്യപ്പെടുമ്പോൾ അത് നൽകുന്നത് ഉചിതമെന്നേ കരുതാനാകൂ. അത് കച്ചേരികളിലെ ചില ട്രിക്കുകൾ വിപുലീകരിച്ചെടുക്കുന്നതായാൽ തെറ്റ് പറയാനില്ല. ഇതേ സിനിമയിലെ മറ്റ് കർണാടക സംഗീത കീർത്തനങ്ങൾ -'ശ്രീവിനായകം നമാമ്യഹം’, 'രഘുവംശപതേ’ എന്നിവ യേശുദാസിനെക്കൊണ്ട് പാടിപ്പിച്ചപ്പോൾ രവീന്ദ്രൻ ഈ സങ്കീർണ്ണതകളൊന്നും നിബന്ധിച്ചില്ല. 'രാമകഥാഗാനലയ’ത്തിൻ്റെ ചിട്ടപ്പെടുത്തൽ ആ രംഗത്തിൻ്റെ തീവ്രതയോട് യോജിച്ചു പോകുവാനാണെന്നത് ഇതുകൊണ്ട് വ്യക്തമാണ്. ജയചന്ദ്രൻ ഇക്കാര്യം ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു. ' കോംപ്ളിക്കേറ്റഡ്’ ആക്കാൻ രവീന്ദ്രനെ ആരും വഴിതിരിച്ചു വിട്ടതല്ല എന്ന് തെളിയുകയാണ്.

രവീന്ദ്രൻ
രവീന്ദ്രൻ

ഈ പാട്ട് കമ്പോസ് ചെയ്യുന്നതിനു തൊട്ടു മുൻപ് 1990-ൽ ഹിസ് ഹൈനസ് അബ്ദുള്ളയിൽ പ്രമദവനം വീണ്ടും, ഗോപികാവസന്തം, ദേവസഭാതലം ഒക്കെ പലരീതിയിൽ ആവിഷ്ക്കരിച്ചെടുത്തത് രവീന്ദ്രൻ്റെ മിടുക്ക് എന്ന് തന്നെയേ പറയേണ്ടൂ. പ്രമദവനം ഗമകപ്രയോഗങ്ങളാൽ സമൃദ്ധമാണ്. പാടി ഫലിപ്പിക്കാൻ എളുപ്പവുമല്ല. മന്ദ്രമായാണ് പാട്ട് തുടങ്ങുന്നത്. പക്ഷേ, കവിയുടെ ഗാനരസാമൃതലഹരിയിൽ പടിപടിയായി സ്ഥായി ഉയർത്തി ഒരു ക്ളൈമാക്സിൽ ‘ഇന്നിതാ’ യിൽ എത്തിക്കുന്നതൊക്കെ രവീന്ദ്രൻ്റെ വിദ്യകളിൽപ്പെടുന്നതാണ്. ആസ്വാദ്യത വർദ്ധിപ്പിക്കുന്നതേ ഉള്ളു. 1991-ലെത്തന്നെ അരുണകിരണമണിയുമുടയും (കിഴക്കുണരും പക്ഷി) നാലു സ്വരങ്ങൾ മാത്രം ഉപയോഗിക്കുന്ന ലവംഗി രാഗത്തിൽ ചിട്ടപ്പെടുത്തിയതാണ്. എന്നിട്ടും അപാര ചടുലതയാണ്. സ്ഥായി ഉയർത്തി താഴ്ത്തുന്നുണ്ട് പാട്ടിലുടനീളം. ഗാനരചയിതാവിനെക്കൊണ്ട് യമകപ്രയോഗങ്ങൾ പോലെ 'അനുപമസ്വരഗതി അതിലൊരു നിർവൃതി’ എന്നതൊക്കെ എഴുതി വാങ്ങിയിട്ടുണ്ട് രവീന്ദ്രൻ. ‘മദനഭരം-സ്വരസദനം-മമസദനം-തവ ഹൃദയം’ ഒക്കെ ഉയർന്നു താഴാനുള്ള വാക്കുകളാണ്. ഇതിനും വളരെ മുൻപേ 1986-ൽ ശ്രീലതികകളിൽ ഇത് തുടങ്ങി വെച്ചിരുന്നു.1997-ലെ ‘പാടീ തൊടിയിലേതോ താളങ്ങളെക്കൊണ്ടുള്ള ലീലാവിനോദമാണ്. അക്ഷരങ്ങളെ അമ്മാനമാടുന്നുമുണ്ട്. ഗോപികേ ഹൃദയമൊരു (നന്ദനം) പല്ലവിയിൽ തന്നെ അഗാധമായി താഴുന്ന ശ്രുതി പൊടുന്നനവേ അത്യുയരത്തിൽ എത്തുന്ന പടിയാണ് കമ്പോസ് ചെയ്യപ്പെട്ടിരിക്കുന്നത്. ഗംഗേ തുടിയിൽ (വടക്കുന്നാഥൻ) അക്ഷരക്കൂട്ടങ്ങൾ പെരുമഴപോലെ ഉതിർന്നു വീഴുന്ന പോലെയാണ് ചിട്ടപ്പെടുത്തൽ. കാർ കൂന്തൽ-ചുരുളിലരിയവര-വാർതിങ്കൾ-തുളസി ഭാഗത്ത് അക്ഷരങ്ങളും സ്ഥായി കയറ്റിറങ്ങളും കൂടെ കളിയിലേർപ്പെടുകയാണ്. തംബുരു കുളിർ ചൂടിയോ സൂക്ഷ്മമായ സ്വരനിബന്ധനകളും അവയുടെ അവിചാരിതമായി പ്രതിഷ്ഠിക്കപ്പെടുന്ന രീതിയും കൊണ്ട് സാധാരണ പാട്ടുകാർക്ക് പാടി ഫലിപ്പിക്കാൻ പ്രയാസമേറിയതാണ്. പക്ഷേ പാട്ടാകട്ടെ ആകപ്പാടെ സ്നിഗ്ദ്ധത തൊട്ടു പുരട്ടപ്പെട്ടതാണ്. രവീന്ദ്രൻ്റെ പാട്ടുകളെ വേറിട്ടതാക്കുന്നത് ഇത്തരം സാഹസികമായ ഒരുമ്പെടലുകളാണ്. അത് സർഗ്ഗാത്മകതയുടെ നിദർശനവുമാണ്.

1981-ൽ തേനും വയമ്പും നാവിൽ തൂകി മാധുര്യം ഇറ്റിച്ചാണ് രവീന്ദ്രൻ സ്വയം പരിചയപ്പെടുത്തിയതു തന്നെ. പിന്നീട് ഏഴുസ്വരങ്ങളും തഴുകി വരുന്നൊരു ഗാനം എന്ന് വരാൻ പോകുന്ന പാട്ടുകളെക്കുറിച്ച് പ്രവചിച്ചിട്ടുമുണ്ട്. സമുദ്രദിഗന്തങ്ങളുടെ ശാന്തതയും സൗമ്യതയും സാന്ദ്രമാക്കിയ എത്രയോ പാട്ടുകൾ ആദ്യചുംബനം പോലെ അതി മനോഹരമായി നമ്മുടെ ചുണ്ടുകളിൽ മാധുര്യം ഇറ്റിച്ചു. കാതിൽ തേന്മഴയായി പെയ്തിറങ്ങി. ‘വികാരനൗകയുമായി, ഏതോ നിദ്രതൻ, ‘മനസ്സിൻ മണിച്ചിമിഴിൽ’, ‘നിറങ്ങളേ പാടൂ’, ‘ഹൃദയം ഒരു വീണയായ്’, ‘ചന്ദനമണിവാതിൽ പാതി ചാരി’, ‘കുടജാദ്രിയിൽ’, ‘ആത്മാവിൻ പുസ്തകത്താളിൽ’, ‘ഇരുഹൃദയങ്ങളിൽ ഒന്നായ്’, ‘ഇന്നുമെൻ്റെ കണ്ണുനീരിൽ’... ലിസ്റ്റ് നീളുകയാണ്. നിശിതമായി ആത്മനൊമ്പരവും വിരഹവേദനയും നഷ്ടബോധവും സൃഷ്ടിച്ച് ആ പാട്ടുകൾ ഹൃദയത്തിൽ തറച്ചുകയറ്റാൻ ഉദ്ദേശിക്കപ്പെട്ടവ തന്നെ. കസർത്തുകൾ നിബന്ധിച്ച പാട്ടുകളേക്കാൾ (ജയചന്ദ്രൻ്റെ വീക്ഷണത്തിൽ) ഇത്തരം പാട്ടുകളണേറെ. എന്തുകൊണ്ട് രവീന്ദ്രനെ സൗമ്യമായ ആത്മനൊമ്പര ഗാന കമ്പോസർ എന്ന് വിശേഷിപ്പിക്കുന്നില്ല എന്നു ചോദിക്കേണ്ടത് സംഗതമാണ്.

യേശുദാസിനു പോലും അത്തരം എളുപ്പങ്ങൾ നിഷേധിച്ചു രവീന്ദ്രൻ. അത് സംഗീതത്തിൻ്റെ പൂർണ്ണതയ്ക്ക് വേണ്ടി മാത്രം ആയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. കമ്പോസിങ്ങ് സമയത്ത് എന്ത് കശപിശകൾ നടന്നാലും നമുക്ക് ലഭിച്ചത് ഗംഭീരവും വെല്ലുവിളികൾ നിറഞ്ഞതും പാടി ഫലിപ്പിക്കാൻ പ്രയാസമേറിയതുമായ ചില പാട്ടുകളാണ്.
രവീന്ദ്രൻ
രവീന്ദ്രൻ

സിനിമാഗാനങ്ങൾ കഥയുടെ ഘട്ടങ്ങൾക്കും വികാരപരതക്കും അനുയോജ്യമായി ചിട്ടപ്പെടുത്തുന്നവയാണ്. യേശുദാസ് ആവട്ടെ കച്ചേരി പാടുന്ന സംഗീതജ്ഞനാണ്. കയ്യിലിരിപ്പുകൾ ചില്ലറയല്ല. അദ്ദേഹത്തെക്കൊണ്ട് സാദ്ധ്യമാകുന്നതൊക്കെ സന്ദർഭമനുസരിച്ച് പുറത്തെടുക്കാനായിരുന്നു രവീന്ദ്രൻ നിഷ്ണാതനായത്. വെല്ലുവിളികൾ ധാരാളം ഇട്ടു കൊടുത്തു, യേശുദാസ് അതിലെല്ലാം വിജയിച്ചു എന്ന് രവീന്ദ്രൻ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കച്ചേരികളിൽ കേൾവിക്കാർ സമക്ഷം അവതരിക്കപ്പെടുന്ന ട്രിക്കുകൾ പലതും ചുരുക്കിയോ വിപുലീകരിച്ചോ എടുക്കാൻ യേശുദാസിനെ പ്രേരിപ്പിക്കുകയായിരൂന്നു രവീന്ദ്രൻ. കച്ചേരികൾക്ക് സാധകവും കൃത്യപരിശീലനവും ഒക്കെ അനുഷ്ഠിച്ച ശേഷമാണ് അവതരണം. പക്ഷേ സിനിമാപ്പാട്ടുകൾ പെട്ടെന്ന് പാടിത്തീർക്കുന്നവയാണ്. ട്രാക്ക് പാടിയത് ഒന്നോ രണ്ടോ തവണ കേട്ട് പെട്ടെന്ന് പാടി റെക്കോർഡ് ചെയ്യുകയാണ് പതിവ്. യേശുദാസിനു പോലും അത്തരം എളുപ്പങ്ങൾ നിഷേധിച്ചു രവീന്ദ്രൻ. അത് സംഗീതത്തിൻ്റെ പൂർണ്ണതയ്ക്ക് വേണ്ടി മാത്രം ആയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. കമ്പോസിങ്ങ് സമയത്ത് എന്ത് കശപിശകൾ നടന്നാലും നമുക്ക് ലഭിച്ചത് ഗംഭീരവും വെല്ലുവിളികൾ നിറഞ്ഞതും പാടി ഫലിപ്പിക്കാൻ പ്രയാസമേറിയതുമായ ചില പാട്ടുകളാണ്. ആകെയുള്ള പാട്ടുകളിൽ ഒരു ചെറിയ ശതമാനമേ ഉള്ളു ഇത്തരം പാട്ടുകൾ. പക്ഷേ ഇത് രവീന്ദ്രൻ്റെ മുഖമുദ്രയായിരുന്നില്ല. മലയാളികളുടെ ഹൃദയത്തിൻ്റെ നുനുത്ത കോണുകളിലാണ് ആന്തരസ്പർശിയായ പാട്ടുകളെ അദ്ദേഹം പ്രതിഷ്ഠിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in