ധമാക്കയിലെ ‘മായാവി കുട്ടൂസന്‍ സോംഗ്’, പുതിയ പാട്ടുകാരനെ അവതരിപ്പിച്ച് ഒമര്‍ ലുലു

ധമാക്കയിലെ ‘മായാവി കുട്ടൂസന്‍ സോംഗ്’, പുതിയ പാട്ടുകാരനെ അവതരിപ്പിച്ച് ഒമര്‍ ലുലു

ട്രിബ്യൂട്ട് ടു കലാഭവന്‍ മണി എന്ന പാട്ടിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട ബ്ലെസ്ലിയെ ഗായകനാക്കി ധമാക്കയിലെ പാട്ട്. മായാവി കുട്ടൂസന്‍ സോംഗ് എന്ന ടൈറ്റിലുള്ള ഗാനമാണ് ബ്ലെസ്ലി പാടിയിരിക്കുന്നത്. ഗോപിസുന്ദറാണ് സംഗീത സംവിധാനം. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ ധമാക്കയില്‍ യുവതാരം അരുണ്‍ ആണ് നായകന്‍. നിക്കി ഗല്‍റാണിയാണ് നായിക.

ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അരുണ്‍ തിരിച്ചുവരവിനൊരുങ്ങുന്ന സിനിമ കൂടിയാണ് ധമാക്ക. ഉര്‍വശിയും മുകേഷും നിര്‍ണായക റോളില്‍ ചിത്രത്തിലുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മുകേഷും ഉര്‍വശിയും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത്.

ധമാക്കയില്‍ സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ എന്നിവരും കഥാപാത്രങ്ങളാണ്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 20നു ചിത്രം തിയെറ്ററുകളിലെത്തും. സാരംഗ് ജയപ്രകാശ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം എംകെ നാസര്‍. ക്യാമറ സിനോജ് പി അയ്യപ്പന്‍

ബ്ലെസ്ലി പാട്ടിനെക്കുറിച്ച് പറഞ്ഞത്

'കൈനിറയെ പാരമ്പര്യവും തലതൊട്ടപ്പന്മാരും ഇല്ലാത്ത ഒരാള്‍ക്ക് സിനിമ എന്നത് പലപ്പോഴും ഒരു സ്വപ്നം മാത്രമാണ്. ചാന്‍സ് ചോദിച്ചും, ഓഡീഷനുപോയും ഒരു പുതപ്പ് കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ച്, വിശന്ന് റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങിയ ദിവസങ്ങള്‍ എനിക്ക് വിരലിലെണ്ണാവുന്നതിലും അധികമാണ്. മുന്‍പുള്ള അനുഭവങ്ങളില്‍ പതറി ഒരു പ്രതീക്ഷപോലും ഇല്ലാതെയാണ് ഈ മനുഷ്യനോടും അവസരം തേടിയത്. എല്ലാവരും പറയുംപോലെ ശരിയാക്കാമെന്ന് അദ്ദേഹവും പറഞ്ഞു. പക്ഷെ ഇന്ന്, തന്റെ സിനിമയിലെ ഒരു പാട്ട് ചെയ്യാന്‍ അദ്ദേഹം എനിക്കവസരം തന്നു.

അതെ, 'ധമാക്ക' സിനിമയില്‍ ഒരു മെലഡി സോംഗ് എന്റെ ശബ്ദത്തില്‍ പുറത്തിറങ്ങും. പാടിക്കഴിഞ്ഞപ്പോള്‍ സന്തോഷത്തില്‍ എനിക്ക് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല. പക്ഷെ, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നെഞ്ചില്‍ അണയാത്ത തീയും അടങ്ങാത്ത ആഗ്രഹവും ഉണ്ടെങ്കില്‍ ധൈര്യമായി ഒമര്‍ ഇക്കയെ നിങ്ങള്‍ക്ക് സമീപിക്കാം. പാട്ടിനെക്കുറിച്ചുള്ള ഡീറ്റെയില്‍സ് ഉടനേ പറയാം. ഇത് എന്നെ സപ്പോര്‍ട്ട് ചെയ്തവരുടെ കൂടിയാണ്. 'tribute to കലാഭവന്‍ മണി' എന്ന പാട്ടു തൊട്ട് എന്നെ സഹായിച്ചവരോടും സ്‌നേഹിച്ചവരോടും ഒരുപാട് നന്ദി. ഒരുപാടൊന്നും അവകാശപ്പെടാന്‍ ഇല്ലെങ്കിലും, നിങ്ങളെല്ലാം കൂടെ ഉണ്ടെങ്കില്‍ നമുക്ക് ഈ പാട്ട് നല്ല ഒരു വന്‍ വിജയമാക്കിത്തീര്‍ക്കാം.'

Related Stories

No stories found.
logo
The Cue
www.thecue.in