യേശുദാസിന് ദേശീയപുരസ്‌കാരം നേടിക്കൊടുത്ത ഗാനത്തിന്റെ രചയിതാവ്, പ്രാരാബ്ദങ്ങള്‍ മൂലം തോട്ടക്കാരനായി

യേശുദാസിന് ദേശീയപുരസ്‌കാരം നേടിക്കൊടുത്ത ഗാനത്തിന്റെ രചയിതാവ്, പ്രാരാബ്ദങ്ങള്‍ മൂലം തോട്ടക്കാരനായി
Published on

2017 ല്‍ യേശുദാസിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത പി.ടി കുഞ്ഞുമുഹമ്മദിന്റെ 'വിശ്വാസപൂര്‍വം മന്‍സൂര്‍' എന്ന ചിത്രത്തിലെ 'പോയ്മറഞ്ഞ കാലം' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചയിതാവ് പ്രേംദാസ് ജീവിത പ്രാരാബ്ദങ്ങള്‍ മൂലം തോട്ടക്കാരനായി ജോലി നോക്കുകയാണ്. മുന്‍മന്ത്രി ഷിബു ബേബി ജോണാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. തൃശൂരിലെ മജ്‌ലീസ് ആയുര്‍വേദ പാര്‍ക്കിലാണ് പ്രേംദാസിന് ജോലി.

24 വര്‍ഷത്തിന് ശേഷം യേശുദാസ് ദേശീയ പുരസ്‌കാരം നേടുന്ന ഗാനമായിരുന്നു വിശ്വാസപൂര്‍വം മന്‍സൂറിലേത്. രമേശ് നാരായണനായിരുന്നു സംഗീത സംവിധാനം.

Shibu Baby John
Shibu Baby John

ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ്‌

കഴിഞ്ഞ 14 വർഷമായി കഴിവതും സ്ഥിരമായി ഞാൻ ആയുർവേദ ചികിൽസയ്ക്ക് വരുന്ന സ്ഥലമാണ് തൃശൂരിലെ മജ്ലീസ് ആയുർവേദ പാർക്ക്. വർഷങ്ങളായി വരുന്നതിനാൽ ഇവിടത്തെ എല്ലാ ജീവനക്കാരുമായി നല്ല സൗഹൃദമാണ് ഉള്ളത്.

ഇന്നലെ രാവിലെ ലൈറ്റ് എക്സർസൈസിൻ്റെ ഭാഗമായി നടക്കാനിറങ്ങിയപ്പോൾ ഒരു പുതിയ ജീവനക്കാരൻ ഇവിടത്തെ പൂന്തോട്ടത്തിൽ പണിയെടുക്കുന്നത് കണ്ടു. അദ്ദേഹത്തിൻ്റെ അടുത്തേക്ക് പോയി പരിചയപ്പെട്ടു. അത് ആരാണെന്നറിഞ്ഞ അമ്പരപ്പിൽ നിന്നും ഞാൻ ഇപ്പോഴും മോചിതനായിട്ടില്ല.

അദ്ദേഹത്തിൻ്റെ പേര് പ്രേം ദാസ്. 2017 ൽ ഗാനഗന്ധർവൻ ഡോ. കെ.ജെ യേശുദാസിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത പി.ടി കുഞ്ഞുമുഹമ്മദിൻ്റെ 'വിശ്വാസപൂർവം മൻസൂർ' എന്ന ചിത്രത്തിലെ 'പോയ്മറഞ്ഞ കാലം' എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ രചയിതാവാണ് പ്രേംദാസ്. മനസ്സിൽ ഒരുപാട് സ്വപ്നങ്ങളുണ്ടെങ്കിലും ജീവിത പ്രാരാബ്ദങ്ങൾ മൂലം ഇവിടെ തോട്ടക്കാരനായി ജോലി ചെയ്യേണ്ടി വരുന്ന ആ ജീവിതം ശരിക്കും കരളലിയിക്കുന്നതാണ്.

ഒരു ദേശീയ അവാർഡിന് കാരണമായ ഗാനം രചിച്ച പ്രതിഭാധനനായ വ്യക്തിയ്ക്ക് പോലും ഈ അവസ്ഥ ഉണ്ടാകുന്നുവെന്നത് സത്യത്തിൽ വേദനയുണ്ടാക്കുന്ന കാര്യമാണ്. ജീവനുള്ള ആ വരികൾക്ക് ജന്മം നൽകിയ കൈകളിൽ തൂലികയ്ക്ക് പകരം ഇന്ന് കത്രികയേന്തേണ്ടി വരുന്നത് നമ്മുടെ കൂടി പരാജയമാണ്. സാഹിത്യകാരും കലാകാരന്മാരുമൊക്കെ സമൂഹത്തിൻ്റെ സമ്പത്താണ്. അതാത് മേഖലയിൽ നിന്നും അവർ കൊഴിഞ്ഞുപോയാൽ ആ നഷ്ടം നമ്മുടേതാണെന്ന് നാം തിരിച്ചറിയണം.

മാന്യമായൊരു തൊഴിൽ ചെയ്താണ് ജീവിക്കുന്നതെന്ന് പ്രേമിന് അഭിമാനിക്കാം. എന്നാൽ നമ്മൾ മലയാളികൾക്ക് നഷ്ടപ്പെട്ടത് എത്രയോ മികച്ച ഗാനങ്ങളായിരിക്കും. പ്രതിഭയുടെ നിറവുള്ള ആ വിരലുകൾ വീണ്ടും പേനയേന്തുന്ന നാളുകൾക്കായി കാത്തിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in