അർജുൻ അശോകൻ ​​പാടിയ 'കടങ്കഥയായ്...', ഇന്ദ്രജിത്തിന്റെ പിറന്നാൾ ദിനത്തിൽ 'ആഹാ'യിലെ ​ആദ്യഗാനം

അർജുൻ അശോകൻ ​​പാടിയ 'കടങ്കഥയായ്...', ഇന്ദ്രജിത്തിന്റെ പിറന്നാൾ ദിനത്തിൽ 'ആഹാ'യിലെ ​ആദ്യഗാനം

ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിബിൻ പോൾ സാമുവൽ ചിത്രം 'ആഹാ'യിലെ ആദ്യ​ഗാനം പുറത്തിറങ്ങി. നടനും ഹരിശ്രീ അശോകന്റെ മകനുമായ അർജുൻ അശോകൻ ​ഗായകനായി എത്തുന്ന 'കടങ്കഥയായ്...' എന്ന ​ഗാനം ഇന്ദ്രജിത്തിന്റെ പിറന്നാൾ ദിനമായ ഡിസംബർ 17നാണ് റിലീസ് ചെയ്തത്. മമ്മൂട്ടി, നിവിൻ പോളി, ജയസൂര്യ, ടൊവിനോ, അജു വർ​ഗീസ് തുടങ്ങിയ താരങ്ങൾ ​ഗാനം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചു. വടം വലിക്കാരുടെ കഥ പറയുന്ന സ്പോർട്സ് ഡ്രാമ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രേം എബ്രഹാമാണ്. ഗ്രാമാന്തരീക്ഷത്തിൽ നടക്കുന്ന വടംവലി മത്സരമാണ് ടീസറിൽ കാണുന്നത്. മനോജ് കെ ജയനാണ് ആഹാ വടംവലി ടീമിന്റെ ആശാനായെത്തുന്നത്.

2008-ലെ വടംവലി സീസണിൽ എഴുപത്തിമൂന്ന് മത്സരങ്ങളിൽ എഴുപത്തി രണ്ടിലും ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ ആഹാ നീലൂർ എന്ന വടംവലി ടീമിന്റെ വിജയകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടോബിത് ചിറയത് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം സയനോര ഫിലിപ്പാണ്. ജുബിത് നമ്പറാടത്ത്, ടിറ്റോ പി തങ്കച്ചൻ എന്നിവരാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്. സയനോരയും അർജുൻ അശോകനും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

ദിവസങ്ങൾ നീണ്ട കഠിന പരിശ്രമത്തിലൂടെയാണ് ഇന്ദ്രജിത്ത് അടക്കമുള്ള താരങ്ങൾ കഥാപാത്രങ്ങൾക്കായി തയ്യാറെടുത്തതെന്ന് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. സംവിധായകൻ ബിബിൻ പോൾ സാമുവൽ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ശാന്തി ബാലചന്ദ്രൻ, അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, സിദ്ധാർത്ഥ് ശിവ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 84ൽ അധികം ലൊക്കേഷനുകളിലായി ആയിരത്തോളം ആർട്ടിസ്റ്റുകളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in