മനോഹരമായ പ്രേമങ്ങൾ വിജയിക്കട്ടെ; പ്രേമലു പോലെ

മനോഹരമായ പ്രേമങ്ങൾ വിജയിക്കട്ടെ; പ്രേമലു പോലെ

അത്യധികം ആഹ്ലാദിച്ച, 'ചിരിച്ച് ചിരിച്ച് കിളി പോയ', ജീവിത്തിലെ അതിമനോഹരമായ രണ്ട് മണിക്കൂറുകൾ- പ്രേമലുവിന്റെ കാഴ്ചാനുഭവത്തെ സംബന്ധിക്കുന്ന ഏറ്റവും സുന്ദരവും സത്യസന്ധവുമായ നിർവചനം അതുതന്നെയായിരിക്കും. എങ്കിലും അതു മാത്രമാണോ പ്രേമലു, അതുമാത്രമാണോ ഗിരീഷ് എ.ഡി. സിനിമകൾ. ഗിരീഷ് എ.ഡിയുടെ മറ്റ് സിനിമകൾ പോലെ തന്നെ പ്രേമലുവും പുരോഗമനപരമായ, രാഷ്ട്രീയമായി മൂല്യമുള്ള ഒരു പ്രേമത്തെയാണ് മുന്നോട്ടുവയ്ക്കുന്നത്.

മലയാളസിനിമയിലെയോ സാഹിത്യത്തിലെയോ - മലയാളി ജീവിതത്തിലെ തന്നെയും - പുരോഗമനമൂല്യമുള്ളതായി വിലയിരുത്തപ്പെട്ടിട്ടുള്ള പ്രേമങ്ങളിലേറെയും കേന്ദ്രീകരിക്കുന്നത് മതം എന്ന പ്രമേയത്തിലാണ്. മതേതരപ്രണയങ്ങളെയും വിവാഹങ്ങളെയുമാണ് പലപ്പോഴും നമ്മുടെ സാമൂഹ്യജീവിതം പുരോഗമനസ്വഭാവമുള്ളവയായി വിലയിരുത്താറുള്ളത്. അതേസമയം സൗഹൃദം മുതൽ പ്രണയവും വിവാഹവും വരെയുള്ള നമ്മുടെ തിരഞ്ഞെടുപ്പുകളിൽ പ്രവർത്തിക്കുന്ന 'വർഗ്ഗം' എന്ന പ്രമേയത്തെ ഇവിടെ പലപ്പോഴും ചർച്ചകളുടെ കേന്ദ്രസ്ഥാനത്ത് കൊണ്ടുവരാറില്ല. 'ഇന്റർ ക്ലാസ്' പ്രണയങ്ങളോ വിവാഹങ്ങളോ അത്തരത്തിൽ ആഘോഷിക്കപ്പെടാറുമില്ല. ഗിരീഷ് എ.ഡിയുടെ മൂന്ന് സിനിമകൾ പരിശോധിച്ചാലും പക്ഷേ 'പ്രണയത്തിലെ ക്ലാസ്' കേന്ദ്രസത്തയായി പ്രവർത്തിക്കുന്നത് കാണാം. വർക്കിങ് ക്ലാസ് പശ്ചാത്തലത്തിൽ നിന്നുള്ളവരാണ് ഗിരീഷ് എ.ഡി. യുടെ മൂന്ന് നായകന്മാരും.(Flicks and talks എന്ന യൂട്യൂബ് ചാനൽ പ്രേമലുവിനെ മുൻനിർത്തി നിരീക്ഷിക്കുന്നതുപോലെ ഒരു ലിബറൽ കുറ്റബോധത്തോടെയല്ല ഗിരീഷ് എ.ഡി ഈ തൊഴിലാളിവർഗ്ഗ നായകന്മാരെ സൃഷ്ടിച്ചിരിക്കുന്നത്, തന്റെ തന്നെ പ്രതിനിധികളായാണ്; അതേ പശ്ചാത്തലമുള്ളവർക്ക് അത്രതന്നെ തങ്ങളുമായി കണ്ണിചേർക്കാൻ കഴിയുന്ന മനുഷ്യരായാണ്). തങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന പശ്ചാത്തലത്തിൽ ജീവിക്കുന്ന പെൺകുട്ടികളെയല്ല ഈ നായകന്മാർ പ്രണയിക്കുന്നത് എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്. ഹൈദ്രബാദിലെ ഐ.ടി കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്ന പ്രേമലുവിലെ റീനുവിനെ നോക്കുക. സച്ചിന്റെയെന്ന പോലെ റീനുവിന്റെയും വർഗ്ഗപശ്ചാത്തലത്തെ ഗിരീഷ് മറച്ചുവയ്ക്കുന്നില്ല. തണ്ണീർമത്തൻ ദിനങ്ങളിലെ ജെയ്‌സണായാലും സൂപ്പർ ശരണ്യയിലെ ദീപുവായാലും ഇതുപോലെ തങ്ങൾക്ക് എളുപ്പത്തിൽ സ്വന്തമാക്കാൻ കഴിയാത്ത പെൺകുട്ടികളെയാണ് പ്രണയിക്കുന്നത്.

പ്രണയത്തിലെ ഈ വർഗ്ഗരാഷ്ട്രീയം ഒട്ടും പുതിയ ആലോചനയല്ല. വ്യക്തികൾ തമ്മിലുള്ള കേവല തിരഞ്ഞെടുപ്പ് എന്നതിനും ജൈവികചോദനയുടെ ആവിഷ്‌കാരം എന്നതിനും അപ്പുറത്തേക്ക് പ്രണയത്തിനകത്തെ സാമൂഹികബന്ധങ്ങളെ പ്രതിയുള്ള ആലോചനകളും വളരെയധികം നടന്നു കഴിഞ്ഞിട്ടുണ്ട്. സിനിമയിലും ഇത്തരത്തിലുള്ള 'ഇന്റർ ക്ലാസ് പ്രണയങ്ങൾ' പലകുറി ആവർത്തിക്കപ്പെട്ടിട്ടുണ്ട്. റെയ്‌നർ വെർനർ ഫാസ്‌ബെന്ററിന്റെ 'Ali: Fear Eats The Soul' ആണ് പെട്ടെന്ന് ഓർമ്മയിലേക്ക് വരുന്ന ഒരു സിനിമ. മൊറോക്കൻ തൊഴിലാളിയായ അലിയും എമിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്രമേയം. മലയാളത്തിലും സിനിമയിലും സാഹിത്യത്തിലും അത്തരം പരിശ്രമങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന കാര്യവും നിസ്തർക്കമാണ് ('കിലുക്ക'ത്തിലെ മോഹൻലാൽ-രേവതി പ്രണയവും ബഷീറിന്റെ 'മുച്ചീട്ടുകളിക്കാരന്റെ മകളി'ലെ സൈനബയുടെയും മണ്ടൻ മുത്തപ്പായുടെയും പ്രണയവും ഓർക്കാവുന്നതാണ്). അപ്പോൾ ഗിരീഷ് എ.ഡി സിനിമകൾ വ്യതസ്തമാവുന്നത് എവിടെയാണ്? വളരെ ഗൗരവതരമായ ഒരു രാഷ്ട്രീയമാണ് ഗിരീഷ് എ.ഡി ഇവിടെ ആവിഷ്‌കരിക്കുന്നത്, അതേസമയം അതൊരു കോമിക് ആവിഷ്‌കാരവുമാണ്. അതുകൊണ്ട് പ്രേമലുവും തണ്ണീർമത്തൻ ദിനങ്ങളും സൂപ്പർ ശരണ്യയും മുന്നോട്ട് വയ്ക്കുന്ന പ്രേമസങ്കല്പം എല്ലാവരെയും ഒരുപോലെ വന്നു തൊടുന്നുണ്ട്. എല്ലാവരും ആസ്വദിച്ചാണ് അത് കാണുന്നത് എന്നതുകൊണ്ടുതന്നെ ആ രാഷ്ട്രീയം കുറേക്കൂടി ജനപ്രിയമാവുകയാണ് ഇവിടെ. അമ്മ വിളിച്ചു ചോദിക്കുമ്പോൾ ഉടനെ പതിനായിരം രൂപ കൊടുക്കാൻ കയ്യിലില്ലാത്ത, എ.സി കമ്പാർട്‌മെന്റിൽ യാത്ര ചെയ്യേണ്ടത് എങ്ങനെയെന്നറിയാത്ത സച്ചിനുൾപ്പെടെയുള്ള ഗിരീഷ് എ.ഡി കഥാപാത്രങ്ങളിൽ പ്രേക്ഷകർ, പ്രത്യേകിച്ചും തൊഴിലാളിവർഗ്ഗ പശ്ചാത്തലത്തിൽ നിന്നുള്ള പ്രേക്ഷകർ, കാണുന്നതും അനുഭവിക്കുന്നതും തങ്ങളെത്തന്നെയാണ്. ട്രെയിനിലെ എ.സി കമ്പാർട്‌മെന്റിലോ ഫ്‌ലൈറ്റിലോ കയറിയാൽ തങ്ങൾ അനുഭവിക്കാൻ സാധ്യതയുള്ളത് തന്നെയാണ് സച്ചിനിലും അവർ കാണുന്നത്. നെറ്റ്വർക്ക് തകരാറുകൾക്ക് ഉടനടി ഒരു പരിഹാരം എന്ന നിലയിൽ മാത്രം മൊബൈൽ ഫോണിലെ flight mode ഓൺ ചെയ്യുകയും ഓഫ് ചെയ്യുകയും ചെയ്തിട്ടുള്ള (ഫ്‌ലൈറ്റിൽ കയറി അതുപയോഗിക്കേണ്ടി വന്നിട്ടില്ലാത്ത),മുമ്പ് എയർപോർട്ടിന്റെ അകം പോലും കണ്ടിട്ടുണ്ടാവാനിടയില്ലാത്ത ഒരാളാണ് സച്ചിൻ. ' I think,I am falling for you' എന്ന് റീനു പ്രണയം പറയുമ്പോൾ 'അങ്ങനെയൊന്നും പറഞ്ഞാൽ അവനു മനസ്സിലാവില്ല, അവനോട് മലയാളത്തിൽ പറ ' എന്ന് അമൽ ഡേവിസ് വിളിച്ചു പറയുന്നുണ്ട്. 'Stalking' എന്ന് കേൾക്കുമ്പോൾ സ്റ്റോക്ക് മാർക്കറ്റ് എന്ന് തെറ്റിദ്ധരിക്കുകയും പൂർണ്ണ ആത്മവിശ്വാസത്തോടെ 'സ്റ്റോക്കിങ് എന്താണെന്നും അറിയാം, അതിൽ പണം ഇട്ടിട്ടുമുണ്ട്' എന്ന് പറയുകയും ചെയ്യുന്ന സച്ചിന്റെ പ്രതിനായകനായി വരുന്നതാവട്ടെ താൻ സ്ത്രീകളുടെ തിരഞ്ഞെടുപ്പിനെ എപ്പോഴും ബഹുമാനിക്കും എന്ന് പറയുന്ന, ഫെമിനിസ്റ്റാണെന്ന് പ്രഖ്യാപിക്കുന്ന, അതേസമയം എല്ലാ അർത്ഥത്തിലും വ്യാജജീവിതം നയിക്കുന്ന ആദിയാണ്.

നായികാനായകന്മാരെ പോലെ തന്നെ ഗിരീഷ് സിനിമകളിലെ 'കാരിക്കേച്ചർ' സ്വഭാവമുള്ള പ്രതിനായകരെയും കൂടി ഇവിടെ വിലയിരുത്തപ്പെടേണ്ടതുണ്ട്. ഒട്ടും 'വില്ലത്തരം' ഇല്ലാത്ത 'പെർഫെക്ഷനിസ്റ്റ്' വ്യക്തികളാണ് ഗിരീഷിന്റെ പ്രതിനായകർ. തണ്ണീർമത്തനിലെ രവി പത്മനാഭൻ എല്ലാവർക്കും സ്വീകാര്യനായ ഒരധ്യാപകനാണ്. പ്രേമലുവിലെ ആദിയുടെ സ്ഥിതിയും അത് തന്നെയാണ്. ക്യാമ്പസിലെ എല്ലാവരുടെയയും 'ഹീറോ' ആണ് സൂപ്പർ ശരണ്യയിലെ അജിത് മേനോൻ ചേട്ടൻ. ആദിയും രവി പത്മനാഭനും നമ്മുടേത് പോലെ 'അറേഞ്ച്ഡ് മാര്യേജ്' വലിയ നിലയിൽ ആഘോഷിക്കപ്പെടുന്ന ഒരു നാട്ടിലെ 'വിവാഹമാർക്കറ്റിൽ' വലിയ സ്വീകാര്യതയുള്ളവരായിരിക്കും. മാട്രിമോണിയൽ വ്യവാഹരങ്ങളിൽ അവരോട് മത്സരിക്കാനിറങ്ങിയാൽ ജെയ്‌സണും സച്ചിനും തോറ്റുപോവുകയേ ഉള്ളൂ. സ്‌കൂളിൽ പലപ്പോഴും കണ്ടിട്ടുള്ള, എല്ലാവരാലും ആദരിക്കപ്പെടുന്ന, എന്നാൽ ആദരിക്കപ്പെടാൻ മാത്രം ഒന്നുമില്ലാത്ത (ഫേക്ക് ആയ) ചിലരാണ് വില്ലന്മരെ സൃഷ്ടിക്കുമ്പോൾ തന്റെ റഫറൻസ് എന്ന് ഗിരീഷ് എ.ഡി പറയുന്നുമുണ്ട്. മറ്റാർക്കും അത്ര പെട്ടെന്ന് തിരിച്ചറിയാനാവുന്നില്ലെങ്കിലും ഗിരീഷിന്റെ മൂന്ന് നായകന്മാരും പ്രതിനായകരുടെ ഈ 'ഷോ ജീവിതത്തെ' തുടക്കം മുതലേ തുറന്നെതിർക്കുന്നവരും അതിന്റെ പേരിൽ പലപ്പോഴും പഴികേൾക്കുന്നവരുമാണ്. കൗതുകരമായ മറ്റൊരു സംഗതി, ഗിരീഷിന്റെ അഭിമുഖങ്ങൾ സൂക്ഷ്മമായി ശ്രദ്ധിച്ചാൽ ഈ മൂന്ന് നായകന്മാരിലും ഏറിയും കുറഞ്ഞും ഗിരീഷ് എ.ഡിയുടെ തന്നെ ഒരു ഛായ കാണാനാവുന്നുണ്ട് എന്നതാണ്. തന്നെപ്പോലെ പോലെ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്ന, ഇൻട്രോവർട്ട്‌സ് ആയ, അല്പം വില്ലത്തരങ്ങളൊക്കെയുള്ള, സ്റ്റേറ്റ് സിലബസ് സ്‌കൂളിൽ പഠിച്ച ചെറുപ്പക്കാരുടെ പ്രേമമാണ് ഗിരീഷ് എ. ഡി. തന്റെ സിനിമകളിൽ ആവിഷ്‌കരിക്കുന്നത്. രണ്ടു തവണ പ്രേമലു കണ്ടപ്പോഴും ശ്രദ്ധിച്ച ഒരു കാര്യം 'സിബിഎസ്ഇ'ക്കാരനായ ആദിയോട് 'സ്റ്റേറ്റ് സിലബസുകാരെ നിനക്കറിയില്ലെന്ന്' സച്ചിനും അമൽ ഡേവിസും പറയുമ്പോൾ തിയേറ്ററിൽ ഉണ്ടായ കയ്യടിയാണ്. സിനിമയുടെ സ്വാധീനം എല്ലാ സാമ്പത്തിക വിഭാഗങ്ങളിലും ഒരുപോലെയാണെന്നുള്ള കേരളപഠനത്തിന്റെ നിരീക്ഷണം ഇതിനോട് ചേർത്ത് വായിക്കാം. സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന മനുഷ്യരെ സംബന്ധിച്ച് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെക്കാൾ സ്വീകാര്യമാവുക തിയേറ്റർ പോലെ സംഘടിതമായ ഒരു വിനോദകേന്ദ്രം തന്നെയായിരിക്കും. തങ്ങളെപ്പോലെ സ്റ്റേറ്റ് സിലബസിൽ പഠിച്ച രണ്ട് കുട്ടികൾ ഒരു 'സിബിഎസ്ഇ'ക്കാരനെ 'മലർത്തിയടിക്കുമ്പോൾ' തങ്ങളുടെ സ്‌കൂൾജീവിതത്തിന്റെ ബലം കൂടിയാണ് അവർ തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ ആ കയ്യടി 'സിബിഎസ്ഇ' ക്കെതിരായ കയ്യടിയായല്ല, വർഗ്ഗബോധത്തിന്റെ കയ്യടിയായാണ് പ്രതിഫലിക്കുന്നത്.

മറ്റൊരു കാര്യം ഗിരീഷ് എ.ഡിയുടെ നായകന്മാരൊന്നും തന്നെ സ്വന്തം ജീവിതത്തിൽ വലിയ മോഹങ്ങളോ സ്വപ്നങ്ങളോ ഉള്ള ആളുകളല്ല എന്നതാണ്. മാത്രവുമല്ല നിലനിൽപ്പിന് വേണ്ടി ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കളിക്കുന്നവരുമാണ്. പ്ലസ്ടു ഏത് സ്ട്രീം എടുക്കണം എന്ന് തീർച്ചയില്ലാത്ത ജെയ്‌സണായാലും പല ബിസിനസുകൾ ആലോചിച്ച് ഒടുവിൽ അളിയന്റെ കൂടെ ചിപ്‌സ് കച്ചവടം തുടങ്ങുന്ന ദീപുവായാലും വിസ നിരസിക്കപ്പെട്ടപ്പോൾ കൂട്ടുകാരൻ വിളിച്ചതുകൊണ്ട് മാത്രം ഒട്ടും ധാരണയില്ലാത്ത ഒരു പരീക്ഷയ്ക്ക് വേണ്ടി പഠിക്കാൻ പോകുന്ന സച്ചിനായാലും കൃത്യമായ ലക്ഷ്യബോധമില്ലാത്തവരാണ്. എന്നാൽ ഇവർ മൂവരും പ്രണയിക്കുന്നത് ജീവിതത്തിനെയും കരിയറിനെയും പങ്കാളികളെയും സംബന്ധിച്ച് വളരെ കൃത്യമായ കാഴ്ചപ്പാടുകളും സ്വപ്നങ്ങളും സങ്കൽപങ്ങളും ഉള്ള പെൺകുട്ടികളെയാണ്. ഈ പ്രണയമാണ് തുടർന്നുള്ള ജീവിതത്തിൽ അവരുടെ സ്വപ്നങ്ങളായും പ്രതീക്ഷകളായും വെളിച്ചമായും ലോകം തന്നെയായും മാറുന്നത്. ചുരുക്കത്തിൽ മിടുക്കികളായ പെൺകുട്ടികളെ പ്രേമിക്കുന്ന അത്ര മിടുക്കരല്ലാത്ത, സത്യസന്ധരായ ആണുങ്ങളാണ് ഗിരീഷ് എ.ഡി. യുടെ ഹീറോസ്!

മനോഹരവും ജനാധിപത്യപരവുമായ സൗഹൃദങ്ങളാണ്, പ്രത്യേകിച്ചും മലയാളസിനിമയിൽ അപൂർവമായി മാത്രം കണ്ടിട്ടുള്ള സ്ത്രീസൗഹൃദങ്ങൾ ഗിരീഷ് എ.ഡി സിനിമകളിൽ തെളിഞ്ഞുനിൽക്കുന്ന മറ്റൊരു അനുഭൂതി. മലയാളസിനിമയിൽ നിരന്തരമായി ആവർത്തിക്കപ്പെട്ടിട്ടുള്ള, എപ്പോഴും മണ്ടത്തരങ്ങൾ കാണിക്കുന്ന സുഹൃത്തുക്കളല്ല പ്രേമലുവിലെ അമൽ ഡേവിസും കാർത്തികയും മറ്റുള്ളവരും. നായികാനായകന്മാരോളം, ചിലപ്പോഴൊക്കെ അവരെക്കാൾ, ബുദ്ധിയും വിവേകവുമുള്ള മനുഷ്യരാണ് അവരുടെ സുഹൃത്തുക്കളും. നമ്മുടെ ജീവിത പരിസരങ്ങളിലും പലപ്പോഴും മനുഷ്യർ ഇങ്ങനെയൊക്കെ ആണല്ലോ. അമൽ ഡേവിസിനെ പോലെ ഒരു കൂട്ടുകാരൻ, കാർത്തികയെ പോലെ ഒരു കൂട്ടുകാരി, ഷോബി സാറിനെ പോലെ ക്ലാസ്സ് കഴിഞ്ഞാൽ കൂടെ ചായ കുടിക്കുന്ന, കല്യാണത്തിന് ക്ഷണിക്കുന്ന, പറ്റുന്ന കോഴ്‌സല്ലെങ്കിൽ പഠിക്കണ്ട എന്ന് പറയുന്ന ഒരധ്യാപകൻ ഏതെങ്കിലും ഒരു പോയിന്റിൽ നമുക്കെല്ലാം ഉണ്ടായിട്ടുണ്ട്. 'അമൽ ഡേവിസെ നീയാടാ തല' എന്ന് തന്റെ ജീവിതത്തിന്റെ നിർണ്ണായകമായ ഒരു ഘട്ടത്തിൽ സച്ചിൻ കൂട്ടുകാരനോട് പറയുന്നുണ്ട്. റീനുവിന്റെ ജീവിതത്തെ സംബന്ധിച്ചാണെങ്കിൽ കാർത്തികയാണ് തല. അതുപോലുള്ള സൗഹൃദങ്ങളെ നമ്മുടെ സിനിമകൾ കാര്യമായി കണ്ടിട്ടില്ലെന്ന് മാത്രം.

പൊളിറ്റിക്കൽ കറക്ട്‌നസ്സിനെ കുറിച്ച് പ്രസംഗിക്കാൻ അറിയാത്ത, പെപ്പർ സ്‌പ്രേ നിർമ്മിക്കാൻ അറിയാത്ത സച്ചിൻ പ്രണയത്തിലും സൗഹൃദത്തിലും തികഞ്ഞ ആത്മാർത്ഥത കാണിക്കുന്ന നല്ല കാമുകനായും കൂട്ടുകാരനായും സിനിമയിലുടനീളം നില കൊള്ളുന്നുണ്ട്. റീനു തന്റെ പ്രണയം നിരസിക്കുമ്പോഴും സൗഹൃദം അഭിനയിച്ച് അവളോടൊപ്പം തുടരാനല്ല, റീനുവിന്റെ ജീവിതത്തിൽ നിന്നും പൊടുന്നനെ അപ്രത്യക്ഷനാവാണ് അവൻ ശ്രമിക്കുന്നത്. കുറ്റബോധം ജനിപ്പിച്ച് റീനുവിൽ പ്രണയം സൃഷ്ടിക്കാനുള്ള സച്ചിന്റെ പരിശ്രമമായി ചില പ്രേക്ഷകരെങ്കിലും അതിനെ വ്യാഖ്യാനിച്ചിട്ടുണ്ട്. കുറ്റബോധമാണ് സ്നേഹമല്ല റീനുവിന് സച്ചിനോടുള്ളത് എന്നും അവരിൽ ചിലർ വാദിക്കുന്നുണ്ട്. എന്നാൽ ഏകപക്ഷീയമായ പ്രണയം സമ്മാനിക്കുന്ന വേദനയാണ് അങ്ങനെ അപ്രത്യക്ഷനാവാൻ അയാളെ പ്രേരിപ്പിക്കുന്നത് എന്ന് ഞങ്ങൾ കരുതുന്നു. അതുപോലെ കുറ്റബോധമല്ല, അയാളുടെ അസാന്നിധ്യത്തിൽ തിരിച്ചറിയപ്പെടുന്ന സ്നേഹവും ശൂന്യതയുമാണ് തന്റെ പ്രണയം തുറന്നുപറയാൻ റീനുവിനെ പ്രേരിപ്പിക്കുന്നതെന്നും. പ്രണയിക്കുന്ന പെൺകുട്ടിയോടും തന്നോടുതന്നെയും അയാൾ കാണിക്കുന്ന സത്യസന്ധതയും ബഹുമാനവുമാണ് സച്ചിനിൽ തെളിയുന്നത്. റീനു പ്രണയം നിരസിക്കുമ്പോൾ അയാളെ വേട്ടയാടുന്നത് പോയ കാലങ്ങളിൽ അയാളനുഭവിച്ച അനേകം പ്രണയനിരാസങ്ങളുടെ ഭാരമാണ്. പബ്ബിൽ വെച്ച് റീനുവിന്റെ സുഹൃത്ത് കാർത്തിക അയാളെ ഒന്നുമല്ലാത്തവനായി ചിത്രീകരിക്കുന്ന സീനിൽ അയാൾ നേരിട്ട മറ്റൊരു റിജക്ഷന്റെ ഓർമ്മയിലേക്ക് കൂടി പ്രേക്ഷരെ കൊണ്ടുപോകുന്നുണ്ട് സിനിമ. കാർത്തിക ആരോപിക്കുന്ന 'ഒന്നുമില്ലായ്മ' യഥാർത്ഥത്തിൽ ഗിരീഷ് എ.ഡിയുടെ നായകന്മാരുടെ പൊതുസവിശേഷതയാണ്. പറയത്തക്ക ലക്ഷ്യങ്ങളൊന്നുമില്ലാത്ത (ambitionless) ജെയ്‌സണിന്റെയും ദീപുവിന്റെയും തുടർച്ച തന്നെയാണ് സച്ചിനും. മൂവരുടെയും ഒരേയൊരു ലക്ഷ്യം തങ്ങളുടെ പ്രണയം സക്‌സസ്ഫുൾ ആക്കുക എന്നത് മാത്രമാണ്. ചെന്നൈക്ക് മടങ്ങാൻ തീരുമാനിക്കുന്ന സച്ചിൻ ഹൈദരാബാദിൽത്തന്നെ നിൽക്കാൻ തീരുമാനിക്കുന്നതിന് പിന്നിലെ ഒരേയൊരു കാരണവും അയാളുടെ പ്രണയമാണ്. ആ പ്രണയമാവട്ടെ ഇൻട്രോവേർട്ട് ആയ, പലപ്പോഴും ഒന്നിനും കൊള്ളാത്തവനായി ചിത്രീകരിക്കപ്പെടുന്ന അയാളെ സംബന്ധിച്ച്, അയാളുടെ ജീവിതത്തെ വിശാലമാക്കുകയും പൂരിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്ന ഒരു അനുഭൂതിയാണ്. ഇങ്ങനെയൊന്നും ആരും തന്നെ പരിഗണിച്ചിട്ടില്ലെന്ന് അയാൾ റീനുവിനോട് പറയുന്നുമുണ്ട് ഒരുവേള. പ്രണയം നിരസിക്കപ്പെടുമ്പോൾ സംഘർഷങ്ങളിലേക്കല്ല, സമാധാനത്തിലേക്ക് മടങ്ങാനാണ് അയാൾ ആഗ്രഹിക്കുന്നത്. ( ഡബിൾ ടിക്ക് ബ്ലൂ ടിക്കാവുന്നത് നോക്കിയിരിക്കാൻ തനിക്ക് വയ്യ എന്ന് സച്ചിൻ പറയുമ്പോൾ എത്രയോ പ്രേക്ഷകർ അത് തങ്ങളുടെ തന്നെ ശബ്ദമായി അനുഭവിച്ചിട്ടുണ്ടാവും). മുന്നിലേക്ക് തന്നെ സഞ്ചരിക്കാനുള്ള പ്രേരണാശക്തിയായാണ് ഇവിടെ പ്രണയം പ്രവർത്തിക്കുന്നത് എന്ന് കാണാനാവും. കാമുകിയുടെ മുന്നിൽ മുട്ടുകുത്തി നിൽക്കുമ്പോൾ മനുഷ്യരാശിയുടെ മുന്നിലാണ് താൻ മുട്ടുകുത്തി നിൽക്കുന്നത് എന്ന് തിരിച്ചറിയുന്ന 'കുറ്റവും ശിക്ഷയും' നോവലിലെ റസ്‌കോൾ നിക്കോഫിന്റേതു പോലെ 'അവളപങ്കില ദൂരെയാണെങ്കിലു-/മരികിലുണ്ടെനിക്കെപ്പൊഴും കൂട്ടിനായ്:/കഠിനകാലം കദനമൊരൽപമാ-/ക്കവിളിണയിൽക്കലർത്താതിരിക്കണേ!' എന്നാഗ്രഹിക്കുന്ന ഇടപ്പള്ളി രാഘവൻ പിള്ളയുടെ കവിതയിലെ കാമുകന്റേത് പോലെ എല്ലാ അർത്ഥത്തിലും സുന്ദരമായ പ്രണയമാണ് സച്ചിനിൽ നമ്മൾ കാണുന്നത്. ശൂന്യതയുടെ ദിനങ്ങളിൽ അത്രത്തോളം സുന്ദരമായ പ്രണയമാണ് മനുഷ്യജീവിതത്തെ സാർത്ഥകമാകുന്നത് എന്ന തിരിച്ചറിവുകൊണ്ടായിരിക്കാം റീനു 'I am falling for you' എന്ന് അവനുപോലും മനസ്സിലാവാത്ത ഭാഷയിൽ, അത്രമേൽ നൈസർഗികമായി സച്ചിനോട് പറയുന്നത്. ലോകം കൂടുതൽക്കൂടുതൽ പ്രയോജനവാദപരമായിക്കൊണ്ടിരിക്കെ സച്ചിന്റേതുപോലെയുള്ള സുന്ദരമായ പ്രേമങ്ങൾ വർഗവ്യത്യാസങ്ങളെയെല്ലാം മറികടന്നത് വിജയത്തോടടുക്കുന്നത് ഒരു മനോഹരമായ പ്രത്യാശ തന്നെയാണ്. ലോകം കൂടുതൽ മനോഹരമായിക്കൊണ്ടിരിക്കും എന്ന ശുഭാപ്തിവിശ്വാസം അതിലുണ്ട്. പ്രേമിക്കാൻ വേണ്ടി സ്വപ്‌നങ്ങളെല്ലാം ഉപേക്ഷിച്ച് പങ്കാളിയുടെ അടുക്കലേക്ക് മടങ്ങിവരുന്ന പോയകാല മലയാളസിനിമകളിലെ നായികാനായകന്മാർക്ക് പകരം, തങ്ങളുടേത് ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പാണെന്ന് ബോധ്യമുള്ള റീനുവും അത് പൂർണമായും ഉൾക്കൊള്ളുന്ന സച്ചിനും മലയാളത്തിലെ റൊമാന്റിക് സിനിമകളെ സംബന്ധിച്ചെങ്കിലും ഒരു പാരെൈഡം ഷിഫ്റ്റാണ്.

ഒരുവശത്ത് ഇൻസ്റ്റഗ്രാം റീലുകൾക്ക് സമാനമായ ദൈർഘ്യം കുറഞ്ഞ ഷോട്ടുകളും സോഷ്യൽ മീഡിയ റഫറൻസുകളും ഉപയോഗിച്ചും മറുവശത്ത് ഏത് തലമുറക്കും എളുപ്പത്തിൽ റിലേറ്റ് ചെയ്യാനാവുന്ന തമാശകൾ മനോഹരമായി ഉൾപ്പെടുത്തിയും തലമുറഭേദമില്ലാതെ പലതരം പ്രേക്ഷരോട് ആ ശുഭാപ്തി വിശ്വാസം പങ്കുവയ്ക്കുകയാണ് ഗിരീഷ് എ.ഡി സിനിമകൾ. 'ഒരേ ടെംപ്ലേറ്റിലുള്ള സിനിമകൾ ആവർത്തിക്കുകയാണ് ഗിരീഷ് എ.ഡി' എന്ന് വിമർശിക്കുന്നവർ കാണാതെ പോകുന്നതും അതാണ്. ഈ ടെംപ്ലേറ്റിൽ ഇനിയും മനോഹരമായ ഗിരീഷ് എ.ഡി സിനിമകൾ ഉണ്ടാവട്ടെ എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്; പ്രേമലുവിന്റെ വലിയ വിജയം പോലെ, മനോഹരമായ എല്ലാ പ്രണയങ്ങളും വിജയത്തിലെത്തട്ടെ എന്നും.

കടപ്പാട്: സുഹൃത്തുക്കളായ അശ്വതി ടി.വി, പദ്മലാൽ കെ.ജെ, അമൽ ദാസ്, ഷഫീഖ് സൽമാൻ, ഗിരീഷ് വി.ഒ എന്നിവർക്കും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരളപഠനത്തോടും കടപ്പാട്

Related Stories

No stories found.
logo
The Cue
www.thecue.in