തിരച്ചിലിനും കണ്ടെത്തലിനും ഇടയിലെ 'തടവ്'

തിരച്ചിലിനും കണ്ടെത്തലിനും ഇടയിലെ 'തടവ്'
Published on

ഒരു വാക്ക് എന്ന നിലയ്ക്ക് ‘തടവ്’ എന്ന വാക്ക് അതീവ ലളിതമാണ്. സ്വാതന്ത്ര്യം എന്ന അതിൻറെ വിപരീതം പോലെ ഉച്ചരിക്കാനോ എഴുതാനോ പ്രയത്നിക്കേണ്ടതില്ല. എന്നാൽ അനുഭവം എന്ന നിലയ്ക്ക് വാക്കിൻറെ ഐറണിയാണ് തടവ്. വാക്കും അനുഭവവും ഒരേസമയം പരസ്പരം സങ്കീർണമായ ഒരു ബന്ധം സൃഷ്ടിക്കുന്നു. ഫാസിൽ റസാഖ് സംവിധാനം ചെയ്ത ‘തടവ്’ എന്ന ചിത്രം സങ്കീർണമായ മനുഷ്യാവസ്ഥകളുടെ ലളിതമായ സിനിമാ അനുഭവം ആണ്. തടവ് എന്ന വാക്കും അനുഭവവും സൃഷ്ടിക്കുന്ന ഐറണി പോലെ ഒന്ന്.

“ A town or a countryside at a distance is a town or a countryside. But as one approaches, those are house, trees, leaves, grasses, ants ant’s legs to infinity”- Pasacal.

ഒരു മനുഷ്യൻറെ ജീവിതം പുറമേക്ക് “ജീവിതം” മാത്രമാണ്, ഒരു വാക്കു പോലെ. പക്ഷേ ഒരു മനുഷ്യനിലേക്ക് കടന്നു ചെല്ലുമ്പോൾ അനന്തമായ പലതും വെളിപ്പെടുന്നു. ഒരു കുഞ്ഞായ ശ്രീകൃഷ്ണനോട് വാ തുറക്കാൻ അമ്മ യശോദ ആവശ്യപ്പെടുന്നു. അപ്പോൾ വായിക്കകത്ത് അനന്തമായ ഒരു പ്രപഞ്ചത്തെ അമ്മ കാണുന്നു. വെള്ളിയാങ്കല്ല് പാലത്തിനു കുറുകെ സഞ്ചരിക്കുന്ന ബസിന്റെ എൻജിൻ മുരൾച്ചയിലേക്കാണ് തടവ് എന്ന ചിത്രം ആരംഭിക്കുന്നത്. പട്ടാമ്പി എന്ന ടൗണിലേക്ക് പോകുന്ന ആ കുട്ടി ബസ്സിൽ പല മനുഷ്യർ പല ആവലാതികൾ പല ലക്ഷ്യങ്ങൾ എന്ന കണക്കിൽ പോകുന്നു. ഒരു സീൻ എന്ന നിലയിൽ കുറെ മനുഷ്യർ ഒരു ലക്ഷ്യസ്ഥാനത്തേക്ക് നിന്നും ഇരുന്നും യാത്ര ചെയ്യുന്നു. എന്നാൽ ആ ബസ്സിനകത്ത് ഗീതയുണ്ട്. അവർക്ക് ടൗണിൽ എത്തി ബാങ്കിലേക്കും അതിനുശേഷം കോടതിയിലേക്കും പോകേണ്ടതുണ്ട്. പലരിൽ നിന്ന് നാം അപ്പോൾ തന്നെ ഗീതയുടെ സങ്കീർണ്ണമായ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു.

ഗീത ജീവിക്കുന്ന ഗ്രാമത്തിൽ നിന്ന് മണിക്കൂറുകൾ ഇടവിട്ടോ മറ്റോ പുഴ കടന്നെത്തേണ്ടുന്നതാണ് പട്ടാമ്പി എന്ന ടൗൺ. അവരടക്കം ആ ബസിലുള്ള പലരും പ്രധാന നഗരത്തിൽ നിന്ന് ഏറെ അകലെയുള്ള ഗ്രാമത്തിൽ ജീവിക്കുന്ന സാധാരണ ജനങ്ങളാണ്. എന്തെങ്കിലും ആവശ്യങ്ങളോ ആകുലതകളോ ഇല്ലാതെ നഗരത്തിലേക്ക് പ്രവേശിക്കാത്തവർ. ഓഫ്സൈഡ് എന്ന ജാഫർ പനാഹിയുടെ ചിത്രം ആരംഭിക്കുന്നത് ഇത്തരത്തിൽ ഒരു ബസ് യാത്രയിലാണ്. ആൺകുട്ടികളുടെ വേഷം ധരിച്ച ഒരു പെൺകുട്ടിക്ക് തൻറെ ഗ്രാമത്തിൽ നിന്നും നഗരത്തിൽ എത്തി ഫുട്ബോൾ മത്സരം കാണണമായിരുന്നു. ഒരു ഇറാൻ സിനിമയുടെ ചുറ്റുവട്ടവും ആഖ്യാനത്തിൽ അതുപുലർത്തുന്ന ലാളിത്യവും തടവും പിന്തുടരുന്നുണ്ട്. ഗീത പോകുന്നത് ബാങ്കിലേക്കും പിന്നീട് കോടതിയിലേക്കും ആണ്. ലളിതമായ ജീവിതത്തിലേക്ക് ഈ രണ്ടു സ്ഥലങ്ങളും സങ്കീർണതകളെ കടത്തിവിടുന്നു. അതിനാൽ തന്നെ സങ്കീർണമായ ഈ രണ്ടു സ്ഥലങ്ങളിലേക്കും നിർബന്ധമായാണ് ഗീത പോകുന്നത്.

അസന്നിഗ്ധതകളും ആവലാതികളും വരുംവരായ്മകളെക്കുറിച്ചുള്ള തീർപ്പില്ലായ്മകളും ചേർന്ന് ഗീതയുടെ ആ ബസ് യാത്ര വെറുമൊരു യാത്ര അല്ലാതായിത്തീരുന്നുണ്ട്. ഗീതയുടെ യാത്രയിൽ പാതിവഴി വരെ കൂട്ടുകാരിയായ ഉമ ടീച്ചർ ഉണ്ട്. ടൗണിലെ ബാങ്കിൽ ഇവർ രണ്ടുപേരുടെയും കൂട്ടുകാരനായ ഹംസ ഉണ്ട്. ഗീതയുടെയും ഉമയുടെയും ഹംസയുടെയും പാരസ്പരത്തിന്റെയും കൊടുക്കൽ വാങ്ങലുകളുടെയും ഉപാധികളില്ലാത്ത ചങ്ങാത്തത്തിൻ്റെയും കൂടി സിനിമയാണ് തടവ്.

സിനിമ എന്നത് സാംസ്കാരിക വ്യവസായത്തിന്റെ ഭാഗമായത് മുതൽ ഒരു ഇൻഡസ്ട്രിയുടെ എല്ലാ സ്വഭാവവും അതിന് കൈ വന്നിട്ടുണ്ട്. സമീപകാല സിനിമകളുമായി ബന്ധപ്പെട്ട പ്രമോഷൻ മീഡിയകളിലും അഭിമുഖങ്ങളിലും എല്ലാം സിനിമാക്കാർ ഉപയോഗിക്കുന്ന ചില ജാർഗണുകളുണ്ട്. ‘ഒരു ഐഡിയ പിച്ച് ചെയ്യുക’, ‘ഒരു പ്രോജക്റ്റ് ഓൺ ആക്കുക’ തുടങ്ങിയ വാചകങ്ങൾ അവയിൽ ചിലതാണ്. ഒരു വ്യവസായം എന്ന നിലയ്ക്ക് സിനിമയെ സമീപിക്കുമ്പോൾ ഏതു വ്യവസായത്തിലും ഉപയോഗിക്കാവുന്ന ഈ ഈ വാചകങ്ങൾ സിനിമയുടെയും കൂടി ഭാഗമാകുന്നു. മൂലധനത്തിനെ വിനിയോഗിക്കുകയും ലാഭത്തെ ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ഏതു വ്യവസായത്തിലേക്കും അഥവാ ഈ വാക്കുകൾ ചേർത്തുവയ്ക്കാം.

ഒരു ഐഡിയ പിച്ച് ചെയ്യാതെയും, പ്രൊജക്ട് അല്ലാതെയും സിനിമകൾ സംഭവിക്കുന്നു. താന്താങ്ങളുടെ പരിചിതമായ പരിസരത്തുനിന്ന് തങ്ങൾക്ക് പരിചിതമായ ആളുകളെ അഭിനേതാക്കളെ സാങ്കേതിക പ്രവർത്തകരെ പരിസരത്തെ ഉൾ ചേർത്തുകൊണ്ട് തങ്ങൾക്ക് പരിചയമുള്ള ഒരു സിനിമ ഉണ്ടാവുന്നു. ആ സിനിമയ്ക്ക് ലോകത്തേത് കാണിയോടും ഐക്യപ്പെടാൻ ആവുന്നു. ലൊക്കേഷൻ,, കാസ്റ്റ്, ക്രൂ തുടങ്ങിയ പരമ്പരാഗത വ്യവസായ സിനിമകളുടെ സംഗീതങ്ങളെ അവഗണിക്കുകയും എന്നാൽ അവയെ അമ്പരപ്പിക്കുന്ന കാഴ്ച്ചാനുഭവം സമ്മാനിക്കുകയും ചെയ്യുന്ന ചിത്രങ്ങളുടെ നിരയിലേക്ക് ഫാസിൽ റസാഖ് തടവുമായി നടന്നു കയറുന്നു.

സംവിധായകൻ സുദേവൻ സിനിമാക്കാരനാവാൻ ആഗ്രഹിച്ചു നടന്ന ഒരു കാലത്തെക്കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്. “ലോഹിതദാസ് സാറിനെ കാണാൻ പോകുമ്പോൾ എൻറെ കയ്യിൽ എഴുതിവെച്ച ഒരു തിരക്കഥ ഉണ്ടായിരുന്നു. എൻറെ ലക്ഷ്യം എന്തായിരുന്നു എന്ന് വെച്ചാൽ നമ്മൾ എഴുതുന്നത് ശരിയാണോ, നമ്മുടെ രീതികൾ ശരിയാണോ തുടങ്ങിയ സംശയനിവാരണമായിരുന്നു. 98-99 കാലഘട്ടമായിരുന്നു അത്. എൻറെ അമ്മയുടെ വീട് പത്തിരിപ്പാല ആയിരുന്നു. അതിന് അടുത്തായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. അപ്പോൾ അവിടെ പോകുന്നത് അദ്ദേഹത്തെ കാണാൻ കൂടി വേണ്ടിയായിരുന്നു. അങ്ങനെ ഒരു മൂന്നുനാലു ദിവസം അടുപ്പിച്ച് അദ്ദേഹവുമായി ഈ ലക്ഷ്യം ഉള്ളിൽ വച്ചു കൊണ്ട് സംസാരിക്കാൻ പോയി. കയ്യിൽ ഒരു ബാഗിൽ തിരക്കഥയും ഉണ്ട്. പക്ഷേ സംസാരിച്ച ഈ മൂന്നു ദിവസങ്ങളിലും ഈ തിരക്കഥ പുറത്തെടുക്കാൻ ധൈര്യമുണ്ടായില്ല. ഈ മൂന്ന് ദിവസങ്ങളിലും പല കാര്യങ്ങളും സംസാരിച്ചു മൂന്നാം ദിവസം വൈകുന്നേരം അദ്ദേഹം പറഞ്ഞു , ഇവിടെ വരുന്ന പലർക്കും പല ആവശ്യങ്ങളും ഉണ്ട്. ചിലർക്ക് അഭിനയിക്കണം, ചിലർക്ക് അസിസ്റ്റൻറ് ആവണം, ചിലരുടെ കയ്യിൽ ഒരു കഥയുണ്ട്, അങ്ങനെയല്ലാം. അങ്ങനെയുള്ള ഒരാവശ്യവുമില്ലാതെ ഇവിടെ വന്നത് നിങ്ങൾ മാത്രമാണ്, അദ്ദേഹം പറഞ്ഞു. പിന്നീട് ആ തിരക്കഥ പുറത്തെടുക്കേണ്ടി വന്നിട്ടില്ല. പക്ഷേ അദ്ദേഹം സംസാരങ്ങൾക്കിടയിൽ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, അതായത് നിങ്ങളുടെ കയ്യിൽ ഒരു കഥയുണ്ടെങ്കിൽ നിങ്ങളിങ്ങനെ അലഞ്ഞു നടക്കേണ്ട കാര്യമൊന്നുമില്ല, നിങ്ങൾ സ്വന്തം വീട്ടിലിരുന്ന് ആലോചിക്കുകയോ പ്രസിദ്ധീകരണങ്ങളിൽ അയച്ചുകൊടുക്കുകയോ ചെയ്താൽ നിങ്ങളെ തേടി ആളുകൾ വരും. നിങ്ങൾക്ക് സാധ്യമായത് നിങ്ങളുടെ ഇടങ്ങളിൽ ചെയ്യാൻ ശ്രമിക്കുക എന്നെല്ലാം. അതിനു മുൻപ് വരെ ഞാൻ പലരെയും കഥകളുമായി കാണാൻ പോയിരുന്നു. പക്ഷേ ഇതിനു ശേഷം ആരെയും കാണാൻ പോയിട്ടില്ല. ഞാൻ പെരിങ്ങോട് തന്നെയായിരുന്നു. അതിനുമുൻപ് തിരക്കഥകൾ കാണിച്ച സംവിധായകരിൽ ഒരാൾ ചില മാറ്റങ്ങൾക്ക് തയ്യാറാണെങ്കിൽ സിനിമ ചെയ്യാമെന്ന് പറഞ്ഞിരുന്നു. പക്ഷേ തിരക്കഥ മാറ്റാൻ ഞാൻ തയ്യാറായില്ല. ഞാൻ രണ്ടു മൂന്നു വർഷം മിനക്കെട്ടിരുന്ന് എഴുതിയ തിരക്കഥ ആയിരുന്നു അത്. അത് മാറ്റാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു, ഇപ്പോഴുള്ള ഈ പിടിവാശി അന്നുമുണ്ട്. ലോഹിതദാസ് സാറിനെ കണ്ടതിനുശേഷം ഞാൻ പിന്നെ ആരെയും സമീപിച്ചിട്ടില്ല. പെരിങ്ങോട് എൻറെ വീട്ടിൽ ഇരുന്ന് എനിക്ക് സാധ്യമാവുന്നത് എന്ത് എന്ന് ആലോചിക്കാൻ തുടങ്ങി. രണ്ടുമൂന്നുവർഷം കഷ്ടപ്പെട്ട് ഞാൻ എഴുതിയ തിരക്കഥ ആർക്കുവേണ്ടി എഴുതിയതാണ് എന്ന് ഞാൻ ആലോചിച്ചു. അത് ആരോ അഭിനയിക്കാൻ, ആരോ നിർമ്മിക്കാൻ, ആരോ സംവിധാനം ചെയ്യാൻ വേണ്ടി എഴുതിയ തിരക്കഥയാണ്. ഞാനത് തട്ടിൽ കയറ്റിവെച്ചു. പിന്നെ എനിക്ക് ചെയ്യാവുന്നതും, എനിക്ക് പരിചയം ഉള്ളവർക്ക് അഭിനയിക്കാവുന്നതും, ഞങ്ങൾക്ക് തന്നെ നിർമിക്കാവുന്നതുമായ ചെറിയ സിനിമകളുടെ ആലോചനകൾ തുടങ്ങി. അങ്ങനെ അച്യുതാനന്ദൻ അടക്കമുള്ള നമ്മുടെ ഒരു ഗ്രൂപ്പിലേക്ക്, നമുക്ക് സാധ്യമായ സിനിമകൾ എന്ന ആലോചനയിലേക്ക് ഇറങ്ങി വരികയായിരുന്നു.”

അങ്ങനെ സുദേവൻ തന്റെ പരിസരത്തുനിന്ന് ചിത്രീകരിച്ച ഒരു സിനിമയാണ് രണ്ട് എന്ന ഹ്രസ്വ ചിത്രം. രണ്ടു പേർ കിണറിനായി കുഴിയെടുക്കുന്നതാണ് ആ ചിത്രത്തിന്റെ പശ്ചാത്തലം. കിണർ കുഴിക്കുന്നതിനിടക്ക് ഒരാളുടെ മൺവെട്ടി (ചിത്രത്തിൽ കൈക്കോട്ട്) എന്തിലോ തടയുന്നു. തടഞ്ഞു കിട്ടിയത് നിധിയാണ് ( വിലപിടിപ്പുള്ള എന്തോ ഒന്ന്). നാം തന്നെ പലനിലക്ക് കേട്ട ഒരു കഥയാണിത്. കേരളത്തിൽ തന്നെ പലസ്ഥലങ്ങളിൽ ഈ കഥക്ക് പല പരിണാമങ്ങളും വകഭേദങ്ങളും ഉണ്ട്. ലോകത്തെല്ലായിടത്തും പല നിലക്ക് അപ്രതീക്ഷിതമായി ലഭിക്കുന്ന നിധിയുടെ ഈ കഥ പലതായി പടർന്നിട്ടുണ്ടാകാം. കുഴിയെടുക്കുമ്പോൾ നിധി ലഭിക്കുമെന്ന അസംബന്ധത്തെ നാം സ്വാഭാവികമായി സ്വീകരിക്കുന്നു! സുദേവനാകട്ടെ, തന്റെ നാടായ പെരിങ്ങോടു നിന്ന്, പെരിങ്ങോട്ടു തന്നെയുള്ള ഒരു പറമ്പിൽ നിന്ന് നിധി കണ്ടെത്തുന്നതായി ചിത്രീകരിക്കുന്നു. ആ ചലച്ചിത്രത്തിന്റെ അസംബന്ധ പശ്ചാത്തലത്തെ അതേ അളവിൽ ലോകത്തിലേതു കാണിക്കും സ്വീകരിക്കാനാവുന്നു.

തടവ് എന്ന ചിത്രവും ഈ ഗണത്തിൽപ്പെടുന്നു. തനിക്ക് പരിചിതമായ ഒരു ചുറ്റുപാടിൽ നിന്നും ഏറ്റവും സൂക്ഷ്മമായി മനുഷ്യാവസ്ഥകളെ പ്രതിഫലിപ്പിക്കാൻ ഫാസിൽ റസാഖ് ശ്രമിക്കുന്നു. ഗീത എന്ന സ്ത്രീ രണ്ടു തവണ വിവാഹമോചനം കഴിഞ്ഞ അവസ്ഥയിലാണ്. രണ്ടു വിവാഹത്തിലും അവർക്ക് ഓരോ പെൺകുട്ടികൾ വീതമുണ്ട്. നിലവിൽ ഗീത താമസിക്കുന്നത് ഒറ്റയ്ക്കാണ്. ഒരു തടവിലേതിനു സമാനമായി. മാസത്തിലൊരിക്കൽ രണ്ട് പെൺമക്കളും അവരെ കാണാൻ വരുന്നു. ജയിലിൽ അതിഥികൾ വരുന്ന മാതിരി. ഗീതയുടെ എല്ലാ അവസ്ഥയിലും അവർക്ക് കൂട്ടായിട്ടുള്ളത് ഹംസയും ഉമയും ആണ്.

പട്ടാമ്പിയിലെ ഒരു ബാങ്കിൽ സ്വർണ്ണം പണയം വെച്ചുകൊണ്ടിരിക്കെ അപരിചിതനായ ഒരു വൃദ്ധൻ ഗീതയുടെ രണ്ടാമത്തെ മകളെ കത്തി കാട്ടി ബന്ദിയാക്കുകയും ബാങ്കിലെ പണം തട്ടിയെടുക്കുകയും ചെയ്യുന്നതാണ് സിനിമയിലെ ആദ്യത്തെ ഇവന്റ്. അതീവ ദുർബലനും പ്രായാധിക്യവുമുള്ള ഒരാൾ ആണ് കളവ് നടത്തുന്നത്. ചിത്രത്തിൻ്റെ ഘടനയിൽ ഈ കളവ് വളരെ പ്രധാനപ്പെട്ട ഒരു സന്ദർഭമാണ്. അത്രയേറേ ഗൗരവകരമായ സന്ദർഭങ്ങൾ കൊണ്ട് നിറക്കപ്പെട്ടതല്ല തടവ് എന്ന ചിത്രം. അതിനാൽ തന്നെ ഈ സീക്വൻസ് ഈ സിനിമയുടെ കഥാഗതിയിൽ വളരെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവായി തീരുന്നുണ്ട്. ഗീതയുടെയും മകളുടെയും അരക്ഷിതാവസ്ഥയെയും ഭയത്തെയും പ്രത്യക്ഷത്തിൽ ഈ സീക്വൻസ് പ്രതിനിധീകരിക്കുന്നുണ്ട്. ഒരു കുറ്റ(Crime)ത്തിൻ്റെ പശ്ചാത്തലത്തിലേക്ക് ഗീത തൻ്റെ ജീവിതത്തിലാദ്യമായി ഇടപെട്ടേക്കാവുന്ന സന്ദർഭമായി ഈ സീക്വൻസിനെ കണക്കാക്കാം. ഗീത ബാങ്കിലെ ആവശ്യത്തിനു ശേഷം കോടതിയിലേക്കാണ് പോവുന്നത് എന്ന സൂചന ആദ്യ രംഗങ്ങൾ നൽകുന്നു. എന്നാൽ സിവിൽ കേസായി കണക്കാക്കുന്ന, കുറ്റകൃത്യത്തിൻ്റെ(Criminal offense) പരിധിയിൽ വരാത്ത വിവാഹ മോചന കേസുമായി ബന്ധപ്പെട്ടാണ് ആ കോടതി വ്യവഹാരം. അവിടെ നിന്ന് ഗീതക്ക് നഷ്ടമാവുന്നത് തൻ്റെ മകളുടെ രക്ഷാകർതൃത്വമാണ്. മകളെ മാസത്തിലൊരിക്കൽ കാണാമെന്ന തീർപ്പിലേക്ക് കോടതി എത്തുമ്പോൾ ഗീത എന്ന അമ്മ ഏകാന്തതയുടെ ഒരു തടവിലേക്കാണ് എടുത്തെറിയപ്പെടുന്നത്. ജയിൽ വാസം പോലെ ഒരു ജീവിതത്തിലേക്കാണ് ഗീത പിന്നീട് എത്തുന്നത്. സ്വന്തം വീട്ടിൽ ഒറ്റക്ക് ഒരു തടവിൽ ജീവിക്കുന്ന തടവുപുള്ളി.

കളവ് എന്ന കുറ്റകൃത്യം ഒരു കുറ്റവാളിയെ സൃഷ്ടിക്കുന്നു. അയാൾ ചെയ്ത കുറ്റത്തിന് കോടതി ശിക്ഷ വിധിക്കുന്നു. അയാൾ ജയിൽ എന്ന തടവിലാവുന്നു. മൊയ്തു എന്ന വൃദ്ധനായ, കളവ് എന്ന കുറ്റത്തിന് അറസ്റ്റിലായ മനുഷ്യനും, വിവാഹമോചനം നേടി ഒറ്റയായ ഗീതയും തടവ് എന്ന അസംബന്ധകരമായ പാരസ്പര്യത്തിൽ കണ്ണിച്ചേർക്കപ്പെടുന്നു.

സിനിമയുടെ ദൈർഘ്യത്തിൽ ഏറെ നേരമുള്ള ഗീതയും വളരെക്കുറച്ചു നേരം മാത്രമുള്ള മൊയ്തുവും പരസ്പരം നടത്തുന്ന ചില വെച്ചു മാറലുകളുടെ സന്ദർഭം കൂടിയാണ് തടവ് എന്ന ചിത്രം. ചിത്രത്തിൽ പ്രതിപാദിക്കുന്ന ഗീതയുടെ ജീവിതം പോലെ ചിത്രത്തിൽ പ്രതിപാദിക്കാത്ത മൊയ്തുവിനും സമാനമായ ഒരു ജീവിതം ഉണ്ടായേക്കാം. തടവ് എന്ന ചിത്രം ഗീതയുടെ ജീവിത പരിസരങ്ങളുടെ ലളിതമായ സന്ദർഭങ്ങളുടെ ആവിഷ്കാരം കൂടിയാണ്. ഗീതയും ചങ്ങാതിമാരായ ഉമയും ഹംസയും ഗീതയുടെ ജീവിതത്തിൻ്റെ പോരാട്ടങ്ങളിൽ ഒപ്പം നിൽക്കുന്നത് തടവിന്റെ പ്രധാന സന്ദർഭത്തിൽ നിന്ന് വേറിട്ട ഒരു സൗഹൃദത്തിൻറെ പശ്ചാത്തലം സിനിമയ്ക്ക് നൽകുന്നു. പ്രേക്ഷകരെ ഏറെനേരം പിടിച്ചിരുത്താൻ ഈ സൗഹൃദത്തിൻറെ സന്ദർഭങ്ങൾ ഉപകരിക്കുന്നു. ഇറാനിയൻ സിനിമകളിലും മറ്റും നാം കണ്ടു പോന്നിട്ടുള്ള ലളിതമായ, നിഷ്കളങ്കരായ മനുഷ്യരുടെ ഏറ്റവും ആഴത്തിലുള്ള ജീവിത പരിസരങ്ങളിലെ ഇടപെടലുകൾ കൊണ്ട് ഫാസിൽ റസാഖ് തടവിലെ ചെറിയ സന്ദർഭങ്ങളെ സൃഷ്ടിക്കുന്നു.

മൊയ്തു സ്വമേധയാ കീഴടങ്ങുകയാണ് ചെയ്യുന്നത്. അസുഖബാധിതനായി മൊയ്തു തന്റെ അസുഖത്തെ ചികിത്സിക്കാൻ കഴിയാതെ അഥവാ അതിന് പണമില്ലാത്തതിനാൽ ഒരു കുറ്റകൃത്യം നടത്തുന്നു. അയാൾ പിടിക്കപ്പെട്ടു കഴിഞ്ഞാൽ അഥവാ അയാൾ തടവിലാക്കപ്പെട്ടു കഴിഞ്ഞാൽ ചികിത്സയുടെ ഉത്തരവാദിത്വം സർക്കാരിന്റെയാണ്.

വിവാഹമോചനത്തിനുശേഷം ഗീത സ്വയം ഒരു തടവിൽ കഴിയുകയാണ്. അവർ അംഗനവാടി നടത്തുന്നു. അവിടെ വരുന്ന കുട്ടികളുടെ മലമൂത്ര വിസർജനം വരെ കൈകാര്യം ചെയ്യേണ്ടി വരുന്നത് ഗീതയാണ്. ജയിലിൽ ദുഷ്കരമായതും താത്പര്യമില്ലാത്തതുമായ ജോലികൾ ചെയ്യേണ്ടുന്ന സാഹചര്യം ഉള്ള പോലെ തന്നെയാണ് ജയിലില്ലാതെ തടവിലായ ഗീതയുടെ സാഹചര്യങ്ങളും.

ആ ഡേ കെയർ സെൻ്ററിൽ ഡേറ്റ് കഴിഞ്ഞ അമൃതം പൊടി അബദ്ധത്തിൽ ഗീത തൻ്റെ അയൽവാസിക്ക് നൽകുകയും അത് കഴിച്ച് അയൽവാസിയുടെ കുട്ടി മരണപ്പെടുകയും ചെയ്യുന്നു. അവർ നേരിട്ട് ഒരു കുറ്റകൃത്യത്തിൽ ഏർപ്പെടുന്നതല്ല എന്നാലും ഒരു കുറ്റവാളിയുടെ മാനസികാവസ്ഥയിലും കുറ്റബോധത്തിലും കഴിയേണ്ടിവരുന്ന ഗതികേടിലേക്ക് ഗീത കൂപ്പുകുത്തുന്നു. അതിനിടയിൽ മറ്റൊരു മാരക രോഗത്തിനും കൂടെ ഗീത അടിമപ്പെടുന്നു. ഈ ഘട്ടത്തിൽ തന്റെ പഴയ ഭർത്താവിലേക്കും മകളിലേക്കും മടങ്ങി പോകേണ്ട ഒരു സാഹചര്യം കൂടെ സൃഷ്ടിക്കപ്പെടുന്നതോടെ കൂടുതൽ കുറ്റബോധത്തിലും നിസ്സംഗാവസ്ഥയിലും ഗീത എത്തിച്ചേരുന്നു.

ദുഷ്കരമായ ഈ ജീവിത തടവിൽ നിന്ന് രോഗത്തിൻറെ പശ്ചാത്തലത്തിൽ നിന്ന് രക്ഷ നേടാൻ ഗീത നിരന്തരം നടത്തുന്ന തിരച്ചിലിനൊടുവിൽ കണ്ടെത്തുന്ന ദിവ്യ വെളിച്ചമായി മൊയ്തു മാറുന്നുണ്ട്. മൊയ്തുവിന്റെ അതേ പാത അതായത് ഒരു കുറ്റം ചെയ്യാൻ ഗീതയും തയ്യാറാവുന്നു. കുറ്റം ചെയ്യുമ്പോൾ ശിക്ഷ ലഭിക്കുന്നു. ആ ശിക്ഷയാണ് തടവ്. യഥാർത്ഥത്തിലുള്ള ജയിൽ ജീവിതം. ആ ജയിലിൽ പക്ഷേ സൗജന്യമായ ചികിത്സ ലഭിക്കുന്നുവെന്ന മൊയ്തുവിന്റെ കണ്ടെത്തലിനെ ഗീത തൻറെ ജീവിതത്തിൻറെ രക്ഷപ്പെടൽ മാർഗ്ഗമായി സ്വീകരിക്കുന്നു.

സങ്കീർണമായ ജീവിതാവസരങ്ങളിൽ ലളിതമായ ഉത്തരം തേടുന്ന ഏറ്റവും സാധാരണക്കാരുടെ സന്ദർഭങ്ങളാണ് തടവ് എന്ന ചിത്രം. മനുഷ്യബന്ധങ്ങളിലേക്കും സാഹചര്യങ്ങളിലേക്കും ഏറ്റവും സത്യസന്ധമായും ഏറ്റവും ലളിതമായും നോക്കുകയും അതേ സത്യസന്ധതയോടും ലാളിത്യത്തോടും കൂടെ അതിനെ അവതരിപ്പിക്കുകയും ചെയ്യുക എന്നത് പുതിയ സിനിമയിൽ സാധാരണമായ കാര്യമല്ല. ഈ അസാധാരണത്വം കൊണ്ടും ലാളിത്യം കൊണ്ടും സങ്കീർണതകളെ എളുപ്പത്തിൽ നിർദ്ധാരണം ചെയ്ത ഫാസിൽ റസാഖ് ചലച്ചിത്രം എന്ന മാധ്യമത്തിന് നിശ്ചയമായും പ്രതീക്ഷയും അഭിമാനവുമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in