ഭ്രമയുഗം: ഉന്മാദത്തിന്റെ ഉത്സവം

ഭ്രമയുഗം: ഉന്മാദത്തിന്റെ ഉത്സവം

(നോ സ്പോയിലേർസ് !)

 രാഹുൽ സദാശിവൻ തന്റെ സിനിമയ്ക്ക് ഭ്രമയുഗം എന്ന് പേരിട്ട ശേഷം, കാവ്യാത്മകമായ ആ പേരിന്റെ  അർത്ഥം ബഹുജനങ്ങളിലേക്ക് വേണ്ടുംവണ്ണം കമ്യൂണിക്കേറ്റ് ചെയ്തേക്കില്ല എന്ന് തിരിച്ചറിഞ്ഞാവണം, 'ദി എയ്ജ് ഓഫ് മാഡ്നെസ്സ് ' എന്ന് ഇംഗ്ലീഷിൽ ഉപാഖ്യാനം ചെയ്തത്. ഏതായാലും ഉന്മാദത്തിന്റെ നിലയില്ലാക്കാലം തന്നെയാണീ സിനിമ. ഒരു നാലുകെട്ടിനുള്ളിൽ,മോണോക്രാം ക്യാമറയിൽ, വെറും രണ്ട് നിറങ്ങളിൽ,പ്രധാനമായും മൂന്നേ മൂന്ന് അഭിനേതാക്കളെ മാത്രം മുൻനിർത്തി സർഗോന്മാദത്തിന്റെ പെരുങ്കളിയാട്ടം നടത്താൻ ഒരു സംവിധായകന് സാധിക്കുന്നുവെങ്കിൽ അയാളെ നിങ്ങൾക്ക് ജീനിയസ് എന്ന് കണ്ണടച്ച് കൈയടിച്ച് വിളിക്കാം. യെസ് ഡിയർ രാഹുൽ, യൂ ആർ എ ബ്രില്യന്റ് ജീനിയസ് !

 ഭ്രാന്ത്, പലർക്കും പലതാണ്. 'ഇന്ദുലേഖ'യിൽ സൂരിനമ്പൂതിരിപ്പാട് ചോദിക്കുന്നത്‌പോലെ കലശലായ കഥകളി ഭ്രാന്ത് മുതൽ സിനിമാ ഭ്രാന്ത് വരെ നമുക്ക് പതിവുള്ള പല തരം ഭ്രാന്തുകളുണ്ട്. തീവ്രമായ, നിരുപദ്രവകരമായ അഭിനിവേശം മാത്രമാണത്. എന്നാൽ നിങ്ങളുടെ ഉന്മാദം മറ്റൊരാളുടെ, ഒരു സമൂഹത്തിന്റെ സ്വത്വത്തിനും സ്വാസ്ഥ്യത്തിനും സ്വയം നിർണയത്തിനും മേലെ കടന്ന് കയറുമ്പോൾ കഥ മാറുന്നു. ആ ഭ്രാന്തിന് ഒരു പേരേയുള്ളൂ - അധികാരം. ലോക ചരിത്രത്തിൽ  - എഴുതപ്പെടുന്നതിനും മുമ്പുള്ള ചരിത്രത്തിലും അതിനും മുമ്പുള്ള മിത്തിക്കൽ കാലഘട്ടത്തിലും മുതൽ ഈ നിമിഷം വരെയും  - അനുഭവപ്പെട്ട ഏറ്റവും ഹൃദയ ശൂന്യമായിട്ടുള്ള, ഏറ്റവും ബ്രൂട്ടലായ, ഏറ്റവും രക്തരൂക്ഷിതമായ, ഏറ്റവും ഇൻക്യുറബിൾ  ആയ അസുഖം.

 'ഭ്രമയുഗം' ചർച്ച ചെയ്യുന്ന കേന്ദ്ര രാഷ്ട്രീയ പ്രമേയവും മറ്റൊന്നല്ല.അതേസമയം,  ഇത്രമേൽ ഗൗരവാഹമായ ഒരു പ്രമേയം ചർച്ച ചെയ്യുന്ന കേവല ഇന്റലക്ച്വൽ മൂവി ആയി (അതൊരു ന്യൂനതയാണെന്നല്ല) സിനിമ പരിമിതപ്പെടുന്നുമില്ലെന്നത് , പ്രേക്ഷകനെ കിടിലം കൊള്ളിക്കുന്ന പടമാണിതെന്നത്, ഭ്രമയുഗത്തിന്റെ രചനയുടെയും സംവിധാനത്തിന്റെയും എക്സലൻസാണ് വിളിച്ചോതുന്നത്.

Bramayugam Review
Bramayugam Review

'ഭ്രമയുഗം' ഉടനീളം ഉന്മാദത്തിന്റെ ഉത്സവമാണ്. മൂന്നേ മൂന്ന് കേന്ദ്ര കഥാപാത്രങ്ങളേ സിനിമയിലുള്ളൂ. മമ്മൂട്ടിയുടെ കൊടുമൺ പോറ്റി, അർജുൻ അശോകന്റെ തേവൻ എന്ന പാണൻ, സിദ്ധാർഥ് ഭരതന്റെ കുശിനിക്കാരൻ - ഇവരിലൂടെയാണ് പടം മുന്നോട്ട് പോകുന്നത്. പോറ്റിയ്ക്ക് അധികാരത്തിന്റെ ഭ്രാന്താണ് ; തേവന് മോചന സ്വപ്നങ്ങളുടെ ഭ്രാന്തും കുശിനിക്കാരന് പ്രതികാരത്തിന്റെ ഭ്രാന്തും. സിനിമയിലെ ശേഷിക്കുന്ന രണ്ട് കഥാപാത്രങ്ങൾ അതിനും മുമ്പേ വന്ന് പോകുന്നുണ്ട് - മണികണ്ഠനാചാരിയുടെ വഴിപോക്കനും അയാളെ വശീകരിച്ച് ചോരകുടിച്ച് കൊന്ന്തള്ളുന്ന വടയക്ഷിയും.

'പുഴ കടന്ന് മരങ്ങളുടെ ഇടയിലൂടെ' കൊടുമൺ പോറ്റിയുടെ മനയിലേക്ക് പാണൻ കടന്നെത്തുന്നതോടെ സിനിമ ആരംഭിക്കുന്നു. “എന്റെ മനയിലേക്ക് സ്വാഗതം” എന്ന, ഇതിനകം വിഖ്യാതമായിക്കഴിഞ്ഞ, ഡയലോഗിൽ തന്നെ ഡ്രാക്കുള റെഫറൻസുണ്ട്. തുടർന്നങ്ങോട്ടുള്ള രണ്ട് മണിക്കൂറുകൾ  ഡ്രാക്കുളക്കോട്ട പോലെ വന്യവും ഏകാന്തവും നിഗൂഢവും ഭയാനകവുമായ ആ മനയ്ക്കുള്ളിൽ മതിഭ്രമത്തിന്റെ  മഹോത്സവമാണ്. സിനിമ അവസാനിച്ചാലും കോട്ടയ്ക്കുള്ളിലെ കൊടിയ ആഭിചാരകന്റെ കരാളഹസ്തത്തിൽ നിന്ന് കുതറി മാറാനാവാതെ തിയേറ്ററിൽ സ്തംഭിച്ചിരുന്ന് പോകുന്ന അവസ്ഥയാണ് രാഹുൽ പ്രേക്ഷകന് ബാക്കിവെക്കുന്നത്.

Bramayugam Review
Bramayugam Review

കൊടുമൺ പോറ്റിയെ സംബന്ധിച്ചിടത്തോളം ദൈവികമല്ലാത്ത, ദൈവികവിരുദ്ധമായ, ഡാർക്ക് വേൾഡിന്റെ പവർ ആണ് ജീവിതബലം. ദൈവം നിങ്ങളുടെ വിളി കേൾക്കില്ലെന്നും ദൈവം പലായനം ചെയ്ത കാലമാണിതെന്നും അയാൾ വ്യക്തമാക്കുന്നുണ്ട്. തന്റെ 'അതിഥി'യോട് സ്നേഹത്തോടെ സംസാരിക്കുന്നതിനിടയ്ക്ക് അതിഥി ദൈവത്തിന് നന്ദി പറയുമ്പോൾ അയാൾ ക്രുദ്ധനായി മാറുന്നതും കാണാം. തന്റെ അധികാരത്തിന് മേലെയല്ല പോറ്റിയെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ അധികാരം പോലും.  അയാളുടെ ഭ്രാന്ത് അധികാരമാണ്. തന്റെ മനയിൽ വന്ന്പെടുന്നവർക്ക് മേൽ അയാൾ അധികാരം സ്ഥാപിക്കുന്നു. അത് ചോദ്യം ചെയ്യുകയെന്നാൽ മരണമാഗ്രഹിക്കുകയെന്നാണർഥം. അവർ പോലുമറിയാതെ സ്നേഹ നാട്യങ്ങളുടെ ആ ദുർമാന്ത്രിക വലയത്തിലകപ്പെടുകയും ഒടുക്കം സ്വന്തം പേര് പോലും നഷ്ടമാകുംവിധം  അന്യവത്ക്കരണത്തിനും അടിമത്തത്തിനും വിധേയമാകുകയുമാണ്. ആദ്യ പകുതിയിൽ ഈയൊരു അധികാര സംസ്ഥാപനത്തിന്റെ സ്റ്റെപ് ബൈ സ്റ്റെപ് ആയുള്ള വിവരണമാണ്. കൂട്ടുകാരനെ കൊതിപ്പിച്ച് കൂടെ കൂട്ടുകയും കൊന്ന് തള്ളുകയും ചെയ്യുന്ന യക്ഷിയെ മറഞ്ഞിരുന്ന് കാണുന്ന പാണൻ സമാനമാം വിധമാണ് യക്ഷിയെ പോലും പ്രാപിക്കുവാൻ ശേഷിയുള്ള പോറ്റിയുടെ മോഹവലയത്തിലേക്ക് കഴുത്ത് വെച്ചു കൊടുക്കുന്നത്. രക്ഷപ്പെടാനായി കുശിനിക്കാരന്റെ പിന്തുണയോടെ പാണൻ ചിന്തിച്ചു തുടങ്ങുന്ന ഘട്ടത്തിലാണ്, സെക്കന്റ് ഹാഫിന്റെ ആരംഭത്തിൽ, പോറ്റിയുടെ  അസ്തിത്വവുമായി ബന്ധപ്പെട്ട നടുക്കുന്ന വെളിപ്പെടുത്തലുണ്ടാകുന്നത്.

 സിനിമയുടെ മർമം അതിലാണ് കിടക്കുന്നതെന്നതിനാൽ അങ്ങോട്ട് കടക്കുന്നില്ല. അവിടുന്നങ്ങോട്ട് സംഭ്രാന്തിയുടെ കൊടിയ സംവേഗങ്ങളിലേക്ക് മാറി മാറി ഗിയർ ഷിഫ്റ്റ് ചെയ്യുന്ന രാഹുൽ പ്രേക്ഷകനെ ഭീതിയുടെയും വിഭ്രമത്തിന്റെയും ഇരുൾവഴികളിലേക്ക് ചുഴറ്റിയെറിയുകയാണ്. ഗംഭീരമാണ് 'ഭ്രമയുഗ'ത്തിന്റെ ക്ലൈമാക്സും പോസ്റ്റ് ക്ലൈമാക്സും. ഡാർക്ക് വേൾഡിന് പാരലൽ ആയി അധികാര സമവാക്യങ്ങളും സഞ്ചരിക്കുന്നു. ബ്രാഹ്മണ്യത്തിൽ നിന്ന് കോളനീകരണത്തിലേക്കും അവിടുന്ന് അധ:സ്ഥിതനിലേക്കുമെല്ലാം കൈമാറി മറിയുന്നുവെങ്കിലും അധികാരത്തിന്റെ ഉന്മാദത്തിനും അതിന്റെ അടയാളമായ ഇരുളിന്റെ ശക്തികൾക്കും ഉച്ചാടനം സംഭവിക്കുന്നില്ലെന്ന് പടം അടിവരയിട്ട് പറയുന്നു.

Bramayugam Review
Bramayugam Review

 ടി.ഡി. രാമകൃഷ്ണന്റെ കാവ്യാത്മകമായ സംഭാഷണങ്ങളുടെ കൂടി പിന്തുണയോടെ താൻ തന്നെ പൂർത്തിയാക്കിയ സ്ക്രിപ്റ്റും വിട്ടുവീഴ്ചകളില്ലാത്ത കണിശതയോടെയും കൃത്യതയോടെയും  നിർവഹിച്ച  സംവിധാനവും വഴി രാഹുൽ സദാശിവന് തന്നെയാണ് പടത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ്. എന്നാൽ തന്റെ സിനിമ ശക്തമായി സീൽ ചെയ്ത പ്രതിഭാധനനായ  സംവിധായകനെയും  അതിവർത്തിക്കുന്ന ഒരത്ഭുത മനുഷ്യന്റെ സാന്നിധ്യമാണ് ഭ്രമയുഗത്തിന്റെ ഉയിര്. മമ്മൂട്ടി എന്നാണ് അദ്ദേഹത്തിന്റെ പേര്. അമ്പത് വർഷക്കാലം അനന്യമായ പ്രകടനങ്ങളും പുരസ്കാരങ്ങളുമായി ഇൻഡസ്ട്രിയിൽ നിറഞ്ഞ് നിന്നിട്ടും ഇന്നേവരെ ആ പേരിൽ അവതരിച്ചിട്ടില്ലാത്ത ചലച്ചിത്രാഭിനയത്തിന്റെ വെള്ളിമീൻ ചാട്ടങ്ങൾക്കാണ് 'ഭ്രമയുഗം' സാക്ഷ്യം വഹിക്കുന്നത്. ഇൻഡ്യൻ സിനിമയുടെ തന്നെ ഭൂതത്താൻ കോട്ടകളിൽ മമ്മൂട്ടി എന്ന മഹാമന്ത്രികൻ സൃഷ്ടിക്കുന്ന മായക്കാഴ്ചകളുടെ വിസ്മയമാണ് 'ഭ്രമയുഗ'ത്തിലെ പ്രകടനം. അക്ഷരാർഥത്തിൽ അഭൂതപൂർവകമാണ് പോറ്റിയുടെ സൗമ്യ ശാന്ത രൗദ്രങ്ങളിലും  ട്രാൻസ്ഫൊമേഷനിലെ പൈശാചികതയിലും അടയാളപ്പെടുന്ന ഭാവദേദങ്ങളും ജെസ്റ്ററുകളും ഡയലോഗ് ഡെലിവറിയും. അതിൽ ഒന്നും  തന്നെ ഇക്കാലമിത് വരെയും ആ മഹാപ്രതിഭയിൽ നിന്നും നമ്മളാരും കണ്ടിട്ടേയില്ല. കോഴിയിറച്ചി കഴിക്കുന്ന രംഗത്തെ ഡെവിളിഷ് ആയ ആർത്തിയും മദോന്മത്തനായി ചാരുകസേരയിലമരുന്ന രംഗങ്ങളിലെ കൂമ്പിയടയുന്ന കണ്ണുകളുമെല്ലാം മാന്ത്രികമെന്നേ വിശേഷിപ്പിക്കുവാനാകൂ.  മമ്മൂട്ടിയോളം സ്വയം നവീകരിക്കുന്ന മറ്റൊരഭിനേതാവ് ഇന്ന് ഇൻഡ്യൻ സിനിമാ ഇൻഡസ്ട്രിയിലുണ്ടോ എന്ന് സംശയമാണ്. മമ്മൂട്ടിയ്ക്കൊപ്പം തന്നെ കരിയർ ബെസ്റ്റ് പെർഫോമൻസുകളുമായി അർജുൻ അശോകനും സിദ്ധാർഥും പടത്തിൽ നിറഞ്ഞ് നിൽക്കുന്നു. ആർട്ട് ഡിസൈൻ, സ്കോർ, സിനിമാട്ടോഗ്രാഫി, എഡിറ്റിങ് തുടങ്ങിയ മേഖലകളും ഔട്ട്സ്റ്റാന്റിങ് ആണ്. ഹെവി സ്കോറും ഫോക് ശീലുകളും സുന്ദരമായി ഉപയോഗിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾ പിന്നിലേക്ക്, ഇരുണ്ട ലോകത്തിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകാനും അതനുഭവിപ്പിക്കുവാനും സാങ്കേതിക പ്രവർത്തകരുടെ വൈദഗ്ധ്യം  രാഹുലിനെ നന്നായി സഹായിച്ചിട്ടുമുണ്ട്. മഴ സീനുകളൊക്കെ ചെയ്ത  മികവ് അത്രമേൽ ശ്ലാഘനീയം. 

Bramayugam Review
Bramayugam Review

നിർബന്ധമായും തിയേറ്ററിൽ പോയി കാണേണ്ട സിനിമയാണ് 'ഭ്രമയുഗം' എന്ന് അടിവര. മൊബൈൽ സ്ക്രീനിൽ ഈ പടത്തിന്റെ വെളിച്ചം തെളിയുകയേയില്ല. അതിനുള്ള ആഭിചാരം സംവിധായകൻ ചെയ്ത് വെച്ചിട്ടുണ്ട് !

Related Stories

No stories found.
logo
The Cue
www.thecue.in