ഭാരതപ്പുഴ ഒരു ലൈംഗികത്തൊഴിലാളിയുടെ മാത്രം കഥയല്ല

ഭാരതപ്പുഴ ഒരു ലൈംഗികത്തൊഴിലാളിയുടെ മാത്രം കഥയല്ല
Summary

കേരളത്തിന്റെ നാഡീ ഞരമ്പുകളുടെ സൂക്ഷ്മമായ കീറിമുറിക്കലാണ് ഭാരതപ്പുഴ.

മണിലാല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഭാരതപ്പുഴ എന്ന സിനിമയെക്കുറിച്ച് മുസ്തഫ ദേശമംഗലം എഴുതുന്നു

ഭാരതപ്പുഴ കേരളത്തിന്റെ നാഡീഞരമ്പുകളില്‍ പ്രധാനപ്പെട്ട ഒന്നാണ്. യുഗങ്ങളായി പരിണമിച്ചു കിടക്കുന്ന പാറക്കൂട്ടങ്ങളില്‍ തഴുകി, വീണും ചതഞ്ഞും ഏതൊക്കെയോ ജൈവ തലങ്ങളില്‍ രുചി ഭേദങ്ങള്‍ കൈകൊണ്ട് സൈലന്റ് വാലിയില്‍ നിന്നിറങ്ങി വരുന്ന മഹാ ജലാശയം സൈരന്ദ്രിയും കുന്തിയുമൊക്കെയായി ഭാരതപുഴയാകുന്നു. പിന്നെയത് അനുഭവിക്കുന്നവരുടെ ഇഷ്ടം പോലെ പൊന്നാനിപ്പുഴയും കുറ്റിപ്പുറം പുഴയും തിരുര്‍ പുഴയുമെന്നിങ്ങനെ പല പേരുകളില്‍ വിളിക്കപ്പെടുന്ന നിളാ നദിയായി പരിണമിച്ചു, അടിത്തട്ടിലെ വലിയ ജലാശയത്തില്‍ രമിക്കുന്നു.

ഇങ്ങനെ പറയുന്നത് മണിലാല്‍ രചനയും സംവിധാനവും ചെയ്ത ഭാരതപ്പുഴ എന്ന ചലച്ചിത്രത്തിന്റെ ഏകദേശ ആഖ്യാനം കിട്ടാന്‍വേണ്ടി കൂടിയാണ്. ഹ്രസ്വ ചിത്രങ്ങളും ഡോക്യൂമെന്ററികളും ചെയ്തിട്ടുണ്ടെങ്കിലും മണിലാലിന്റെ ആദ്യ ചലച്ചിത്രമാണ് ഭാരതപ്പുഴ. സിജി പ്രദീപ് അവതരിപ്പിക്കുന്ന ചിത്രത്തിലെ സുഗന്ധി എന്ന കഥാപാത്രം ഏറ്റവും ആധുനികവും അതുപോലെ പഴയതുമായ ഭാരതപ്പുഴയാണ്. പലരും യഥേഷ്ടം ഉപയോഗിക്കുകയും അവരവരുടെ ഇംഗിതം പോലെ ഓര്‍ക്കുകയും വിളിക്കുകയും അടുപ്പിക്കുകയും അകറ്റുകയും ചെയ്യുന്ന സുഗന്ധി വര്‍ത്തമാന കാലത്തെ കോലം കെട്ട പുഴയാണ് അഥവാ നില നില്‍ക്കുന്ന യാഥാര്‍ഥ്യമാണ്. രാവിലെ ജോഗിങ്ങിനിറങ്ങുന്ന മാന്യന്മാര്‍ ഫോട്ടോയില്‍ കണ്ടവളെ സെറ്റപ്പ് എന്നാണ് ഇംഗ്‌ളീഷീകരിക്കുന്നത്. ആണുങ്ങള്‍ക്ക് അവള്‍ വെറും സെറ്റപ്പാണ്, അത് മാത്രമാണ്. ഒരു സ്ത്രീയെ, അവള്‍ക്കു ഹൃദയമോ തലച്ചോറോ മജ്ജയോ നട്ടെല്ലോ ഉണ്ടെന്ന ചെറിയ പരിഗണന പോലും ആണ്‍ കൂട്ടങ്ങള്‍ക്കിടയിലെ ചര്‍ച്ചയിലോ ആലോചനയിലോ വരാറില്ല. ഓട്ടത്തിനിടയില്‍ കിതപ്പകറ്റാന്‍ ഇവര്‍ പറയുന്ന സ്ത്രീ പക്ഷെ , സ്വയം അസ്തിത്വം അന്വേഷിക്കുന്ന, പോറലേറ്റ ഭാരത പുഴയാണ്, സുഗന്ധിയാണ്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അവള്‍ ഒഴുകിക്കൊണ്ടേയിരിക്കുന്നുണ്ട് , ചിരിക്കുന്നുണ്ട്, സ്‌നേഹം തിരയുന്നുണ്ട്. ഭാരത പുഴ നിഷ്‌കളങ്കതയുടെ മടിത്തട്ട് പലര്‍ക്കായി തല ചായ്ക്കാനായി കൊടുക്കുന്നു. പലരും അതില്‍ കിടന്നു പുകക്കുന്നു, ആത്മാര്‍ത്ഥതയില്ലാതെ സിദ്ധാന്തങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ അഴിച്ചിടുന്നു. അവള്‍ ഒരു ബാധയാകാതെ അല്പസമയത്തിനു ശേഷം മറ്റൊരിടത്തേക്ക് പോകുമെന്ന് അവര്‍ക്കറിയാം. അറബിക്കടലാകുന്ന മഹാ സാഗരത്തില്‍ അഥവാ ജനക്കൂട്ടത്തില്‍ അവള്‍ ലയിക്കുന്നതുപോലെ. ഒരു കേവല ലൈംഗികത്തൊഴിലാളിയുടെ കഥയല്ല ഭാരതപ്പുഴ. സ്വത്വം തേടുന്ന സ്ത്രീയുടെ രാപകല്‍ നീളുന്ന യാത്രയാണ്. ഏച്ചുകെട്ടലുകള്‍ക്കിടമില്ലാത്ത, അതിനൊട്ടും നേരമില്ലാത്ത നീരൊലിപ്പാണ് സുഗന്ധിയുടെ കാല്‍വയ്പുകള്‍. ആണത്വത്തിന്റെ വൃത്തിഹീനമായ പരിസരങ്ങളില്‍ അവള്‍ വിശുദ്ധി തേടാന്‍ സദാ ശ്രമിക്കുന്നു.

എപ്പോഴും സഹയാത്രികനായി സുഗന്ധിയുടെ കൂടെയുള്ള, അല്പം സുരക്ഷിതത്വം അവള്‍ക്കു തോന്നുന്ന ഷാബു എന്ന ഓട്ടോറിക്ഷക്കാരന്‍ പോലും അവളെ പുറത്ത് നിര്‍ത്തേണ്ടവളാണെന്നു തീരുമാനമെടുത്തപോലെ പറയുമ്പോള്‍ സുഗന്ധി സങ്കടപ്പെടുന്നില്ല. അയാള്‍ അല്പം സ്‌നേഹം വിതാനം ചെയ്യുമ്പോള്‍ അവള്‍ ഒട്ടും സന്തോഷിക്കുന്നുമില്ല. അവള്‍ ആണിനെ അവിടെയെല്ലാം നിഷ്‌ക്രിയമായോ നിശബ്ദമായോ അളന്നിടുന്നു. ആണുങ്ങള്‍ വിഴുപ്പുകളൊഴുക്കുന്ന പുഴയാകുമ്പോഴും അവള്‍ തന്നെത്തന്നെ തിരഞ്ഞു, നിര്‍ത്താതെ യാത്ര തുടരുകയാണ്. അല്പമെങ്കിലും ദയാവായ്പ് കാണിക്കാത്തിടത്തു നിന്നും എനിക്കിവിടെ പറ്റില്ലെന്നും ധൈര്യമുണ്ടെങ്കില്‍ വാടാ എന്നും പറഞ്ഞു, സുഗന്ധി ധീരമായി പുറത്തെ ജീവിത പരിസരത്തേക്ക് തിരിച്ചെത്തുന്നുണ്ട്.

പലതരം പുരുഷന്മാരെ അവള്‍ സന്തോഷിപ്പിക്കുന്നുണ്ട്, ഒട്ടും അവജ്ഞയില്ലാതെ, മുന്‍ധാരണകളോ മതിലുകളോ ഇല്ലാതെ. കഥയെഴുതേണ്ടവന് അവള്‍ എരിവും പുളിയുമൊക്കെയാണ്. അയാളോടും അയാളുടെ വളിപ്പുകളോടും അവള്‍ ചിരിച്ചു നില്‍ക്കുന്നു. സ്വന്തം രസങ്ങള്‍ അവള്‍ പലരുചികളുമായി ചേര്‍ത്തുവയ്ക്കുന്നു. ഭാരത പുഴയുടെ തീരങ്ങള്‍ പോലെ, അതിലെ മണലെടുത്ത ഗര്‍ത്തങ്ങള്‍ പോലെ.

കുന്നിന്‍ പുറത്തെ പാറക്കൂട്ടങ്ങളിലൊന്നില്‍ സാബുവിന്റെ കൂടെയിരിക്കുമ്പോള്‍ തന്നിഷ്ടം പോലെ ജീവിക്കാനാകുമോയെന്നും ആകുമെങ്കില്‍ എത്രസുന്ദരം ജീവിതമെന്നും സുഗന്ധി നെടുവീര്‍പ്പിടുന്നു. ഇതൊന്നും അധിക കാലം ഉണ്ടാവില്ലെന്നും അടിയില്‍ നിന്ന് തുരന്നു തുടങ്ങിയിട്ടുണ്ടെന്നും ഷാബു പറയുമ്പോള്‍ നമ്മള്‍ അതുക്കും മേലേയെന്ന സുഗന്ധിയുടെ ഒറ്റവാക്കുമറുപടിയില്‍ ഒരു ഭൂഖണ്ഡം മുഴുവന്‍ ഒളിപ്പിച്ച ദൃഢത കേള്‍ക്കാം. മുഖത്തേക്ക് പോലും നോക്കാതെ വെപ്രാളപ്പെട്ട് കാര്യം സാധിക്കുന്ന ആണുങ്ങളെ ചിരിച്ചു കളിയാക്കുന്നുണ്ട് സുഗന്ധിയും ട്രാന്‍സ്ജെന്‍ഡര്‍ ഹരിണിയും.

ഒരു കേവല ലൈംഗികത്തൊഴിലാളിയുടെ കഥയല്ല ഭാരതപ്പുഴ. സ്വത്വം തേടുന്ന സ്ത്രീയുടെ രാപകല്‍ നീളുന്ന യാത്രയാണ്. ഏച്ചുകെട്ടലുകള്‍ക്കിടമില്ലാത്ത, അതിനൊട്ടും നേരമില്ലാത്ത നീരൊലിപ്പാണ് സുഗന്ധിയുടെ കാല്‍വയ്പുകള്‍. ആണത്വത്തിന്റെ വൃത്തിഹീനമായ പരിസരങ്ങളില്‍ അവള്‍ വിശുദ്ധി തേടാന്‍ സദാ ശ്രമിക്കുന്നു.

പ്രതിലോമകരമായ ഏതു സാഹചര്യങ്ങളെയും സുഗന്ധി നേരിടും. അങ്ങനെ നേരിട്ടും ഇപ്പോഴും അത് തുടര്‍ന്നും പോരുന്ന അനേകം ലൈംഗിക തൊഴിലാളികളുടെ സാക്ഷ്യമാണ് സുഗന്ധി. കൂടെയുള്ളവന്‍ ലക്കുകെട്ട് വണ്ടിയില്‍ കിടക്കുമ്പോള്‍ സുഗന്ധി എത്തേണ്ടിടത്തേക്കു സ്വയം ഓട്ടോ ഓടിച്ചു പോകും.

ഒരാള്‍ ഒരു തൊഴിലിടത്തിലേക്കു എത്തിച്ചേരുന്നതിനു ഓരോ കരണങ്ങളുണ്ടാകും. സുഗന്ധിയെത്തിപ്പെട്ട തൊഴിലിടത്തിന്റെ കാരണം കുട്ടിക്കാലത്തു തന്നെ ഓട്ടുകമ്പനിയിലെ ചളിയില്‍ വീണുപോയതിന്റെയാണ്. അവിടെനിന്നും ചളിയില്‍ ചവിട്ടിയും വെള്ളമൊഴിച്ചും മതിച്ചും കിതച്ചും അവള്‍ ജീവിക്കുന്നു. ഓര്‍മകളുടെ ചളിക്കുഴിയില്‍ കിടന്നു അവള്‍ വിലപിക്കുന്നില്ല. അനുഭവങ്ങളെ ലളിതമായി വരച്ചിടാന്‍ ശ്രമിക്കുന്നു, അപ്പോഴും അവള്‍ അകമില്‍ ധീരമായി ജീവിക്കാനുള്ള തീ കത്തിച്ചു വെക്കുന്നുണ്ട്. ഒറ്റക്കിരിക്കാന്‍ തോന്നുമ്പോള്‍ ശ/ക്ഷ/യിച്ചുതുടങ്ങിയ ഓട്ടുകമ്പനിയില്‍ വന്നിരിക്കുമെന്നവള്‍ പറയുമ്പോള്‍ പേടിയാവില്ലേ എന്നാണ് ഷാബുവിന്റെ ചോദ്യം. പ്രേതങ്ങള്‍ ചോരകുടിക്കുന്ന കഥകളുള്ള പള്ളിപ്പറമ്പില്‍ ഒറ്റയ്ക്ക് കിടന്നവര്‍ക്കാനോ പേടി എന്ന സുഗന്ധിയുടെ തിരിച്ചുള്ള ചോദ്യം ഷാബുവിനോട് മാത്രമുള്ളതല്ല എന്ന് സിനിമ പൊതുവായി പറയുന്നുണ്ട്.

'പ്രേതങ്ങള്‍ ഞങ്ങളെപ്പോലാണ്, അവക്ക് ജാതീം മതോന്നൂല്ല. വീമ്പിളക്കുന്ന ആണുങ്ങള്‍ക്ക് ശ്മശാനത്തില്‍ വരാന്‍ പേടിയാണ്.'

ഷാബു ചോദിക്കുന്നു: ' പ്രേതങ്ങളെ കണ്ടിട്ടുണ്ടോ?

ഇല്ല എന്നും, കാണാത്തതെല്ലാം നല്ലതാണെന്നും അധികം കണ്ടാല്‍ എല്ലാരും മോശമാണെന്നും അവള്‍ പറയുന്നു. ആഴത്തിലുള്ള അനുഭവങ്ങളാല്‍ അവള്‍ ഒരു സംസ്‌കൃതി തന്നെയാകുന്നത് ചിത്രത്തില്‍ കാണാം. അപ്പോഴെല്ലാം അവള്‍ കുറച്ചുകൂടെ സ്വസ്ഥതയുള്ള ഒരു ജീവിതം വെറുതെ ആഗ്രഹിക്കുന്നുണ്ട്. തന്നെ പുല്‍കുന്ന ഗള്‍ഫുകാരന്‍ കുടുംബത്തോടൊപ്പം ഷോപ്പിംഗ് കഴിഞ്ഞിറങ്ങുന്ന കാഴ്ചക്ക് അവള്‍ ഇടം കൊടുക്കുന്നുണ്ട്. കണ്ണുകളില്‍ ഒരു പ്രതീക്ഷ ബാക്കി വെക്കുന്നുമുണ്ട്.

ഭാരതപ്പുഴ
ഭാരതപ്പുഴ

മനസ്താപം വന്ന സുഗന്ധി കുമ്പസാരക്കൂട്ടിലെത്തുന്നു. സുഗന്ധിയുടെ കഥകേള്‍ക്കാന്‍ വെമ്പുന്ന പള്ളീലച്ചന്‍ സെക്‌സ് വര്‍ക്കര്‍ എന്ന തൊഴില്‍ കേട്ടിട്ടുപോലുമില്ല എന്ന കാപട്യം രസകരമാണ്. ഇടവകയേതെന്ന ചോദ്യത്തിന് പകല്‍ മാറി രാത്രിയാകുന്നിടമെല്ലാം എന്റെ ഇടവകയാണെന്ന അവളുടെ ഉത്തരം അച്ചനെ അല്പം ഇടങ്ങേറാക്കുന്നുണ്ട്. ഉരുപദേശവും കൊടുക്കാനാകാത്ത അച്ഛന്‍ പ്രസക്തമായി സദാചാരം നിന്നിലൂടെ മാത്രം സംരക്ഷിക്കപ്പെടേണ്ട ഒന്നല്ല എന്ന ഒരൊറ്റ കാര്യമേ അവളോട് പറയുന്നുളളൂ. മനുഷ്യന് ഒരു പരിഹാരവും നിര്‍ദേശിക്കാന്‍ ആവാത്ത മതം എന്ന സ്ഥാപനത്തെ അതിന്റെ നിസ്സഹായതയെ സിനിമയില്‍ മണിലാല്‍ പറയാതെ പറയുന്നുണ്ട്.

ഇടവകയേതെന്ന ചോദ്യത്തിന് പകല്‍ മാറി രാത്രിയാകുന്നിടമെല്ലാം എന്റെ ഇടവകയാണെന്ന അവളുടെ ഉത്തരം അച്ചനെ അല്പം ഇടങ്ങേറാക്കുന്നുണ്ട്. ഉരുപദേശവും കൊടുക്കാനാകാത്ത അച്ഛന്‍ പ്രസക്തമായി സദാചാരം നിന്നിലൂടെ മാത്രം സംരക്ഷിക്കപ്പെടേണ്ട ഒന്നല്ല എന്ന ഒരൊറ്റ കാര്യമേ അവളോട് പറയുന്നുളളൂ. മനുഷ്യന് ഒരു പരിഹാരവും നിര്‍ദേശിക്കാന്‍ ആവാത്ത മതം എന്ന സ്ഥാപനത്തെയും അതിന്റെ നിസ്സഹായതയെയും സിനിമയില്‍ മണിലാല്‍ പറയാതെ പറയുന്നുണ്ട്.

ശില്പി രാജന് സുഗന്ധിയുടെ കണ്ണുകളും മുഖവും മതി. അയാളുടെ ലഹരി സുഗന്ധി ചവിട്ടിക്കിടന്ന, ഇന്നും കടന്നുപോകുന്ന ചളിമണ്ണാണ്, അവളുടെ ശരീരം അയാള്‍ക്ക് ഒട്ടും വേണ്ട. പണിയിലേക്കു കടക്കും മുന്‍പ് ശില്പി ഷര്‍ട്ടഴിച്ചു വെക്കുന്നു. ഒരു കൊച്ചുകുഞ്ഞായി സുഗന്ധി ഒന്നുമറിയാതെ നില്‍ക്കുകയാണ്. ശില്പിയുടെ മുന്‍പില്‍ മോഡല്‍ ആയി നിശബ്ദമായി ഇരുന്നു കൊടുക്കുമ്പോള്‍ സുഗന്ധിക്കു മറ്റൊരു ലോകം അറിവാകുന്നു.ധ്യാനാത്മകമായ അവളുടെ ആ ഇരിപ്പിനു പി കെ സുനില്‍കുമാറിന്റെ സംഗീതം മിഴിവേകുന്നു. ശില്പി ഒന്നും പറയാതെ കുറെ കഥകള്‍ ആലേഖനം ചെയ്യുന്നുണ്ട്.

നാടകക്കാരന്‍ ജോസേട്ടന്റെ നാടകത്തിലഭിനയിക്കാന്‍ ഷാബുവിന്റെ കൂടെ ജോസേട്ടന്റെ വീട്ടിലെത്തുന്നു. ജോസേട്ടനെയും സഹധര്‍മിണിയെയും കാണുമ്പോള്‍, അവരുടെ സാന്നിധ്യമറിയുമ്പോള്‍ സുഗന്ധി ലോകത്തെ അന്ധമായി വിശ്വസിച്ചതിന്റെ, അതാണ് ശരിയെന്നു കരുതിയതിന്റെ അബദ്ധം അറിയിക്കുന്നു. പിച്ചിച്ചീന്തി ഈ വഴിയിലേക്ക് എത്തപ്പെട്ട ഏതൊരു സ്ത്രീയും വീട്ടിലുള്ള ഉറ്റവരുടെ ശരികളാണ് വലിയ ശരികളെന്നും അതാണ് ലോകത്തിലെ ശരിയെന്നും ധരിക്കുകയും പുറത്തിറങ്ങുമ്പോള്‍ അതല്ല ലോകമെന്നു നല്ല ബോധ്യം വന്നവരുമായിരിക്കണം. അത്തരം ഉള്ളറിവിലൂടെ ഇഴഞ്ഞു നീങ്ങുന്ന നിരവധിയാളുകളെ സുഗന്ധി പ്രതിനിധീകരിക്കുന്നു.

തന്നെപോലെ ഈ തൊഴില്‍ ചെയ്യുന്ന ശശീന്ദ്ര ദൈവത്തെ കൂട്ടുപിടിച്ചാലോ എന്ന ഞാന്‍ ആലോചിക്കുന്നതെന്ന വാക്ക് പോലും സുഗന്ധിക്ക് മനസ്സിലാകുന്നില്ല. അവള്‍ ഇന്നും കടന്നുപോകുന്നത് സ്ഥായിയായ നിഷ്‌കളങ്കതയിലൂടെയാണ്. ശശീന്ദ്രയുടെ മരണത്തിനു ശേഷം കടല്‍ തീരത്തു സാബുവിന്റെ കൂടെ നിന്ന് മരണത്തെക്കുറിച്ചു പറയുന്ന സുഗന്ധി ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഒറ്റയ്ക്ക് പോകുന്ന രേഖ കാര്‍ത്തികേയനെ കാണുന്നു.

ഭാരതപ്പുഴ
ഭാരതപ്പുഴ
തീയറ്ററില്‍ കാണേണ്ടതായ ഒരു ചലച്ചിത്രമാണ് മണിലാല്‍ ഒരുക്കിയിരിക്കുന്നത്. വിശ്രമമില്ലാത്ത അധ്വാനത്തിന്റെയും സൗഹൃദങ്ങളുടെയും വിലയാണ് ഭാരത പുഴ എന്ന സിനിമ.

ഇപ്പോഴും ഒരു ബാധ പോലെ പിന്തുടരുന്ന ചന്ദ്രന്‍ അവളുടെ ദുസ്വപ്നമാണ്. കൂടെയുണ്ടെന്ന് കരുതുന്നവന്‍ സ്വന്തം സന്തോഷം കണ്ടെത്താന്‍ പുലിക്കളിക്കു പുലിയായി പോകുമ്പോള്‍ അങ്ങേയറ്റം ഏകാകിയാകുന്ന സുഗന്ധി, ആകെ വിഷമസന്ധിയിലാകുന്നു.

തിരക്കേറിയ രാത്രിയില്‍ തൃശൂര്‍ റൗണ്ടിലെ വണ്‍വെക്കു കുറുകെ അവള്‍ ഓട്ടോറിക്ഷ പറത്തുന്നു. ഭാരത പുഴ കുറുകെ ഒഴുകുകയാണ്.

സിനിമയില്‍ വരുന്ന കുറേയേറെ കാര്യങ്ങള്‍ ഇവിടെ പറയുന്നില്ല. കാരണം സിനിമ കാണേണ്ടതാണ്. സിനിമയിലെ സുഗന്ധിയെപോലെ പ്രധാന കഥാപാത്രമാണ് അതിലെ ഓട്ടോറിക്ഷയും. സന്തോഷത്തിന്റെയും ചതിയുടെയും മസില്‍പെരുക്കങ്ങളുടെയും വേദനയുടെയും വിശ്വാസങ്ങളുടെയും നശീകരണത്തിന്റെയും സ്വപ്ന നിര്‍മ്മാണങ്ങളുടെയും ഭാരവും അഴുക്കും വിഴുപ്പും പേറുന്ന, നിന്നും കിതച്ചും ഉറങ്ങിയും ഉണ്മയിലായും പോകുന്ന കേരളമാണ് ഭാരത പുഴ. അത് സുഗന്ധിയായി തൃശൂര്‍ റൗണ്ടില്‍ ചുറ്റിക്കറങ്ങി, കാടും പാറക്കൂട്ടങ്ങളും ചുറ്റി, കായലും കടലുമായി നഗരത്തിനു സമാന്തരമായും കുറുകെയും ഒഴുകുന്നു. കേരളത്തിന്റെ നാഡീ ഞരമ്പുകളുടെ സൂക്ഷ്മമായ കീറിമുറിക്കലാണ് ഭാരത പുഴ. തീയറ്ററില്‍ കാണേണ്ടതായ ഒരു ചലച്ചിത്രമാണ് മണിലാല്‍ ഒരുക്കിയിരിക്കുന്നത്. വിശ്രമമില്ലാത്ത അധ്വാനത്തിന്റെയും സൗഹൃദങ്ങളുടെയും വിലയാണ് ഭാരത പുഴ എന്ന സിനിമ.

മണിലാല്‍
മണിലാല്‍

ഇര്‍ഷാദ് അലി, ശ്രീജിത് രവി, ദിനേശ് ഏങ്ങൂര്‍, മണികണ്ഠന്‍ പട്ടാമ്പി, എം.ജി.ശശി, സുനില്‍ സുഖദ,അച്യുതാനന്ദന്‍,ദിനേശ് പ്രഭാകര്‍, പ്രശാന്ത്,സംഗി സംഗീത, ഹരിണി, പാര്‍വ്വതി പതിശേരി,മണിമാഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ജോമോന്‍ തോമസ് ക്യാമറയും വിനു ജോയി എഡിറ്റിങ്ങും .പി കെ.സുനില്‍ കുമാര്‍ സംഗീതവും ആനന്ദ് രാഗ് വേയാട്ടുമ്മല്‍ സൌണ്ട് ഡിസൈനിംഗും നിര്‍വഹിച്ച സിനിമയുടെ കോസ്റ്റും ഡിസൈനര്‍ നളിനി ജമീലയാണ്. റഫീക്ക് അഹമ്മദ്,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ ഗാന രചനയും രതി പതിശേരി പ്രൊഡക്ഷന്‍ ഡിസൈനിംഗും ചെയ്തിരിക്കുന്നു. ടി.എം.ക്രിയേഷന്‍സിന്റെ ബാനറില്‍ മസ്‌ക്കറ്റിലെ തൃശൂര്‍ കൂട്ടായ്മയില്‍ നിന്നും ഷാജി കുണ്ടായില്‍,നിയാസ് കൊടുങ്ങല്ലൂര്‍,പ്രിജിത് പ്രതാപന്‍,സജിത് ഹരിദാസ്,സച്ചിന്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ ചേര്‍ന്നാണ് ഭാരത പുഴ നിര്‍മ്മിച്ചത്

Related Stories

No stories found.
logo
The Cue
www.thecue.in