ആവേശപ്പടം : പക്കാ ബോയ്സ് സ്റ്റഫ്

ആവേശപ്പടം : പക്കാ ബോയ്സ് സ്റ്റഫ്

യൂത്തിന്റെ യുഫേറിയ മോഡിലുള്ള ഒരു ഗ്യാംഗ്സ്റ്റർ - സ്പൂഫ് മിക്സ് കോമഡിയാണ് ജിതു മാധവൻ്റെ രണ്ടാമത്തെ സിനിമ 'ആവേശം'. ആദ്യ ചിത്രമായ 'രോമാഞ്ച'ത്തിൻ്റെ അതേ ട്രാക്കിൽ ബാച്ലേർസിൻ്റെയും ബാംഗ്ലൂരിൻ്റെയും ഭൂമികയിലാണ് ആവേശത്തിൻ്റെയും പ്രയാണം. മലയാളം 'ഗോഡ്ഫാദറി' ലെ അഞ്ഞൂറാനെപ്പോലെ 'സ്ത്രീകൾക്ക് ഈ വീട്ടിൽ പ്രവേശനമില്ല' എന്ന ബോർഡ് ജിതു രോമാഞ്ചത്തിന് പിറകെ ആവേശത്തിൻ്റെ ഗെയ്റ്റിലും തൂക്കിയിട്ടിട്ടുണ്ട് ! പക്കാ ബോയ്സ് സ്റ്റഫ്. ബാംഗ്ലൂരിൽ ബി.ടെക്ക് പഠിക്കാനെത്തിയ മലയാളിപ്പിള്ളേരും അവിടുത്തെ ഒരു ഗ്യാംഗ്സ്റ്ററായ ഫഹദ് ഫാസിലിന്റെ രംഗയും ആണ് പടത്തിലെ പ്രധാന കഥാപാത്രങ്ങൾ. സീനിയേർസിൻ്റെ ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെടാൻ കുട്ടികൾ രംഗയുടെ സഹായം തേടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പടത്തിൻ്റെ പ്രമേയം.

അൻവർ റഷീദാണ് ആവേശത്തിൻ്റെ സഹനിർമാതാവ്. അൻവറിൻ്റെ വിഖ്യാതമായ രാജമാണിക്യത്തിൻ്റെ ആർക്കിൽ രൂപപ്പെട്ട കഥാപാത്രമാണ് രംഗ. മഹാനടൻ മമ്മൂട്ടിയുടെ പകർന്നാട്ടത്തിലൂടെ ചരിത്രമായി മാറിയ രാജമാണിക്യത്തിൻ്റെ കോർ, രചനയിലെ ആഴം കൂടിയാണ്. പുറമെ ജോവിയലും ചിലപ്പോൾ ബഫൂണിഷും ആയി പ്രത്യക്ഷപ്പെടുകയും അമ്പരപ്പിക്കുന്ന നീക്കങ്ങൾ കൊണ്ട് എതിരാളികളെ നിഷ്പ്രഭമാക്കുകയും ചെയ്യുമ്പോഴും ഉള്ളിൻ്റെയുള്ളിലെ ഏകാന്തശൂന്യതയിൽ അകം നോവുന്ന ഒരു മനുഷ്യനാണ് രാജമാണിക്യം. അതേ സവിശേഷതകൾ ഉള്ള കഥാപാത്രമാണ് രംഗയെങ്കിലും ആ ഒരു ഡെപ്തിലേക്ക് ക്യാരക്റ്റർ ഡിസൈൻ ചെയ്യുവാൻ ജിതു പരിശ്രമിക്കുന്നേയില്ല. അത്പോലെ, സ്വയം ചെന്നകപ്പെടുന്ന വേഷങ്ങളുടെയും വേദികളുടെയും തടവറയിൽ ഐഡൻറിറ്റി ക്രൈസിസിൻ്റെ ഭീകരതയിലൂടെ കടന്ന് പോകേണ്ടി വരുന്ന മനുഷ്യരുടെ ദുര്യോഗങ്ങളെക്കുറിച്ചുള്ള ഒരു ത്രെഡും പ്രമേയത്തിലുണ്ട്. പക്ഷേ അതും വികസിപ്പിക്കുവാൻ ജിതു മെനക്കെടുന്നില്ല. അത്രയ്ക്ക് അലസത തിരക്കഥാ രചനയിൽ ജിതു പുലർത്തിയത് കൊണ്ട് മലയാളത്തിന് നഷ്ടമായത് മറ്റൊരു കൾട്ട് ക്ലാസിക് എൻ്റർടെയിനർ സിനിമയാണ്. മുഖ്യമായും രംഗൻ്റെ ഇൻഡിവിജ്വൽ ഓറയെ കേന്ദ്രീകരിച്ചു കൊണ്ടാണ് സിനിമ മുന്നോട്ട് പോകുന്നത്. ആവർത്തിച്ചു പറയാം, അതിനുള്ള ആകർഷണീയത ആ കഥാപാത്രത്തിനുണ്ട്. ആദിമധ്യാന്തം പവർ പാക്ക്ഡായ ഒരു കൊടൂര കൊലയാളി. സ്നേഹത്തിൻ്റെയും ക്രോധത്തിൻ്റെയും ഇരു കരകൾക്കിടയിൽ അയാളുടെ തിരസ്കൃതമായ ജീവിതം. തൻ്റെ ഭ്രാന്തുകളും തീർപ്പുകളും ആഘോഷങ്ങളും കൊണ്ട് അയാൾ സ്വയം പണിതു നിർത്തിയ സാമ്രാജ്യം. അതാണ് രംഗ. അയാളുടെ വന്യവേഗങ്ങളിലേക്ക് സ്പൂഫിൻ്റെ ലാസ്യതാളം ഇടകലർത്തുന്നതിൽ ജിത്തു മാധവൻ കൈവരിച്ച സംവിധായക മികവാണ് ആവേശത്തിൻ്റെ ഉയിര്. വിദ്യാർഥികളുടെ ലൈഫിലൂടെ രംഗയിലേക്കെത്തുന്ന ഒരു ലൈനാണ് പടത്തിൻ്റേത്. അത് ബാച്ചിലേഴ്സ് ജോക്കുകളിൽ നിന്ന് രസകരമായ ഗാംഗ്സ്റ്റർ സ്പൂഫിലേക്ക് ഹ്യൂമർ ട്രാക്കിനെ വികസിപ്പിക്കുവാനും അതത്രയും സ്വാഭാവികമായി അവതരിപ്പിക്കുവാനും റൈറ്റർ ഡയറക്ടറെ പ്രാപ്തനാക്കുന്നു. സഹായിക്കുന്നു. പടത്തിൻ്റെ എല്ലാ നിർണായക രംഗങ്ങളിലും, ക്ലൈമാക്സ്, പോസ്റ്റ് ക്ലൈമാക്സ് നീനുകളിലുൾപ്പെടെ, തികഞ്ഞ കൈയടക്കത്തോടെ സ്പൂഫ് എലമെൻ്റുകൾ പ്ലെയ്സ് ചെയ്യുവാൻ ജിത്തുവിന് സാധിക്കുന്നത്, റൈറ്റിങ്ങിലെ ദൗർബല്യങ്ങളെ മറികടക്കുവാനും ചില സന്ദർഭങ്ങളിൽ ഒഴുക്കിന് ഭംഗം വരുമ്പോൾ അനിവാര്യമായ ഒരു ഹൈ പ്രദാനം ചെയ്യുവാനും സഹായിക്കുന്നു. ഒരുദാഹരണത്തിന്, (മൈൽഡ് സ്പോയിലർ :) രംഗയും പിള്ളേരും തമ്മിൽ ബോണ്ട് ഫോം ചെയ്യുന്നതിലോ അത് ബ്രെയ്ക്കായ ശേഷം അവരെ കൊല്ലാതെ വിടുന്നതിലോ ഒന്നും ഒരു ബോധ്യം എസ്റ്റാബ്ലിഷ് ചെയ്യാൻ കഥയ്ക്ക് സാധിക്കുന്നില്ലെങ്കിലും അതത് സന്ദർഭങ്ങളിലെ സ്പൂഫ് സീക്വൻസുകൾ പ്രേക്ഷകൻ്റെ കണ്ണിൽ അനായാസം പൊടിയിടുന്നത് കാണാം. നാട്ടിൽ നിന്നുള്ള അമ്മയുടെ ഫോൺ കോളുകൾ അത്തരമൊരു സമർഥമായ ലിങ്കാണ്. സമീർ താഹിറും വിവേക് ഹർഷനും ചേർന്നൊരുക്കുന്ന സുന്ദരദൃശ്യങ്ങളും സുഷിൻ ശ്യാമിൻ്റെ ചടുല സംഗീതവും പടത്തിന് നല്കുന്ന കരുത്ത് വളരെ വലുതാണ്.

ഫഹദ് ഫാസിലിന്റെ ഗംഭീരമായ പെർഫോമൻസാണ് പടത്തിൻ്റെ നട്ടെല്ല്. അയ്മനം സിദ്ധാർത്ഥൻ ഫഹദിൻ്റെ ഒരു പ്രസിദ്ധ കഥാപാത്രമാണ്. മഹേഷും പ്രസാദും ഷമ്മിയും ജോജിയുമതെ. ഷെഖാവത്തും രത്നവേലും അതെ. ഈ കഥാപാത്രങ്ങൾ ഓരോന്നിലും വ്യത്യസ്തനായ നടനെ ലഭ്യമാക്കുവാൻ കഴിഞ്ഞു എന്നതാണ് ഫഹദിൻ്റെ ആദരണീയമായ പ്രതിഭയുടെ അടയാളം. ഇവരിലാരുടെയും നിഴൽ പോലും വീഴാൻ അനുവദിക്കാതെ അത്യന്തം യൂണിക്കായി രംഗണ്ണനെ പോർട്രെയ് ചെയ്ത ഫഹദിൻ്റെ നടനവൈഭവം അവാച്യവും അസാമാന്യവും അനിതരസാധാരണവുമാണ്. കരുത്തുറ്റ കഥാപാത്രങ്ങളാണ് 'പത്ര'ത്തിലെ യും 'ലേല'ത്തിലെ ചാക്കോച്ചിയും. ശക്തമായ മാസ് അപ്പീൽ ഇരുവർക്കും പകർന്ന മികച്ച പ്രകടനങ്ങളായിരുന്നു രണ്ട് പടത്തിലും സുരേഷ് ഗോപിയുടേത്. പക്ഷേ രണ്ട് പടങ്ങളിലും ഒരേ സുരേഷ് ഗോപിയെത്തന്നെയാണ് എനിക്ക് കാണാൻ സാധിച്ചത്. പൊലീസ് കഥാപാത്രങ്ങളുടെ ഫോട്ടോസ്റ്റാറ്റുകളെക്കുറിച്ച് പറയേണ്ട കാര്യവുമില്ല. അദ്ദേഹത്തിൻ്റെ അഭിനയ മികവിനെ ഒരു തരത്തിലും കുറച്ചു കാണുകയല്ല, മറിച്ച് കഥാപാത്രങ്ങളുടെ ഭാവസ്വരൂപങ്ങളിൽ വിസ്മയകരമായ വ്യതിരിക്തത പുലർത്തുന്നതിൽ ഫഹദിന്റെ പ്രതിഭ എത്രമേൽ ഉന്നതമാണെന്ന് ചൂണ്ടിക്കാട്ടുവാനാണ് ഈ താരതമ്യത്തിലൂടെ ഉദ്ദേശിച്ചത്. അങ്ങേയറ്റം എക്സൻട്രിസിറ്റി പുലർത്തുന്ന, ഏത് സമയത്തും ഏത് വശത്തേക്കും വെട്ടിത്തിരിഞ്ഞേക്കാവുന്ന, സ്വന്തം ശരികളോട് ഏറെ പ്രതിബദ്ധതയുള്ള, ഉള്ളിൽ ഒറ്റയ്ക്കായിപ്പോയവൻ്റെ നീറ്റലുള്ള സ്നേഹമൃഗമാണ് രംഗണ്ണൻ. അയാളുടെ പാശവും പവറും ഊർജവും ഉൻമാദവും തന്നിലേക്കാവാഹിച്ച് ചുറ്റിലുമുള്ളവരിലേക്കും പ്രേക്ഷകരിലേക്കും പെയ്തിറങ്ങുകയാണ് ഫഹദ് ഫാസിൽ. ഡം ഷെറേയ്ഡ്‌സ് കളിക്കുന്ന രംഗങ്ങളിലെ രംഗൻ്റെ മിന്നിമാറിമറിയുന്ന ഭാവഭേദങ്ങളുടെ താളപ്പെരുക്കം മറക്കാനാവാത്ത ഒരു സന്ദർഭമാണ്.

രംഗൻ്റെ ഹെഞ്ച്മാൻ അമ്പനായി അത്ഭുതകരമായ പ്രകടനം കാഴ്ചവെച്ച സജിൻ ഗോപുവിനെയും എടുത്ത് പറയണം. കലാഭവൻ മണിയുടെ ഒരു തുടർച്ച വാഗ്ദാനം ചെയ്യുന്ന കഴിവുറ്റ നടനാണയാൾ. സജിനും ഫഹദും തമ്മിൽ നല്ല കെമിസ്ട്രി വർക്ക് ചെയ്യിക്കാനായതും പടത്തിൻ്റെ മുതൽക്കൂട്ടാണ്.

സജിൻ ​ഗോപുവും ഫഹദും
സജിൻ ​ഗോപുവും ഫഹദും

അവധിക്കാല ഉത്സവ മൂഡിൽ ആസ്വദിച്ച് കാണാനുള്ള വക ആവേശം ഉറപ്പ് നൽകുന്നു. ഒരൊറ്റ കഥാപാത്രത്തിൻ്റെ കരിസ്മയിലൂടെയും അതിൻ്റെ അഭിനേതാവിൻ്റെ മികവിലൂടെയും ഒരു സിനിമ ആർപ്പുവിളികളുടെ മാലപ്പടക്കങ്ങൾക്ക് തിരികൊളുത്തുന്ന വിഷുക്കാഴ്ച അനുഭവിച്ചറിയണമെങ്കിൽ ആവേശം തിയേറ്ററിൽ തന്നെ പോയിക്കാണുക.

Related Stories

No stories found.
logo
The Cue
www.thecue.in