ഹൃദയമില്ലാത്തവരൊന്നുമല്ല മാധ്യമപ്രവര്‍ത്തകര്‍, 2018ല്‍ സ്വന്തം വീട്ടില്‍ വെള്ളം കയറിയത് റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നയാളാണ്

ഹൃദയമില്ലാത്തവരൊന്നുമല്ല മാധ്യമപ്രവര്‍ത്തകര്‍, 2018ല്‍ സ്വന്തം വീട്ടില്‍ വെള്ളം കയറിയത് റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നയാളാണ്

ഏഷ്യാനെറ്റ് ന്യൂസിലേക്കു നിരന്തരം വന്ന ഒരു ഫോൺ കോളിന്റെ മാത്രം ബലത്തിലാണ് 2019 ഓഗസ്റ്റിൽ സാനിയോ എന്ന റിപ്പോർട്ടർ മലപ്പുറം ജില്ലയിലെ കവളപ്പാറ എന്ന സ്ഥലത്തേക്കു പുറപ്പെട്ടത്. മണ്ണും മരങ്ങളും നിറഞ്ഞ വഴിയിൽക്കൂടി എത്ര സമയമെടുത്തു അവിടെയെത്താൻ എന്നറിയില്ല. പക്ഷേ, 59 മനുഷ്യജീവനുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന വാർത്ത സംഭവമുണ്ടായി 12 മണിക്കൂറുകൾക്കു ശേഷമെങ്കിലും പുറംലോകത്തെ അറിയിച്ചതു സാനിയോയായിരുന്നു. അതിനുശേഷമാണു ലോകം കവളപ്പാറയിലേക്കു ചുരുങ്ങിയത്.

രണ്ടുവർഷം മുൻപു നമ്മളെ ബാധിച്ച പ്രളയകാലത്തുണ്ടായതാണിത്. ഇങ്ങനെ എത്രയോ തവണ ഓരോ കാഴ്ചകളും ഓരോ അനീതികളും നമ്മുടെ കണ്മുന്നിലേക്കു കൊണ്ടുവന്ന നൂറുകണക്കിനു മാധ്യമപ്രവർത്തകർ ഇന്നീ നാട്ടിൽ മാധ്യമപ്രവർത്തനം തുടരുന്നുണ്ട്. അതിനിടയിലും എത്രയോ പേർ അജണ്ടകൾ സെറ്റ് ചെയ്തും താല്പര്യങ്ങൾക്ക് അനുസൃതമായും പെയ്ഡ് വാർത്തകൾ നൽകിയും ജീവിക്കുന്നുണ്ട്. പക്ഷേ, അപ്പോഴും സാനിയോയെപ്പോലെ ചിലർ ഇവിടെ മാധ്യമപ്രവർത്തനം നടത്തുന്നു എന്നതു വിസ്മരിക്കരുത്.

അതുകൊണ്ടാണു മീഡിയാ വണ്ണിലെ ടോബി ജോൺസന്റെ ഒരു വീഡിയോ ആഘോഷമാക്കുന്നതു കണ്ടു വ്യക്തിപരമായി ഏറെ വിഷമം തോന്നിയത്. പ്രബുദ്ധരെന്നു സ്വയം അവകാശപ്പെടുന്ന മനുഷ്യരും മാധ്യമപ്രവർത്തകർക്കു രണ്ടെണ്ണം കിട്ടേണ്ടതാണ് എന്ന ധ്വനിയിൽ എഴുതിപ്പൊലിപ്പിക്കുന്നതു കണ്ടു. ശരിയാണ്. മരം മുറിക്കാനും മോൻസൺ മാവുങ്കൽമാർക്കു കുട പിടിക്കാനും നടക്കുന്ന മാധ്യമപ്രവർത്തകർക്കു രണ്ടെണ്ണം കിട്ടേണ്ടതാണ് എന്നാഗ്രഹിക്കുന്നതിൽ തെറ്റു പറയാനാവില്ല.

പക്ഷേ, വ്യക്തിപരമായി അറിയാവുന്ന, എങ്ങനെയാകും അവരെന്നുറപ്പുള്ള ചില മാധ്യമപ്രവർത്തകരുണ്ട്. ടോബി അങ്ങനെയൊരാളാണ്. കുറച്ചുനാൾ കൊച്ചിയിൽ ഒന്നിച്ചുണ്ടായിരുന്നു. അയാൾ വാർത്തകളെ വളച്ചൊടിക്കുന്നത് ഇന്നോളം കണ്ടിട്ടില്ല. മനുഷ്യന്റെ കണ്ണീരിൽ റേറ്റിംഗ് കണ്ടുപിടിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടില്ല.

ആ ലൈവിൽ എത്ര കാഴ്ചകൾ കണ്ടാവും അയാൾ മൈക്കുമായി ഇറങ്ങിയതെന്ന് ആലോചിച്ചിട്ടുണ്ടോ? അതിരാവിലെ തലേദിവസത്തെ ഉറക്കം പൂർത്തിയാക്കാതെ എണീറ്റു വരുമ്പോൾ ആദ്യം കാണുന്നതു മണ്ണിനടിയിൽ നിന്നു പൊക്കിയെടിക്കുന്ന മൃതദേഹങ്ങളായിരിക്കും. ചിലപ്പോൾ ശരീരാവശിഷ്ടങ്ങൾ. ഹൃദയമില്ലാത്തവരൊന്നുമല്ല മാധ്യമപ്രവർത്തകർ. ഹൃദയം വേണ്ടാത്ത ജോലിയുമല്ല. അതൊക്കെയും കണ്ടും വേദനിച്ചും തന്നെയാണു ഡെസ്കിൽ നിന്നുള്ള വിളി വരുമ്പോഴൊക്കെ മൈക്കുമായി ക്യാമറയ്ക്കു മുന്നിൽ നിന്നു മിനിറ്റുകളോളം, ഒരു ദിവസം ചിലപ്പോൾ പലതവണയായി മണിക്കൂറുകളോളം ഗ്രൗണ്ടിൽ നിന്നുള്ള ഓരോ വാർത്തകളും വസ്തുതകൾ തെറ്റാതിരിക്കാൻ പരമാവധി ശ്രദ്ധയോടെ അവതരിപ്പിക്കുന്നത്. അതൊക്കെയും കണ്ടും കേട്ടുമാണു സേഫ് സോണിൽ ഇരുന്നു നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ണീർ പൊഴിച്ചത്.

അതിനിടയിൽ ആ ദുരന്തത്തിൽ ഇരകളായവരുടെ ഉറ്റവരെയും ആ ദുരന്തത്തെ അതിജീവിച്ചവരെയും കാണേണ്ടിയും അവർക്കു പറയാനുള്ളതു പകർത്തേണ്ടിയും വരും. ദൃശ്യങ്ങൾ മാത്രം നമ്മളിലേക്കു നൽകാനല്ലല്ലോ അവരവിടെ രാവും പകലും ജോലിയെടുക്കുന്നത്. അതിനിടയിൽ എത്രയോ തവണ ഇങ്ങനെയുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാവുമെന്നു നിങ്ങൾക്ക് ഊഹിക്കാനാവില്ല. വ്യക്തിപരമായി ആൾക്കൂട്ടത്തിനിടയിൽ നാണം കെട്ടു എന്നു തോന്നുന്ന അവസ്ഥകൾ വരെയുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെയും ഇതു ജോലിയാണെന്നു വിചാരിച്ചുകൊണ്ടു തന്നെയാണു തുടരുന്നത്. ലൈവ് ആയതുകൊണ്ട് ഇങ്ങനെയൊരു സംഭവം നിങ്ങളുടെ ശ്രദ്ധയിൽ പെട്ടു എന്നുമാത്രം. ഇതിലുമെത്രയോ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും ഈയൊരു മാധ്യമപ്രവർത്തകനു തന്നെ.

ആ പ്രദേശവാസി തനിക്കു നേരിട്ട അനുഭവങ്ങൾ വിവരിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നിരിക്കില്ല. ചിലർ അങ്ങനെയാണ്. അയാൾക്ക് എന്തെങ്കിലും പറയാനുണ്ടായിരുന്നെങ്കിലോ? അതു നമ്മൾ എത്രയോ വട്ടം കേൾക്കും, എത്രയോ പൊതുവിടങ്ങളിൽ പങ്കുവെയ്ക്കും, കണ്ണീർക്കവിതകൾ പൊഴിക്കും. മറ്റു ചിലർ തങ്ങൾക്കു നേരിട്ട ദുരന്തത്തെക്കുറിച്ചു പൊതുസമൂഹത്തോടു പറയാൻ ഏറെ ആഗ്രഹിക്കുന്നുണ്ടാവും. അങ്ങനെ എത്രയോ ജീവിത യഥാർഥ്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കുന്നു. അവരെയെല്ലാം കണ്ടും കാര്യങ്ങൾ അന്വേഷിച്ചും തന്നെ നടത്തുന്ന മാധ്യമപ്രവർത്തനമാണു നിങ്ങൾ കാണുന്നത്.

ആരുടെയും വായിൽ മൈക്ക് കുത്തിക്കയറ്റാൻ നടക്കുന്ന ഒരുകൂട്ടം ഹൃദയമില്ലാത്ത, വിവേകമില്ലാത്ത മനുഷ്യരാവും പലർക്കും മാധ്യമപ്രവർത്തകർ. ആ ജോലി ചെയ്യുന്നവർക്ക് അതങ്ങനെയാവില്ല. ലീവും അടിസ്ഥാന ശമ്പളവും പോലുമില്ലാതെ, നന്നായൊന്നുറങ്ങിയിട്ടു ദിവസങ്ങൾ പോലുമായിട്ടുള്ള മനുഷ്യർ ഭൂരിപക്ഷമുള്ള വിഭാഗമാണത്. വിശന്നുവലഞ്ഞു മണിക്കൂറുകൾ അപ്ഡേഷനുകൾ പറയാനായി ദുരിതബാധിത മേഖലകളിൽ ഡെസ്കിൽ നിന്നുള്ള ഫോൺ വിളികൾക്കായി കാത്തു നിൽക്കുന്ന മനുഷ്യരുമുണ്ട് ആ കൂട്ടത്തിൽ.

അതിനിടയിൽ സ്വന്തം വീടുകളെക്കുറിച്ച് ആലോചിക്കാൻ പോലും അവർക്കു സമയം കിട്ടിയിട്ടുണ്ടാവില്ല. 2018-ൽ സ്വന്തം വീട്ടിൽ വെള്ളം കയറിയതു റിപ്പോർട്ട്‌ ചെയ്യേണ്ടി വന്ന മാധ്യമപ്രവർത്തകനാണു ടോബി. ഇത്തവണ അയാൾക്കു വീട്ടിലേക്കു സമാധാനമായി വിളിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നു പോലുമറിയില്ല.

വിമർശനത്തിന് അതീതരായ പ്രത്യേക വർഗമൊന്നുമല്ല അവർ. പക്ഷേ, നിങ്ങളെ ഈ ലോകത്തു നടക്കുന്നത് എന്തൊക്കെയാണെന്നറിയിക്കാൻ വേണ്ടി രാവിലെ മുതൽ ഊരുതെണ്ടി നടക്കുന്നവരാണ് അവർ. അവരുടെ ഗുണഭോക്താക്കളായതിന്റെ നന്ദിയൊന്നും വേണ്ട. അവർ ചെയ്യുന്നത് അവരുടെ തൊഴിലാണെന്നുള്ള ബോധമെങ്കിലും വെച്ചുപുലർത്തുക.

ഇതൊന്നും ടോബി വായിക്കാൻ സാധ്യതയില്ല. അയാളിപ്പോഴും അതേ ദുരന്തഭൂമിയിൽ അതേ മൈക്കുമായി നടക്കുന്നുണ്ടാവും. നമ്മളൊക്കെ ആ വാർത്തകൾ ഇന്നും കണ്ടിട്ടുണ്ടാവും.

പ്രിയപ്പെട്ട ടോബീ, സ്നേഹം. തുടരുക

Related Stories

No stories found.
logo
The Cue
www.thecue.in