

ഇന്ത്യന്‍ മാധ്യമരംഗത്തെ പരമോന്നത പുരസ്‌കാരമായ 'രാംനാഥ് ഗോയങ്ക എക്‌സലന്‍സ് ഇന്‍ ജേര്‍ണലിസം' പുരസ്‌കാരം സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയായ ഫൗസിയ മുസ്തഫയ്ക്ക്. ഡല്‍ഹിയില്‍ വെച്ചു നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിച്ചു. സുപ്രീം കോടതി മുന്‍ ജസ്റ്റിസ് ബി.എന്‍. ശ്രീകൃഷ്ണ, മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എസ്.വൈ.ഖുറേഷി, പ്രൊഫ. സി. രാജ്കുമാര്‍, പ്രൊഫ. കെ. ജി. സുരേഷ്, എം.എസ് രോഹിണി നിലേകനി, എന്നിവര്‍ ജൂറി അംഗങ്ങളായ പാനലാണ് ഫൗസിയയെ തിരഞ്ഞെടുത്തത്.
ന്യൂസ് മലയാളം ചാനലില്‍ 2024 ഡിസംബറില്‍ പ്രസിദ്ധീകരിച്ച 'മനസ് തകര്‍ന്നവര്‍ മക്കളെ കൊന്നവര്‍' എന്ന അന്വേഷണ പരമ്പരയ്ക്കാണ് പുരസ്‌കാരം. കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സ്വന്തം കുഞ്ഞുങ്ങളെ കൊന്ന അമ്മമാരെക്കുറിച്ചുള്ള അന്വേഷണാത്മക പരമ്പരയായിരുന്നു ഇത്. 10 വര്‍ഷത്തിനിടയില്‍ 112 കുഞ്ഞുങ്ങളാണ് അമ്മമാരാല്‍ കൊല്ലപ്പെട്ടത്. പെരിനാറ്റല്‍ സൈക്കോസിസ് എന്ന ഗുരുതര മാനസികരോഗത്താലാണ് അമ്മമാര്‍ കുഞ്ഞുങ്ങളെ കൊല്ലുന്നത് എന്നാണ് അന്വേഷണത്തിന്റെ കണ്ടെത്തല്‍.
ന്യൂസ് മലയാളം ചാനലില്‍ ന്യൂസ് എഡിറ്റര്‍ ആയിരുന്ന ഫൗസിയ മുസ്തഫ മുന്‍പ് ഏഷ്യാനെറ്റ് ന്യൂസ്, ഇന്ത്യാവിഷന്‍ എന്നീ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിനു മാത്രം 2024ലെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള രണ്ട് പുരസ്‌കാരവും ഫൗസിയ നേടിയിട്ടുണ്ട്. 2013ല്‍ ഇന്ത്യാവിഷന്‍ പുറത്തുവിട്ട 'മൈസൂര്‍ കല്യാണത്തിന്റെ പിന്നാമ്പുറങ്ങളെക്കുറിച്ച് ഫൗസിയ നടത്തിയ അന്വേഷണ പരമ്പരയും മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള സംസ്ഥാന മാധ്യമപുരസ്‌കാരമുള്‍പ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ സ്വദേശിയായ ഫൗസിയ നിലവില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ്.