മാർവെലിന്റെ 'ഷാങ് ചി' ഇന്ത്യയിലെത്തിയപ്പോൾ ബീഫില്ല

മാർവെലിന്റെ 'ഷാങ് ചി' ഇന്ത്യയിലെത്തിയപ്പോൾ ബീഫില്ല
Published on

മാർവെൽ സ്റ്റുഡിയോസിന്റെ പുതിയ സിനിമയായ 'ഷാങ് ചി ആൻഡ് ദി ലെജൻഡ് ഓഫ് ടെൻ റിങ്‌സിന്റെ' ഇന്ത്യൻ പതിപ്പുകളിൽ നിന്ന് ബീഫ് എന്ന വാക്ക് എടുത്തുമാറ്റി. ഹിന്ദിയിൽ ബീഫിന് പകരം വെജ് ബിരിയാണിയെന്നാണ് ഉപയോഗിച്ചിരിക്കുന്നത്. മലയാളത്തിൽ അത് ബ്രഡ് ഓംലെറ്റാണ്. തമിഴിൽ ഉപ്പ്മാവും കന്നടയിൽ പനീറും തെലുങ്കിൽ ചിക്കനെന്നുമാണ്.

സിനിമയിലെ പ്രധാന കഥാപാത്രമായ ഷാങ് ചിയും സുഹൃത്തായ കെയ്‌റ്റിയും വിമാനത്തിൽ ഇരിക്കുമ്പോൾ ഭക്ഷണത്തിന്റെ ഓർഡർ എടുക്കാൻ ഫ്ലൈറ്റ് അറ്റൻഡർ വരുന്നുണ്ട്. ചിക്കൻ തീർന്നുപോയതിനാൽ ബീഫ് അല്ലെങ്കിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രമേയുള്ളു എന്നായിരുന്നു ഈ സീനിലെ യഥാർത്ഥ ഡയലോഗ്. ഈ സീനാണ് ഇന്ത്യൻ ഭാഷകളിലേക്ക് ഡബ് ചെയ്തപ്പോൾ ബീഫ് എന്ന വാക്ക് എടുത്ത് മാറ്റിയത്.

ട്വിറ്ററിലാണ് ഈ വിഷയം ചൂണ്ടിക്കാട്ടി ഒരു ഉപയോക്താവ് പോസ്റ്റുമായെത്തിയത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ. "ഇത് ഷാങ് ചി എന്ന സിനിമയിലെ ഒരു സീനാണ്. ഈ സീനിലെ ബീഫ് എന്ന വാക്ക് ഹിന്ദിയിൽ ഡബ്ബ് ചെയ്ത പതിപ്പിൽ വെജ് ബിരിയാണിയാക്കി മാറ്റിയിട്ടുണ്ട്. ഇത് തമിഴിൽ ഉപ്പ്മാവും മലയാളത്തിൽ ബ്രെഡ് ഓംലറ്റും ആണ്. മാർവെൽ സ്റ്റുഡിയോസിനെ ഇന്ത്യയുടെ ബീഫ് രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്യുന്നു."

പോസ്റ്റ് ചർച്ചയായത്തിന്റെ പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ വന്നിരുന്നു. രാജ്യവികാരത്തെ മാനിക്കുകയാണ് മാർവെൽ ചെയ്തതെന്നായിരുന്നു പൊതുവെയുള്ള വിമർശനം. ഇനിയുള്ള സിനിമകൾക്കുപയോഗിക്കാൻ വേണ്ടി സംസ്ഥാനം തിരിച്ചുള്ള മെനു തരാമെന്നും പ്രതികരണങ്ങൾ വന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in