ക്യാപ്റ്റന്‍ അമേരിക്കയുടെ ഷീല്‍ഡിന്റെ ടൈംലൈനുമായി മാർവെൽ

ക്യാപ്റ്റന്‍ അമേരിക്കയുടെ ഷീല്‍ഡിന്റെ ടൈംലൈനുമായി മാർവെൽ

സൂപ്പര്‍ഹീറോ സിനിമകളില്‍ അവരെപ്പോലെ തന്നെ ഏറ്റവും ശ്രദ്ധിക്കപെടുന്നതാണ് അവരുപയോഗിക്കുന്ന ആയുധങ്ങള്‍. മാര്‍വെല്‍ സിനിമകളിലും അതുപോലെ ആരാധകര്‍ക്ക് പ്രിയപ്പെട്ട ഒട്ടനേകം ആയുധങ്ങളുണ്ട്. ഫേസ് ഫോറിലൂടെ മാർവെൽ സിനിമാറ്റിക് യൂണിവേഴ്‌സ് തങ്ങളുടെ ഭാവി മള്‍ട്ടിവേഴ്‌സിലേക്ക് വിപുലീകരിച്ചെങ്കിലും ഫ്രാന്‍ഞ്ചൈസിന്റെ തുടക്കത്തിലുണ്ടായിരുന്ന പല ആയുധങ്ങളും ഇപ്പോഴും യൂണിവേഴ്‌സില്‍ നിറഞ്ഞു നിൽക്കുന്നുണ്ട്. ആ കൂട്ടത്തില്‍ ഏറ്റവും മികച്ച ഒന്നാണ് ഒരു ദശാബ്ദത്തിലേറെയായി ഈ യാത്രയിലുണ്ടായിരുന്ന ക്യാപ്റ്റന്‍ അമേരിക്കയുടെ ഷീല്‍ഡ്.

ക്യാപ്റ്റൻ അമേരിക്ക : ദ ഫസ്റ്റ് അവഞ്ചറില്‍ സ്റ്റീവ് റോജേഴ്സ് ആയി ക്രിസ് ഇവാന്‍സ് എത്തിയപ്പോഴാണ് ചുവപ്പും വെള്ളയും നീലയും ചേര്‍ന്ന നടുവില്‍ ഒരു നക്ഷത്രവുമുള്ള ആ ഷീല്‍ഡ് നമ്മള്‍ ആദ്യം കാണുന്നത്. പിന്നീടിങ്ങോട്ട് ഇന്‍ഫിനിറ്റി വാര്‍ ഒഴിച്ച് ഇവാന്‍സിനെ ഫീച്ചര്‍ ചെയ്ത എല്ലാ സിനിമയിലും ഷീല്‍ഡും ഉണ്ടായിരുന്നു. സിവില്‍ വാറില്‍ താന്‍ ഉപേക്ഷിച്ച ഷീല്‍ഡ് എന്‍ഡ്‌ഗെയിമില്‍ ടോണി ക്യാപ്റ്റന് തിരിച്ച് നല്‍കുന്നതൊക്കെ സിനിമയിലെ വളരെ ഐകോണിക് ആയ നിമിഷങ്ങളായിരുന്നു. ക്യാപ്റ്റന്‍ അമേരിക്കയെ ഇഷ്ടപെടുന്ന എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമാണ് അദ്ദേഹത്തിന്റെ ഷീല്‍ഡും.

മാര്‍വെലിന്റെ ഏറ്റവും മികച്ച ആയുധങ്ങളിലൊന്നാണ് ക്യാപ്റ്റന്‍ അമേരിക്കയുടെ ഷീല്‍ഡ്. എം.സി.യുവിന്റെ ഏറ്റവും അവിസ്മരണീയമായ ആയുധങ്ങളിലൊന്നായി അതിനെ കാണുമ്പോഴും, ഷീല്‍ഡിന്റെ യാത്ര ദീര്‍ഘവും പലപ്പോഴും ട്രാക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതുമാണ്. ഇപ്പോഴിതാ മാര്‍വലിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൊന്ന്, കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ ഷീല്‍ഡിന്റെ ടൈംലൈനുമായി വന്നിരിക്കുകയാണ്. എം.സി.യുവിന്റെ ടൈംലൈനിൽ ക്യാപ്റ്റന്‍ അമേരിക്ക ഷീല്‍ഡ് എവിടെയായിരുന്നുവെന്ന് കാണിക്കുന്ന ഒമ്പത് ചിത്രങ്ങളുള്ള ഒരു ത്രെഡ് മാര്‍വല്‍ യുകെയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പങ്കുവെച്ചു.

എം.സി.യുവിന്റെ ടൈംലൈനില്‍ ഷീല്‍ഡിന്റെ യാത്ര ആരംഭിച്ചിട്ട് 80 വര്‍ഷത്തിനടുത്തായി. ക്യാപ്റ്റന്‍ അമേരിക്കയ്ക്ക് പുറമെ സെബാസ്റ്റ്യന്‍ സ്റ്റാന്‍ അവതരിപ്പിച്ച ബക്കിയും, സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍ അവതരിപ്പിച്ച നടാഷയും ഷീല്‍ഡ് ഉപയോഗിച്ച് നമ്മള്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ ആന്തണി മാക്കി അവതരിപ്പിക്കുന്ന സാം വില്‍സണ്‍ന്റെ കൈയിലാണ് ഷീല്‍ഡ് എത്തി നില്‍ക്കുന്നത്. എന്‍ഡ്‌ഗെയിമില്‍ താനോസ് ഷീല്‍ഡ് നശിപ്പിച്ചെങ്കിലും ഇന്‍ഫിനിറ്റി സ്റ്റോണ്‍സ് തിരികെ എത്തിച്ച് ടൈം ട്രാവല്‍ ചെയ്ത് മടങ്ങി വരുംമ്പോള്‍ സ്റ്റീവ് പുതിയൊരു ഷീല്‍ഡുമായാണ് വരുന്നത്. ഇതാണ് പിന്നീട് സാമിന് നല്‍കുന്നതും. ഇത്തരത്തില്‍ വലിയൊരു ടൈംലൈനില്‍ വ്യാപിച്ചുകിടക്കുന്ന ഷീല്‍ഡിന്റെ കഥയാണ് മാര്‍വെല്‍ യു.കെ (marvel uk) തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഡിസംബര്‍ 17-ന് ഇറങ്ങുന്ന സ്‌പൈഡർമാൻ : നോ വേ ഹോമാണ് മാര്‍വെല്‍ സ്റ്റുഡിയോസിന്റെതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ സിനിമ. നവംബര്‍ 24-ന് ഡിസ്‌നി ഹോട്ടസ്റ്റാറില്‍ മാര്‍വെലിന്റെ ഹോക്കൈ എന്ന വെബ് സീരീസും റിലീസ് ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in