'മമ്മൂക്കയുടെ പ്രായം ചാൾസിന് ബോധ്യമാക്കി കൊടുക്കണം എന്നാലേ പിണക്കം മാറൂ..! '

'മമ്മൂക്കയുടെ പ്രായം ചാൾസിന്  ബോധ്യമാക്കി കൊടുക്കണം എന്നാലേ പിണക്കം മാറൂ..! '

മംഗ്ളീഷിലെ ഗാന ചിത്രീകരണത്തിനായി ഹോളണ്ടിലെ ആംസ്റ്റർഡാമിലേക്ക് ഞാനും മമ്മുക്കയും ക്യാമറാമാൻ പ്രജീഷ് വർമയും ജോർജേട്ടനും ഷാനി സാക്കിയും മാത്രമേ കേരളത്തിൽ നിന്നും പോയിരുന്നൊള്ളൂ, നായിക കരോളിൻ ബൈക്ക് അവിടത്തുകാരിയാണ്. ക്യാമറയും യൂണിറ്റും ബാക്കിയെല്ലാം എന്റെ സുഹൃത്ത് മുസ്തഫ അവിടെ അറേഞ്ച് ചെയ്തതാണ്.

ഒരു റംസാൻ കാലത്താണ് ഞങ്ങൾ അവിടെ എത്തിയത്. ആ ദൈർഘ്യമേറിയ സമ്മറിലെ അവിടത്തെ പകലിലും മമ്മുക്ക നോമ്പ് എടുത്തിരുന്നു. ക്യാമറ യൂണിറ്റിൽ ഹോളണ്ടുകാരും ജർമൻകാരും സ്പെയിൻകാരുമുണ്ട്. ക്യാമറ അസിസ്റ്റന്റന്റായ സന്ദ്രയെ ഞങ്ങൾ ശ്രദ്ധിച്ചു. വളരെ ആക്റ്റീവ് ആയ കുട്ടി. ക്ലാപ് അടിക്കുന്നതും റീഡിങ് എടുക്കുന്നതും ലെങ്ങ്ത്‌ അളക്കുന്നതും മാർക്ക് ചെയ്യുന്നതും ക്യാമറ മെറ്റീരിയൽ സൂക്ഷിക്കുന്നതും എല്ലാം സാന്ദ്രതന്നെ. ഞങ്ങൾ പറഞ്ഞു. 'പെൺകുട്ടികളായാൽ ഇങ്ങിനെ വേണം...'

ആദ്യ ദിവസത്തിൽ നിന്നും വ്യത്യസ്ഥമായി ഷൂട്ടിന്റെ രണ്ടാം നാൾ സാന്ദ്ര ഒട്ടും അക്റ്റിവ്‌ അല്ലാതായി. ഒരു ദുഃഖഭാവം, കണ്ണ് നിറഞ്ഞിട്ടുണ്ട്, ഞാനവളെ ശ്രദ്ധിച്ചു. ഇടക്ക് മാറി നിന്ന് കരയുന്നുണ്ട്. ഞാൻ ചോദിച്ചു എന്താ കാര്യം? അവൾ മമ്മുക്കയെ ചൂണ്ടി പറഞ്ഞു. അദ്ദേഹം കാരണമാണ് ഞാൻ വിഷമിക്കുന്നത്‌ എന്ന്. മമ്മുക്ക എന്തെങ്കിലും വഴക്ക് പറഞ്ഞോ? ചൂടായോ? ഞാൻ പരിഭ്രാന്തനായി . ഇല്ല, അവൾ പറഞ്ഞു.

അവളുടെ കാമുകൻ ആംസ്റ്റർഡാമിൽ സ്റ്റുഡന്റാണ്. പേര് ചാൾസ്, അയാൾക്ക് മമ്മൂക്കയുടെ ആദ്യ ദിവസത്തെ ഫോട്ടോ അയച്ചു കൊടുത്തിട്ട് അവൾ പറഞ്ഞു.

'ഇത് ഞാൻ വർക്ക് ചെയ്യുന്ന ഇന്ത്യൻ സിനിമയിലെ നായകനാണ്. ഇയാൾക്ക് എത്ര വയസ്സുണ്ടാകും?'

അവൻ ഒട്ടും സംശയമില്ലാതെ മറുപടി അയച്ചു. 28, അവൾ മറുപടി അയച്ചു അല്ല, 30? അവൻ വീണ്ടും, അല്ല. 32? 34? 36? 38? ഇതിനും അല്ല എന്ന മറുപടി കേട്ടപ്പോൾ ചാൾസ് നിർത്തി, ഇതിനപ്പുറം പോകില്ല ഉറപ്പ്, അവൻ കട്ടായം പറഞ്ഞു, അവൾ സമ്മതിക്കാതായപ്പോൾ അവളോട് തന്നെ മമ്മുക്കയുടെ പ്രായം പറയാൻ ആവശ്യപ്പെട്ടു. അവനെ കുറെ കളിപ്പിച്ചതിനു ശേഷം അവൾ പറഞ്ഞു 63! അവന് വിശ്വാസം വന്നില്ല. അല്ലെങ്കിലും നിനക്ക് പുരുഷന്മാരോട് ബഹുമാനമില്ല, നീ നുണയാണ് പറയുന്നത്. ഇത് പറഞ്ഞ് അവർ തമ്മിൽ തെറ്റി. ഇപ്പൊ ബ്രേക്ക് അപ്പിന്റെ വക്ക്‌ വരെയെത്തി. ഇതാണ് അവളുടെ സങ്കടത്തിന്റെ കാരണം.

മമ്മുക്കയുടെ പ്രായം ചാൾസിന് ബോധ്യമാക്കി കൊടുക്കണം എന്നാലേ അവന്റെ പിണക്കം മാറൂ..! മുസ്തഫ അവന്റെ കയ്യിലുള്ള മമ്മൂക്കയുടെ പാസ്‌പോർട്ടിന്റെ കോപ്പി അവൾക്ക് കൊടുത്തു, അവളത് ചാൾസിന് അയച്ചു കൊടുത്തു, മഞ്ഞുരുക്കി. ഷൂട്ടിന്റെ മൂന്നാമത്തെ ദിവസം മമ്മുക്കയെ കാണാൻ ചാൾസ് ലൊക്കേഷനിൽ വന്നു. കൂടെ നിന്ന് ഫോട്ടോയെടുത്തു എന്നിട്ട് പറഞ്ഞു. 'എന്താ ഇന്ത്യക്കാർക്ക് പ്രായമാവില്ലേ..!?'

അവന്റെ മുഖത്ത് അപ്പോഴും അവിശ്വസനീയത തളം കെട്ടിനിന്നിരുന്നു. സാന്ദ്ര പഴയതിലും സജീവമായി അന്ന് ജോലിയിൽ മുഴുകി, പിറ്റേന്ന് ആംസ്റ്റർഡാമിൽ നിന്നും യാത്ര തിരിക്കുമ്പോൾ ചാൾസും സാന്ദ്രയും എയർപോർട്ടിൽ വന്നു ഞങ്ങളെ യാത്രയാക്കി.

ഇക്കാര്യം ദുബായിലെ ഹിറ്റ് എഫ് എമ്മിൽ മംഗ്ളീഷ് കഴിഞ്ഞ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞു, അവർ അതുവെച്ച് അവരുടെ വിദേശികളായ സ്റ്റാഫുകളെവെച്ച് ഒരു വീഡിയോ ചെയ്ത്‌ വൈറലാക്കി.

കോഴിക്കോട് കഴിഞ്ഞ മാസം നടന്ന ഒരു ചടങ്ങിൽ കാലിൽ പറ്റിയ പരിക്കിനെ പറ്റി മമ്മൂക്ക പറഞ്ഞിരുന്നു. കാലിലെ വേദനയും വെച്ചാണ് അഭിനയിക്കുന്നതെന്നും ഓപ്പറേഷൻ നടത്തിയാൽ കാലിന്റെ വലുപ്പം കുറയുമെന്നൊക്കെ. മംഗ്ളീഷ് ഷൂട്ടിനിടയിൽ സായിപ്പുമായുല്ല ഫൈറ്റ്‌ എടുക്കുന്ന തലേന്ന് ഷോട്ട് കഴിഞ്ഞപ്പോൾ ഞാൻ മമ്മൂക്കായുടെ കൂടെ കാരവാനിൽ കയറി ചോദിച്ചു, മമ്മൂക്കാ, നാളെ ഫൈറ്റ്‌ സീനാണ്, നാളെ സാധാരണ വരാറുള്ള സമയത്തേക്കാൾ 2 മണിക്കൂർ നേരത്തെ ലൊക്കേഷനിൽ വരുമോ? ഒട്ടും ആലോചിക്കാതെ മമ്മൂക്ക പറഞ്ഞു, വരാം, പക്ഷെ നാളെ ഫൈറ്റിനിടയിൽ എന്റെ കയ്യും കാലും പ്രവർത്തിക്കണമെങ്കിൽ എനിക്ക് രണ്ട് മണിക്കൂർ വർക്കൗട്ട്‌ ചെയ്യണം, ഫൈറ്റ്‌ നന്നാവണ്ടെ ? ഞാൻ സമ്മതിച്ചു. എങ്കിലും പിറ്റേന്ന് മമ്മൂക്ക 9 മണിയോടെ ലൊക്കേഷനിൽ എത്തി. സായിപ്പുമായുള്ള സംഘട്ടന രംഗം മനോഹരമായി ചെയ്തു. മമ്മൂക്കയെക്കാൾ ഉയരമുള്ള അലക്സ് ഒനെൽ എന്ന നടന്റെ തലക്ക് മീതെ കാലുയർത്തുന്ന മമ്മുക്കയെയാണ് അന്ന് കണ്ടത്. ഡ്യൂപ്പ് ഉപയോഗിക്കാതെ തന്നെ അന്ന് മമ്മൂക്ക ഫൈറ്റ്‌ ചെയ്തു. പുലർച്ചെ അഞ്ചു മണി മുതൽ ജിമ്മിൽ പോയി വർക്കൗട്ട്‌ ചെയ്തതിന്റെ ഫലമായിരുന്നു അത്. പിന്നീട് ഷൂട്ടിംഗ് കഴിയുന്നത് വരെ നേരത്തെ വരാൻ മമ്മൂക്കയോട് ഞാൻ പറഞ്ഞിട്ടില്ല.

കുഞ്ഞുനാള് മുതൽ സിനിമയിലൂടെ എന്നെ ഏറെ സ്വാധീനിച്ച മമ്മുക്കയെ നേരിട്ട് കണ്ട് തുടങ്ങിയിട്ട് 20 വർഷത്തോളമാകുന്നു. അടുത്ത് പരിചപ്പെടുന്നത് ലാൽ ജോസ് സാറിന്റെ അസിസ്റ്റന്റായി പ്രവൃത്തിക്കുമ്പോൾ 2001 ൽ പട്ടാളം സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ്. അവിടെ വെച്ച് തന്നെ എന്റെ ജീവിതത്തിലെ ഏറ്റവും അടുപ്പമുള്ള ആളായി മാറി മമ്മൂക്ക. ആ ലൊക്കേഷനിൽ വെച്ച്‌ മമ്മൂക്കയുടെ വണ്ടിയിൽ ഒരുമിച്ച് യാത്ര ചെയ്യാനുള്ള ഭാഗ്യവുമുണ്ടായി. ഇത് വരെയും ആ വണ്ടിയിൽ നിന്നും ഇറങ്ങാൻ തോന്നിയിട്ടില്ല. എനിക്കാദ്യമായി സ്വതന്ത്ര സംവിധായകനാകാൻ ഡേറ്റ് തന്നതും മമ്മുക്ക തന്നെയാണ്, സഞ്ജീവ് ശിവൻ സാറിന്റെ അപരിചിതൻ ലൊക്കേഷനിൽ ഒരു ദിവസം കഥ പറയാൻ വന്ന സംവിധായകനോട് പള്ളീലച്ചൻ ക്യാരക്ടറുമായി വന്നാൽ ഡേറ്റ് തരാം എന്ന് മമ്മൂക്ക പറയുന്നത് ഞാൻ കേട്ടു. കൊസ്റ്റ്യൂം കണ്ടിന്യുറ്റി നോക്കിയുന്ന അസിസ്റ്റന്റ് ആയ ഞാൻ മമ്മുക്കാക്കുള്ള വസ്ത്രങ്ങൾ റെഡി എന്ന് പറഞ്ഞപ്പോൾ നിന്റെ കയ്യിൽ പള്ളീലച്ചൻ സബ്ജെക്ട് ഉണ്ടെങ്കിൽ നിനക്കും ഡേറ്റ് തരാം എന്ന് മമ്മുക്ക കളിയായി പറഞ്ഞു. എന്നാൽ ഞാനത് സീരിയസായെടുത്തു, അന്ന് മുതൽ ഒരു സംവിധായകനാകുക എന്ന മോഹം എന്റെ ഉള്ളിൽ ആദ്യമായി വളർന്നു. ആദ്യമായി എനിക്കൊരു ഡേറ്റ് തരാം എന്ന് പറഞ്ഞ ആദ്യത്തെ താരം. ഈ വാക്കുകൾ ഒരുപാട് പേരുടെ ജീവിതം മാറ്റി മറിച്ചിട്ടുണ്ട്. ലാൽജോസ് സാർ, ലോഹി സാർ, ബ്ളസി സാർ, അൻവർ റഷീദ്, അമൽ നീരദ്, ആഷിക്ക് അബു, വൈശാഖ്, മാർട്ടിൻ പ്രക്കാട്ട്, ഹനീഫ് അദാനി, ലിങ്കുസ്വാമി, മാർത്താണ്ഡൻ, അജയ് വാസുദേവ്, ഷിബു ഗംഗാധരൻ, നിഥിൻ രഞ്ജിപണിക്കർ, ജോഫിൻ, പട്ടിക വീണ്ടും നീളുന്നു. ഇത്രമേൽ പുതുമുഖ സംവിധായകരെ പരീക്ഷിച്ച മറ്റൊരു നായകനടൻ ലോക സിനിമയിലില്ല എന്നുതന്നെ പറയാം.

മമ്മുക്കയുമായുള്ള പ്രോജെക്ടിന് മുൻപേ റെഡ് വൈനിൽ ലാലേട്ടൻ, ഫഹദ്, ആസിഫ് എന്നിവരിലൂടെയാണ് എന്റെ സ്വതന്ത്ര സിനിമാ ജീവിതം തുടങ്ങിയത്. അനുഗ്രഹം വാങ്ങാനായി ഞാൻ മമ്മുക്കയുടെ കാലിൽ തൊട്ടപ്പോൾ എന്നെ വിലക്കിക്കൊണ്ട്‌ പറഞ്ഞു. 'മനുഷ്യരുടെ കാലിൽ ഇനിയൊരിക്കലും വീഴരുത്...' എന്ന്. എന്റെ അനുഗ്രഹം നിനക്കെപ്പോഴുമുണ്ടാകും. അതിന് ശേഷം ഞാനാരുടെയും കാല് വണങ്ങിയിട്ടില്ല. റെഡ് വൈൻ ഷൂട്ടിനിടയിൽ ലൊക്കേഷനിലെ ഓരോ വിശേഷങ്ങളും മമ്മൂക്ക ചോദിച്ചറിഞ്ഞിരുന്നു. മമ്മൂക്ക എന്ന മഹാനടന്റെ അനുഗ്രഹം എന്നും എന്നോടൊപ്പം ഉണ്ടായിരുന്നു.

റെഡ് വൈനിനു പിന്നാലെ മംഗ്ലീഷ് തുടങ്ങുമ്പോൾ മമ്മൂക്ക എന്നോട് ഒരു കാര്യം മാത്രമാണ് പറഞ്ഞത്. പ്രൊഡ്യൂസർ ആയ ഹനീഫ് മുഹമ്മദ്ക്കാക്ക്‌ അതിന് മുൻപത്തെ മമ്മൂക്ക ചിത്രത്തിൽ ഒന്നര കോടി രൂപ നഷ്ടമായിട്ടുണ്ട്, അതീ സിനിമയിൽ നമ്മുക്ക് തിരിച്ചു കൊടുക്കണം. മമ്മൂക്കയും സാധാരണ വാങ്ങുന്ന പ്രതിഫലം കുറച്ചാണ് വാങ്ങുന്നതെന്ന് ഹനീഫക്കയും പറഞ്ഞു. മമ്മൂക്കയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ എനിക്കായി. എനിക്കൊരു ബന്ധവുമില്ലാത്ത പ്രൊഡ്യൂസറുടെ ആദ്യ സിനിമയിൽ ഉണ്ടായ നഷ്ട തുകയേക്കാൾ വലിയ ലാഭം പ്രൊഡ്യൂസർക്ക് മംഗ്ലീഷ് തിരിച്ചു നൽകി. ഇത്രത്തോളം പ്രൊഡ്യൂസറെ ചേർത്ത് നിർത്തുന്ന ആ വലിയ മനസ്സ് ഞാനന്ന് കണ്ടു. ആരോഗ്യരംഗത്താണെങ്കിലും മറ്റുള്ളവരെ സഹായിക്കുന്നതിലും മമ്മൂക്ക മറ്റുള്ളവർക്ക് മാതൃക തന്നെയാണ്. ഇക്കാര്യത്തിൽ മമ്മൂക്കയ്ക്ക് ഒരു നിബന്ധന മാത്രമേയുള്ളൂ, സഹായിക്കുന്നത് മറ്റുള്ളവർ അറിയാൻ പാടില്ല. ഈ കോവിഡ് കാലത്ത് അസിസ്റ്റന്റ് ഡയറക്ടർമാർ അടക്കമുള്ള കഷ്ടപ്പെടുന്നവരെ കണ്ടെത്തി അക്കൗണ്ട് നമ്പർ ചോദിച്ച് നേരിട്ട് അവരെ സഹായിക്കാൻ മമ്മൂക്ക ശ്രദ്ധിച്ചിരുന്നു.

മംഗ്ളീഷ് ഷൂട്ടിങ് വേളയിൽ ഒരിക്കൽ ഞാൻ മമ്മൂക്കയോട് ചോദിച്ചു, സിനിമകളുടെ എണ്ണം കുറച്ച് സെലെക്ടിവ് ആയിക്കൂടെ ? എന്ന്. മമ്മുക്കയുടെ മറുപടി എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. 'രാവിലെമുതൽ വൈകുന്നേരം വരെ ഷൂട്ട് ചെയ്‌താൽ ഒരു സിനിമ പൂർത്തിയാകുമെങ്കിൽ ഞാൻ ഒരു വർഷം 365 സിനിമകൾ ചെയ്യും..!' ഈ വാക്കുകളിൽ വ്യക്തമാണ് ആ മനുഷ്യന് സിനിമയോടുള്ള അഭിനിവേശം. മമ്മുക്കയ്ക്ക് സിനിമയല്ലാതെ മറ്റൊന്നും ചിന്തയില്ല. സിനിമയല്ലാതെ ജീവിതമില്ല. അത് കൊണ്ട് തന്നെയാണ് 50 വർഷക്കാലമായി മലയാള സിനിമയുടെ ഉമ്മറത്ത്‌ വല്യേട്ടനായി ഇരിക്കാൻ കഴിയുന്നതും.

നല്ല സിനിമകൾക്കായുള്ള കാത്തിരിപ്പ് കാരണം എന്റെ സിനിമാ ജീവിതത്തിൽ ഒരു ഗ്യാപ്പ് വന്നു. പിന്നീട് കാണുന്ന ഓരോ അവസരത്തിലും പടം ചെയ്യാത്തതിനെ കുറിച്ചന്വേഷിക്കും മമ്മുക്ക. മംഗ്ളീഷ് എനിക്കും പ്രൊഡ്യൂസർക്കുമെല്ലാം ഗുണം ചെയ്ത സിനിമയാണ്, മോശം സിനിമയല്ല, പെട്ടന്ന് പടം ചെയ്യാൻ നോക്ക് എന്ന് പറയും. അത് കേൾക്കുമ്പോഴുള്ള ആത്മവിശ്വാസം വളരെ വലുതാണ്. നല്ല സിനിമക്കായുള്ള കാത്തിരിപ്പാണെന്ന് പറഞ്ഞപ്പോൾ, സിനിമ ചെയ്യുക, മാറി നിന്നാൽ പഴയ സംവിധായകനായി മാറും എന്നെന്നെ ഓർമിപ്പിച്ചു. ശരിയാണ് മമ്മുക്ക പറഞ്ഞത്, മാറി നിൽക്കുന്നവരെ മറന്നു പോകുന്ന സിനിമാ ലോകത്ത്, അത് നമ്മെ ഓർമ്മപെടുത്താൻ വലിയൊരു മനസ്സുമായി ഒരാൾ. പോകാൻ നേരം മമ്മൂക്ക പലവട്ടം പറഞ്ഞിട്ടുണ്ട്, സബ്ജെക്റ്റ്‌ ആലോചിക്കൂ, നമുക്ക് ചെയ്യാം, ഏത് പടുകുഴിയിൽ നിന്നും ഉയർന്നെഴുനേൽക്കാൻ ആ ഒരൊറ്റ വാക്ക് മതി, അത് പറയാൻ ഒരാൾ മാത്രമേയുള്ളൂ സാക്ഷാൽ മമ്മൂട്ടി. മുൻകൂട്ടി അനുമതി വാങ്ങാതെ എപ്പോൾ ചെന്നാലും നേരിട്ട് കാണാം, ഒരു മെസ്സേജ് അയച്ചാൽ ഏത് തിരക്കിലും മറുപടി! പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്, എനിക്ക് എന്തിനാണ് മമ്മൂക്ക ഇത്രയും പ്രാധാന്യം നൽകുന്നതെന്ന്? ആ വലിയ മനുഷ്യന്റെ സ്നേഹത്തിന് പാത്രമാകാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.

എന്റെ ഏറ്റവും വലിയ ആഗ്രഹം തന്നെയാണ് മമ്മൂക്കയോടൊപ്പമുള്ള പുതിയ സിനിമ. മമ്മൂക്ക പറഞ്ഞത് കൊണ്ട് ഏതെങ്കിലും സബ്ജെക്റ്റ്‌ മമ്മൂക്കയോട് പറയാനും ഞാൻ ഒരുക്കമല്ല. എന്നെയും മമ്മൂക്കയേയും എക്സയിറ്റ് ചെയ്യിപ്പിക്കുന്ന ഒരു ഗംഭീരസിനിമക്കായി ഞാനും കാത്തിരിക്കുകയാണ്. എത്ര കണ്ടാലും മതി വരാത്ത കടലിലെ തിരമാലകൾ പോലെ മതി വരാതെ നമ്മൾ മമ്മൂക്കയെ വീണ്ടും വീണ്ടും നോക്കി നിൽക്കുന്നു... മഴയെ ഇഷ്ടപ്പെടുന്നവർ പിന്നെയും പിന്നെയും മഴയിലിറങ്ങി കുളിരുന്നത് പോലെ മമ്മൂക്കയുടെ അഭിനയം കണ്ട് കുളിരണിയുന്നു, പ്രിയങ്കരമായ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കുന്നത് പോലെ ആ ഗാംഭീര്യ ശബ്ദം വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു.

വ്യത്യസ്ത വേഷങ്ങളിൽ... ഭാവങ്ങളിൽ.... രൂപങ്ങളിൽ... പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ, മരണത്തിന്റെ തീയും മഞ്ഞും നമ്മൾ എത്ര അനുഭവിച്ചു ആ മഹാനടന്റെ ഭാവങ്ങളിൽ നിന്ന്... മലയാളത്തിന്റെ സുകൃതം എന്നല്ലാതെ വേറെ എന്ത്‌ പറയാനാണു...

50 വർഷങ്ങൾ പിന്നിടുമ്പോൾ 5 വർഷം മാത്രം പിന്നിട്ട ഒരു യുവ നടനേക്കാൾ അഭിനയ ദാഹത്തോടേയും സൗന്ദര്യത്തോടേയും മമ്മൂക്ക എഴുത്ത്‌- സംവിധാന മോഹികൾക്ക്‌ മുന്നിൽ പ്രതീക്ഷയോടെ നിൽക്കുകയാണു... കാലത്തെ പോലും തോൽപ്പിച്ച്‌ അജയ്യനായി നിൽക്കുന്ന മഹാനടനു മുന്നിൽ നമിച്ച്‌ നിൽക്കുന്നു...

പ്രിയ മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

Related Stories

No stories found.
logo
The Cue
www.thecue.in