ദുരിതത്തില്‍ ഉഴലുന്ന കൃഷ്ണമൂര്‍ത്തിയെ ചേര്‍ത്തുപിടിച്ച് ചലച്ചിത്ര അക്കാദമി; സര്‍ക്കാര്‍ സഹായവും ലഭ്യമാക്കും 

ദുരിതത്തില്‍ ഉഴലുന്ന കൃഷ്ണമൂര്‍ത്തിയെ ചേര്‍ത്തുപിടിച്ച് ചലച്ചിത്ര അക്കാദമി; സര്‍ക്കാര്‍ സഹായവും ലഭ്യമാക്കും 

Published on

ചെന്നൈ മടിപ്പാക്കത്ത് ദുരിതജീവിതം നയിക്കുന്ന കലാസംവിധായകന്‍ പി കൃഷ്ണമൂര്‍ത്തിക്ക് സഹായവുമായി ചലച്ചിത്ര അക്കാദമി. തലചായ്ക്കാന്‍ സ്വന്തമായൊരു ഇടമില്ലാതെ രോഗാവസ്ഥയില്‍ ഉഴലുന്ന കൃഷ്ണമൂര്‍ത്തിയുടെ ദുരിതം തമിഴ് മാധ്യമമായ വികടനും, മാതൃഭൂമി ദിനപത്രവുമാണ് പുറംലോകത്തെ അറിയിച്ചത്. അക്കാദമിയുടെ ചികിത്സാസഹായം ഉടന്‍ കൈമാറുമെന്ന് ചെയര്‍മാന്‍ കമല്‍ പറഞ്ഞു. മൂര്‍ത്തിയുമായി ഫോണിലൂടെ ആശയവിനിമയം നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അടിയന്തര സഹായമായി ഇരുപത്തയ്യായിരം രൂപ അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നല്‍കും. മുഖ്യമന്ത്രിയുടെയും സാംസ്‌കാരിക വകുപ്പിന്റെയും സഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. അക്കാദമി പ്രതിനിധിയെ അയച്ച് മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കുമുള്ള കത്ത് കൃഷ്ണമൂര്‍ത്തിയില്‍ നിന്ന് നേരിട്ട് കൈപ്പറ്റുമെന്നും കമല്‍ പറഞ്ഞു. വിവിധ ചലച്ചിത്ര സംഘടനകളും സഹായം ലഭ്യമാക്കാന്‍ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

കലാസംവിധാനത്തിന് അഞ്ചുതവണ വീതം ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് കൃഷ്ണമൂര്‍ത്തി. തെന്നിന്ത്യന്‍ ഭാഷകളിലായി 50 ലേറെ ചിത്രങ്ങളില്‍ കലാസംവിധാനവും വസ്ത്രാലങ്കാരവും നിര്‍വഹിച്ചിട്ടുണ്ട് അദ്ദേഹം. വൈശാലി, ഒരു വടക്കന്‍ വീരഗാഥ,പെരുന്തച്ചന്‍, രാജശില്‍പ്പി, സ്വാതി തിരുനാള്‍ തുടങ്ങി 15 ലധികം മലയാള ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു. എന്നാല്‍ സ്വന്തമായി വീടില്ല. അതിനാല്‍ പുരസ്‌കാരങ്ങളൊന്നും സൂക്ഷിക്കാനായില്ല. അംഗീകാരങ്ങള്‍ പലരും കൊണ്ടുപോയി. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരത്തോടൊപ്പം കിട്ടിയ സ്വര്‍ണ്ണപ്പതക്കങ്ങള്‍ വിറ്റാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. പ്രമേഹവും രക്തസമ്മര്‍ദ്ദവുമുള്ളതിനാല്‍ അവശതകളുണ്ട്. കാല്‍പ്പാദത്തിലെ വ്രണത്തെ തുടര്‍ന്ന് നടക്കാനും വിഷമിക്കുന്നു. സിനിമയില്‍ നിന്നുള്ള പ്രതിഫലം കൊണ്ട് സ്വന്തമായി വീട് നിര്‍മ്മിച്ചെങ്കിലും രേഖകള്‍ അമ്മയുടെ പേരിലായിരുന്നു. സഹോദരി അവകാശം ചോദിച്ചതോടെ വീട് വില്‍ക്കേണ്ടി വന്നു. അതില്‍ നിന്നുള്ള വിഹിതം ബാങ്ക് അക്കൗണ്ടിലുണ്ട്. ഇതില്‍ നിന്നുള്ള പലിശ ഉപയോഗിച്ചാണ് ജീവിതം നയിക്കുന്നത്. രാജലക്ഷ്മിയാണ് ഭാര്യ.

logo
The Cue
www.thecue.in