ഏറെ പ്രതീക്ഷ ഉയർത്തി 'അനന്തൻ കാട്' റിലീസ് തീയതി പുറത്ത്

ഏറെ പ്രതീക്ഷ ഉയർത്തി
'അനന്തൻ കാട്' റിലീസ് തീയതി പുറത്ത്
Published on

മുരളി ഗോപി തിരക്കഥ ഒരുക്കി ജിഎൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന 'അനന്തൻ കാട്' പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുന്നു. ചിത്രത്തിന്റെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങിയതോടെ സിനിമയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. ജൂൺ 25നാണ് ചിത്രം വേൾഡ് വൈഡായി റിലീസ് ചെയ്യുന്നത്. ആര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്. തമിഴ് സംസാരിക്കുന്ന കഥാപാത്രമായാണ് താരം ചിത്രത്തിൽ എത്തുന്നത്. പോസ്റ്ററിലെ അവതരണവും ചിത്രത്തിന്റെ അന്തരീക്ഷവും ഇതിനോടകം തന്നെ സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

'ടിയാൻ' എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയും ജിഎൻ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്നുവെന്നതും സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ പതിനാലാമത്തെ നിർമാണ സംരംഭമാണ്. സംഗീത പ്രേമികൾക്കും സിനിമയിൽ പ്രതീക്ഷ നൽകുന്നത് ബി. അജനീഷ് ലോക്നാഥിന്റെ സാന്നിധ്യമാണ്. 'കാന്താര'യുടെ സംഗീതത്തിലൂടെ ശ്രദ്ധ നേടിയ അദ്ദേഹം ആദ്യമായാണ് ഒരു മലയാള ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

ഇന്ദ്രൻസ്, മുരളി ഗോപി, 'പുഷ്പ' സിനിമയിലൂടെ ശ്രദ്ധേയനായ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ്‌ മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തൻ കാടി'ൽ ഒട്ടേറെ അന്യഭാഷ താരങ്ങളും ഒരുമിക്കുന്നുണ്ട്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയ ചിത്രത്തിന്‍റെ ടീസർ അന്യായ മേക്കിംഗുമായി മികച്ചൊരു ദൃശ്യവിരുന്നായിരിക്കും ചിത്രമെന്ന് അടിവരയിടുന്നതായിരുന്നു.

logo
The Cue
www.thecue.in