പ്രണയക്കിണറിന്റെ വാതിൽ തുറക്കുന്ന വോങ്ങ് കർ വായ്

പ്രണയക്കിണറിന്റെ വാതിൽ തുറക്കുന്ന വോങ്ങ് കർ വായ്

My films are never about what Hong Kong is like, or anything approaching a realistic portrait, but what I think about Hong Kong and what I want it to be. - Wong Kar Wai

ഏഷ്യൻ സിനിമയെ ലോക സിനിമ പ്രേക്ഷകർക്കിടയിൽ സുപരിചിതനാക്കിയതിൽ പ്രധാന പങ്കുവഹിച്ച ഫിലിം മേക്കറാണ് വോങ് കർ വായ് (wong kar-wai). കാവ്യാത്മകമായ ആഖ്യാന ശൈലി കൊണ്ടും അതി ഗംഭീരമായ ദൃശ്യഭംഗി കൊണ്ടും അദ്ദേഹത്തിന്റെ സിനിമകൾ ഇന്നും ലോക സിനിമയിൽ ചർച്ച ചെയ്യപ്പെടുന്നു. ആത്മ സംതൃപ്തി നൽകാത്ത,ജീവിതത്തിന്റെ ശീലങ്ങളിൽ കുരുങ്ങി കിടക്കുന്ന കഥാപാത്രങ്ങളെ വോങ് കർ വായിയുടെ സിനിമകളിലുടനീളം നമ്മുക്ക് കാണാൻ സാധിക്കും. അവരെല്ലാം ഒരേ സമയം ഏകാന്തരും,നിരാശരും, ഒരു നഷ്ടപ്രണയത്തിന്റെ ഭാരം പേറുന്നവരുമാണ്. ഏറ്റവും തിരക്കേറിയ നഗരങ്ങളുടെ നടുവിലും അവർ തങ്ങളുടെ വിഷാദത്തെയും ഏകാന്തതയെ അടയാളപ്പെടുത്തുന്നു.

1958-ൽ ഷാങ്ഹായിയിലെ ഒരു മധ്യവർഗ്ഗ കുടുംബത്തിലാണ് വോങ് കർ വായ് ജനിച്ചത്. അറുപതുകളുടെ അവസാനത്തോടെ കുടുംബം ഹോങ്കോങ്ങിലേക്ക് കുടിയേറുകയുണ്ടായി. അവിടെ ഹോങ്കോങ് പോളിടെക്നിക് യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാഫിക് ഡിസൈനങ്ങിൽ ബിരുദം നേടിയതിന് ശേഷം ടെലിവിഷൻ നെറ്റ്വർക്കിൽ തിരക്കഥാകൃത്തായി ജോലിചെയ്തു, “What makes cinema so attractive, so fascinating is that it’s not just a one plus one process. It’s a chemistry between sounds, words, ideas and image” എന്ന് വോങ് കർ വായി ഒരിക്കൽ പറയുകയുണ്ടായി,അതിന്റെ കൃത്യമായ പ്രതിഫലനം തന്നെയാണ് അദ്ദേഹത്തിന്റെ ഓരോ സിനിമകളും.പ്രണയവും വിഷാദവും സംഗീതവും വോങ്ങിന്റെ സിനിമകളിലുടനീളം കാണാം.1988-ൽ പുറത്തിറങ്ങിയ As tears go by ആണ് ആദ്യ സിനിമ.1990-ൽ Days of being wild 94-ൽ Chungking express,Ashes of time എന്നീ രണ്ട് സിനിമകൾ 95-ൽ Fallen angels, 97-ൽ Happy together എന്നീ സിനിമകൾ. 2000-ൽ പുറത്തിറങ്ങിയ In the mood for love എന്ന സിനിമയോട് കൂടി വോങ് കർ വായി എന്നത് ലോക സിനിമയിലെ ഒരു അവിഭാജ്യ ഘടകമായി മാറിയിരുന്നു. പരമ്പരാഗതമായ ക്രൈം-ആക്ഷൻ സിനിമ ജോണറുകളില് നിന്നും വ്യത്യസ്തമായി പ്രണയ നഷ്ടവും ഏകാന്തതയും പ്രമേയങ്ങളാക്കി വോങ് സിനിമകൾ ചെയ്യുമ്പോൾ ലോക സിനിമയ്ക്ക് അതൊരു പുത്തനുണർവ് തന്നെയായിരുന്നു. പിന്നീട് പതിമൂന്ന് വർഷത്തിനുള്ളിൽ 2046, My blueberry nights, The grandmaster എന്നീ മൂന്ന് സിനിമകളാണ് വോങ് ചെയ്തത്.

എൺപതുകളുടെ മധ്യത്തിലാണ് സിനിമയെ കുറച്ചുകൂടി ​ഗൗരവകരമായി കാണുന്ന തരത്തിലേക്ക് വോങ് വളരുന്നത്. “Love is all matter of timing, Its no good meeting the right person too soon or too late” എന്ന് വോങ് കർ വായ് പറയുന്നുണ്ട്. ഒരു പ്രണയ നഷ്ടത്തിന്റെ ഓർമ്മകളും,പുതിയൊരു പ്രണയത്തിനായി കൊതിക്കുന്ന മനസുമായി ഹോങ്കോങ് നഗരത്തിൽ ജീവിതത്തിന്റെ ശീലങ്ങളിൽ ബന്ധിതരായ രണ്ട് കഥാപാത്രങ്ങളെ മുൻനിർത്തി 1994 ൽ പുറത്തിറക്കിയ ചിത്രമാണ് Chunking Express. രണ്ട് യുവ പോലീസുകാർ, തിരക്കേറിയ ഹോങ്കോങ് നഗരത്തിന്റെ വേഗങ്ങളിൽ ഡ്രഗ് ഡീലിങ് നടത്തുന്ന യുവതി, നഗരത്തിലെ കഫെയിൽ ജോലി നോക്കുന്ന മറ്റൊരു യുവതി എന്നീ നാല് കഥാപാത്രങ്ങളിലൂടെയാണ് നോൺ ലീനിയറായി സിനിമ മുന്നോട്ട് പോവുന്നത്. കഥാപാത്രങ്ങളുടെ മാനസികസംഘർഷങ്ങൾ പോലെ തന്നെ സിനിമയിൽ കാണിക്കുന്ന ഓരോ ഒബ്ജെക്ടുകൾക്കും തുല്യ പ്രാധാന്യമുണ്ട്. ഒരു വിഡ്ഢി ദിനത്തിൽ തന്നോട് ബ്രേക്ക് അപ്പ് പറഞ്ഞ കാമുകി (മെയ്) തിരിച്ചുവരും എന്ന് വിശ്വസിച്ച് ഒരു മാസത്തോളം, മെയ് 1 ന് എക്സ്പയറി ഡേറ്റുള്ള അവൾക്കിഷ്ടപ്പെട്ട പൈനാപ്പിൾ കാനുകൾ ശേഖരിച്ചു കാത്തിരിക്കുന്ന യുവാവിന്റെയും (He Qiwu ) എയർ ഹോസ്റ്റസ് ആയ മുൻ കാമുകി ഉപേക്ഷിച്ചു പോയ Cop 663 എന്ന യുവ പോലീസുകാരന്റെയും വീക്ഷണങ്ങളാണ് സിനിമ. പുരുഷകഥാപാത്രങ്ങളോളം ശക്തമായ കഥാപാത്ര നിർമ്മിതിയാണ് സിനിമയിലെ രണ്ട് സ്ത്രീ കഥാപാത്രങ്ങളും. “Actually, really knowing someone doesn’t mean anything. People change. A person may like pineapple today and something else tomorrow.” എന്ന് സിനിമയിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. കേവലമായ നൈമിഷിക വികാരങ്ങളെ ഇത്തരമൊരു സംഭാഷണത്തിലൂടെ സംവിധായകൻ അടയാളപ്പെടുത്തുന്നുണ്ട്. നഗരത്തിലെ ഒരു കഫെയിൽ ജോലിയെടുക്കുന്ന Faye Yong ജോലിയെടുക്കുമ്പോഴൊക്കെ അവൾ ഉച്ചത്തിൽ, Clifornia Dreamin’ എന്ന ഗാനം വെച്ച് ചെറിയ രീതിയിൽ ഡാൻസ് ചെയ്യുന്നു.ഉച്ചത്തിൽ പാട്ട് കേൾക്കുമ്പോഴൊക്കെ അത് ഓവർ തിങ്കിങ് തടയും എന്നവൾ പറയുന്നു. സിനിമ കഴിഞ്ഞാലും california dreamin’ എന്ന ഗാനവും ഹോങ് കോങ് നഗരത്തിന്റെ വേഗതയും പ്രേക്ഷകനെ വിട്ട് പോവില്ല. നാല് കഥാപാത്രങ്ങളിലൂടെ ഏകാന്തത എത്ര മനോഹരമായാണ് വോങ് ചിത്രീകരിച്ചിരിക്കുന്നത്.

ഗംഭീരമായ മേക്കിങ് തന്നെയാണ് സിനിമയുടെ കാതൽ. ഏറ്റവും ലഘുവായ ഒരു കഥയായിരിക്കുമ്പോഴും അതിന്റെ ആഖ്യാനവും സിനിമാറ്റോഗ്രഫിയും തന്നെയാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന പ്രധാന ഘടകം. Christopher Doyle,Andrew Lau എന്നിവർ ചേർന്നാണ് സിനിമറ്റൊഗ്രാഫി നിർവഹിച്ചിരിക്കുന്നത്. മങ്ങിയ നിയോൺ ലൈറ്റുകളും ആകർഷകമായ കടുത്ത നിറങ്ങളും, ഇന്ദ്രിയാനുഭൂതി നല്കുന്ന ഷോട്ടുകളുടെയും സമന്വയം സിനിമയുടെ സൌന്ദര്യ തലം വർദ്ധിപ്പിക്കുന്നുണ്ട്. Undercranking, step printing തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ട് വളരെ വേഗത്തില് കടന്നു പോവുന്ന സമയത്തെ ഒരാളിലേക്ക് മാത്രം കേന്ദ്രീകരിച്ച് അയാളുടെ മാനസിക തലം പ്രേക്ഷകനിലേക്ക് കൈമാറ്റം ചെയ്യാൻ വോങ് ശ്രമിക്കുന്നുണ്ട്. അത്തരമൊരു ശ്രമം വിജയിച്ചതായി സിനിമയിലുടനീളം നമ്മുക്ക് കാണാൻ സാധിക്കും. സിനിമയുടെ ആദ്യ ഷോട്ട് തന്നെ അത്തരത്തിലുള്ളതാണ്. “What makes international cinema so interesting is that each territory has its own sensibility. When you look at an Indian or French film, there's a certain flavor. And even though the language is different, if the film is successful, it has something very common and understandable.” എന്ന് വോങ് പറയുമ്പോൾ അത്തരമൊരു flavor അദ്ദേഹത്തിന്റെ എല്ലാ സിനിമയിലുമെന്നപോലെ chungking express ലും നമ്മുക്ക് കാണാൻ സാധിക്കും.

നിറങ്ങൾക്ക് വോങ്ങിന്റെ സിനിമകളിൽ വളരെയധികം പ്രാധാന്യമുണ്ട്. Chungking Express ൽ പോലീസ് കഥാപാത്രങ്ങൾ തനിച്ചായിരിക്കുമ്പോഴെല്ലാം നീലയോ നിയോൺ വെളിച്ചമോ കലർന്ന കളർ പാലറ്റ് ഫ്രെയിമുകളിൽ കാണാൻ സാധിക്കും. അതേ സമയം In the mood for love എന്ന സിനിമയിൽ ചുവന്ന നിറത്തിനാണ് കൂടുതൽ പ്രാധാന്യം എന്ന് കാണാൻ സാധിക്കും. അത് കഥാപാത്രങ്ങളുടെ സങ്കീർണമായ പ്രണയത്തെ സൂചിപ്പിക്കുന്നു. Chungking Express എന്ന ചിത്രം വോങ്ങ് പൂർണമായും ഷൂട്ട് ചെയ്തിരിക്കുന്നത് ഹാൻഡ് ഹെൽഡ് ഷോട്ടുകളും നാച്ചുറൽ ലൈറ്റുകളും ഉപയോ​ഗിച്ചുകൊണ്ടാണ്, റിഹേഴ്സലുകളിൽ വിശ്വസിക്കാത്ത, ചില സമയത്ത് ഷൂട്ട് ചെയ്യുമ്പോൾ നമ്മൾ നമ്മളുടെ ഹൃദയത്തെ ഫോളോ ചെയ്യണം ഉറപ്പിച്ചും പറയുന്ന വോങ്ങിന്റെ ആ തീരുമാനത്തിലും നിറങ്ങൾ അദ്ദേഹത്തിന്റെ മറ്റ് സിനിമകൾ പോലെ തന്നെ പ്രേക്ഷകരിലേക്ക് പടരുന്നു.

വോങ്ങിന്റെ കഥാപാത്രങ്ങളെല്ലാം തങ്ങളുടെ ഏകാന്തതയെ ശമിപ്പിക്കാൻ പുകവലിക്കുന്നു. പുകയോടൊപ്പം അതിന്റെ താളത്തിൽ വിഷാദ ചുവയുള്ള ഒരു പശ്ചാത്തല സംഗീതം കൂടി കടന്നു വരുന്നു. അത്തരമൊരു കാഴ്ച പ്രേക്ഷകന് സമ്മാനിക്കുന്ന ദൃശ്യാനുഭവം വിവരിക്കുന്നതിലും എത്രയോ മുകളിലാണ്. ലോകത്ത് എല്ലാം കാലഹരണപ്പെട്ട് പോവുന്നു, തീയതികളും സമയവും വസ്ത്രങ്ങളും chungking express ലെ പൈനാപ്പിൾ കാൻ പോലെ, പക്ഷേ പ്രണയമെന്ന വികാരം മാത്രം കാലഹരണപ്പെടാതെ നിലനിൽക്കുന്നു. മനുഷ്യൻ അതിജീവിക്കുന്നു. വോങ്, തന്റെ സിനിമകളിലൂടെ ലോകത്തെ കുറച്ചുകൂടെ മനോഹരമായ ഇടമാക്കി മാറ്റുന്നു, സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നു.

വോങ്ങ് കർ വായ് യെ പ്രേക്ഷകരോട് അടുപ്പിക്കുന്ന പ്രധാന കാരണം സിനിമ എന്ന നിലയ്ക്ക് അയാളുടെ ചിത്രങ്ങൾ ബാക്കി വെക്കുന്ന എക്സ്പീരിയൻസ് കൂടെയാണ്. ഒരിക്കൽ അയാൾ അവതരിപ്പിക്കുന്ന, നിറങ്ങൾക്കിടയിൽ വിഷാദത്തിനൊപ്പം ഒരു സ്വപ്നത്തിലേക്ക് പോകുന്ന തരത്തിലുള്ള സം​ഗീതത്തിനൊപ്പം കഥാപാത്രങ്ങൾ ഒരിക്കലും പ്രേക്ഷകനെ വിട്ടുപോകില്ലെന്നത് കൊണ്ടായിരിക്കാം. ഭാഷയുടെ അതിരുകളില്ലാതെ, കാലഘട്ടത്തിന്റെയോ, കഥാപരിസരത്തിന്റെയോ സാമീപ്യം അനുഭവിച്ചറിയാത്തവർക്ക് പോലും അയാളുടെ ദൃശ്യഭാഷ ഒരു ലോകത്തിലേക്കുള്ള വാതിൽ തുറന്നിടുന്നു. അയാളുടെ കഥാപാത്രങ്ങളെ ഒരിക്കൽ കണ്ടവർ, ആ ഫ്രെയിമുകളിൽ ഒന്ന് വീണ്ടും കണ്ടാൽ പോലും, ആ സം​ഗീതത്തിന്റെ ചെറിയൊരു ഭാ​ഗം കേട്ടാൽ പോലും അവരുടെ ലോകത്തേക്ക്, ആ ഓർമകളിലേക്ക് , സ്വപ്നങ്ങളിലേക്ക് മടക്കയാത്ര നടത്താൻ ഓരോ പ്രേക്ഷകനും കഴിയുന്നതും വോങ്ങ് കർ വായ് എന്ന മാസ്റ്ററുടെ സിനിമകളുടെ ശക്തിയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in