What is Annapoorani Netflix issue?

മത വികാരത്തെ വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് നയൻതാര നായികയായ അന്നപൂരണി എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ലിക്സ് പിൻവലിച്ചത്. ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു. ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നു തുടങ്ങിയ കാരണങ്ങളാണ് ചിത്രത്തെക്കുറിച്ച് വിശ്വ ഹിന്ദു പരിഷത്ത് ചൂണ്ടിക്കാണിക്കുന്നത്. ക്ഷേത്ര സേവകനായ ഒരു അച്ഛന്റെ മകളാണ് ചിത്രത്തിൽ അന്നപൂര‌ണി. ചെറുപ്പകാലം മുതൽ സ്വാദിഷ്ടമായ രീതിയിൽ ഭക്ഷണം പാകം ചെയ്യാൻ കഴിവുള്ള അന്നപൂരണിക്ക് ഷെഫാകണം എന്ന ആ​ഗ്രഹത്തെ മാംസാഹാരം പാകം ചെയ്യേണ്ടി വരും, അത് പാകം ചെയ്യുന്നിടത്ത് നിൽക്കേണ്ടി വരും എന്ന കാരണത്താൽ അച്ഛൻ വിലക്കുന്നു. എന്നാൽ സഹപാഠിയും അന്നപൂര‍ണിയെ സ്വകാര്യമായി സ്നേഹിക്കുകയും ചെയ്യുന്ന ഫർഹാൻ എന്ന കഥാപാത്രം രാമൻ പണ്ട് വനവാസ കാലത്ത് മാംസം കഴിച്ചിരുന്നു എന്ന് പറയുന്നിടത്താണ് ഹിന്ദു പരീക്ഷിത്ത് ചൂണ്ടിക്കാണിക്കുന്ന ആദ്യത്തെ പ്രശ്നം. ഇനി മറ്റൊരു പ്രശ്നം ഈ അഡ്വെെസ് കൊടുക്കുന്ന ജയ്യുടെ കഥാപാത്രമായ ഫർഹാൻ തന്നെയാണ്. അത് ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്. തിരക്കഥ കൊണ്ടും മേക്കിം​ഗ് കൊണ്ടും വളരെ വീക്കായ ഒരു തവണ പോലും പ്രേക്ഷകന് കണ്ട് തീർക്കാൻ കഷ്ടപ്പാട് തോന്നുന്ന സിനിമ തന്നെയാണ് അന്നപൂരണി.. ക്ലെെമാക്സ് രം​ഗത്തിലെ ബിരിയാണി വയ്ക്കും മുമ്പേ നമസ്കരിക്കുന്ന നായികയൊക്കെ കുറച്ച് ഓവറല്ലേന്ന് കാണുന്നവന് തന്നെ തോന്നും എന്നതിലും സംശയമില്ല. അന്നപൂരണിയെയും മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന് ആരോപിക്കപ്പെടുന്ന ഭാ​ഗങ്ങൾ മുറിച്ചു മാറ്റാം എന്ന തീരുമാനത്തിലെത്തിയ സീ5 നെക്കാളും അത് നീക്കം ചെയ്യേണ്ടി വന്ന നെറ്റ്ഫ്ലിക്സിനെക്കുറിച്ച് ഒരു കാര്യം നിങ്ങളോട് പറയേണ്ടതുണ്ട്. 2023 November 20 ന് അമേരിക്കൻ ന്യൂസ് പേപ്പറായ വാഷിം​ഗ് ടൺ പോസ്റ്റ് ഒരു വാർത്ത പുറത്തുവിട്ടിരുന്നു. ഒടിടി രം​ഗത്തെ ഭീമന്മാരായ നെറ്റഫ്ലിക്സ് പ്രെെ വീഡിയോ എന്നിവർ ഇന്ത്യയിൽ നിന്ന് സമ്മർദ്ദം നേരിടുന്നതിനാൽ പൊളിറ്റിക്കൽ‌ സിനിമകളെടുക്കുന്നതിൽ നിന്ന് പിൻവാങ്ങുന്നു എന്നതായിരുന്നു ആ വാർത്ത. വാഷിം​ഗ് ടൺ പോസ്റ്റ് പുറത്തു വിട്ട ആ വാർത്തയിൽ സംഘ പരിവാറിന്റെ ഹിന്ദുത്വ അജണ്ഡ മുന്നോട്ട് കൊണ്ടു പോകാനുള്ള ശ്രമമാണ് ഇത്തരം ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നേരെയുള്ള സെൻസറിം​ഗ് എന്ന് കൃത്യമായി പരാമർശിക്കുന്നുണ്ട്. ഇന്ത്യയുടെ ആദ്യത്തെ സീരീസായ സേക്രഡ് ​ഗെയിംസ് മുതൽ തന്നെ ഇന്ത്യയിൽ ഈ വിമർശനങ്ങൾ ഉയർന്നു തുടങ്ങുന്നുണ്ട്. അതിന് ശേഷം വന്ന ലെെലയിലും പാതാൾ ലോകിലും ഇതേ ഭീഷണി ആവർത്തിക്കപ്പെടുന്നുണ്ട്. ഹിന്ദുത്വ ഗ്രൂപ്പുകളുടെ എതിർപ്പും ഭീഷണിയും ഉയരുന്നതിന് പിന്നാലെ ഒറ്റിറ്റി ഭീമന്മാർ പല കണ്ടന്റുകളും ആലോചന വേളയിൽ തന്നെ സെല്ഫ് സെൻസർ ഷിപ്പിന് വിധേയമാക്കുന്ന സാഹചര്യമുണ്ടായി.

2021 ജനുവരിയിൽ പുറത്തിറങ്ങിയ സെയ്ഫ് അലി ഖാന്റെ താണ്ഡവ് എന്ന സീരിസും സമാന രീതിയിൽ ഭീഷണിക്ക് ഇരയായി. അനുരാഗ് കശ്യപിന്റെ 'മാക്സിമം സിറ്റി' എന്ന ചിത്രവും പത്ത് ലക്ഷം ഡോളർ മുടക്കി നിർമിച്ച അടിയന്തരാവസ്ഥ പ്രമേയമാക്കിയ 'Indi (r) a’s Emergency' എന്ന ഡോക്യമെന്ററിയും നെറ്റ്ഫ്ലിക്സ് ഉപേക്ഷിക്കാൻ കാരണവും ഇത്തരത്തിലുള്ള ആക്രമണങ്ങളും സമ്മർദ്ദങ്ങളുമാണ്. അനുഷ്ക ശർമ നിർമിച്ച പാതൾ ലോക് എന്ന സീരീസിന് നേരെയും സമാനമായ ആക്രമണം ഉണ്ടായിട്ടുണ്ട്. പഠാൻ സിനിമയിലെ ദീപികാ പദുക്കോണിന്റെ ബിക്കിനിയിലേക്കും സഞ്ചരിച്ചാണ് ഈ സമ്മർദം ഇന്ന് അന്നപൂരണി വരെ എത്തി നിൽക്കുന്നത്. സിനിമാറ്റിക്ക് എലമെന്റുകളെയോ കഥയെയോ തിരക്കഥയെയോ മേക്കിം​ഗിനെയോ ആസ്പദമാക്കി നോക്കുമ്പോൾ ആവറേജിനും എത്രയോ താഴെ നിൽക്കുന്ന ഒരു സിനിമ തന്നെയാണ് അന്നപൂരണി. എന്നാൽ എന്ത് കാണണം എന്ന പ്രേക്ഷകന്റെ കാഴ്ചയ്ക്ക് എനിക്കിഷ്ടമില്ലാത്തത്, ഞങ്ങൾക്ക് അംഗീകരിക്കാൻ ആകാത്തത് നിങ്ങൾ കാണേണ്ട എന്ന മൗലിക വാദ നിലപാടാണ് പ്രശ്‌നം. രാജ്യത്തെ സെൻസർ ബോർഡ് ക്ലിയറൻസ് നൽകിയ സിനിമയും സീരീ സുകളുമാണ് ഹിന്ദുത്വ സംഘടനകളുടെ സെക്കൻഡ് ഫൈനൽ സെൻസ്റിങ്ങിന് ഇരയാകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in