Fa Fa വില്ലനാടാ, അസ്സൽ വില്ലൻ | Villian shades of Fahadh Faasil

ഓട്ട മത്സരത്തിൽ തോറ്റ തന്റെ നായയെ ക്രൂരമായി ഒരു ദാക്ഷ്യണ്യവുമില്ലാതെ തല്ലികൊല്ലുന്ന, കാലു പിടിക്കേണ്ടി വരുന്ന ദളിത നേതാവിനെ ഒരു നായയെ കൊല്ലുന്ന ലാഘവത്തോടെ അടിച്ചുകൊല്ലുന്ന രത്നവേൽ. പ്രത്യക്ഷത്തിൽ അയാളൊരു മാന്യനെന്ന് തോന്നും. മേൽജാതിക്കാരനായ, രാഷ്ട്രീയ ഭാവി മുന്നിൽ കണ്ട് ജീവിക്കുന്ന പരോപകാരിയെന്ന് നടിക്കുന്നയാൾ. എന്നാൽ അതിനപ്പുറം സമൂഹത്തിൽ നല്ലവന്റെ മുഖംമൂടിയണിഞ്ഞ ചെന്നായ ആണ് അയാൾ. അയാളെ തെല്ലും അതിഭാവുകത്വം ഇല്ലാതെ അവതരിപ്പിച്ച ഫഹദ് ഫാസിൽ എന്ന ബ്രില്ലിയൻറ് ആക്ടർ. അഭിനയത്തിന്റെ വൈവിധ്യ തലങ്ങളിലൂടെ സഞ്ചരിച്ച് പ്രേക്ഷകരെ അടിമുടി ഞെട്ടിക്കുന്ന ഫഹദ് ഫാസിനെന്ന അഭിനേതാവിന്റെ മറ്റൊരു മുഖമുണ്ട്. തന്നെ എതിർക്കുന്നവരെ ഇല്ലാതാക്കുന്ന, എന്നാൽ ഒരു ടിപ്പിക്കൽ വില്ലന്റെ യാതൊരു ശരീര-ഭാവ ഭാഷകൾ കൈമുതലാക്കാതെ ഫഹദ് ഫാസിൽ മികച്ചതാക്കുന്ന നെഗറ്റീവ് ഷേഡുകൾ. കള്ളൻ പ്രസാദും, പാച്ചുവും മഹേഷ് ഭാവനയും പോലെ റിയലിസ്റ്റിക് പെർഫോമൻസുകൾക്കിടയിലും അല്പം eccentric ആയ, ലൗഡ് ആയ പ്ലേ കൊണ്ടും ഫഹദ് ഒരുപോലെ മികച്ചുനിൽക്കുമ്പോൾ തീർച്ചയായും എടുത്തുപറയേണ്ടത് തന്നെയാണ് അയാളിലെ വില്ലനിസവും. രത്നവേൽ ഫ​ഹദിന്റെ ഓവർ ദ ടോപ് ഫീൽ കൂടി മിക്സ് ചെയ്ത പെർഫോർമൻസായിരുന്നു, തോൾ കുലുക്കുമ്പോഴും ആർത്ത് ചിരിക്കുമ്പോഴും ഫഹദ് തന്നിലെ റിയലിസ്റ്റിക് പെർഫോർമൻസിന് മാറ്റിവച്ചും അണ്ടർ ആക്ടിം​ഗ് മാറ്റിവച്ചുമാണ് രത്നവേലിലേക്ക് നടന്നുകയറുന്നത്.

ആദ്യ കാൽവെപ്പ് അടിപതറിയ ഫഹദിനെയല്ല മലയാളി കാലങ്ങൾക്കിപ്പുറം കണ്ടുകൊണ്ടിരിക്കുന്നത്. അടിമുടി അഴിച്ചുപണിനടത്തി അഭിനയത്തിന്റെ രണ്ടാംഭാവമായി കണക്കാക്കുന്ന ചാപ്പാ കുരിശിലാണ് ആദ്യമായി ഒരു നെഗറ്റീവ് ഷേഡിൽ ഫഹദ് അവതരിക്കുന്നത്. ഫഹദിന്റെ വില്ലൻ കഥാപാത്രങ്ങളിലെല്ലാം ഒരു കോമ്മൺ സ്വഭാവം ഉണ്ടാകും. അവരെല്ലാം സമൂഹത്തിൽ ഉയർന്ന നിലയിൽ ജീവിക്കുന്ന, ഉയർന്ന ജോലി കൈകാര്യം ചെയ്യുന്ന, സോ കോൾഡ് തറവാട്ടിൽ പിറന്നവരായിരിക്കും. ചാപ്പ കുരിശിലെ അർജുനും അത്തരത്തിൽ ഒരാളാണ്. ഒരു വെൽത്തി ബിസിനസ്മാൻ ആയ അയാൾ ആനുമായി വിവാഹം ഉറപ്പിക്കുമ്പോഴും തന്റെ സബോഡിനേറ്റ് ആയ സോണിയയുമായി അഫയറിൽ ഏർപ്പെടുന്നുണ്ട്. ഒടുവിൽ സോണിയ എല്ലാം മനസ്സിലാക്കുമ്പോൾ അവളെ ഭയപ്പെടുത്താനായി അയാൾ ഉപയോഗിക്കുന്നതും അവരുടെ പ്രൈവറ്റ് വീഡിയോ ആണ്. ഒരു വില്ലൻ പരിവേഷം എപ്പോഴും അർജുനില്ലെങ്കിലും കഥയുടെ ഗതി മാറിമറിയുമ്പോൾ അയാളും മുഖംമൂടികൾ എടുത്തണിയുന്നുണ്ട്. 22 ഫീമെയിൽ കോട്ടയത്തിലെ സിറിലാകട്ടെ അടിമുടി പൈശാചിക ഭാവത്തെ കൈമുതലാക്കിയ വില്ലനാണ്. പ്രണയം നടിച്ച് ടെസ്സയുടെ ജീവിതം തകർക്കുമ്പോഴും അയാളിൽ കുറ്റബോധം തെല്ലും ഉണ്ടാകുന്നില്ല. അവിടെയും സിറിലിനെ ആദ്യ പകുതിയിൽ ആഷിഖ് അബു അവതരിപ്പിച്ചിരിക്കുന്നത് പ്രണയം തുളുമ്പുന്ന കാമുകനായിട്ടാണ്. അയാളെ ഫഹദ് സ്‌ക്രീനിലെത്തിക്കുന്നത് തൊട്ടുപിന്നാലെ അയാളിലുണ്ടാകാവുന്ന മാറ്റങ്ങളെക്കുറിച്ച് ഒരു സൂചനയും തരാതെയാണ്.

വളരെ ഓവർ ദി ടോപ് എന്നും, eccentric എന്നും വിശേഷിപ്പിക്കാവുന്ന വില്ലന്മാർ ഇന്ത്യൻ സിനിമയിൽ നിരവധിയുണ്ടായിട്ടുണ്ട്. ആ ഗണത്തിലേക്ക് ഉൾപ്പെടുത്താവുന്നതും എന്നാൽ അവരുടെയെല്ലാം ഛായ ഒട്ടും തൊട്ടുതീണ്ടാത്തതുമാണ് ഫഹദിലെ വില്ലന്മാർ. കുമ്പളങ്ങി നെറ്റസിലെ ഷമ്മി അതുവരെ കാണാത്ത മറ്റൊരു ഫഹദ് ആണ്. ബോഡി ലാം​ഗ്വേജിലും മാനറിസങ്ങളിലുമെല്ലാം ഫഹദ് തന്റെ മുൻകഥാപാത്രങ്ങളെയും പെർഫോർമൻസിനെയും അപ്രത്യക്ഷമാക്കുന്ന പ്രകടനം ഇതിൽ കാണാം. ഒരു കുടുംബത്തിലെ തലപ്പത്തേക്ക് ഷമ്മി പ്രതിഷ്ട്ടിക്കപെടുമ്പോൾ അതിന്റെ എല്ലാവിധ അധികാര ഭാവങ്ങളും നിയന്ത്രണങ്ങളും അയാളവിടെ കൊണ്ടുവരുന്നുണ്ട്. ഇവിടെയും ഫഹദിന്റെ ഷമ്മി പ്രത്യക്ഷത്തിൽ കുടുംബ സ്നേഹിയാണ്, നല്ലവനാണ് പക്ഷെ ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നിപർവ്വതം ആണ് അയാൾ. കുടുംബത്തിലെ സ്ത്രീകളോടുള്ള സ്നേഹ പ്രകടനത്തിലും അവരെ വളരെ സട്ടിൽ ആയി അടക്കിനിർത്തുമ്പോഴും ഷമ്മി വിജയിക്കുന്നുണ്ട്. ആ പ്രകടനം ഫഹദിന്റേതാകുമ്പോൾ അതിന് വിശ്വാസ്യതയേറുന്നു. മരുമകനായി ആ കുടുംബത്തിലേക്ക് വന്ന് പതിയെ ആ കുടുംബത്തിന്റെ ഗൃഹനാഥൻ പദവിയിലേക്ക് അയാൾ ചേക്കേറുമ്പോൾ മറ്റാർക്കും തോന്നാത്തവിധം അയാളിലെ വില്ലൻ ചിന്തകളെ ഫഹദ് നമുക്ക് കാണിച്ചുതന്നു. മാമന്നനിലെ രത്നവേലാകട്ടെ അധികാരഹുങ്ക് തലക്കുപിടിച്ച ജാതിവെറിയനായ നേതാവാണ്. ബനിയനും സ്വർണമാലയും കാണുംവിധം വെള്ളകുപ്പമണിഞ്ഞ് സ്ലോ മോഷനിൽ നടന്നുവരുന്ന, കുതിരപ്പുറത്ത് ഗർവ്വോടെ ഇരിക്കുന്ന രത്നവേൽ അധികാരത്തിന്റെ എല്ലാ മൂർത്തീഭാവവും പ്രകടിപ്പിക്കുന്നയാളാണ്. ജാതിയിൽ തന്നെക്കാൾ താഴ്ന്നവനായ വടിവേലുവിന്റെ മാമന്നൻ തനിക്ക് മുന്നിലിരിക്കുമ്പോൾ ഉള്ളിൽ പകയോട് എന്നാൽ മുഖത്തൊരു ചിരി ഫിറ്റ് ചെയ്ത് 'എന്ന പഴക്കം അണ്ണൈ ഇത്' എന്ന് പറഞ്ഞു അയാൾ മാമന്നനെ ആഞ്ഞടിക്കുന്നുണ്ട്. തന്റെകൂട്ടത്തിലൊരുവനെ അയാൾ മർദിച്ച് കൊല്ലാറക്കുന്നുണ്ട്, അവിടെയെല്ലാം ഒളിഞ്ഞും തെളിഞ്ഞും അയാളിലെ ജാതിഭ്രാന്ത് ഫഹദ് ഫാസിൽ പ്രകടനത്തിൽ കൊണ്ടുവന്നിട്ടുണ്ട്. ഒരുപക്ഷെ രത്നവേലായി ഫഹദിന്റെ അസാമാന്യ പ്രകടനം തന്നെയാണ് ഈ പ്രശനങ്ങളെല്ലാം നിലനിൽക്കെത്തന്നെ ആ കഥാപാത്രത്തെ ആഘോഷിക്കപ്പെടാനുള്ള കാരണങ്ങളിൽ ഒന്ന്.

വെറും മിനിറ്റുകളുടെ ദൈർഘ്യത്തിൽ ഫഹദ് ഫാസിൽ കൂടുവിട്ട് കൂടുമാറ്റം നടത്തി ഞെട്ടിച്ചതാണ് പുഷ്പയിലെ ഭൻവർ സിംഗ് ഷെഖാവത് ഐപിഎസ്. എല്ലാം നേടിയെന്ന ധൈര്യത്തോടെ തന്റെ മുന്നിലിരിക്കുന്ന പുഷ്പയെ അയാൾ നിലംപരിശാക്കുന്നുണ്ട്. ഭയം ഒട്ടുമില്ലാതെ വളരെ ലാഘവത്തോടെ അയാൾ പുഷ്പക്ക് മുന്നിലിരുന്നു കണക്ക് പറയുകയും അയാളെ അപമാനിക്കുകയും ചെയ്യുന്നു. പുഷ്പ രണ്ടാം ഭാഗം ഇറങ്ങുമ്പോൾ തീർച്ചയായും കാത്തിരിക്കുന്നത് ഭൻവർ സിംഗ് ഷെഖാവത്തിലൂടെ ഫഹദ് നടത്തുന്ന മിന്നും പ്രകടനത്തിനും വേണ്ടി കൂടിയാണ്. വേലയ്ക്കാരനിലെ ആദി സ്മാർട്ട് ആയ വില്ലനാണ്. തന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ യാതൊരു ലാഞ്ചനകൾ ഇല്ലാതെ നടപ്പിലും എടുപ്പിലും ഒരു കോർപ്പറേറ്റ് വില്ലനായി മാറുകയായിരുന്നു ഫഹദ്. നായകനായ ശിവകർത്തികേയനും മുകളിൽ ആധിയെ കഥയിൽ പ്ലേസ് ചെയ്തിരിക്കുമ്പോൾ വളരെ subtle ആയി ഫഹദ് അയാളെ നമുക്ക് മുന്നിലെത്തിച്ചു. സൂപ്പർമാർക്കറ്റിനുള്ളിൽ വച്ച് നായകനായ അറിവിന് മാർകെറ്റിങ്ങിനെപ്പറ്റി പറഞ്ഞുകൊടുക്കുമ്പോൾ ശരീരഭാഷകൊണ്ടും അയാളൊരു മുതലാളിയായി മാറുകയാണ്.

ദിലീഷ് പോത്തൻ ഒരുക്കിയ ജോജിയിൽ വളരെ കണ്ണിങ് ആയ, ഉള്ളിൽ വിഷം പേറി നടക്കുന്ന ജോജിയെ വളരെ സട്ടിൽ ആയി ആണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. തന്റെ കള്ളങ്ങൾ ചേട്ടനായ ജോമോൻ മനസ്സിലാക്കി എന്നറിയുമ്പോൾ ഞൊടിയിടയിൽ അയാളെ ഇല്ലാതാക്കാനും ആ കുറ്റം മറ്റൊരാളുടെ തലയിൽ കെട്ടിവെക്കാനും അയാൾ മടിക്കുന്നില്ല. കഥയുടെ അവസാനം എല്ലാം നഷ്ട്ടപെട്ട് ആശുപത്രിയിൽ കിടക്കുമ്പോഴും അയാൾക്ക് തെല്ല് കുറ്റബോധമില്ല. ഇവിടെ ഫഹദ് ഫാസിൽ ക്രൂരനായ ജോജിയായി മാറിയത് ശരീരത്തെ വഴക്കിയെടുത്തിട്ടോ, രൂപമാറ്റം നടത്തിയോ അല്ല വെറും നോട്ടം കൊണ്ടും ആരും പിടിക്കില്ല എന്ന ഒരുതരം ധൈര്യം മുഖത്ത് അസാധാരമായി കൊണ്ടുവന്നിട്ടുമാണ്. പാസ്റ്റർ ജോഷ്വാ കാൾട്ടനിലും അശക്തർക്ക് മേൽ അയാൾ നടത്തുന്ന വയലൻസിലും ഫഹദിലെ ​ഗ്രേ ഷേഡ് ആക്ടിം​ഗിന്റെ പുതിയ തലം കണ്ടിട്ടുണ്ട്.

ആവേശം വരുമ്പോൾ രങ്ക അതുവരെ കണ്ടൊരു ഫഹദല്ലെന്ന് ടീസറും സോം​ഗുകളും സൂചന തന്നിട്ടുണ്ട്. അതിലൊരു ഓവർ ദ ടോപ് അഴിഞ്ഞാട്ടമുണ്ട്. തന്നിലെ റിയലിസ്റ്റിക് പെർഫോർമൻസിന്റെ, അണ്ടർ ആക്ടിം​ഗിന്റെ എല്ലാ ശൈലികളെയും വിസ്മരിപ്പിച്ച് രങ്കയെന്ന കഥാപാത്രത്തിന്റെ ഉടുപ്പിലേക്ക് പ്രവേശിച്ച ഫഹദിനെ കാണാം. കട്ടി മീശയും കൃതാവും കഴുത്തിൽ സ്വർണ മാലയും വെളുത്ത കുപ്പായവുമായി ഒരു അസ്സൽ ഗുണ്ടയായി ആണ് ഫഹദിന്റെ രംഗയെ ആവേശം ടീസർ അവതരിപ്പിക്കുന്നത്. റീ ഇൻട്രൊഡ്യൂസിംഗ് ഫഹദ് ഫാസിൽ എന്നാണ് ടീസറിൽ ഫഹദിനൊപ്പം എഴുതികാണിക്കുന്നത്. ഇതുവരെ കണ്ട ഫഹദിൽ നിന്ന് ഏറെ മാറിനിൽക്കുന്ന കഥാപാത്രസൃഷ്ട്ടിയാകാം രംഗ. വളരെ ലൗഡും eccentric ക്കും ഒപ്പം ഓവർ ദി ടോപ് ആയ കഥാപാത്രസൃഷ്ട്ടിയായിരിക്കും രംഗ എന്ന് ടീസറിൽ നിന്ന് മനസ്സിലാക്കാം. ഒരുപക്ഷെ ജിഗർത്തണ്ട ഡബിൾ എക്സിൽ രാഘവ ലോറൻസിന്റെ അലിയാസ് സീസറുമായി പ്രത്യക്ഷത്തിൽ രംഗക്ക് സാമ്യം തോന്നാം. അൽപ്പം ആഘോഷങ്ങളും മേളങ്ങളുടെ അകമ്പടിയോടെ തന്റെ ഗ്യാങ്ങുമൊത്ത് അടിച്ചുപൊളിച്ചു കഴിയുന്ന ഗുണ്ടാ തലവനായി ഫഹദ് എത്തുമ്പോൾ അത് കാർബണിലെ സിബിയുമായോ ഷമ്മിയുമായോ രത്നവേലുമായോ ഒരു തരത്തിലും ചേർന്നുനിൽക്കില്ലെന്ന് പ്രതീക്ഷിക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in