അസ്തിത്വം, പരിവർത്തനം, ഷാങ്ങ് രി ലാ; 'ഉദ്ധരണി' രാജ്യാന്തര ചലച്ചിത്രമേളയിൽ

അസ്തിത്വം, പരിവർത്തനം, 
ഷാങ്ങ് രി ലാ;  'ഉദ്ധരണി' രാജ്യാന്തര ചലച്ചിത്രമേളയിൽ
parthan suresh

സ്വന്തം സ്വത്വത്തെ അംഗീകരിക്കാന്‍ വലിയ ബുദ്ധിമുട്ട് നേരിടുന്ന, അസ്തിത്വത്തെ സ്വയം ചോദ്യം ചെയ്യുന്ന, ഷാങ്ങ് രി എന്ന സ്വപ്നഭൂമിയുടെ കാവല്‍ക്കാരന്‍. സ്വന്തം ചിരിയും, കണ്ണിന്റെ ചലനവും വരെ മറ്റുള്ളവര്‍ക്ക് ഇഷ്ടപെടുന്ന രീതിയില്‍ ക്രമീകരിച്ചാണ് അയാളുടെ ഒരു ദിവസം തുടങ്ങുന്നത്. ഷാങ്ങ് രിലായും അവിടെ എത്തുന്ന അതിഥികളും മാത്രമാണ് അയാളുടെ ജീവിതത്തില്‍ ഒരു ചലനം സൃഷ്ടിക്കുന്നത്. അതൊന്നുമില്ലെങ്കില്‍ അയാള്‍ ഒഴുക്കില്ലാത്ത നദി പോലെയാണ്. ആ നദിയിലേക്ക് ഒരു കല്ലെടുത്തെറിഞ്ഞത് പോലെയാണ് ഒരു വൃദ്ധന്‍ കടന്നുവരുന്നത്. പിന്നീട് ആ ഒഴുക്കില്‍ കാവല്‍ക്കാരനില്‍ പല മാറ്റങ്ങളും സംഭവിക്കുന്നു. അയാള്‍ക്കുള്ളില്‍ ഒരു പ്രളയം തന്നെ ഉണ്ടാവുന്നു. ആ ഒഴുക്കില്‍ അയാള്‍ എത്തി ചേരുന്നിടത്ത് 'ഉദ്ധരണി' അവസാനിക്കുന്നു.

26 -ാമത് ഐഎഫ്എഫ്‌കെയില്‍ 'മലയാള സിനിമ ഇന്ന്' വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പതിനാല് സിനിമകളില്‍ ശ്രദ്ധിക്കുപ്പെടുന്ന ചിത്രങ്ങളിലൊന്നാണ് വിഘ്‌നേഷ് പി ശശിധരന്‍ സംവിധാനം ചെയ്ത 'ഉദ്ധരണി'.

<div class="paragraphs"><p>ഉദ്ധരണിയുടെ അണിയറപ്രവർത്തകർ</p></div>

ഉദ്ധരണിയുടെ അണിയറപ്രവർത്തകർ

ജെയിംസ് ഹില്‍ട്ടന്റെ 'ദ ലോസ്റ്റ് ഹൊറൈസണ്‍' എന്ന പുസ്തകത്തിലെ സാങ്കല്‍പ്പിക ഭൂമിയാണ് 'ഷാങ്ങ് രി ലാ'. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വിട്ടുമാറി, പരിപൂര്‍ണമായ, ശാശ്വതമായ സന്തോഷം വാഗ്ദാനം ചെയ്യുന്ന എന്നാല്‍ നിഗൂഢമായ ഒരു ഹിമാലയന്‍ ഉട്ടോപ്യ. സിനിമ പൂര്‍ണമായും ഈ സ്വപ്‌നലോകത്തിന് അകത്താണ് സംഭവിക്കുന്നത്. അതിന്റെ കാവല്‍ക്കാരനാണ് സിനിമയിലെ പ്രധാനകഥാപാത്രം. അത്രമേല്‍ ആകര്‍ഷിക്കുന്ന ഈ ഭൂമികയുടെ വേലിക്കെട്ടിനപ്പുറത്ത് നില്‍ക്കാന്‍ മാത്രമാണ് അയാളുടെ നിയോഗം.

'ഷാങ്ങ് രി ലാ'-ക്ക് അകത്തേക്ക് കടക്കണമെങ്കില്‍ ടിക്കറ്റ് നിര്‍ബന്ധമാണ്. എന്നാല്‍ ആ ടിക്കറ്റ് എവിടെ നിന്ന് കിട്ടുമെന്നോ, അതിന്റെ വില എത്രയെന്നോ അയാള്‍ക്കറിയില്ല. അന്വേഷിക്കാനും ഇതുവരെ തുനിഞ്ഞിട്ടില്ല. എന്നാല്‍ അയാള്‍ ആ ഉദ്യാനത്തിന് നല്‍കാന്‍ കഴിയുന്ന സന്തോഷത്തെ കുറിച്ച് ഓര്‍ക്കാറുണ്ട്. വിലക്കപ്പെട്ട കനിയെന്നപോലെ നോക്കിനില്‍ക്കാറുണ്ട്. വ്യവസ്ഥകള്‍ക്കും നിയമാവലിക്കും അകത്ത് നില്‍ക്കുന്ന, അത് തകര്‍ക്കാന്‍ തയ്യാറാകാത്ത അയാള്‍ ടിക്കറ്റ് ഇല്ലാത്തതുകൊണ്ട് മാത്രം ഉദ്യാനത്തിനകത്തേക്ക് പ്രവേശിക്കാന്‍ തയ്യാറാവുന്നില്ല.

ജെയിംസ് ഹില്‍ട്ടണ്‍ന്റെ നോവല്‍ വായിച്ചത് മുതല്‍ തന്നെ ഷാങ്ങ് രി ലാ തന്റെ മനസ്സില്‍ കിടക്കന്നുണ്ടായിരുന്നുവെന്ന് സംവിധായകന്‍ വിഘ്‌നേഷ് പി ശശിധരൻ 'ദ ക്യു'വിനോട് പറഞ്ഞു. മറ്റൊരു പ്രോജെക്ടിനായി ഒരു ലൊക്കേഷന്‍ കാണാന്‍ പോയപ്പോള്‍ അവിടെ അത്തരത്തില്‍ ഒരു ഗേറ്റ് ഉണ്ടാക്കിയാല്‍ കൊള്ളാമെന്ന് തോന്നുകയും ഒരു പ്രൊജക്റ്റ് പ്ലാന്‍ ചെയ്താലോ എന്ന് ആലോചിക്കുകയും ചെയ്തുവെന്നും വിഘ്‌നേഷ് പറയുന്നു.

ഫ്രാന്‍സ് കാഫ്കയുടെ 'ബിഫോര്‍ ദ ലോ' എന്ന ചെറുകഥയില്‍ നിയമത്തിന് മുന്നിലേക്ക് ടിക്കറ്റ് ഇല്ലാത്തതുകൊണ്ട് കടത്തിവിടാത്ത ഒരു കാവല്‍ക്കാരന്റെ കഥാപാത്രമുണ്ട്. അങ്ങനെയാണ് ഷാങ്ങ് രി ലാ എന്ന് പറയുന്ന കോണ്‍സെപ്റ്റില്‍ കാവല്‍ക്കാരനെ ഇന്‍ട്രൊഡ്യൂസ് ചെയ്യുന്നത്. ഹെര്‍മന്‍ ഹെസ്സെയുടെ 'സിദ്ധാര്‍ത്ഥ'യുടെ ഇന്‍ഫ്‌ലുവെന്‍സ് കൊണ്ടാണ് ഇതിലേക്ക് സെല്‍ഫ് എക്‌സ്‌പ്ലൊറേഷന്‍ എന്ന ഐഡിയ വരുന്നത്.

വിഘ്നേഷ് പി ശശിധരൻ

ആര്‍ക്കിടെക്ചര്‍ ബിരുദധാരിയായ വിഘ്നേഷ് പി ശശിധരന്റെയും സുഹൃത്തുക്കളുടെയും കൂട്ടായ്മയില്‍ ഒരുങ്ങിയ സിനിമ ഒരു ലക്ഷം രൂപ ബഡ്ജറ്റില്‍, പത്ത് ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

മനുഷ്യന്റെ ഉല്‍പത്തിയുടെ കഥ പോലെയാണ് ഈ സിനിമ പ്ലേസ് ചെയ്തിരിക്കുന്നതെന്ന് വിഘ്‌നേഷ് പറയുന്നു. ഒ.വി വിജയന്റെ ധര്‍മ്മപുരാണം, ഹെര്‍മന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥ പോലെ ഒരുപാട് പുസ്തകങ്ങളുടെ റഫറന്‍സ് സിനിമയിലുണ്ട്. വളരെ വ്യത്യസ്തമായ ആശയങ്ങള്‍ മുഴച്ചുനില്‍ക്കാത്ത രീതിയില്‍ ചേര്‍ത്തുതുന്നിയതില്‍ സംവിധായകന്റെ കഴിവ് പ്രകടമാണ്.

parthan suresh

1945 ല്‍ സെറ്റ് ചെയ്തിരിക്കുന്ന സിനിമ രാജ്യത്തെ രാഷ്ട്രിയവും സാമൂഹികവുമായ സാഹചര്യങ്ങളെയും യുദ്ധത്തിലൂടെ പ്രതിനിധികരിക്കുന്നുണ്ട്. ഏഴ് അദ്ധ്യായങ്ങളായാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ഓരോ അദ്ധ്യായങ്ങളിലും കഥാപാത്രങ്ങള്‍ക്ക് വല്യ പരിവര്‍ത്തനം ആണ് സംഭവിക്കുന്നത്. സ്പിരിച്വാലിറ്റിയുടെയും മിസ്റ്റിസിസത്തിന്റെയും വലിയ സ്വാധീനവും സിനിമയില്‍ കാണാം. കാവല്‍ക്കാരന്‍ ഉദ്യാനത്തിനകത്തെ ദേവാലയം അന്വേഷിച്ചു പോകുന്നതും ഇതേ സ്പിരിച്വാലിറ്റിയുടെ ഫലമാണ്. അയാള്‍ക്ക് വേണ്ടതും മോക്ഷമാണ്, അതിലൂടെ കിട്ടാവുന്ന സന്തോഷമാണ്. സിനിമയിലെ കേന്ദ്രകഥാപാത്രമായ കാവല്‍ക്കാരനെ അവതരിപ്പിച്ചിരിക്കുന്നത് അരുണ്‍ കുമാറാണ്. മികച്ച പ്രകടനം തന്നെയാണ് സിനിമയിലൂടെ നീളം അരുണ്‍ കാഴ്ചവെച്ചിരിക്കുന്നത്. ഒട്ടേറെ മലയാള സിനിമകളില്‍ അഭിനയിച്ച കൃഷ്ണന്‍ പോറ്റിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു പരീക്ഷണ സിനിമ എന്ന രീതിയില്‍ തന്നെ ഉദ്ധരണി വളരെ വ്യത്യസ്തമായ ചിത്രമാണ്. സങ്കീര്‍ണ്ണമായ ഒരു 'മേസ്' പോലെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിനുത്തരം കണ്ടുപിടിക്കുന്ന നിമിഷം പ്രേക്ഷകനും ഇതിലെ കഥാപാത്രം കൈവരിക്കുന്ന മോക്ഷം ലഭിച്ചേക്കാം. ആ തിരിച്ചറിവാണ് 'ഉദ്ധരണി' പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് പങ്കുവെക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in