'ആക്റ്റിംഗിനെക്കാളും ഫിസിക്കലി രാജലക്ഷ്മിയെ എങ്ങനെ കൺവിൻസ്‌ ആക്കുമെന്നായിരുന്നു പ്രധാന ടെൻഷൻ' ; നടി സരിത കുക്കു അഭിമുഖം

'ആക്റ്റിംഗിനെക്കാളും ഫിസിക്കലി രാജലക്ഷ്മിയെ എങ്ങനെ കൺവിൻസ്‌ ആക്കുമെന്നായിരുന്നു പ്രധാന ടെൻഷൻ' ; നടി സരിത കുക്കു അഭിമുഖം

നവാഗതനായ വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്ത് അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി എന്റർടൈനർ ചിത്രമാണ് മന്ദാകിനി. അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവർ അവതരിപ്പിക്കുന്ന ആരോമലിന്റെയും അമ്പിളിയുടെയും വിവാഹവും തുടർന്ന് ആ രാത്രിയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിൽ രാജലക്ഷ്മിയായി അഭിനയിക്കുമ്പോൾ അത് കൺവിൻസിംഗ് അല്ലാതെ പോകുമോയെന്ന പേടിയുണ്ടായിരുന്നു തനിക്കെന്ന് നടി സരിത കുക്കു. ആക്റ്റിംഗിനെക്കാളും ഫിസിക്കലി ഈ കഥാപാത്രത്തെ എങ്ങനെ കൺവിൻസ്‌ ആക്കുമെന്നായിരുന്നു എന്റെ പ്രധാന ടെൻഷൻ. സിനിമയുടെ ഫസ്റ്റ് ഷോട്ട് വരെ ഞാനും സംവിധായകനും കൺവിസ്ഡ് അല്ലായിരുന്നു.മേക്ക് അപ്പ് ഒക്കെ ചെയ്ത് ആദ്യത്തെ ഫോട്ടോ ഷൂട്ട് കഴിയുമ്പോഴാണ് സംവിധായകൻ യെസ് പറയുന്നതെന്നും സരിത കുക്കു ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചിത്രത്തിൽ ആരോമലിന്റെ അമ്മയായ രാജലക്ഷ്മി എന്ന കഥാപാത്രത്തെയാണ് സരിത കുക്കു അവതരിപ്പിക്കുന്നത്.

പ്രേക്ഷക പ്രതികരണങ്ങളെക്കുറിച്ച്

ഒരുപാട് പേർ പല സ്ഥലങ്ങളിൽ നിന്ന് സിനിമ കണ്ടിട്ട് വിളിക്കുന്നുണ്ട് അതിൽ വളരെ സന്തോഷം. ഇത്രയും ദിവസം ഞങ്ങൾ തിയറ്ററിൽ പോയി ആളുകളുടെ റെസ്പോൺസ് കണ്ടു. ആളുകൾ എൻജോയ് ചെയ്യുന്നതും ചിരിക്കുന്നതും കണ്ടതിൽ സന്തോഷമുണ്ട്. പുറത്തിറങ്ങുമ്പോൾ ആളുകൾക്ക് എന്നെ തിരിച്ചറിയാൻ പറ്റുന്നില്ല പക്ഷെ ഒരു അഞ്ച് മിനിറ്റ് അവിടെ കറങ്ങുമ്പോൾ ഒരു സംശയം ഒക്കെ തോന്നി നിങ്ങളല്ലേ അത് എന്ന് ചോദിക്കുന്ന കുറേ മൊമെന്റ്‌സ്‌ ഉണ്ടായി. തിയറ്ററിലേക്ക് കൂടുതൽ ആളുകൾ കേറുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ കിട്ടുന്നത്. ഞാറാഴ്ചയൊക്കെ നിറഞ്ഞ സദസ്സിൽ സിനിമ പ്രദർശിപ്പിച്ചു എന്ന് അറിയാൻ സാധിച്ചു. പലപ്പോഴും രാവിലത്തെ ഷോയ്ക്ക് ആളുകൾ കേറുന്നത് കുറവായിരിക്കും, കാരണം ഇതൊരു വലിയ സ്റ്റാർ കാസ്റ്റ് ഫിലിം ഒന്നുമല്ലല്ലോ. അത്തരത്തിൽ ചെറിയ ഒരു സിനിമക്ക് രാവിലെ ആളുകൾ കയറുന്നു എന്ന് പറയുന്നത് ഒരു വലിയ അച്ചീവ്‌മെന്റ് ആയി ഞാൻ കാണുന്നു.

കഥാപാത്രത്തെ ക്രാക്ക് ചെയ്തത്

ഒരു അമ്മയെന്ന നിലയിൽ ആ സന്ദർഭത്തിൽ എങ്ങനെയാണ് റിയാക്റ്റ് ചെയ്യുന്നത് എന്ന് മാത്രമേ ഞാൻ ചിന്തിച്ചിരുന്നുള്ളു. ഞാൻ കണ്ട എല്ലാ അമ്മമാരിലും ഒരു സ്ട്രോങ്ങ് എലമെന്റ് എപ്പോഴുമുണ്ടാകും. വളരെ റഫ് ആയി, ദേഷ്യപ്പെട്ട് നടക്കുന്ന ഒരു സ്വഭാവത്തെയാണ് ആ കഥാപാത്രത്തിന്റെ ഒരു ബേസിക്ക് കാര്യമായി കണക്കാക്കിയിരുന്നത്. കഥാപാത്രത്തിനെ പരമാവധി സ്ട്രോങ്ങ് ആയി നിർത്തുകയും വേണം. എല്ലാ ഫാക്ടർസിനെയും മനസ്സിൽ വച്ചാണ് ഓരോ ഘട്ടത്തിലും ആ കഥാപാത്രത്തിനെ മാറ്റിയെടുത്തത്. പക്ഷെ കട്ട് പറഞ്ഞാൽ ചിരിയാണ്. ചിലപ്പോഴൊക്കെ എന്റെ ചിരിയുടെ ഒച്ച മാത്രമേ അവിടെ കേട്ടിരുന്നുള്ളു.

അമ്മയായി കൺവിൻസ്‌ ആകുമോയെന്ന ടെൻഷൻ

രണ്ടാം പകുതിയിൽ ഈ സിനിമ ഇങ്ങനെയാണ് പിക്ച്ചറൈസ് ചെയ്തു വരുക എന്ന് തിയറ്ററിൽ ഇരുന്നു കാണുമ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്. ഇത്ര ബിൽഡ് അപ്പ് കൊടുത്ത് ഈ ലെവലിലേക്ക് സിനിമ പോകുമെന്ന് ഞാൻ ചിന്തിക്കുന്നില്ല. ആദ്യം സ്ക്രിപ്റ്റ് വായിച്ചപ്പോൾ എനിക്കതിലെ കോമഡികൾ ഒന്നും മനസ്സിലായിരുന്നില്ല. അത് എന്റെ മലയാളത്തിന്റെ കുഴപ്പം കൊണ്ടാണ്, ഞാൻ ജനിച്ചതും വളർന്നതുമൊക്കെ കൊൽക്കത്തയിലും ബംഗളൂരിലുമൊക്കെയാണ്. അതുകൊണ്ട് മലയാളം വായിച്ചു അതിന്റെ ഹ്യൂമർ മനസ്സിലാക്കാൻ എനിക്ക് കുറച്ച് സമയമെടുക്കും. എന്റെ സുഹൃത്തിന്റെയടുത്ത് പോയി സ്ക്രിപ്റ്റ് വായിച്ചപ്പോൾ അവർ ചിരിക്കുന്നത് കണ്ടു. അപ്പോൾ അവരാണ് പറഞ്ഞു തരുന്നത് ഇത് ഇങ്ങനെയാണ് വരുന്നത് എന്നൊക്കെ. ഒരു ആക്ടർ എന്നുള്ള നിലയിൽ നല്ല രീതിയിൽ പെർഫോം ചെയ്യാനുള്ള സ്പേസ് ഈ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായിരുന്നു. ഇത്രയും നാൾ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് മാറിയൊരു സ്‌പേസിലാണ് ഈ കഥാപാത്രം നിൽക്കുന്നതെന്ന ഒബ്‌സർവേഷൻ ആയിരുന്നു ആദ്യം എനിക്കുണ്ടായിരുന്നത്. ആക്റ്റിംഗിനെക്കാളും ഫിസിക്കലി ഈ കഥാപാത്രത്തെ എങ്ങനെ കൺവിൻസ്‌ ആക്കുമെന്നായിരുന്നു എന്റെ പ്രധാന ടെൻഷൻ. മഞ്ജു പിള്ളയെ ആയിരുന്നു ഈ കഥാപാത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത്. കോമഡി അവർ വളരെ ഈസി ആയി ഡീൽ ചെയ്യും, സീരിയസ് കഥാപാത്രം ചെയ്യാനും ബുദ്ധിമുട്ടില്ല. ഡേറ്റ് ഇഷ്യൂസ് കാരണമാണ് മഞ്ജു പിള്ള മന്ദാകിനിയിൽ നിന്ന് പിന്മാറുന്നത്. മഞ്ജു പിള്ള ചെയ്യാനിരുന്ന ഒരു കഥാപാത്രത്തിലേക്ക് ഞാൻ എങ്ങനെ പ്ലേസ് ആകുമെന്ന ടെൻഷൻ എനിക്ക് ഉണ്ടായിരുന്നു. ബോഡി ലാംഗ്വേജ്, എന്റെ ഫിസിക്കൽ അപ്പിയറൻസ് ഒക്കെ കൃത്യമായി കൊണ്ടുവരാൻ സാധിക്കുമോയെന്ന് ആയിരുന്നു ഏറ്റവും വലിയ ടെൻഷനും പേടിയും. സിനിമയുടെ ഫസ്റ്റ് ഷോട്ട് വരെ ഞാനും സംവിധായകനും കൺവിൻസ്‌ഡ് അല്ലായിരുന്നു. സംവിധായകന് കൺവിൻസ്‌ ആയാൽ മാത്രമേ ഈ പ്രൊജക്റ്റ് ചെയ്യൂ എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. മനു എന്ന എന്റെ മേക്ക് അപ്പ് മാൻ ആണ് വളരെ കോൺഫിഡന്റ് ആയി എന്നെകൊണ്ട് ഇത് ചെയ്യാൻ പറ്റുമെന്ന് പറഞ്ഞത്. മേക്ക് അപ്പ് ഒക്കെ ചെയ്ത് ആദ്യത്തെ ഫോട്ടോ ഷൂട്ട് കഴിയുമ്പോഴാണ് സംവിധായകൻ യെസ് പറയുന്നത്. കുറച്ച് തടി കൂട്ടാം എന്ന് പറഞ്ഞത് ഞാൻ ആണ്. ഒരു പത്ത് പതിനഞ്ച് ദിവസമേ എനിക്ക് കിട്ടിയിട്ടുള്ളു അതിൽ മാക്സിമം ചെയ്യാൻ പറ്റുന്നത് ഞാൻ ചെയ്തിട്ടുണ്ട്. ഈ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം ആണ് ഇത്. പാളിപ്പോയാൽ അത് സിനിമയെ മുഴുവനായി ബാധിക്കും. ഞാൻ കാരണം കഥാപാത്രം കൺവിൻസിംഗ് അല്ലാതെ പോകുമോയെന്ന പേടിയുണ്ടായിരുന്നു. ആ കഥാപാത്രത്തിലേക്ക് എനിക്ക് എന്നെ പ്ലേസ് ചെയ്യാൻ പറ്റി അത് ആളുകൾക്ക് കൺവിൻസിംഗ് ആയി തോന്നി എന്നതാണ് ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരം.

സ്റ്റീരിയോടൈപ്പ്‌ ബ്രേക്ക് ചെയ്യുന്നതിന് കുറിച്ച്

ഇതുവരെ പുതിയ പ്രൊജക്റ്റുകൾ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. നേരത്തെ കമ്മിറ്റ് ചെയ്ത വർക്കുകളുടെ പ്രീ പ്രൊഡക്ഷൻ ഇപ്പോൾ നടക്കുകയാണ്. അത് ഈ വർഷം തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അർജുൻ അശോകൻ നായകനാകുന്ന ആനന്ദ് ശ്രീബാല എന്ന സിനിമയിൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ആയി ഒരു വേഷം ചെയ്തിരുന്നു അത് ഇനി റിലീസാകാനുണ്ട്. വളരെ ചെറിയൊരു കഥാപാത്രമാണത്. മന്ദാകിനി കഴിഞ്ഞയുടൻ കമ്മിറ്റ് ചെയ്ത സിനിമയാണത്. മന്ദാകിനിക്ക് ശേഷം അമ്മ വേഷത്തിൽ സ്റ്റീരിയോടൈപ്പ് ആകുമോയെന്ന് ഒരു പേടിയുണ്ടായിരുന്നു. ഞാൻ കൂടുതലും പാരലൽ സിനിമകളാണ് വർക്ക് ചെയ്തിരിക്കുന്നത്. ഇനി മുഴുവൻ അമ്മ മാത്രമായി പോകുമോയെന്ന പേടിയുള്ളത് കൊണ്ട് അതിനെ ബ്രേക്ക് ചെയ്യാൻ തിരഞ്ഞെടുത്ത സിനിമയാണ് ആനന്ദ് ശ്രീബാല. മഹേഷ് എന്ന സംവിധായകൻ ഒരുക്കുന്ന ധ്യാൻ ശ്രീനിവാസൻ സിനിമയിലും ഒരു പോലീസ് വേഷം ചെയ്യന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in