ഫഹദിന്റെ ഒരൊന്നൊന്നര രണ്ടാം വരവ്

ഫഹദിന്റെ ഒരൊന്നൊന്നര രണ്ടാം വരവ്

ഫഹദ് ഫാസിൽ എന്നൊരാളെക്കുറിച്ച് നിങ്ങൾ സംസാരിച്ചു തുടങ്ങുകയാണെങ്കിൽ കൈയ്യെത്തും ദൂരത്ത് അയാൾക്ക് നഷ്ടമായ വിജയത്തിലായിരിക്കും ചിലപ്പോൾ നിങ്ങൾ തുടങ്ങുക. അടയാളപ്പെടുത്താനാകാതെ അടിതെറ്റിയ അരങ്ങേറ്റമായിരുന്നു ഫഹദിന്റേത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ ഫാസിൽ, മോഹൻലാലിനെ മലയാളത്തിന് പരിചയപ്പെടുത്തിയ സംവിധായകൻ തന്നെയാണ് മകൻ ഫഹദിനെ ക്യാമറയ്ക്ക് മുന്നിലെത്തിച്ചത്. ഷാനു എന്ന വിളിപ്പേരിലെത്തിയ ഫഹദ് സച്ചിൻ മാധവൻ എന്ന നായക കഥാപാത്രമായി ഒരു പ്രണയചിത്രത്തിലെത്തി. മറ്റൊരു അനിയത്തി പ്രാവും കുഞ്ചാക്കോ ബോബനും ഫാസിൽ പ്രതീക്ഷിച്ചിരുന്നുവെങ്കിലും സാധ്യമായില്ല. മോശം അരങ്ങേറ്റമായിരുന്നു കയ്യെത്തും ദൂരത്ത് എന്ന സിനിമയിലേത്. കയ്യെത്തും ദൂരത്ത് സംഭവിച്ച് കഴിഞ്ഞതാണെന്നും ആ സിനിമയെക്കുറിച്ച് ഓർത്ത് നിരാശയോ നഷ്ടബോധമോ ഇല്ലെന്നുമാണ് ഫഹദ് പിന്നീട് പറഞ്ഞിട്ടുള്ളത്. ഫാസിലിന്റെ മകന് ഒരുപക്ഷേ തുടർന്നുള്ള അവസരം ബുദ്ധിമുട്ടായിരുന്നിട്ടുണ്ടാവില്ല, പക്ഷേ പിന്മാറാനാരുന്നു അയാൾ തീരുമാനിച്ചത്. തുടർവിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് തിരിച്ച ഫഹദ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയത് ഏഴ് വർഷത്തിന് ശേഷമാണ്.

തിയറ്ററ്‍ സ്ക്രീനിലെ പോപ്പുലർ നായക ടെംപ്ലേറ്റുകളെ പൊളിച്ചൊരു രൂപമായി, കഷണ്ടി കയറി തലയും നീണ്ടു മെലിഞ്ഞ രൂപവുമായി കഥാപാത്രശരീരത്തിലൂടെ സ്വാഭാവികമായി ഇടപെടുന്ന ഒരു നടനായിരുന്നു പിന്നീട് കേരള കഫേയിലെത്തിയത്. അയാളെ ആരും അധികം തിരിച്ചറിഞ്ഞില്ല, പക്ഷേ പിന്നീട് രണ്ട് മൂന്ന് ചിത്രങ്ങളിൽ ചെറിയ കഥാപാത്രങ്ങളായി സ്ക്രീനിൽ തുടർന്നു, ഒന്നും മോശമാക്കിയില്ല. ആരും ഇയാളിതെന്താണ് കാണിക്കുന്നതെന്ന് ചോദിച്ചതുമില്ല. എന്നാൽ മലയാള സിനിമയിലെ തന്നെ അഭിനയ രീതികളെ പൊളിച്ചെഴുതിക്കൊണ്ട്, 2011ൽ ഫഹദ് കാണികൾക്ക് മുന്നിലെത്തി. പഴയ ആ ഫഹദ് അല്ല, ഈ ഫഹദ് എന്ന ഉറപ്പാക്കലിലേക്ക് ചാപ്പാക്കുരിശ് എന്ന ചിത്രം പ്രേക്ഷകരെ നയിച്ചു. കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലെ ചോക്ലേറ്റ് ഹീറോയായ സച്ചിന്റെ പതർച്ചകളിൽ നിന്ന് അർജുനൻ എന്ന നാഗരികയുവാവിന്റെ ശരീരഭാഷയിലേക്കുള്ള പാകപ്പെടൽ.

കഥാപാത്രമായി വിശ്വസനീയമായി പെരുമാറുകയാണ് ഫഹദ് ചെയ്തത്. സ്വയം പരിശീലിപ്പിച്ചെടുത്ത ഭാവവിനിമയരീതി, ഒരു തരം അണ്ടർപ്ളേ അതായിരുന്നു അയാളുടെ ഹൈലൈറ്റ്, ഫോർട്ട് കൊച്ചിയിലെ ഡ്രൈവർ റസൂലാകുമ്പോഴും ഭാവനാ സ്റ്റുഡിയോയിലെ മഹേഷാകുമ്പോഴും നത്തോലിയിലെ പ്രേമനും, ആമേനിലെ സോളമനും പേര് പോലും കട്ടെടുത്ത് ജീവിക്കുന്ന തൊണ്ടിമുതലിലെ കള്ളനിലും, പതിയെ പതിയെ ‍ഒരു വീട്ടിലേക്കും പ്രേക്ഷകരിലേക്കും ചോര പടർത്തുന്ന ജോജിയിലും ആ കഥകളിലെ ജീവിതപരിസരങ്ങളിൽ തന്നെ പാർക്കുന്നവരാണെന്ന് വിശ്വസിപ്പിച്ചെടുക്കുന്ന ഭാവഭദ്രത. ഫഹദ് ഫാസിൽ എ്ന്ന നടനിലൂടെ കൂടെ മുന്നേറുന്നതായി മലയാളത്തിലെ പുതുതലമുറ സിനിമയുടെ ചരിത്രം. 2011 മുതൽ 2018 വരെയുള്ള കാലയളവിലെ ശ്രദ്ധയേമായ പരീക്ഷണങ്ങളിൽ, കഥ പറച്ചിലിലും ആവിഷ്‌കരണത്തിലും നവീനത അനുഭവപ്പെടുത്തിയ സിനിമകളിൽ ആവർത്തിക്കപ്പെട്ട മുഖമാണ് ഫഹദ് ഫാസിൽ.

2011ൽ ചാപ്പാക്കുരിശ് എന്ന സിനിമയിലെ അർജ്ജുൻ, 2012ൽ 22 ഫിമെയിൽ കോട്ടയം എന്ന ചിത്രത്തിലെ പ്രതിനായകനായ സിറിൽ മാത്യു എന്ന കോട്ടയത്തുകാരൻ, ഡയമണ്ട് നെക്ലേസിൽ ദുബായിൽ ധൂർത്ത ജീവിതത്തിനൊടുവിൽ നിലയില്ലാക്കയത്തിലായ ഡോക്ടർ അരുൺകുമാർ, ഫ്രൈഡേയിൽ ഓട്ടോ ഡ്രൈവർ ബാലു, അന്നയും റസൂലിലെ ഫോർട്ട് കൊച്ചി സ്വദേശിയായ റസൂൽ, നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമയിലെ പ്രേമനും നരേന്ദ്രനും, റെഡ് വൈനിലെ സഖാവ് സി വി അനൂപ്, ആമേനിലെ സോളമൻ, അകം എന്ന ചിത്രത്തിലെ ശ്രീനി, ഒളിപ്പോരിലെ അജയൻ, ആർട്ടിസ്റ്റിലെ മൈക്കലാഞ്ചലോ, നോർത്ത് 24 കാതം എന്ന സിനിമയിലെ ഹരികൃഷ്ണൻ, ഇന്ത്യൻ പ്രണയകഥയിലെ അയ്മനം സിദ്ധാർത്ഥൻ, ബാാം​ഗ്ലൂർ ഡേയ്സിലെ ശിവ​ദാസ്, ഇയ്യോബിന്റെ പുസ്തകത്തിലെ അലോഷി, ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത്രയും വൈവിധ്യതയുള്ളതും വെല്ലുവിളിയേകുന്നതുമായ കഥാപാത്രങ്ങളെ അഭിനയിച്ച നടൻമാർ പുതുതലമുറയിൽ കാണില്ല. ഇതിലെല്ലാം മലയാള സിനിമയുടെയും ഒരു മാറ്റം സംഭവിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് തട്ടുപൊളിപ്പൻ വാണിജ്യ സിനിമകളിലേക്ക് കൈവച്ചപ്പോൾ ആ തീരുമാനം തെറ്റാണെന്ന് ബോക്‌സ് ഓഫീസ് വിധിയെഴുതി. പിന്നീട് സിനിമകളുടെ എണ്ണം കുറയ്ക്കാനും ഏറ്റെടുത്ത പല സിനിമകളിൽ നിന്നും അഡ്വാൻസ് തിരികെ നൽകി പിൻമാറിയും തന്നിലെ നടനെ സംരക്ഷിക്കാൻ അയാൾ തീരുമാനവുമെടുത്തു. മണിരത്‌നം, മറിയംമുക്ക്, ഗോഡ്‌സ് ഓൺ കൺട്രി, വൺ ബൈ ടു, ഒളിപ്പോര്, അയാൾ ഞാനല്ല എന്നീ സിനിമകളുടെ പരാജയം ഫഹദിന്റെ തീരുമാനം ശരി വയ്ക്കുന്നതായിരുന്നു. പിന്നീട് വീണ്ടും ഇതിന്റെ തുടർച്ചയിലാണ് മഹേഷിന്റെ പ്രതികാരം എത്തിയത്.

മലയാള സിനിമയെ മുന്നോട്ട് നയിക്കുന്ന നടന് ബോക്സ് ഓഫീസ് ഹിറ്റ് അനിവാര്യമായ സമയത്താണ് ദിലീഷ് പോത്തൻ മഹേഷിന്റെ പ്രതികാരം കൊണ്ട് വന്ന് നിർത്തുന്നത്. അത് ഫഹദിന്റെ പിഴവില്ലാത്ത തെരഞ്ഞെടുപ്പുമായിരുന്നു. കുടംപുളിയും കഴുകിവെച്ച അണ്ടർവെയറും കൈയ്യിൽ പിടിച്ച് കഴുകി വൃത്തിയാക്കിയ ചെരിപ്പുമായി മഹേഷ് പ്രേക്ഷകരുടെ ഉള്ളിലേക്ക് കയറി, വൈകാരിക രംഗങ്ങളിൽ അതിഭാവുകത്വത്തിലേക്കോ നാടകീയതയിലേക്കോ പതറിപ്പോകുന്ന മറ്റുനടന്മാർക്കിടയിൽ നിയന്ത്രിതാഭിനയം കൊണ്ട് ഫഹദ് ബെഞ്ച്മാർക്ക് സെറ്റ് ചെയ്തു. ചാച്ചനുമായുള്ള മുഹൂർത്തങ്ങൾ, വിവാഹദിനത്തിലെ മഹേഷിന്റെ സംഘർഷങ്ങൾ ഒളിപ്പിച്ച നോട്ടം, എല്ലാം അതേ തീവ്രതയിൽ പ്രേക്ഷകരിലേക്കെത്തി. എത്രയെളുപ്പമാണ് അയാളുടെ കണ്ണ് ചലിക്കുന്നതെന്നും എത്രയെളുപ്പമാണ് അയാൾ അഭിനയിക്കുന്നതെന്നും പ്രേക്ഷകർ കൊതിച്ചു പോയി. അയാളുടെ കണ്ണുകളിലെ മാന്ത്രികതയ്ക്ക് പിന്നാലെ പ്രേക്ഷകർ തേടിപ്പോകാൻ തുടക്കവും മഹേഷിന്റെ വ്യൂഫൈൻഡറിന് അരികിൽ കിടന്ന് പിടക്കുന്ന കണ്ണുകളായിരുന്നു.

ദിലീഷ് പോത്തൻ തന്നെ പിന്നീട് രണ്ട് തവണ ഫഹദുമായി വീണ്ടും ഒന്നിച്ചു പേരുപോലും കട്ടെടുത്ത വിശപ്പല്ലേ എല്ലാമെന്ന് പറഞ്ഞ കള്ളൻ. അതുവരെ ഫഹദ് ചെയ്തതിൽ ഏറ്റവും സങ്കീർണമായ കഥാപാത്രം. ബസ്സിൽ നിന്നുള്ള ആദ്യ രംഗത്തിൽ കണ്ണുകളിലൂടെയാണ് ഫഹദിനെ പരിചയപ്പെടുത്തുന്നുണ്ട്. കണ്ണുകളിലൂടെ മാത്രം തന്റെ കഥാപാത്രത്തെ സ്വഭാവസഹിതം പരിചയപ്പെടുത്തുന്നുണ്ട് ഫഹദവിടെ. മാന്ത്രികന്റെ കൗശലവിദ്യപോലെ ഞൊടിയിടെയിൽ ഭിന്ന വികാരങ്ങളിലേക്ക് മാറിമറഞ്ഞുപോകുന്നുണ്ട് ഫഹദിന്റെ കഥാപാത്രം. സമ്മർദ്ദപ്പെരുക്കത്തിലേക്ക് ചുറ്റുമുള്ളവരെയെല്ലാം എടുത്തെറിഞ്ഞ് കണ്ണുകളാൽ ചിരിക്കുന്നുണ്ട് ഈ കഥാപാത്രം.പിന്നീട് വീണ്ടും ജോജി, രൂപമാറ്റത്തിലും അവിടെ അയാൾ ഞെട്ടിക്കുകയായിരുന്നു. അപ്പോഴേക്കും നായകനപ്പുറത്തേക്ക് വില്ലനായിക്കൂടി ഫ്രെയിമിലെത്താൻ ഫഹദ് തുടങ്ങിയിട്ടുണ്ടായിരുന്നു. ഇതിനിടയിൽ വരത്തനും ഞാൻ പ്രകാശനും കുമ്പളങ്ങി നൈറ്റ്സും സൂപ്പർ ഡീലക്സും ട്രാൻസുമെല്ലാം കഴിഞ്ഞിട്ടുണ്ടായിരുന്നു. അവിടെയെല്ലാം ഒന്നിൽ നിന്ന് മറ്റൊന്നിനോട് സാമ്യം തോന്നാത്ത വിധത്തിൽ കഥാപാത്രങ്ങളെ മാത്രം ഫ്രെയിമിൽ കാണിച്ചുകൊണ്ട് ഫഹദ് സ്കോർ ചെയ്തുകൊണ്ടിരുന്നു.

പെരുമാറ്റത്തിലും ചലനങ്ങളിലും ഒരാൾ മറ്റൊരാളായി മാറി അഭിനയിച്ച് ഫലിപ്പിക്കുകയാണെന്ന തോന്നലുണ്ടാക്കാതെ കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങുകയാണ് ഫഹദിന്റെ രീതി. സൂപ്പർതാര ഇമേജുണ്ടാക്കാൻ ശ്രമിക്കാതെ മലയാള സിനിമയിലെ പുതുപരീക്ഷണങ്ങൾക്ക് തന്നിലെ നടനെ അയാൾ വിട്ടുകൊടുത്തു. ഫാൻസ് അസോസിയേഷനെക്കുറിച്ച് ചോദിച്ചപ്പോൾ പിള്ളേര് പഠിക്കട്ടെയെന്നായിരുന്നു അയാളുടെ മറുപടി. അയാളുടെ പകർന്നാട്ടം കണ്ടവർക്ക് അറിയാമായിരുന്നു അയാളെ തേടി മലയാളത്തിന് പുറത്ത് നിന്നും ആളുകൾ തേടിയെത്തുമെന്നും. അത് സംഭവിക്കുക തന്നെ ചെയ്തു, കൊവിഡിന് മുന്നേ അത് ചെറുതായിരുന്നെങ്കിൽ , ലോക് ഡൗണിൽ സീയൂ സൂൺ കൊണ്ട് മഹേഷ് നാരായണനൊപ്പം അയാൾ പാൻ ഇന്ത്യൻ ലെവലിലേക്ക് മലയാള സിനിമയെ ചർച്ചയിലേക്കെത്തിച്ചു. ലോക്ഡൗൺ അവസാനിച്ചപ്പോൾ പിന്നെ ഫഹദിനെ തേടിയിറങ്ങാത്ത ഭാഷകളുമില്ല.

മൂന്ന് സിനിമകളാണ് തമിഴിലും തെലുങ്കിലുമായി ഫഹദ് അടുത്തിടെ ചെയ്തത്, പുഷ്പയിലെ ഭൻവാർ സിങ്ങ് ഷെഖാവത്തായി അയാൾ ചെന്ന് നിന്നത് തെലുങ്കിലെ മാസ്സ് ഓ‍ഡിയൻസിന് മുന്നിലായിരുന്നു. ഒരുപാട് മാസ്സ് വില്ലന്മാരെ കണ്ടിട്ടുള്ള, നൂറ് പേരെയടിച്ചിടുന്ന , ക്രൂരന്മാരായ വില്ലന്മാർക്കിടയിൽ ഷെഖാവത്ത് കസേര വലിച്ചിടുന്നത് ഫഹദിന്റെ പെർഫോർമൻസുകൊണ്ടാണ്. പിന്നീട് കമൽഹാസനൊപ്പം അമറായി വിക്രത്തിലേക്ക്. പെർഫക്ട് മാസ്സ് കോമ്പിനേഷനിൽ തിയറ്ററുകളെ ഇളക്കിമറിക്കാൻ ഒപ്പം കമൽഹാസൻ ട്രിബ്യൂട്ടുമായി ലോകേഷ് ഒരുക്കിയ ചിത്രത്തിൽ ഫഹദ് തന്നെയേൽപ്പിച്ച ഭാ​ഗം പെർഫക്ടാക്കി. കമൽഹാസനെ വെല്ലുവിളിക്കാൻ, തുറിച്ചു നോക്കാൻ ഫഹദിന്റെ കണ്ണുകൾ റെഡിയായിരുന്നു. വീണ്ടും മാസങ്ങൾക്ക് ശേഷം തമിഴിൽ മാമന്നൻ. അതും അൾട്ടിമേറ്റ് വില്ലനായി. മാരി സെൽവരാജ് ഫഹദിൽ നിന്ന് പ്രതീക്ഷിച്ചതെന്തോ , പ്രേക്ഷകർ പ്രതീക്ഷിക്കാത്തതെന്തോ അതായിരുന്നു സ്ക്രീനിൽ. നായകനായി കൈയ്യടിച്ചവർക്ക് മുന്നിലേക്ക് വില്ലനായി വെറുപ്പ് നിറച്ച രത്നവേലായി അയാൾ ജീവിച്ചു കാണിച്ചു. പക്ഷേ അപ്പോഴൊന്നും അയാൾ തിയറ്റർ സ്ക്രീനിന്റെ മറ പൊളിച്ച് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയില്ല, വിക്രം ആഘോഷിക്കുമ്പോൾ, മാമന്നനിലെ ഫഹദ് കൈയ്യടികൾ നേടുമ്പോൾ അയാൾ എവിടെയാണെന്ന് പോലും പ്രേക്ഷകർക്ക് അറിയില്ല.

കഥാപാത്രമായുള്ള അയാളുടെ ഒഴുക്കിൽ അയാൾ താരതമ്യം ചെയ്യപ്പെട്ടത് കൂടുതൽ മോഹൻലാലിനൊപ്പമായിരുന്നു. അനായാസം, ഞൊടിയിടയിൽ അയാൾക്കുള്ള മാറ്റം മോഹൻലാലിനെ പോലെ പ്രേക്ഷകർക്ക് തോന്നിയത് കൊണ്ടാവാം, ഉള്ളിൽ മുറിവേറ്റ, അണ്ടർ പ്ലേ നിറഞ്ഞ കഥാപാത്രങ്ങൾ കൈയ്യടക്കത്തോടെ ചെയ്യാൻ ഫഹദ് പ്രാപ്തനായതുകൊണ്ടാവാം ആ താരതമ്യങ്ങൾ ഇടക്കിടക്കുണ്ടായിക്കൊണ്ടിരുന്നു. എന്നാൽ മോഹൻലാൽ തന്നെ സ്വാധീവിക്കുമ്പോഴും അത് ആക്ടിങിൽ കടന്ന് വരാതെ, മോഹൻലാലിനെ പോലെ ആക്ടിം​ഗ് എൻജോയ് ചെയ്യാനാണ് താൻ ശ്രമിക്കുന്നതെന്ന് ഫഹദ് പറയുന്നു.

തന്റെ അഭിനയത്തെക്കൂടെ വിമർശനാത്മകമായി ഫഹദ് സംസാരിച്ചിട്ടുണ്ട്, മറിയംമുക്കിലും ഗോഡ്സ് ഓൺ കൺട്രിയിലും മണിരത്നത്തിലുംമെല്ലാം താൻ ബോറായിരുന്നുവെന്നാണ് അയാൾ പിന്നീട് പറഞ്ഞിട്ടുള്ളത്. ശ്രദ്ധിക്കാതെ പോയ സിനിമകളിൽ താനും മോശമായിരുന്നു. തന്നെ അറിയാവുന്നവർ തന്നെ നന്നായി എക്സ്പ്ലോർ ചെയ്തതായി തോന്നിയിട്ടുള്ളതായും അയാൾ പറയുന്നു. അയാൾ പറഞ്ഞതു പോലെ, അയാൾ തന്റെ കഥാപാത്രത്തെ ജ‍ഡ്ജ് ചെയ്യുന്നത് അയാൾക്ക് അത് പെർഫോം ചെയ്യുമ്പോൾ കിട്ടുന്ന ഹൈയിലാണ്, ചെയ്യുന്നത് ശരിയോ തെറ്റോയെന്ന് സംവിധായകൻ തീരുമാനിക്കണം, പക്ഷേ ഇത് ഒന്നുകൂടി ചെയ്തോട്ടെയെന്ന് ഒരു അഭിനേതാവ് ചോദിക്കുന്നത് ഒരു ഹൈക്ക് വേണ്ടിയാണ്. അടുത്തിടെ അയാൾ പറഞ്ഞത് ബിലാൽ കരയുന്നത് കണ്ടാണ് താൻ കരയാൻ പഠിച്ചതെന്നാണ്. ഉള്ളിൽ മുറിവേറ്റ കഥാപാത്രങ്ങൾ കൊണ്ട് , വെള്ളത്തിലേക്ക് കണ്ണ് തുറന്ന് പിടിച്ച് പിടക്കുന്ന റസൂലിനെയും, ഈ പ്രായത്തിൽ നല്ല വിശപ്പാണെന്ന് പറയുന്ന കള്ളനെയുമെല്ലാം ചെയതയാൾ പിന്നെയും അഭിനയം പഠിച്ചുകൊണ്ടിരിക്കുകയാണ്. ആ എക്സ്പ്ലോറേഷൻ തുടർന്നുകൊണ്ടിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in