Real to Reel : Mollywood's Blockbuster Tagline | ദി ബ്ലോക്കബ്സ്റ്റർ ഫോർമുല

ചിദംബരം ഒരുക്കിയ മഞ്ഞുമ്മൽ ബോയ്‌സിന്റെ അവസാനത്തോട് എത്തുമ്പോൾ ഒരു രംഗമുണ്ട്. സുഭാഷിനെയും തൂക്കിയെടുത്തു സിജു തിരികെ കയറും വഴി കയർ കുടുങ്ങുമ്പോൾ ലൂസടിക്കട എന്ന് പറഞ്ഞ് കൂട്ടുകാരെല്ലാം ഒറ്റകെട്ടായി ഒരുമെയ്യോടെ കണ്മണി അൻപോട് കാതലൻ എന്ന ഗാനത്തിന്റെ അകമ്പടിയോടെ അവരെ തിരികെ ജീവിതത്തിലേക്ക് വലിച്ചു കയറ്റുന്ന സീൻ. ഒരുപക്ഷെ കണ്ടു നിന്ന പ്രേക്ഷകർക്കെല്ലാം ഒരുപോലെ രോമാഞ്ചം നൽകിയ ചിത്രത്തിലെ മികച്ചൊരു രംഗം. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയെടുത്ത എന്താണ് അവസാനം സംഭവിക്കുന്നതെന്ന് അറിയാമായിരുന്നിട്ടും പ്രേക്ഷകർ ഒരുപോലെ ആ മോമെന്റിനായി കാത്തിരുന്നത് ചിത്രം അതുവരെ ഉണ്ടാക്കിയെടുത്ത ഇമോഷണൽ കണക്ട് കൊണ്ടും അവർക്കിടയിലെ സൗഹൃദത്തെ മികച്ചതായി വരച്ചുകാട്ടിയതും കൊണ്ടാണ്. രോമാഞ്ചം, 2018 എവരിവൺ ഈസ് എ ഹീറോ, കണ്ണൂർ സ്‌ക്വാഡ്, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം. കഴിഞ്ഞ ഒരു വർഷത്തെ മലയാള സിനിമയുടെ വിജയകണക്കുകൾ എടുത്തുനോക്കിയാൽ അതിൽ ബ്ലോക്‌ബസ്റ്ററുകളും, ഇൻഡസ്ടറി ഹിറ്റും, 200 കോടിയുമുൾപ്പടെയുള്ള പട്ടങ്ങൾ ചാർത്തികിട്ടിയ പടങ്ങൾക്കെല്ലാം ഒരു പൊതു സ്വഭാവമുണ്ട്. ഒരു യഥാർത്ഥ സംഭവത്തെയോ, വ്യക്തികളെയോ അവരുടെ അനുഭവത്തെയോ ആസ്പദമാക്കിയാണ് ഇവയെല്ലാം ഒരുങ്ങിയിരിക്കുന്നത്. 'ബേസ്ഡ് ഓൺ റിയൽ ലൈഫ്'/ ബേസ്ഡ് ഓൺ റിയൽ ഇൻസിഡന്റ്സ് എന്ന ടാഗോടെയാണ് ഈ സിനിമകളെല്ലാം ആരംഭിക്കുന്നതും. എന്നാൽ ഈ യഥാർത്ഥ സംഭവങ്ങളെ വെറുതെ കാണിച്ചുപോകുകയല്ല ഈ ചിത്രങ്ങൾ ചെയ്തിട്ടുള്ളത്.

ശരിക്കും നടന്നൊരു സംഭവത്തെ അതേപടി സ്ക്രീനിലേക്ക് പകർത്താതെ പ്രേക്ഷകരിലേക്ക് അവയെ എത്തിക്കാൻ കൃത്യമായ ഒരു ടൂൾ ഈ സിനിമയിലെല്ലാം ഉപയോഗിച്ചിട്ടുണ്ട്. ഒരു ഡോക്യുമെന്ററി സ്വഭാവത്തിലേക്ക് വഴുതിപ്പോകാതെ ഇത്തരം ടൂളുകൾ സിനിമയെ താങ്ങി നിർത്തുന്നുണ്ട്. ജിത്തു മാധവൻ ഒരുക്കിയ രോമാഞ്ചത്തിന്റെ പ്രചോദനം 2005 -2007 കാലഘട്ടത്തിൽ സംവിധായകൻ കൂട്ടുകാരുമൊത്ത് ബാംഗളൂരിൽ താമസിക്കവെ അനുഭവിച്ച കാര്യങ്ങളായിരുന്നു. എന്നാൽ തങ്ങളുടെ വളരെ പേർസണൽ ആയ അനുഭവങ്ങൾ വെറുതെ പറഞ്ഞു പോകാതെ അവയെ പ്രേക്ഷകരിൽ എത്തിക്കാൻ ജിത്തു മാധവൻ ഉപയോഗിച്ചത് ഭയമാണ്. കുറെ ചെറുപ്പക്കാരുടെ ചിരിപ്പടം മാത്രമായി പോകാതെ ജിത്തു മാധവൻ കൃത്യമായി ഹൊറർ എന്ന ടൂൾ സിനിമയിൽ പ്ലേസ് ചെയ്തു, അതുവഴി കഥയിലേക്ക് കാണികളെ കൊണ്ടുവരികയായിരുന്നു. അനാമിക എന്ന ആത്മാവും ഓജോ ബോർഡും കൂട്ടുകാർക്കിടയിലെ ഭയവും മണ്ടത്തരങ്ങളും ഒക്കെ സ്‌ക്രീനിൽ വന്നതോടെ ചിത്രം പ്രേക്ഷകർക്ക് പ്രിയങ്കരമാകുകയും ചെയ്തു. ചിരിയോടൊപ്പം തന്നെ ഇടയ്ക്കിടെ ഭയപ്പെടുത്താനും സിനിമക്ക് സാധിച്ചതോടെ രോമാഞ്ചം മികച്ചു നിന്നു.

ചിദംബരം ഒരുക്കിയ മഞ്ഞുമ്മൽ ബോയ്സ് ആകട്ടെ യഥാർത്ഥത്തിൽ സംഭവിച്ച അവിശ്വസിനീയമായ സംഭവത്തിന്റെ മികച്ചൊരു ദൃശ്യാവിഷ്കാരമായിരുന്നു. കുഴിയിൽ വീണ സുഭാഷിനെയും അയാളെ രക്ഷിച്ച സിജുവിന്റെ ധൈര്യത്തെ വെറും ഗിമ്മിക്കുകൾ മാത്രം ഉപയോഗിച്ച് പറഞ്ഞു പോകാതെ ചിദംബരം അവിടെ അവരെ കണക്ട് ചെയ്യാൻ ഉപയോഗിച്ചത് സൗഹൃദവും കമൽ ഹാസന്റെ ഗുണയും കൂടികലർത്തിയാണ്. കൂട്ടത്തിൽ ഒരുത്തൻ കുഴിയിൽ പോയെന്ന് അറിഞ്ഞത് മുതൽ അവനെ രക്ഷപ്പെടുത്തി മുകളിൽ എത്തിക്കുംവരെ ആ കൂട്ടുകാർക്കിടയിൽ സംഘർഷങ്ങളും, ഭയവും, നിസ്സഹായാവസ്ഥയും ചിദംബരം കൃത്യമായി കാണിച്ചുപോന്നു. ഒരു യഥാർത്ഥ സംഭവത്തിന്റെ നേർകാഴ്ച എന്നത് നിലനിൽക്കുമ്പോഴും അവയെ കാണികളിൽ എത്തിക്കാൻ പല ടൂളുകളും ചിദംബരം അവിടെ ഉപയോഗിക്കുന്നു. മഞ്ഞുമ്മൽ ബോയ്‌സിൽ ഗുണ ആകെ നിറഞ്ഞുനിൽക്കുന്നുണ്ട്. കൊടൈക്കനാലിലേക്ക് യാത്ര തിരിക്കും മുതൽ സുഭാഷിനെ രക്ഷപ്പെടുത്തുന്നത് വരെ കണ്മണി അൻപോട് കാതലൻ എന്ന ഗാനം സിനിമയിൽ മുഴങ്ങി കേൾക്കുന്നു. സാധാരണക്കാരായ ചെറുപ്പക്കാരുടെ അസാധാരണമായ ചെറുത്തുനിൽപ്പിന്റെ കഥ പറയുമ്പോൾ അവിടെ അസാധാരണമായ ഒരു പ്രണയത്തെ സൂചിപ്പിക്കുന്ന ഗാനമല്ലാതെ മറ്റെന്താണ് ഉപയോഗിക്കുക ? ചിത്രം കണ്ടു കഴിയുമ്പോൾ സുഭാഷും സിജുവും ആ സുഹൃത്തുക്കളും നമ്മുടെ മനസ്സിൽ താങ്ങി നിൽക്കുന്നതിന് കാരണവും സൗഹൃദത്തിന്റെ സഹായത്തോടെ മുന്നോട്ടുവച്ച കഥ പറച്ചിലാണ്.

റോബി വർഗീസ് ഒരുക്കിയ കണ്ണൂർ സ്‌ക്വാഡ് മമ്മൂട്ടി എന്ന സൂപ്പർതാരത്തെയും നടനെയും ഒരുപോലെ കൈകാര്യം ചെയ്ത, കണ്ണൂരിൽ നടന്ന ഒരു കൊലപാതകത്തെ ആസ്പദമാക്കി എടുത്ത സിനിമ ആയിരുന്നു. ചിത്രത്തിലെ ഇന്റെർവെലിന് തൊട്ടുമുൻപുള്ള മോഷണ സീൻ ആയിരുന്നു സിനിമയുടെ ഇമോഷണൽ പോയിന്റ്. വളരെ ക്രൂരമായി അരങ്ങേറിയ ഒരു മോഷണ ശ്രമത്തെ അതിതീവ്രമായ തരത്തിൽ തന്നെ റോബി വർഗീസ് ചിത്രീകരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അതിന് ശേഷം കുറ്റവാളികളെ പിടിക്കുക എന്നത് കഥാനായകന്മാരെ പോലെ പ്രേക്ഷകരുടെയും ലക്ഷ്യമാകുന്നു. ചില സിനിമാറ്റിക് ഗിമ്മിക്കുകൾ കൊമേർഷ്യൽ സാധ്യതയെ മുന്നിൽകണ്ട് ഉപയോഗിക്കുമ്പോഴും അമാനുഷികരല്ലാത്ത നായകന്മാരെ ചിത്രം പ്രേക്ഷകർക്കായി നൽകി. ചിത്രത്തിലെ നായകൻ ജോർജ് മാർട്ടിൻ ഉയർന്ന റാങ്ക് വഹിക്കുന്ന പോലീസല്ല. അയാളൊരു എ എസ് ഐ ആണ്. മേലുദ്യോഗസ്ഥന് മുന്നിൽ അയാൾക്ക് ഒന്നും മിണ്ടാതെ നിൽക്കേണ്ടി വരുന്നുണ്ട്. കൂട്ടത്തിൽ ഉള്ള ഒരുവനെ കൈക്കൂലി കേസിൽ പിടിക്കുമ്പോൾ ആ സ്‌ക്വാഡിൽ വിള്ളൽ വീഴുന്നുണ്ട്. ഒരു മിഡിൽ ക്ലാസ് മനുഷ്യരെ പോലെ സാമ്പത്തിക ഭാരവും, കുടുംബ പ്രശ്നങ്ങളും അവർക്കിടയിൽ ഉണ്ട്. അതുകൊണ്ട് തന്നെ മലയാള സിനിമ സ്ഥിരം സൃഷ്ട്ടിച്ചെടുക്കുന്ന പഞ്ച് ഡയലോഗുകൾ വർഷിക്കുന്ന പോലീസുകാരല്ല അവർ. നാലംഗ സംഘം പ്രതികളെ പിടിക്കാനായി യാത്ര തിരിക്കുമ്പോൾ അവർക്കിടയിലെ അഞ്ചാമനായി അവരുടെ വെള്ള സുമോ മാറുന്നുണ്ട്. ആ യാത്രയിൽ ഉടനീളം അവരുടെ വിജയത്തിലും പരാജയത്തിലും ഭാഗമാകുന്ന ആ വണ്ടി മറിഞ്ഞു കിടക്കുന്നത് ആ സംഘം വിഷമത്തോടെ നോക്കിനിൽക്കുമ്പോൾ ഉറപ്പായും പ്രേക്ഷകനും സങ്കടപ്പെട്ടിട്ടുണ്ടാകും.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എവരിവൺ ഈസ് എ ഹീറോയിൽ പൂർണ്ണ ഗർഭിണിയായ യുവതിയെ വെള്ളപ്പൊക്കത്തിന് നടുവിൽ നിന്ന് ടോവിനോയുടെ കഥാപാത്രത്തിന്റെ സഹായത്തോടെ എയർലിഫ്റ്റ് ചെയ്യുന്നതാകാം ഒരുപക്ഷെ സിനിമ കണ്ട ഭൂരിഭാഗം പേർക്കും ഇമോഷണലി കണക്ട് ചെയ്തൊരു രംഗം. 2018 അത്തരം നിറയെ സീനുകളാൽ സമ്പന്നമാണ്. 2018 ൽ കേരളം ജനത ഒന്നാകെ ഒറ്റകെട്ടായി പോരാടിയ വെള്ളപ്പൊക്കത്തിന്റെ അടിസ്ഥാനത്തിൽ ഒരുക്കിയ ചിത്രം പ്രേക്ഷകരുമായി കണക്ട് ചെയ്യാൻ ഉപയോഗിച്ച ടൂളും ഇത്തരത്തിൽ യഥാർത്ഥമായി സംഭവിച്ച കാര്യങ്ങളെ പുനർനിർമിക്കുന്നതിലൂടെയായിരുന്നു. ടോവിനോയുടെ അനൂപ് എന്ന കഥാപാത്രമാണ് ഇവിടെ ഇമോഷണൽ ഹുക്കിനായി ജൂഡ് ഉപയോഗിച്ചത്. ഒരു പേടിത്തൊണ്ടനായ അയാൾ ഒടുവിൽ കഥയിലെ ഹീറോയായി വരുമ്പോൾ ആ കഥാപാത്രത്തിന് കൃത്യമായൊരു ലക്ഷ്യമുണ്ട്. അതുകൊണ്ടുതന്നെയാണ് ഒടുവിൽ അനൂപ് മരിക്കുമ്പോൾ സിനിമ ഒരു വിങ്ങലോടെ അവസാനിക്കുന്നത്.

ബ്ലെസ്സിയുടെ ആടുജീവിതം ബെന്യാമിൻ എന്ന എഴുത്തുകാരന്റെ വിഘ്യാതമായ പുസ്തകം തനി പകർപ്പല്ല. ചേരുന്ന അളവിൽ ഫിക്ഷൻ കൂട്ടിക്കലർത്തി എന്നാൽ പുസ്തകത്തിലെ സംഭവത്തിന്റെ സഹായത്തോടെയാണ് ബ്ലെസി ചിത്രമൊരുങ്ങിയത്. ആടുജീവിതം നജീബിന്റെ കഥയാണ്. അയാളുടെ നിസ്സഹായാവസ്ഥയുടെ, രക്ഷപ്പെടലിന്റെ കഥ. ആടുകളും നജീബുമായുള്ള ഇമോഷണൽ കണക്ട് സിനിമ പൂർണമായും ഒഴിവാക്കി എന്ന വിമർശനം നിലനിൽക്കെത്തന്നെ നജീബിന്റെ യാദനകളെ സിനിമ അവഗണിക്കുന്നില്ല. അതുകൊണ്ടാണ് നജീബ് രക്ഷപ്പെടണമെന്ന് നമ്മൾ ആഗ്രഹിക്കുന്നത്. ഇവിടെ ബ്ലെസി എന്ന സംവിധായകൻ കാണികളെ സിനിമയിലേക്ക് എത്തിക്കാൻ ഉപയോഗിച്ച ടൂൾ പൃഥ്വിരാജ് സുകുമാരൻ എന്ന അത്യുഗ്ര പ്രഭയാണ്. അയാളുടെ അഭിനയ മികവും, ബോഡി ട്രാൻസ്ഫോർമേഷനുമാണ് ചിത്രം കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഒരു ഘടകം. സിനിമ ഇറങ്ങുന്നതിനു മുൻപ് ചർച്ചയായതാണ് അയാളുടെ ട്രാൻസ്ഫോർമേഷൻ. ശരീരത്തെ എങ്ങനെയാണ് പൃഥ്വിരാജ് വഴക്കിയെടുത്തതെന്ന് കാണാൻ പ്രേക്ഷകന് ആകാംഷയുണ്ടായിരുന്നു. ചിത്രത്തിലൊരിടത് നഗ്നനായി അയാളുടെ മെലിഞ്ഞ രൂപം കാണുമ്പോൾ ഞെട്ടലും ഭയവും ഒരുപോലെ പ്രേക്ഷകരിൽ ഉണ്ടായെന്നത് ഉറപ്പാണ്. സ്വന്തം രൂപത്തെ കണ്ണാടിയിൽ കണ്ടു തകരുമ്പോഴും, ഉമ്മയെ വിളിച്ചു ഉറക്കെ കരയുമ്പോഴും പൃഥ്വിരാജിനെ അഭിനേതാവ് തെല്ല് കോട്ടവും തട്ടാതെ ആ രംഗങ്ങളെ സ്‌ക്രീനിൽ പ്രതിഭലിപ്പിച്ചിട്ടുണ്ട്. പെരിയോനെ റഹമാനെ എന്ന ഗാനം ഹക്കിമിന്റെ നാവിൽ നിന്നാരംഭിച്ച് ഒടുവിൽ രക്ഷപെടലിന്റെ ഇടയിൽ അവ ഉയർന്ന് കേൾക്കുമ്പോൾ പ്രേക്ഷകനും ആ ഗാനത്തിനും അവരുടെ യാത്രക്കും ഒപ്പം കണക്ട് ആകുന്നു. ചിത്രം കാണുമ്പോഴൊക്കെയും ഇത് തങ്ങളെ പോലെ സാധാരണക്കാരനായ ഒരു മനുഷ്യന് നേരിടേണ്ടി വന്ന കഷ്ട്ടപാടുകൾ ആണല്ലോയെന്ന ബോധം പ്രേക്ഷകനുണ്ട്.

ബേസ്ഡ് ഓൺ എ റിയൽ ലൈഫ് / ബേസ്ഡ് ഓൺ റിയൽ ഇൻസിഡന്റ്സ് ഇന്ന് മലയാളത്തിൽ സക്സസ്ഫുൾ ആയ ഒരു ടാഗ്‌ലൈൻ ആണ്. ഇനിയും യഥാർത്ഥ മനുഷ്യരുടെയും യഥാർത്ഥ സംഭവങ്ങളെയും ആസ്പദമാക്കി മലയാളത്തിൽ നിരവധി ചിത്രങ്ങൾ വന്നേക്കാം, അവ പ്രേക്ഷകരുമായി കണക്ട് ചെയ്യുകയുമാവാം. വ്യക്തമായി ഇമോഷനുകളെ അതിന്റേതായ ടൂളുകളുടെ സഹായത്തോടെ പ്രേക്ഷകരിലേക്ക് എത്തിച്ചപ്പോൾ ഈ സിനിമകളെയെല്ലാം പ്രേക്ഷകർ സ്വീകരിച്ചത് പോലെ, 100 കോടിയും, 200 കോടിയും കടന്നു മുന്നേറി അടുത്ത കോടി ക്ലബ്ബുകളിൽ സ്ഥാനം നേടാൻ കാത്തിരിക്കുന്ന മലയാള സിനിമയെ ഇവ ഇനിയും സഹായകമാകുമെന്ന് പ്രത്യാശിക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in