സ്ഥിരം ക്യാമ്പസ് ചിത്രങ്ങളുടെ ചേരുവയല്ല, ഈ സിനിമ ചിലരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട താൾ; ഡോ.ജി.കിഷോർ അഭിമുഖം

സ്ഥിരം ക്യാമ്പസ് ചിത്രങ്ങളുടെ ചേരുവയല്ല, ഈ സിനിമ ചിലരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട താൾ; ഡോ.ജി.കിഷോർ അഭിമുഖം

ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാ​ഗതനായ രാജാസാഗർ സംവിധാനം ചെയ്ത് നാളെ തിയറ്ററുകളിൽ പ്രദർശനത്തിനെത്താനൊരുങ്ങുന്ന ചിത്രമാണ് താൾ. തന്റെ ക്യാമ്പസ് ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി മാധ്യമ പ്രവർത്തകനായ ഡോ.ജി.കിഷോറാണ് താളിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. രണ്ട് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം ഒരു ക്യാമ്പസ് ത്രില്ലറാണ്. എല്ലാ മനുഷ്യരുടെ ജീവിതത്തിലും പ്രധാനപ്പെട്ട ഒരു താളുണ്ടായിരിക്കും അത്തരത്തിൽ ചില മനുഷ്യരുടെ ജീവിത്തിലെ പ്രധാനപ്പെട്ട താളാണ് ഈ ചിത്രവും എന്ന് കിഷോർ പറയുന്നു. സാധാരണ ഒരു ക്യാമ്പസ് സിനിമയുടെ സ്ഥിരം പാറ്റേണിലൂടെയല്ല താളിന്റെ യാത്ര. കുറച്ചുകൂടി റിയലസ്റ്റിക്കായ തരത്തിൽ ക്യാമ്പസുകളിൽ നടക്കുന്ന കാര്യങ്ങളെ അതേപോലെ തന്നെ സിനിമയിലും കാണിക്കാൻ താൻ ശ്രമിച്ചിട്ടുണ്ടെന്ന് കിഷോർ പറയുന്നു. മറ്റ് സിനിമകളിലൊന്നും വർക്ക് ചെയ്യുമ്പോൾ കിട്ടാത്ത വല്ലാത്ത ഒരു എക്സെെറ്റ്മെന്റായിരുന്നു താളിന്റെ ചിത്രീകരണ സമയത്ത് തനിക്ക് ഉണ്ടായിരുന്നതെന്നും താൻ പഠിച്ച സെെക്കോളജി ഡിപ്പാർട്ട്മെന്റിന്റെ പശ്ചാത്തലത്തിലാണ് താളിന്റെ കഥ നടക്കുന്നതെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഡോ.ജി.കിഷോർ വ്യക്തമാക്കുന്നു.

യഥാർത്ഥ കഥയാണ് താൾ

താൾ എന്ന ചിത്രം ഇരുപത് വർഷം മുമ്പ് എന്റെ ക്യാമ്പസ് കാലഘട്ടത്തിലുണ്ടായ ചില സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി എഴുതിയ ചിത്രമാണ്. സൗഹൃദം പ്രണയം എന്നിങ്ങനെ പോകുന്ന ക്യാമ്പസ് കാലഘട്ടമായിരുന്നല്ലോ അന്നൊക്കെയുള്ളത്. അന്ന് മൊബെെൽ ഫോൺ ഒക്കെ ക്യാമ്പസ്സുകളിലേക്ക് വന്നു തുടങ്ങിയ സമയമാണ്. ആ കാലഘട്ടത്തിലാണ് ഞാൻ ക്യാമ്പസ്സിൽ പഠിക്കുന്നത്. അന്ന് ക്യാമ്പസ്സിൽ ഞങ്ങൾക്കിടയിൽ ഉണ്ടായ ചില കാര്യങ്ങൾ, വളരെ സിനിമാറ്റിക്ക് ആയി നമുക്ക് തോന്നാവുന്ന ചില കാര്യങ്ങളാണ് താൾ എന്ന ചിത്രം. ശരിക്കും പറഞ്ഞാൽ ഞാൻ ഈ സിനിമയിലെ ഒരു കഥാപാത്രമാണ്. രാഹുൽ മാധവിന്റെ ക്യാരക്ടറായിരുന്നു ഞാൻ റിയൽ ലെെഫിൽ. രണ്ട് കാലഘട്ടം എന്ന് പറയുമ്പോൾ അധികം ഇന്റർവെൽ ഒന്നും ഇല്ല. 23 വർഷങ്ങളുടെ ​ഗ്യാപ്പാണ്. സിനിമ തുടങ്ങുന്നത് വർത്തമാന കാലത്തിൽ നിന്ന് തന്നെയാണ്. ഇന്നത്തെ ക്യാമ്പസ്സുകളിലെ തമാശകളെയും മറ്റും കാണിച്ചു കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. വർത്തമാന കാലഘട്ടത്തിൽ നിന്നും പിന്നീട് സിനിമ ഭൂതകാലത്തിലേക്ക് സ്വിച്ച് ചെയ്യുകയാണ്.

ജീവിതത്തിന്റെ താളാണോ?

തീർച്ചയായിട്ടും. താളുകൾ എന്ന് പറയുമ്പോൾ നമുക്ക് എല്ലാവർക്കും കണക്ട് ചെയ്യും. ജീവിതവുമായിട്ട് ഒരുപാട് കണക്ഷനുണ്ടല്ലോ അതിന്. എല്ലാവരുടെ ജീവിതത്തിലും അവർക്ക് പ്രിയപ്പെട്ട എന്തെങ്കിലും താളുകൾ ഉണ്ടാകും. അതിൽ ഏറ്റവും പ്രിയപ്പെട്ട താൾ ഏതെന്ന് ചോദിച്ചാൽ എനിക്ക് തോന്നുന്നു കോളേജിൽ പഠിച്ചവർക്ക് ആ ഒരു കാലഘട്ടം തന്നെയായിരിക്കും ജീവിതത്തിലെ മനോഹരമായ താളുകൾ എന്ന് പറയുന്നത്. അതുകൊണ്ട് തന്നെയാണ് ഈ സിനിമയ്ക്കും ഈ പേര് തിരഞ്ഞെടുക്കുന്നത്. ജീവിതത്തിന്റെ തന്നെ ഒരു താളായിട്ട് നമുക്ക് അതിനെ കണക്കാക്കാം. ഒരോരുത്തരുടെ ലെെഫിനും ഓരോ താളുകൾ ഉള്ളത് പോലെ ഈ സിനിമയും ചിലരുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട താളാണ്.

റിയൽ ലെെഫിൽ നിന്ന് റീൽ ലെെഫിലേക്ക്

യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പാട് സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. നമ്മൾ കണ്ടിട്ടുള്ള ഒരുപാട് ക്ലാസിക്ക് സിനിമകളിലും റിയൽ ലെെഫ് എക്സ്പീരിയൻസിനെ ബേസ് ചെയ്തിട്ടുള്ള സിനിമകൾ ഉണ്ടായിട്ടുണ്ട്. തീർച്ചയായും ഒരു റിയൽ ലെെഫ് എക്സിപീരിയൻസിനെ അതേ പോലെ തന്നെ ഒരു സിനിമയിൽ നമുക്ക് കൊണ്ടു വരാൻ സാധിക്കില്ല, അങ്ങനെ ചെയ്താൽ അതൊരു ഡോക്യുമെന്ററിയാകും. സിനിമ എന്നത് ഫിക്ഷനാണ്. അതുകൊണ്ട് തന്നെ ഇതിലേക്ക് സിനിമാറ്റിക്ക് ആയിട്ടുള്ള കുറച്ച് കാര്യങ്ങൾ എനിക്ക് നിർബന്ധപൂർവ്വം തന്നെ ചേർക്കേണ്ടി വന്നിട്ടുണ്ട്. സിനിമ എന്ന നിലയിൽ അത് ആവശ്യവുമായിരുന്നു. സിനിമയ്ക്ക് സിനിമയുടേതായിട്ടുള്ള കുറേ ചേരുവകൾ ഉണ്ട്. അതൊക്കെ ഈ സിനിമയിലും വന്നിട്ടുണ്ട്. റിയൽ ലെെഫ് സീക്വൻസ് തന്നെയാണ് ഈ സിനിയിലെ 50 ശതമാനം കാര്യങ്ങളും. ബാക്കി അമ്പത് ശതമാനം എനിക്ക് ക്രിയേറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. നീതി പുലർത്തുക അല്ലെങ്കിൽ സത്യസന്ധമാവുക എന്ന് പറയുമ്പോൾ നടന്ന കഥയെ ഞാൻ അതേ പോലെ കാണിക്കുകയല്ല. ഇത് ഇങ്ങനെയൊക്കെ ആയിരുന്നെങ്കിൽ എന്നതരത്തിൽ ഒരു എഴുത്തുകാരനും അല്ലെങ്കിൽ അവരുടെ സൗഹൃദത്തിന്റെ പക്ഷത്ത് നിൽക്കുന്ന ആളെന്ന നിലയിലും കൂടെയുള്ളവർ ആ​ഗ്രഹിച്ചിരുന്നത് പോലെയാണ് ഈ സിനിമ ചെയ്തിരിക്കുന്നത്.

സ്ഥിരം ക്യാമ്പസ് ചേരുവയല്ല താൾ

ഞാൻ പല ക്യാമ്പസുകളിലായി കുറേ വർഷം പഠിച്ച ഒരാളാണ്. ഞാൻ ഈ പഠിച്ച ക്യാമ്പസ്സുകളിൽ ഒന്നും തന്നെ പല സിനിമകളിലും കാണുന്ന ക്യാമ്പസ്സുകളുമായി യാതൊരു ബന്ധവും എനിക്ക് തോന്നിയിട്ടില്ല, സാധാരണ സിനിമയിൽ ക്യാമ്പസ്സുകൾ കാണിക്കുമ്പോൾ നമ്മൾ സ്ഥിരം കാണുന്ന ഒരു പാറ്റേണുണ്ട്. കുറേപ്പേർ ഒരുമിച്ചിരുന്ന് പെൺകുട്ടികളെ കമന്റ് അടിക്കുന്നു, അല്ലെങ്കിൽ മദ്യപിക്കുന്നു. അങ്ങനെ ഇതാണ് ക്യാമ്പസ് എന്ന് കാണിക്കുന്ന കുറേ കാര്യങ്ങളുണ്ട്. എനിക്ക് അതൊക്കെ കണ്ടിട്ട് വളരെ അതിശയം തോന്നിയിട്ടുണ്ട്. ഞാൻ പഠിക്കുന്ന കാലത്ത് ഒരു ക്യാമ്പസ്സുകളിലും ഞാൻ ഇതൊന്നും കണ്ടിട്ടില്ല. എന്നാൽ പൂർണ്ണമായും ഇതൊന്നും ഇല്ല എന്നും ഞാൻ പറയുന്നില്ല. സിനിമയിൽ തീർച്ചയായും കുറച്ച് അതിശയോക്തി ഉണ്ടാകും. പക്ഷേ അതല്ല ശരിക്കുമുള്ള ക്യാമ്പസ്സ്. ഈ സിനിമയിൽ അങ്ങനെ വന്നിട്ടില്ലേ എന്ന് ചോദിച്ചാൽ വന്നിട്ടുണ്ട്, പക്ഷേ അത് കുറച്ചൊക്കെ റിയലസ്റ്റിക്ക് ആക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നതാണ്. ക്യാമ്പസ്സിൽ നടക്കുന്ന അല്ലങ്കിൽ ക്യാമ്പസിൽ നടന്നിരുന്ന ചില കാര്യങ്ങളെ ഈ സിനിമയിൽ അതുപോലെ തന്നെ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. പല ക്യാമ്പസ് സിനിമകളിലും നമ്മൾ കാണുന്നത് പോലെയുള്ള കാര്യങ്ങളൊന്നും താളിൽ വന്നിട്ടില്ല. അതെനിക്ക് ഉറപ്പിച്ച് പറയാൻ പറ്റും.

ത്രില്ലറാണ്.. സെെക്കോളജിക്കൽ ത്രില്ലർ ആണോ?

ഈ സിനിമ നടക്കുന്നത് ഒരു സെെക്കോളജി ഡിപാർട്ട്മെന്റിനെ കേന്ദ്രീകരിച്ചാണ്. സിനിമയ്ക്ക് അത്തരം ഒരു പശ്ചാത്തലം ആവശ്യമായിരുന്നു. അധികം ക്യാമ്പസ് ചിത്രങ്ങളിൽ സെെക്കോളജി ഡിപാർട്ട്മെന്റിനെക്കുറിച്ച് സിനിമകൾ വന്നിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്. ഞാനൊരു സെെക്കോളജി സ്റ്റുഡന്റായിരുന്നു അതുകൊണ്ട് തന്നെ എനിക്ക് കുറച്ച് കൂടി കഥ പറയാൻ എളുപ്പം ഇതായിരുന്നു. കഥ നടക്കുന്നത് ഒരു സെെക്കോളജി ഡിപ്പാർട്ട്മെന്റിലാണ് അവിടുത്തെ സ്റ്റുഡൻസിനിടയിലാണ്. അതുകൊണ്ട് തന്നെ സെെക്കോളജിയുമായി ബന്ധപ്പെട്ട കുറച്ച് എലമെന്റ്സ് കൂടി ഈ സിനിമയിലേക്ക് വന്നിട്ടുണ്ട്. പലർക്കും ഈ സെെക്കോളജി അല്ലെങ്കിൽ സെെക്കാട്രിസ്റ്റ് എന്ന് പറയുമ്പോൾ കുറേ മിസ്സ് ബിലീവ്സ് ഉണ്ട്. സെെക്കോളജി ഡിപ്പാർട്ട്മെന്റിൽ ഒരു ലാബ് ഉണ്ട് എന്ന് പോലും അധികം ആർക്കും അറിയില്ല. സെെക്കോളജി ഡിപ്പാർട്ട്മെന്റിലെ ലാബ് എന്താണെന്നും അവിടുത്തെ ആ ലാബിൽ നടക്കുന്ന എക്സ്പിരിമെന്റ്സ് എന്തൊക്കെയാണെന്നുള്ളതും ഈ സിനിമയിൽ നമ്മൾ കാണിക്കുന്നുണ്ട്. സെെക്കോളജിക്കലായിട്ട് റിലേറ്റ് ചെയ്യാൻ പറ്റുന്ന കുറേ കാര്യങ്ങൾ ഈ സിനിമയിൽ വളരെ സ്ട്രെയിറ്റായിട്ട് തന്നെ പറയുന്നുമുണ്ട്.

ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ ഇവരെക്കുറിച്ച്?

സിനിമ എഴുതുന്ന സമയത്തോ പിന്നീട് അതിന്റെ ഡിസ്കഷൻ സമയത്തോ ഒന്നും ഈ ആർട്ടിസ്റ്റുകൾ ഒന്നും തന്നെ നമ്മുടെ മുന്നിൽ ഉണ്ടായിരുന്നില്ല. കഥ എഴുതുമ്പോൾ സ്വഭാവികമായിട്ടും അല്ലെങ്കിൽ എഴുതി കഴിഞ്ഞതിന് ശേഷം ഇത് ഈ ആർട്ടിസ്റ്റുകൾ ചെയ്താൽ നന്നാവും എന്നൊക്കെ നമ്മൾ ആലോചിക്കുമല്ലോ. സ്വഭാവികമായിട്ടും നമ്മൾ ഉദ്ദേശിക്കുന്ന ചില ആർട്ടിസ്റ്റുകൾ, നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ, പല സാങ്കേതിക കാരണങ്ങൾ കൊണ്ടും കിട്ടി എന്നു വരില്ല. പിന്നെ നമുക്ക് ഏറ്റവും നല്ലൊരു ഓപ്ഷൻ എന്ന നിലയിലേക്കാണ് ഇവരിലേക്ക് എത്തുന്നത്. ആ കഥാപാത്രങ്ങളോട് നീതി പുലർത്തുന്ന രീതിയിൽ തന്നെയായിരുന്നു അവർ പെർഫോം ചെയ്തത്. സിനിമയുടെ ഒരു ബിസിനസ്സ് വശമൊക്കെ ചിന്തിക്കുമ്പോൾ മറ്റു ചില ആർട്ടിസ്റ്റുകൾ ആയിരുന്നെങ്കിൽ സിനിമ വേറെ ഒരു രീതിയിലേക്ക് എത്തുമെന്ന് പലരും പറയാറുണ്ട്. എന്നാൽ നമ്മുടെ കഥാപാത്രങ്ങളിലേക്ക് അവർ പ്രവേശിക്കുമ്പോൾ എത്രമാത്രം അവർ അതിനോട് നീതി പുലർത്തുന്നു എന്ന് നോക്കിയാൽ അവർ മികച്ച രീതിയിൽ തന്നെ ചെയ്തു എന്ന് പറയേണ്ടതുണ്ട്. സിനിമയുടെ ഫെെനൽ പ്രിവ്യു കണ്ടപ്പോൾ എനിക്ക് അങ്ങനെയാണ് തോന്നിയത്.

എന്നെ സംബന്ധിച്ചിടത്തോളം മുമ്പ് പല സിനിമകളിലും വർക്ക് ചെയ്യുമ്പോഴൊന്നും കിട്ടാത്ത ഒരു വല്ലാത്ത ഒരു എക്സെെറ്റ്മെന്റിലായിരുന്നു ഞാൻ. എന്റെ ആ എക്സെെറ്റ്മെന്റ് നാളത്തോട് കൂടി കഴിയുകയാണ്. ഇത്രനാളും ‍ഞാൻ മാത്രം മനസ്സിൽ കൊണ്ടു നടന്ന, ഞാൻ ആസ്വദിച്ചിരുന്ന ഒരു വല്ലാത്ത സന്തോഷം ഉണ്ടായിരുന്നു. അത് ഇനി ഇല്ല, അത് ഇനി ജനങ്ങൾക്കുള്ളതാണ്. അത് സിനിമ എന്ന രീതിയിൽ മാറുകയാണ്. അതിന്റെ ചെറിയ ഒരു നോവ് മനസ്സിൽ ഉണ്ട്. ഇനി അത് എന്റേതല്ല, എന്റേത് മാത്രമല്ല എന്ന വിഷമം. ഈ സിനിമ ഷൂട്ട് ചെയ്യുന്നതിന്റെ ലൊക്കേഷനിൽ നിൽക്കുമ്പോൾ പോലും ഞാൻ മാറി നിന്ന് നോക്കിയിരുന്നത് ഇതൊക്കെ വർഷങ്ങൾക്ക് മുമ്പ് എന്റെ ക്യാമ്പസ് ലെെഫിൽ എന്റെ ക്ലാസ് റൂമുകളിൽ നടന്നതാണെല്ലോ എന്നാണ്. ശരിക്കും ഞാൻ അത് ആസ്വദിക്കുന്നുണ്ടായിരുന്നു. ചില ആർട്ടിസ്റ്റുകൾ എന്നോട് പറഞ്ഞു ഈ സീൻ ഇത്രയൊക്കെ വേണോ ഇത് അഭിനയിക്കാൻ വളരെ സ്ട്രെയിനാണ് എന്നൊക്കെ അപ്പോൾ ഞാൻ മനസ്സിൽ വിചാരിക്കുന്നത് ഇത് യഥാർത്ഥത്തിൽ‌ സംഭവിച്ച കാര്യങ്ങളായത് കൊണ്ടു തന്നെ നമ്മൾ അനുഭവിച്ചിരുന്ന സ്ട്രെയിൻ എന്തായിരുന്നു എന്നാണ്.

റിവ്യൂസ് സിനിമയെ നശിപ്പിക്കുന്നു എന്ന വാദത്തെക്കുറിച്ച്

റിവ്യൂസ് സിനിമയെ നശിപ്പിക്കുന്നു എന്നതിനോട് എനിക്ക് യോജിപ്പില്ല. ഫ്രീഡം ഓഫ് എക്സ്പ്രഷനാണ് സിനിമ എങ്കിൽ ,സിനിമ ചെയ്യാനുള്ള നമ്മുടെ സ്വാതന്ത്ര്യം പോലെ തന്നെയാണ് റിവ്യു ചെയ്യുന്നവർക്കും. റിവ്യു ഇല്ലാതെയിരുന്നാൽ‍ സിനിമ വിജയിക്കും എന്ന് പറയുന്നതൊക്കെ എനിക്ക് അത്ര ശരിയാണ് എന്ന് തോന്നിയിട്ടില്ല. റിവ്യു എന്നത് റിവ്യുവറിന്റെ ഒരു പോയിന്റ് ഓഫ് വ്യുവിൽ പറയുന്ന കാര്യമാണ്. ഒരു സിനിമ ചെയ്ത് പബ്ലിക്കിലേക്ക് ഇറക്കുമ്പോൾ പബ്ലിക്കിന്റെ റെസ്പോൺസ് കൂടി കേൾക്കാൻ ആ സിനിമയുടെ പിന്നിലുള്ളവർ ബാധ്യസ്ഥരാണ്. അത് അങ്ങനെ വേണമല്ലോ? അല്ലെങ്കിൽ പിന്നെ സിനിമ ഫ്രീയായിട്ട് കാണിക്കണം. സിനിമ തിയറ്ററുകളിൽ നിന്ന് സിനിമ കാണുന്നവർ കാശ് കൊടുത്ത് കാണുന്നവരാണ്. സ്വാഭാവികമായിട്ടും അവർക്ക് പ്രതികരിക്കാനുള്ള അവകാശവുമുണ്ട്. പക്ഷേ ഇത് ബോധപൂർവ്വമായി ചിലർ ചില കേന്ദ്രങ്ങളിൽ നിന്ന് പടച്ചു വിടുന്നുണ്ടെങ്കിൽ അത് തീർച്ചയായിട്ടും അഡ്രസ്സ് ചെയ്യേണ്ടതാണ്. ചിലർ വർക്ക് കൊടുത്തില്ല അല്ലെങ്കിൽ പരസ്യം കൊടുത്തില്ല എന്ന കാരണം കൊണ്ട് ബോധപൂർ‌വ്വം ഒരു സിനിമയെ നശിപ്പിക്കാൻ വേണ്ടി റിവ്യൂകൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ തീർച്ചയായും നമ്മൾ അത് അർഹിക്കുന്ന പ്രധാന്യത്തോടു കൂടി അതിനെ കെെകാര്യം ചെയ്യേണ്ടതായിട്ടുണ്ട്. ‍സിനിമയെ കൃത്യമായിട്ട് അനലെെസ് ചെയ്യുന്നതാണ് റിവ്യു. അല്ലാതെ വ്യക്തിഹത്യ നടത്തുന്നതോ അല്ലെങ്കിൽ മനപൂർവ്വം ഒരു സിനിമയെ ഇകഴ്ത്തിക്കാണിക്കുന്നതോ ആയ റിവ്യുകളോട് യോജിപ്പില്ല. അല്ലാതെയുള്ള റിവ്യുകൾ സിനിമയ്ക്ക് ആവശ്യമാണ്. കാരണം അതൊരു ഹെൽത്തി കോമ്പറ്റീഷന് വളരെ നല്ലതാണ്. അത് നമ്മുടെ കലയ്ക്കും കൾച്ചറിനും ​ഗുണം ചെയ്യുന്നതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in