അപമാനിക്കപ്പെട്ട വേദിയില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് കയറിയ ടെയ്‌ലര്‍ സ്വിഫ്റ്റ്

2009ലെ എംടിവിയുടെ വീഡിയോ മ്യൂസിക് അവാർഡ്സ്, മികച്ച പിന്നണി ​ഗായികയ്ക്കുള്ള പുരസ്കാരം യു ബിലോങ്സ് ടു മീ എന്ന ​ഗാനത്തിനായിരുന്നു. ആ പുരസ്കാരം സ്വീകരിക്കാനെത്തിയ പത്തൊമ്പതുകാരിയായ ​ഗായിക സ്റ്റേജിൽ സംസാരിച്ചുകൊണ്ട് നിക്കുമ്പോൾ, കരിയറിലെ ആദ്യത്തെ വലിയ ബഹുമതിയിൽ സന്തോഷിച്ച് നിക്കുമ്പോൾ സ്റ്റേജിലുണ്ടായിരുന്ന റാപ്പറായിരുന്ന കാന്യേ വെസ്റ്റ് ആ പെൺകുട്ടിയുടെ കൈയ്യിൽ നിന്ന് മൈക്ക് വാങ്ങി ലോകത്തെ നോക്കി വിളിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു, നിനക്ക് വേണ്ടി ഞാൻ സന്തോഷിക്കുന്നു പക്ഷേ ബിയോൺസേയുടേതാണ് എക്കാലത്തെയും മികച്ച വീഡിയോ. ആയിരക്കണക്കിന് ആളുകൾ തിങ്ങി നിറഞ്ഞിരുന്ന വേദിയിൽ സന്തോഷത്തിന്റെ കൊടുമുടിയിൽ നിന്നിരുന്ന ഒരു പെൺകുട്ടിയുടെ മുഖത്തെ ചിരി നിമിഷ നേരം കൊണ്ടായിരുന്നു മാറിയത്. അപമാനിതയാക്കപ്പെട്ട ആ രാത്രി തന്റെ ​ഗാനം പെർഫോം ചെയ്യുന്നതിന് മുന്നേ സ്റ്റേജിന് പിന്നിൽ അവൾ കരയുകയായിരുന്നു.

ആ പെൺകുട്ടിയുടെ സം​ഗീതത്തിന് , അവളുടെ ഒരു ലൈവ് പെർഫോർമൻസ് കാണുവാനായി സമാനതകളില്ലാതെ ആരാധകർ തടിച്ചുകൂടുന്നു. അവളെ കേൾക്കാനായി ലോകം മുഴുവനുള്ള പ്രേക്ഷകർ കാത്തിരിക്കുന്നു, ജനപ്രീതി നേടിയ ആ പെർഫോമൻസിന് അനുബന്ധമായി അവർ സന്ദർശിക്കുന്ന നഗരങ്ങളിലെ പ്രാദേശിക സമ്പദ് വ്യവസ്ഥകളിൽ ആ പെർഫോമൻസുകൾ കാര്യമായ സാമ്പത്തിക സ്വാധീനം ചെലുത്തിയതായി റിപ്പോർട്ടുകൾ വരുന്നു. തന്റെ വോക്കൽ കോഡ് കൊണ്ട് രാജ്യങ്ങളുടെ എക്കോണമിയെ മൂവ് ചെയ്യിക്കുന്നൊരു ഗായിക, ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന എന്റർടെയ്‌നേഴ്‌സിലൊരാൾ. ടെയിലർ സ്വിഫ്റ്റ് എന്ന ടെയിലർ ആലിസൺ സ്വിഫ്റ്റ്.

1989 ൽ യു എസിലെ പെൻസിൽവാനിയയിൽ ആൻഡ്രിയ ഗാർഡനറുടെയും സ്‌കോട്ട് കിങ്സ്ലീയുടെയും മകളായി ടെയിലർ ആലിസൺ സ്വിഫ്റ്റ് എന്ന പേരിൽ ജനിച്ച അമേരിക്കൻ പോപ്പ് ഗായിക ടെയിലർ സ്വിഫ്റ്റ് തന്റെ ഒമ്പതാം വയസ്സുമുതൽ സംഗീതത്തിൽ, കവിതാ രചനയിൽ അസാമാന്യ കഴിവും താൽപര്യവും പ്രകടിപ്പിച്ച കുട്ടിയായിരുന്നു. തന്റെ പതിനാലം വയസ്സിലാണ് സ്വിഫ്റ്റ് പ്രൊഫഷണലായി ഗാനരചന ആരംഭിക്കുന്നത്. 2006 ൽ ടെയിലർ സ്വിഫ്റ്റ് എന്ന പേരിൽ തന്നെ ആദ്യത്തെ ആൽബം. പിന്നീട് ഇങ്ങോട്ട് 2008 ഫീയർലെസ്, 2010 ൽ സ്പീക്ക് നൗ, 2012 ൽ റെഡ്, 2014 ൽ 1989 2017 ൽ റെപ്യുട്ടേഷൻ 2019 ൽ ലവർ, 2020 ൽ ഫോക്ക്‌ലോർ, 2020 ൽ ഇവൻമോർ, 2022 ൽ മിഡ്‌നൈറ്റ് തുടങ്ങിയ പത്തോളം ആൽബങ്ങൾക്കിടയിൽ അവർ കെട്ടിപ്പടുത്ത കരിയർ എന്നത് അവിശ്വസനീയമാം വിധം ഏതൊരാളെയും അമ്പരപ്പിക്കുന്നതാണ്.

ഇറങ്ങിയ ഒരോ ആൽബങ്ങളും ഹിറ്റ് ചാർട്ടുകളിൽ ഇടംനേടി റെക്കോർഡുകൾ തകർത്തെറിഞ്ഞു. 12 ഗ്രാമി അവാർഡുകൾ, 14 എംടിവി വീഡിയോ മ്യൂസിക് അവാർഡുകൾ, കഴിഞ്ഞ ദശകത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ വനിതാ സംഗീതജ്ഞ, സ്‌പോട്ടിഫൈ ചരിത്രത്തിൽ ഒരു ദിവസം ഏറ്റവും കൂടുതൽ സ്ട്രീം ചെയ്യപ്പെട്ട ആൽബത്തിന്റെ ഉടമ കൂടാതെ ഏകദേശം നൂറോളം ഗിന്നസ് വേൾഡ് റെക്കോർഡുകൾ ഇവയെല്ലാം ടെയിലർ സ്വിഫ്റ്റ് എന്ന അമരിക്കൻ പോപ്പ് ഗായികയുടെ നേട്ടങ്ങളാണ്.

സമകാലിക റഫറൻസുകളൊന്നുമില്ലാതെ പോപ്പ് നിർമ്മിക്കുന്നതിലൂടെ സ്വിഫ്റ്റ് മറ്റൊരു പോപ്പ് സ്റ്റാർസും ഉയരാത്ത രീതിയിൽ വളരുകയാണ് എന്നാണ് ദ ന്യുയോർക്ക് ടൈംസ് ടെയിലറിന്റെ കരിയറിനെ വിശേഷിപ്പിച്ചത്. അമേരിക്കൻ പോപ്പ് സംഗീത ചരിത്രത്തിന് സ്വിഫ്റ്റ് നൽകിയ സംഭാവനകളെല്ലാം തന്നെയാണ് ടെയിലർ സ്വിഫ്റ്റിനെ സ്വയം ഒരു മ്യുസിക്ക് ഇൻഡസ്ട്രിയാക്കി മാറ്റിയത്. രാഷ്ട്രീയത്തിൽ സെലിബ്രിറ്റികൾക്ക് എന്ത് കാര്യം എന്ന് ചോദിച്ചിരുന്നിടത്ത് നിന്നും ജൻഡർ ഇക്വാളിറ്റിക്ക് വേണ്ടി ക്വീർ അവകാശങ്ങൾക്ക് വേണ്ടി, അവർക്കു കൂടി അവകാശപ്പെട്ടതാണ് തന്റെ നാടെന്ന് തുറന്ന് പറഞ്ഞു കൊണ്ട് തന്നെ സ്വിഫ്റ്റ് തന്റെ രാഷ്ട്രീയം ജനങ്ങൾക്ക് മുന്നിൽ തുറന്നു വച്ചു.

സ്വിഫ്റ്റിന്റെ ഗാനങ്ങളിൽ പലതും പ്രണയങ്ങളെക്കുറിച്ചുള്ളവയാണ്. ലവർ, സ്റ്റൈൽ, ബാക്ക് ടു ഡിസംബർ, ആൾ ടു വെൽ തുടങ്ങിയ ഗാനങ്ങളെല്ലാം ഇതിന് ഉദാഹരണമാണ്. ടെയിലറിന്റെ കാവ്യാത്മകമായ വരികൾ സൃഷ്ടിച്ചെടുക്കുന്ന പ്രപഞ്ചം എന്നത് പ്രേക്ഷകർക്ക് ചിരപരിചിതമായ ലോകത്തെയാണ്. ഒരു സ്വപ്‌നം പോലെ തോന്നുന്നു എന്നാണ് പിൽക്കാലത്ത് തന്റെ ഡോക്യുമെന്ററിയായ മിസ്സ് അമേരിക്കാനയിലൂടെ ടെയിലർ സ്വിഫ്റ്റ് തന്റെ കരിയറിനെക്കുറിച്ച് പറയുന്നത്. 'നിങ്ങൾ അപരിചിതരുടെ അംഗീകാരത്തിനായി ജീവിക്കുമ്പോൾ, അവിടെയാണ് നിങ്ങളുടെ എല്ലാ സന്തോഷവും സംതൃപ്തിയും ലഭിക്കുന്നത്, അതുകൊണ്ടു തന്നെ ഒരു മോശം കാര്യം എല്ലാം തകരാൻ ഇടയാക്കും. അതു തന്നെയായിരുന്നു അവരുടെ പാട്ടുകളിലുണ്ടായിരുന്നതും. പാട്രിയാർക്കികളെ പൊളിച്ചെഴുതിക്കൊണ്ട് പിന്നോട്ട് വലിക്കുന്നവരെ തടസ്സം സൃഷ്ടിക്കുന്നവരെ കേൾക്കാതെ സ്വയം വിശ്വസിച്ച് മുന്നോട്ട് പറക്കുന്നതിനെക്കുറിച്ച്, നിങ്ങൾ നിങ്ങളായിരിക്കേണ്ടതിനെക്കുറിച്ച് സ്വിഫ്റ്റ് പാടിയപ്പോൾ അത് ഏറ്റെടുത്തതും ഒരു വലിയ തലമുറ തന്നെയായിരുന്നു.

നോക്കു, ഞാനിത് വളരെ വ്യക്തമാക്കാം. എന്റെ മ്യൂസിക്കുകൾ ഞാൻ സ്വന്തമാക്കാൻ ആഗ്രഹിച്ചു. എന്നാൽ അതിനുള്ള അവസരം എനിക്ക് ലഭിച്ചില്ല, അത് മറ്റൊരാൾക്ക് വിൽക്കപ്പെട്ടു. ഞാനാണ് ആ മ്യൂസിക്ക് ആദ്യം ഉണ്ടാക്കിയത്. അതുകൊണ്ട് തന്നെ എനിക്കത് വീണ്ടും ഉണ്ടാക്കാൻ സാധിക്കും. തന്റെ കരിയറിന്റെ ആദ്യ കാലത്തെ തനിക്ക് നേടാൻ കഴിയാതെ പോയ ആ ആറ് ആൽബങ്ങളെ അഭിസംബോധന ചെയ്ത് താൻ റീ റെക്കോർഡ് ചെയ്ത തന്റെ ഗാനത്തെക്കുറിച്ച് 2021 ൽ ഒരു ഇന്റർനാഷ്ണലൽ ടെലിവിഷന് മുന്നിലിരുന്ന് ഒരു മുപ്പത്തിരണ്ടുകാരിയുടെ ആത്മവിശ്വാസത്തോടെയുള്ള വാക്കുകൾ. നിറകരഘോഷത്തോടെയും അത്ഭുതം തുളുമ്പുന്ന മുഖത്തോടെയും അത് കേട്ടിരുന്ന ഒരോ വ്യക്തിയെയും നോക്കി ആ പെൺകുട്ടി നിറഞ്ഞു ചിരിച്ചു. തനിക്ക് എതിരെ അന്നുവരെയുള്ള അപവാദങ്ങളെയും അപമാനങ്ങളെയും അവഗണിക്കാൻ ശീലിച്ച ചിരിയോടെയാണ് എന്നും ആ പെൺകുട്ടി സംഗീത ലോകത്ത് നിറഞ്ഞു നിന്നത്.

2023 മാർച്ച് 17-ന് അരിസോണയിലെ ഗ്ലെൻഡേലിൽ ആരംഭിച്ച് 2024 ഓഗസ്റ്റ് 17-ന് ഇംഗ്ലണ്ടിലെ ലണ്ടനിൽ സമാപിക്കുന്ന ഇറാസ് പര്യടനത്തിലൂടെ ടെയിലർ സ്വിഫ്റ്റ് ടിക്കറ്റ് വിൽപ്പനയിൽ വൺ ബില്ല്യൺ റെക്കോർഡാണ് സൃഷ്ടിക്കാനൊരുങ്ങുന്നത്. അഞ്ച് ഭൂഖണ്ഡങ്ങളിലായി 131 കോൺസർട്ടുകൾ അടങ്ങുന്ന വിപുലമായ ടൂറാണ് ടെയ്‌ലർ സ്വിഫ്റ്റിന്റെ ഇറാസ് ടൂർ എന്നത്. ടൂറിനുള്ള തീയതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പല രാജ്യങ്ങളും ജൂൺ 20-ലെ സ്വിഫ്റ്റിന്റെ പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നില്ല. സ്വിഫ്റ്റിന്റെ പ്രഖ്യാപന പട്ടികയിൽ ഉൾപ്പെടാതിരുന്ന ചില രാജ്യങ്ങൾ ഉദാഹരണത്തിന് ചിലിയുടെ പ്രസിഡന്റ് ഗബ്രിയേൽ ബോറിക്, കനേഡിയൽ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ ബുഡാപെസ്റ്റ് മേയർ ഗെർഗെലി കാരക്സോണി തുടങ്ങിയവർ തങ്ങളുടെ രാജ്യം സന്ദർശിക്കുക, പര്യടനം നടത്തുക എന്ന ആവശ്യവുമായി ടെയിലർ സ്വിഫ്റ്റിന് കത്തുകളെഴുതി. അമേരിക്കൻ മാസികയായിരുന്ന വെറൈറ്റിയുടെ റിപ്പോർട്ട് പ്രകാരം 'ഹിസ്റ്റോറിക്കലി അൺപ്രസിഡന്റഡ് ഡിമാന്റ്' എന്ന് ടെയിലറിന്റെ കോൺസർട്ടിനെ വിശേഷിപ്പിച്ചതിന് പിന്നാലെ ലോകത്തെ മുൻനിര ടിക്കറ്റ് പ്ലാറ്റ്ഫോമായ ടിക്കറ്റ് മാസ്റ്റർ എന്ന വെബ്‌സ്റ്റെ് ക്രാഷാവുകയും ലൈവ് നേഷന്റെ ചെയർമാൻ ഗ്രെഗ് മാഫിക്ക് ആരാധകരോടും ടെയിലർ സ്വിഫ്റ്റിനോടും മാപ്പ് പറയുകയും ചെയ്തു.

1.5 മില്ല്യൺ വെരിഫയേർഡ് ഫാൻസിനെ കാത്തിരുന്ന തങ്ങൾക്ക് 14 മില്ല്യൺ ആളുകളാണ് ടിക്കറ്റിനായി സമീപിച്ചതെന്നായിരുന്നു അന്ന് മാഫി വെളിപ്പെടുത്തിയത്. എന്നാൽ അത്രയും ആരാധകരെ ഉൾക്കൊള്ളാൻ കഴിയാത്തതിനാൽ നവംബറിൽ ടിക്കറ്റ് മാസ്റ്റർ തങ്ങളുടെ ടിക്കറ്റുകൾ ക്യാൻസലാക്കുന്നതായി പ്രഖ്യാപിക്കുകയും ട്വിറ്ററിലൂടെ ടെയിലർ സ്വിഫ്റ്റിനോടും ആരാധകരോടും ക്ഷമാപണം നടത്തുകയും ചെയ്തു.

മർച്ചന്ററ്റെസ്, അക്കോമഡേഷൻ, ട്രാവൽ സ്വിഫ്റ്റീസ് എന്ന് വിളിക്കപ്പെടുന്ന ടെയിലർ സ്വിഫ്റ്റിന്റെ ഫാൻസിന്റെ ഉപയോഗങ്ങൾ തുടങ്ങി കണക്കെടുത്താൽ എല്ലാം കൂടി ചേർത്ത് ഇറാസ് ടൂർ ജനറേറ്റ് ചെയ്യാൻ പോകുന്നത് 5 ബില്ല്യൺ ഡോളറാണെന്നാണ് റിപ്പോർട്ടുകൾ. 5 ബില്ല്യൺ, 5 ബില്ല്യൺ ഡോളർ എന്നത് ഇന്ന് പല രാജ്യങ്ങളുടെയും ജിഡിപിയെക്കാൾ കൂടുതലാണ്. വാൾ സ്ട്രീറ്റ് ജേർണൽ ഇതിനെ റിപ്പോര്‍ട്ട് ചെയ്യുന്നത്

"technically ambitious" productions of the 21st century എന്നാണ്

കാന്യേ വെസ്റ്റിനാൽ അപമാനിക്കപ്പെട്ട ദിവസം ടെയ്ലറിന്റെ ചരിത്രത്തിൽ ഒരു ദിവസം മാത്രമാണ്. അന്ന് വേദിയ്ക്ക് പിന്നിൽ കരഞ്ഞിരുന്ന ടെയ്ലർ പെർഫോം ചെയ്യാതിരുന്നില്ല, മദ്യപിച്ച് സ്റ്റേജിലേക്ക് കയറിയൊരു പുരുഷന്റെ മെയിൽ ഈ​ഗോയിൽ, അധികാര ​ഗർവ്വിൽ പിന്നോട്ട് പോകാനുള്ളതല്ല തന്റെ കരിയറെന്ന് അവർക്ക് തോന്നിക്കാണണം, ഉറപ്പിച്ചു കാണണം. ലോകത്തോട് മുഴുവൻ അവർ വിളിച്ച് പറഞ്ഞതും അതാണ്, നിങ്ങൾ നിങ്ങളാണ്, നിങ്ങളായി തന്നെ സ്വാതന്ത്ര്യത്തോടെ ജീവിക്കൂ.

Related Stories

No stories found.
logo
The Cue
www.thecue.in