2017 മുതല്‍ തുടങ്ങിയ ഷൂട്ടിംഗ്, ഒറ്റയ്ക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന ആലോചന, ഐഎഫ്എഫ്‌കെയിലേക്ക് വേട്ടപ്പട്ടികളും ഓട്ടക്കാരും


2017 മുതല്‍ തുടങ്ങിയ ഷൂട്ടിംഗ്, ഒറ്റയ്ക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന ആലോചന, ഐഎഫ്എഫ്‌കെയിലേക്ക് വേട്ടപ്പട്ടികളും ഓട്ടക്കാരും

ഐ.എഫ്.എഫ്.കെയില്‍ മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട സിനിമയാണ് വേട്ടപ്പട്ടികളും ഓട്ടക്കാരും. സോഷ്യല്‍ സറ്റയറായ ചിത്രം പറയുന്നത് ഒരു പെണ്‍കുട്ടി അവളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഒരു പോസ്റ്റ് ഇടുന്നതും അതിനെച്ചുറ്റിപ്പറ്റി ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ്. രാരിഷ് ജിയാണ് ചിത്രത്തിന്റെ സംവിധായകന്‍. വലിയ പ്രതിസന്ധികള്‍ തരണം ചെയ്താണ് രാരിഷ് ഐ .എഫ്.എഫ്.കെ യിലേക്ക് എത്തുന്നത്. ഒരു ക്യാമറയും താനും മാത്രമുള്ളപ്പോള്‍ എന്ത് ചെയ്യാന്‍ പറ്റും എന്നുള്ള ആലേചനയില്‍ നിന്നാണ് വേട്ടപ്പട്ടികളും ഓട്ടക്കാരും എന്ന സിനിമ ചെയ്യുന്നതെന്ന് രാരിഷ് പറയുന്നു. രാരിഷ് ദ ക്യുവിനോട് സംസാരിക്കുന്നു.

ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റുന്ന സിനിമ എന്ന ആലോചന

കേരള ഫിലിം അക്കാദമി എന്ന തിരുവന്തപുരത്തെ സ്ഥാപനത്തില്‍ നിന്നാണ് ഞാന്‍ സിനിമാറ്റോഗ്രഫി പഠിക്കുന്നത്. ആദ്യം ലോക ചരിത്രവുമായി ബന്ധപ്പെട്ട അൻപതോളം ഡോക്യുമെന്ററികൾ ചെയ്തു. കുറച്ചു സിനിമകളില്‍ ഞാന്‍ അസിസ്റ്റന്റ് കാമറാമാനായി വര്‍ക്ക് ചെയ്തിട്ടുണ്ട്. അതിനുശേഷം കാമറാമാനായി കുറച്ചു സിനിമകൾ. അതില്‍ രണ്ടെണ്ണം റിലീസായിട്ടില്ല. 2012- 2013 കാലഘട്ടത്തില്‍ ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ചേർന്ന് ഗോര്‍ കാറ്റഗറിയില്‍ പെടുത്താവുന്ന ഒരു സിനിമ ചെയ്തു. My name is blood എന്നാണ് ആ സിനിമയുടെ പേര്. സുമേഷ് സോമനാഥൻ തിരക്കഥ എഴുതി രതീഷ് വിജയപ്പൻ സംവിധാനം ചെയ്തു, ഞാൻ നിർമ്മാണവും ചായാഗ്രഹണവും. മറ്റൊരു സുഹൃത്തായ ലിമു ശങ്കറാണ് പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. അത് പക്ഷേ വിതരണ ചെലവുകൾ കണ്ടെത്താൻ സാധിക്കാതിരുന്നതിനാൽ റിലീസ് ചെയ്യാനായില്ല. ആ സിനിമ എനിക്ക് ഒരുപാട് സാമ്പത്തിക ബാധ്യതകൾ വരുത്തിവെച്ചു. പക്ഷേ ഇന്നും ആ സിനിമ നിർമ്മിച്ചതിൽ എനിക്ക് കുറ്റബോധം ഇല്ല, കാരണം അന്ന് അത്രയേറെ പുതുമയുള്ള സബ്ജക്ടും ട്രീറ്റ്മെന്റും ആയിരുന്നു അതിൽ ഉപയോഗിച്ചത്.

അങ്ങനെ ഇരിക്കുന്ന സമയത്ത് കൂട്ടുകാര്‍ എല്ലാം പല മേഖലകളിലായി തിരിഞ്ഞു പോയി. ചിലര്‍ വിദേശത്തേയ്ക്ക് പേയി, ചിലര്‍ സിനിമയിലേയ്ക്ക് പോയി. ചിലർ ടെലിവിഷനിലേക്കും. സൗഹൃദങ്ങള്‍ ഉണ്ടെങ്കില്‍ പോലും, വര്‍ക്ക് ചെയ്യാൻ കൂടെ ആരും ഇല്ലാത്ത ഒരു അവസ്ഥയിലേയ്ക്ക് ഞാന്‍ എത്തി. അങ്ങനെയാണ് ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റുന്ന സിനിമ എന്നൊരു ആലോചനയിലേക്ക് ഞാൻ വരുന്നത്. വേട്ടപ്പട്ടികളും ഓട്ടക്കാരും എന്ന സിനിമ ഉണ്ടാകുന്നത് അങ്ങനെയാണ്.

കാമറയ്ക്ക് പിറകില്‍ മിക്കപ്പോഴും ഒറ്റയ്ക്കായിരുന്നു.

നൂറോളം ആര്‍ട്ടിസ്റ്റുകള്‍ അഭിനയിച്ച സിനിമയാണിത്. എല്ലവര്‍ക്കും ഡയലോഗുകളും ഉണ്ടായിരുന്നു. സിനിമ ചെയ്യുമ്പാള്‍ പ്രധാനപ്പെട്ട കാര്യം പ്രൊഡക്ഷനാണ്. നിര്‍മ്മാതാവിനെ കിട്ടുന്നത് ബുദ്ധിമുട്ടാണ്. അങ്ങനെയാണ് എനിക്ക് ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്ന സിനിമ എന്ന തീരുമാനം എടുക്കുന്നത്. ഒരു സിനിമ ചെയ്യുമ്പോള്‍ പരമാവധി ടെക്നീഷ്യന്മാരെ ഉള്‍പ്പെടുത്തി ചെയ്യാന്‍ തന്നെ ശ്രമിക്കണം. അവരുടെ കൂടെ ചിന്തകൾ, ആശയങ്ങള്‍ ഒക്കെ നമുക്ക് കിട്ടുമല്ലോ. എനിക്ക് അതിനുള്ള സാഹചര്യം ഇല്ലായിരുന്നു. ടെക്നീഷ്യന്മാര്‍ക്ക് പേയ്മെന്റ് കൊടുക്കാന്‍ എനിക്ക് പറ്റില്ലായിരുന്നു. അങ്ങനെ സിനിമയുടെ ടെക്നീഷ്യന്‍ ഞാന്‍ മാത്രമായി. കാമറയ്ക്ക് മുന്നില്‍ ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ വന്നപ്പോഴും കാമറയ്ക്ക് പിറകില്‍ ഞാന്‍ മാത്രമായിരുന്നു.സിനിമയുടെ ഐഡിയ വന്നപ്പോള്‍ തന്നെ ഞാന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു അവരുടെ ഭാഗത്ത് നിന്നും നല്ല പ്രതികരണമാണ് ഉണ്ടായത്. സിനിമാസംവിധായകൻ കൂടിയായ ജിഷ്ണു ശ്രീകണ്ഠന്‍ എന്ന എന്റെ സുഹൃത്താണ് ഈ കഥ ഒരു മോക്കുമെന്ററിയായി ട്രീറ്റ് ചെയ്ടുകൂടെ എന്ന് ചോദിച്ചത്. ഫിക്ഷന്‍ എന്നു പറയാന്‍ വേണ്ട ഒരു സീനും സിനിമയില്‍ ഇല്ല.

എഡിറ്റിംഗ് ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് ആയിരുന്നു ഞാൻ പ്രധാനമായും മറ്റുള്ളവരെ ആശ്രയിച്ചത്.

എഡിറ്റ് ചെയ്തു തരാൻ ആദ്യം ശ്രീജിത്ത്‌ ജെ. കെ എന്ന സുഹൃത്ത് തയ്യാറായി. പക്ഷേ അദ്ദേഹത്തിന്റെ മറ്റു ചില തിരക്കുകൾ മൂലം മുന്നോട്ടു പോകാനായില്ല. പിന്നീട് എന്റെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സഹപാഠി കൂടിയായ പ്രിയപ്പെട്ട സുഹൃത്ത് സുമേഷ് സോമനാഥന്‍ വന്നു. എഡിറ്റിന്റെ ആദ്യ ഡ്രാഫ്റ്റ് കഴിഞ്ഞപ്പോള്‍ തന്നെ അവൻ ലണ്ടനിലേയ്ക്ക് പോയി. അന്ന് എഡിറ്റിംഗ് കമ്പ്യൂട്ടര്‍ നേരെ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും പോലും അറിയാത്ത ആളായിരുന്നു ഞാന്‍. എന്ത് ചെയ്യണം എന്നറിയാതെ വഴിമുട്ടിയ അവസ്ഥയിൽ മറ്റൊരു സഹപാഠിയും സിനിമ സംവിധായകനുമായ എ.യു. ശ്രീജിത്ത് കൃഷ്ണ എന്റെ സഹായത്തിനെതുന്നത്. അവന്റെ സ്ക്രീൻഫില്ലർ എന്ന സ്റ്റുഡിയോ ഉപയോഗിക്കാൻ അവൻ എന്നോട് പറഞ്ഞു. അതു മുതല്‍ ഞാൻ എല്ലാം തനിയെ പഠിക്കാൻ തുടങ്ങി. ഞാന്‍ തന്നെ എഡിറ്റ് ചെയ്യാനും തുടങ്ങി. എഡിറ്റിലെ മുഴുവന്‍ കീ ഉപയോഗിക്കാന്‍ എനിക്ക് ഇപ്പോഴും അറിയില്ല. ലീനിയര്‍ എഡിറ്റിങും അല്ല സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത് അതിന്റേതായ റിസ്‌ക് ഉണ്ടായിരുന്നു. ഡാവിഞ്ചിയിലാണ് എഡിറ്റ് ചെയ്തത്. 100 -200 വരെയുള്ള ലെയറുള്ള ഷോട്ടുകള്‍ എഡിറ്റ് ചെയ്തു അവസാനം. ചിത്രത്തിന്റെ സംഗീതം ജയേഷ് സ്റ്റീഫന്‍ നിര്‍വഹിച്ചു .വി.എഫ് എക്സ് ചെയ്തിരിക്കുന്നത് പ്രമോദ് കെ.ടിയാണ്. ഏഷ്യാനെറ്റിന്റെ ഗ്രാഫിക്സ് ഡിസൈനറാണ് അദ്ദേഹം. ആഷിഷ് ഇല്ലിക്കല്‍ സൗണ്ട് ഡിസൈന്‍ ചെയ്തു. സ്‌ക്രീന്‍ ഫില്ലര്‍ എന്ന സ്റ്റുഡിയോ ലഭിച്ചില്ലായിരുന്നെങ്കിൽ ഈ സിനിമ ഈ വർഷം ഐ. എഫ്. എഫ്. കെ. യിൽ എത്തില്ലായിരുന്നു.

സിനിമ ഒരു സോഷ്യല്‍ സറ്റയറാണ്

സിനിമ ഒരു സോഷ്യല്‍ സറ്റയറാണ്. നമുക്കെല്ലാവര്‍ക്കും രണ്ട് മുഖം ഉണ്ടാകും. നമ്മള്‍ നമ്മുടെ വീട്ടില്‍ ഇരിക്കുമ്പോള്‍, സ്വന്തം കണ്ണാടിയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഉള്ള മുഖമല്ല സമൂഹത്തിലിറങ്ങുമ്പോള്‍ ഉള്ളത്. മറ്റുള്ളവരുടെ സ്വകാര്യതയിലേയ്ക്ക് കടന്നു ചെല്ലാനും, പരദൂഷണം പറയാനുമൊക്കെ നമുക്ക് ഇഷ്ടമാണ്. ഒരു പെണ്‍കുട്ടി അവളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഒരു പോസ്റ്റ് ഇടുന്നതും അതിനെച്ചുറ്റിപ്പറ്റി ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയിലുള്ളത്. 2016 ഒക്ടോബര്‍ 20 മുതല്‍ -നവംബര്‍ 20 വരെയുള്ള ഒരു മാസ കാലയളവില്‍ കേരളത്തിൽ നടക്കുന്ന സംഭവങ്ങളായിട്ടാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ചാനല്‍ ചര്‍ച്ചകളൊക്കെ നമ്മള്‍ കാണുന്നുണ്ട്. രണ്ട് ചാനലുകളുടെ ലോഗോ ഉള്‍പ്പെടെ ഞങ്ങൾ ക്രിയേറ്റ് ചെയ്തു. സിനിമയില്‍ ഒരു പക്ഷവും ഞാന്‍ പിടിക്കുന്നില്ല. ഒരു സംഭവം ,അതിന്റെ വിവിധ വശങ്ങളൊക്കെ ഞങ്ങള്‍ കാണിക്കുന്നുണ്ട്. അതെല്ലാം കഴിഞ്ഞ് അതിന്റെയെല്ലാം ഉത്തരം പ്രേക്ഷകര്‍ക്ക് ഞങ്ങള്‍ വിട്ട് കൊടുക്കുകയാണ്. ഒരു കണ്‍ക്ളൂഷന്‍ ഞാന്‍ പറയുന്നില്ല, അതിന്റെ ആവശ്യവുമുണ്ടെന്ന് തോന്നുന്നില്ല. അവസാനം എന്താണെന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്കാണ്.

പേരിന് പിന്നില്‍..

സിനിമയുടെ പേരിനു പിന്നില്‍ ഒരു കാര്യമുണ്ട്. വേട്ടപ്പട്ടികളെപ്പോലെ ഒരു ഇരയെ ആക്രമിക്കുകയും, അതേസമയം തന്നെ ഇരയോടൊപ്പെം ഓടുകയും ചെയ്യുന്ന ആളുകളും ഉണ്ട്. അതൊരു വൈരുദ്ധ്യമാണ്. അതില്‍ നിന്നുമാണ് വേട്ടപ്പട്ടികളും ഓട്ടക്കാരും എന്ന പേര് വരുന്നത്.

ഒരു കാമറയും ഞാനും ഉണ്ടെങ്കില്‍ എന്തു ചെയ്യാന്‍ പറ്റും എന്നുള്ള ആലോചനയാണ് സിനിമ.

എസ്.എസ്.എല്‍.സിയുടെ സമയത്താണ് സിനിമയോട് ഒരു ഇഷ്ടം തോന്നുന്നത്. ബിരുദം കഴിഞ്ഞ ശേഷം സിനിമയിലേയ്ക്ക് പോയാല്‍ മതി എന്ന് വീട്ടില്‍ നിന്ന് പറഞ്ഞു. ബി.കോം പഠിച്ച് കഴിഞ്ഞതിന് ശേഷം സിനിമയിലേക്ക് തിരിഞ്ഞു. നാഗവള്ളി ആർ. എസ്. കുറുപ്പ് സാർ ചെയർമാൻ ആയിരുന്ന സ്ഥാപനമാണ് കേരള ഫിലിം അക്കാഡമി. അദ്ദേഹത്തിന്റെ മരണശേഷം പിന്നീട് വേണു നാഗവള്ളി സാർ ചെയർമാൻ ആയി. ജോയ് മുല്ലക്കാട്ടിൽ സാർ ആണ് പ്രധാന അദ്ധ്യാപകൻ. അവിടെയാണ് ഞാൻ പഠിച്ചത്. അവിടെ നിന്നും നിറയെ സൗഹൃദങ്ങള്‍ എനിക്ക് ലഭിച്ചു. അവരുമായി ചേര്‍ന്ന് ഒരുപാട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ പരസ്പരം സംസാരിച്ചു. പിന്നീട് സാമ്പത്തികപ്രശ്നങ്ങള്‍ ആയി, എല്ലാവര്‍ക്കും തിരക്കായി, ടെലിവിഷനില്‍ ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു. പക്ഷേ, അത് മടുത്തിട്ടാണ് ഞാന്‍ അവിടെ നിന്നും ഇറങ്ങിയത്. പിന്നീട് എനിക്ക് ഒറ്റയ്ക്ക് എന്ത് ചെയ്യാന്‍ സാധിക്കും എന്നുള്ള ആലോചനയായിരുന്നു മുഴുവന്‍. അങ്ങനെ ഞാന്‍ തന്നെ ഇറങ്ങിത്തിരിക്കുകയായിരുന്നു. ഞാന്‍ തന്നെ കഥ ,തിരക്കഥ, സംഭാഷണം ഒക്കെ എഴുതി, പ്രൊഡക്ഷൻ ബോയി മുതൽ ഛായാഗ്രഹണം നിർമ്മാണവും സംവിധാനവും വരെ ഞാൻ ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു. ഒരു കാമറയും ഞാനും ഉണ്ടെങ്കില്‍ എന്തു ചെയ്യാന്‍ പറ്റും എന്നുള്ള ആലോചനയാണ് എന്നെ ഇവിടെ വരെ എത്തിച്ചത്.

തിരക്കഥ സാധാരണ ഫോര്‍മാറ്റില്‍ അല്ല

അതുപോലെ തിരക്കഥ എഴുതുമ്പോള്‍ സീന്‍ ഒന്ന് സീന്‍ രണ്ട് എന്നുള്ള ഫോര്‍മാറ്റില്‍ അല്ല എഴുതിയിരിക്കുന്നത്. അതുപോലെ ആര്‍ട്ട് വര്‍ക്ക് ഒക്കെ വേണ്ട സിനിമ ആകരുത് എന്നുള്ള തീരുമാനം ഒക്കെ എടുത്തിരുന്നു. സിനിമ ചെയ്യാന്‍ തുടങ്ങുമ്പോള്‍ തന്നെ അറിയപ്പെടുന്ന ആര്‍ട്ടിസ്റ്റുകള്‍ അനിവാര്യമായ കഥ പാടില്ല എന്നു തീരുമാനിച്ചു. എല്ലാം പ്രൊഡക്ഷന്‍ ചെലവ് ബാലന്‍സ് ചെയ്യാനായിരുന്നു. ആതിര ഹരികുമാർ ഇതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അന്ന് ഒന്നു രണ്ടു ആര്‍ട്ടിസ്റ്റുകളെ സമീപിച്ചെങ്കിലും ആരും ഈ സബ്ജക്റ്റിന്റെ പ്രത്യേകത മൂലം ഈ കഥാപാത്രം ചെയ്യാൻ തയ്യാറായില്ല. ഇപ്പോള്‍ ഇറങ്ങിയ പാല്‍തു ജാന്‍വറില്‍ ജോണി ആന്റണിയുടെ കഥാപാത്രത്തിന്റെ മകളായി അഭിനയിച്ചിരിക്കുന്നത് ആതിരയാണ്. ആകെ അഞ്ച് ഷോട്ടില്‍ മാത്രമേ ആതിര വരുന്നുള്ളൂ. അതിലെ നാലു ഷോട്ടും മൊബൈല്‍ സ്‌ക്രീനിലാണ്. .

2017 മുതല്‍ ഞാന്‍ ഇതിന്റെ ഷൂട്ടിംഗിലായിരുന്നു. സിനിമയോട് വല്യ താല്‍പര്യമാണ് , പക്ഷേ, കൈയ്യില്‍ പൈസയില്ല. അങ്ങനെ ക്യാമറ കൈയ്യില്‍ കിട്ടുമ്പോള്‍ മാത്രം ഷൂട്ട് ചെയ്തു. ഇതിലെ ആര്‍ട്ടിസ്റ്റുകളൊന്നും പരസ്പരം കണ്ടിട്ടില്ല. അതൊന്നും പക്ഷേ, മനപൂര്‍വ്വമല്ലായിരുന്നു. കുറേ പേര്‍ സിനിമ ഉപേക്ഷിക്കണമെന്നു പറഞ്ഞു, ഇത്രയും കാലമായി ഇതിങ്ങനെ കൊണ്ടു നടക്കുകയാണല്ലോ. ഞാനത് വിടാന്‍ തയ്യാറായില്ല.

ഐ. എഫ്. എഫ്. കെ എന്റെ സ്വപ്നമായിരുന്നു

സിനിമ പൂര്‍ത്തിയായതിനു ശേഷം ഞാന്‍ സിനിമയില്‍ തന്നെയുള്ള എന്റെ സുഹൃത്തുക്കളെ കാണിച്ചു. ചെയ്തതില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ, ശരിയായി വന്നിട്ടുണ്ടോ എന്നൊക്കെ അറിയണമല്ലോ. സിനിമ തെരഞ്ഞെടുക്കപ്പെട്ടതില്‍ വളരെ വലിയ സന്തോഷമുണ്ട്. ഐ.എഫ്.എഫ്.ഐ യില്‍ അയച്ചിട്ടുണ്ട്. ഐ.എഫ്.എഫ്.കെയുടെ വേദി പങ്കാളിത്തം കൊണ്ടു വലിയ വേദിയാണ്. അങ്ങനെയൊരു വലിയ സദസ്സിലേയ്ക്ക് സിനിമ എത്തുന്നു എന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. തെരഞ്ഞെടുക്കപ്പെടുമെന്ന് കരുതിയില്ല. എനിക്കങ്ങനെ വലിയ ബന്ധങ്ങള്‍ ഒന്നുമില്ല. ഏതെങ്കിലും വലിയ സ്വാധീനം ചെലുത്തി, സിനിമ തെരഞ്ഞടുത്താല്‍ തന്നെ , ആത്മാര്‍ത്ഥമായ സന്തോഷം നമുക്ക് കിട്ടില്ല. വലിയൊരു വേദിയില്‍ സിനിമ വരുന്നു എന്നത് സന്തോഷം തന്നെയാണ്.

അന്ന് പലിശയ്ക്ക് കടം വാങ്ങിയാണ് സിനിമ ചെയ്തത്

2013 ല്‍ ചെയ്യാന്‍ ശ്രമിച്ച ഗോര്‍ കാറ്റഗറിയിലുള്ള സിനിമയുടെ പേര് 'മൈ നെയിം ഈസ് ബ്ലഡ്' എന്നാണ്. Ott പോലുള്ള ഡിജിറ്റല്‍ സ്‌ക്രീനിംഗ് ഒന്നും ഇല്ലാതിരുന്ന സമയമാണത്. ആ കാലത്ത് പുതിയൊരാശയമായിരുന്നു അത്. അന്ന് പലിശയക്ക് കടം വാങ്ങിയാണ് ആ സിനിമ ചെയ്തത്. ഒരു ഘട്ടം വന്നപ്പോള്‍ പ്രൊഡക്ഷന്റെ കാശ് മുഴുവന്‍ തീര്‍ന്നു. ഇന്നുള്ളതുപോലെ വലിയ അവസരങ്ങള്‍ അന്നില്ല. ഒ.ടി.ടി സൗകര്യങ്ങളൊന്നും അന്ന് ഇല്ലായിരുന്നു. സുഹൃത്തായ സുമേഷ് തിരക്കഥ എഴുതി, അതുപോലെ സുഹൃത്തായ രതീഷ് സംവിധാനം ചെയ്ത സിനിമയായിരുന്നു അത്, സുഹൃത്തുക്കളെ തന്നെ പരമാവധി ഉള്‍പ്പെടുത്തി ഞാന്‍ പൂര്‍ണ്ണമായും പ്രൊഡക്ഷനിലേയ്ക്ക് തിരിഞ്ഞു. ഡിസ്ട്രിബ്യൂഷനൊക്കെ അന്ന് ബുദ്ധിമുട്ടായാരുന്നു, വന്‍ പണച്ചെലവുണ്ട് അതിനെല്ലാം. അതിന്റെ കടം എനിക്കിപ്പോഴുമുണ്ട്. ഇടയ്ക്ക് വര്‍ക്ക്സ് വരുമ്പോള്‍ കുറച്ച് പലിശ അടച്ചു തീര്‍ക്കും. സാധിക്കുമെങ്കിൽ ഏതെങ്കിലും ott പ്ലാറ്റ്ഫോമുകളിലൂടെ ആ സിനിമ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കണം എന്ന് വിചാരിക്കുന്നു. സബ്ടൈറ്റിൽ ഉൾപ്പെടെ എല്ലാവർക്കുകളും പൂർത്തിയാക്കി വച്ചിരിക്കുകയാണ്.

സിനിമ തന്നെയാണ് എന്റെ തൊഴില്‍.

എന്റെ വീട്ടുകാര്‍ക്കൊന്നും ഫിലിം ഫെസ്റ്റുകളുടെ വലിപ്പം ഒന്നും അറിയില്ല. അവര്‍ ടി വി യിലൊക്കെ വരുന്ന സിനിമ കാണുന്ന ആള്‍ക്കാരാണ്. വിദേശത്ത് പോകാന്‍ വിസ വരെ എടുത്ത് കൊണ്ട് വന്നിട്ട്, ടിക്കറ്റ് എന്നത്തേയ്ക്ക് എടുക്കണമെന്ന് ചോദിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ഞാന്‍ പോകാതെ പിടിച്ചു നിന്നു. എനിക്ക് സിനിമ അല്ലാതെ വേറൊരു തൊഴില്‍ അറിയില്ല. സിനിമ തന്നെയാണ് എന്റെ തൊഴിലും ജീവിതവും.

സിനിമയുടെ ലൈംലൈറ്റ് എന്നെ ഒരിക്കലും ആകര്‍ഷിച്ചിട്ടില്ല.

സിനിമയുടെ ലൈംലൈറ്റ് ഒരിക്കലും എന്നെ ആകര്‍ഷിച്ചിട്ടില്ല. നമ്മള്‍ ഒരു സിനിമ ചെയ്യുമ്പോള്‍ നമുക്ക് ഇഷ്ടപ്പെട്ട സിനിമ ചെയ്യുക. നമ്മളെ അടയാളപ്പെടുത്തുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യുക എന്നത് തന്നെയാണ് എന്റെ പരിഗണന. അവാര്‍ഡ് സിനിമ, കൊമേഴ്സ്യല്‍ സിനിമ എന്നൊരു സംഗതിയില്ല , എനിക്കതില്‍ വിശ്വാസമില്ല, സിനിമ മാത്രമേയുള്ളൂ. ഈ സിനിമ ചിലപ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. നിങ്ങള്‍ക്ക് ബോറടിക്കാം . അതേസമയം ഇതൊരു പുതിയ സിനിമയായിരിക്കും എന്നതാണ് എനിക്ക് പ്രേക്ഷകർക്ക് നൽകാനുള്ള ഉറപ്പ്. പ്രേക്ഷകരുടെ ഇഷ്ടങ്ങള്‍ വളരെ വ്യത്യസ്ഥമാണ്. എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ അതിന് സാധിച്ചെന്ന് വരില്ല. വേട്ടപ്പട്ടികളും ഓട്ടക്കാരും നിങ്ങള്‍ ഇതുവരെ കാണാത്ത സിനിമ തന്നെയായിരിക്കും. ഈ സിനിമയില്‍ ഒരുപാട് തെറ്റുകുറ്റങ്ങള്‍ ഉണ്ടായേക്കാം , സാങ്കേതികമായി വളരെ പരിമിതികളുള്ള ആളാണ് ഞാന്‍. അത് സിനിമ കണ്ട് പ്രേക്ഷകര്‍ എന്നോട് പറയുമെന്ന് കരുതുന്നു. അത് സ്വയം നവീകരിക്കാൻ എനിക്ക് സഹായമാകും

Related Stories

No stories found.
logo
The Cue
www.thecue.in