തലപ്പത്ത് ഇരിക്കുമ്പോള്‍ സംഘടനയെ കുറിച്ച് പഠിച്ചിരിക്കണം, ഒപ്പ് രേഖപ്പെടുത്താൻ അനുവദിക്കാതിരുന്നത് അദൃശ്യശക്തി; ഷമ്മി തിലകൻ

തലപ്പത്ത് ഇരിക്കുമ്പോള്‍ സംഘടനയെ കുറിച്ച് പഠിച്ചിരിക്കണം, ഒപ്പ് രേഖപ്പെടുത്താൻ അനുവദിക്കാതിരുന്നത് അദൃശ്യശക്തി; ഷമ്മി തിലകൻ

താരസംഘടനയായ 'അമ്മയുടെ 2021-2024 ഭരണ സമിതി ലിസ്റ്റില്‍ നിന്നും ഷമ്മി തിലകന്റെ നോമിനേഷന്‍ സംഘടന കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സംഭവത്തില്‍ സംഘടനക്കെതിരെ രൂക്ഷ വിമര്‍ശനം അറിയിച്ച് ഷമ്മി തിലകനും രംഗത്തെത്തിയിരുന്നു. തന്റെ നോമിനേഷന്‍ മനപ്പൂര്‍വ്വം തള്ളിയതാണ്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ സത്യസന്ധതയെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

VIDHU BABU MANCHERIYIL

എന്നാല്‍ മോഹന്‍ലാലിന്റെ സത്യസന്ധതയുടെ അളവിനെക്കുറിച്ച് തല്‍ക്കാലം പറയുന്നില്ല എന്നത് സ്ലിപ് ഓഫ് ടങ്ങ് (Slip of Tongue) ആയി കണ്ടാല്‍ മതി എന്ന് ഷമ്മി തിലകന്‍ ദ ക്യുവിനോട്. ഒരു ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു ഷമ്മി തിലകന്‍ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞത്. അതേസമയം തന്നെ ഡിക്ലറേഷന്‍ ഫോമില്‍ ഒപ്പ് രേഖപ്പെടുത്താന്‍ അനുവദിക്കാതിരുന്ന ഒരു അദൃശ്യശക്തിയാണെന്നും ഷമ്മില്‍ തിലകന്‍ കൂട്ടി ചേര്‍ത്തു.

മോഹന്‍ലാലിന്റെ സത്യസന്ധതയുടെ അളവിനെക്കുറിച്ച് തല്‍ക്കാലം പറയുന്നില്ല എന്നാണ് നോമിനേഷന്‍ തള്ളിയപ്പോള്‍ ഷമ്മി തിലകന്‍ പ്രതികരിച്ചത്. പിന്നീട്് പറയും, ഒരിക്കല്‍ അവസരം ലഭിച്ചാല്‍ ചിലതെല്ലാം തുറന്നുപറയുമെന്ന ധ്വനി ആണോ ഇതില്‍ നിന്ന് മനസിലാക്കേണ്ടത് ?

അമ്മ ഒരു ചാരിറ്റബിള്‍ സൊസൈറ്റി ആക്റ്റ് പ്രകാരമുള്ള സംഘടനയാണ്. മോഹന്‍ലാല്‍ എന്ന വ്യക്തിയെ കുറിച്ചല്ല മറിച്ച് അദ്ദേഹം വഹിക്കുന്ന പ്രസിഡന്റ് എന്ന സ്ഥാനത്തെ കുറിച്ചാണ് അത്തരമൊരു പ്രസ്താവന നടത്തിയത്. അതൊരു വസ്തുത കൂടിയാണ്. പിന്നെ മോഹന്‍ലാലിന്റെ സത്യസന്ധതയുടെ അളവിനെക്കുറിച്ച് തല്‍ക്കാലം പറയുന്നില്ല എന്ന് പറഞ്ഞത് ഒരു ചാനല്‍ ചര്‍ച്ചക്കിടെ പറഞ്ഞതാണ്. അതിനെയൊരു സ്ലിപ് ഓഫ് ടങ്ങ് (Slip of Tongue) ആയി കണ്ടാല്‍ മതി. ഞാന്‍ സംഘടനയിലെ അച്ചടക്കമുള്ള ഒരു അംഗമാണ്. അതുകൊണ്ട് തന്നെ സംഘടനക്ക് അകത്ത് നില്‍ക്കുന്ന കാര്യമാണതെന്ന് വിശ്വസിക്കുന്നൊരാളാണ് ഞാന്‍. അച്ഛന്‍ മരിക്കുന്നതിന് ഒരാഴ്ച മുന്നേ തന്നെ ഈ വിഷയവമായി ബന്ധപ്പെട്ട് പരസ്യമായി പറഞ്ഞിട്ടുള്ള ആളാണ് ഞാന്‍. അമ്മ സംഘടനയുടെ തെറ്റായ നിലപാടുകള്‍ക്ക് എതിരെയാണ് ഞാന്‍ സംസാരിച്ചട്ടുള്ളത് അല്ലാതെ എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയല്ല. ഒന്നുകില്‍ അച്ഛന് നീതി കിട്ടിയിട്ടില്ല എന്നുള്ളത് അല്ലെങ്കില്‍ അച്ഛനെ പോലെയുള്ള മറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിച്ചട്ടുള്ളത്.

സ്വന്തം പേരും ഒപ്പും കൃത്യമായി എഴുതാതെ നോമിനേഷന്‍ കൊടുത്തില്ല എന്നതില്‍ ഒരു സൂക്ഷ്മതക്കുറവില്ലേ, അത് പോലും ശ്രദ്ധിക്കാതെയാണോ ഇത്തരമൊരു നിര്‍ണായക നീക്കത്തിന് മുതിരേണ്ടത് ?

സ്വന്തം പേരും ഒപ്പും ഞാന്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഡിക്ലറേഷഹന്‍ ഫോമില്‍ രണ്ടാമതൊരൊപ്പും പേരും ഞാന്‍ രേഖപ്പെടുത്തിയിരുന്നില്ല. മൂന്നാം തിയതി ഉച്ചക്ക് ഒരു മണിയായിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന സമയം. ബൈജു സന്തോഷിന്റെ ഒപ്പ് രാത്രി 9 മണിക്ക് ശേഖരിച്ച്, പുലര്‍ച്ചെ 5 മണിക്കാണ് തിരുവനന്തപുരത്ത് നിന്ന് ഞാന്‍ കൊച്ചിയിലേക്ക് വരുന്നത്. ഉച്ചക്ക് 12 മണിക്ക് കലൂരെത്തി അവിടെ നിന്ന് മൂന്ന് കവര്‍ വേടിച്ച് അവിടെ വെച്ചുതന്നെയാണ് പൂരിപ്പിച്ചതും. ഇത്ര ദൂരം ഒറ്റക്ക് ഡ്രൈവ് ചെയ്തതുകൊണ്ടും, യാത്രാക്ഷീണം ഉണ്ടായിരുന്നതുകൊണ്ടും ഡിക്ലറേഷന്റെ ഭാഗം ഞാന്‍ ശ്രദ്ധിച്ചില്ല. അല്ലെങ്കില്‍ കൃത്യമായി വായിച്ച് ഒപ്പിടുന്നൊരാളാണ് ഞാന്‍. താഴോട്ട് നോക്കിയപ്പോള്‍ ഓഫീസ് യൂസ് ഓണ്‍ലി എന്നും കണ്ടതുകൊണ്ട് ബാക്കിയുള്ള ഭാഗം ശ്രദ്ധിച്ചില്ല. ചിലപ്പോള്‍ ഏതോ ഒരു അദൃശ്യ ശക്തി എന്നെകൊണ്ട് അത് കാണിക്കാതെ ഇരുന്നതുമായിരിക്കും. നീ ഇലക്ഷന് നില്‍ക്കണ്ട, ഈ ഡിക്ലറേഷന്‍ ഒപ്പിട്ട് കൊടുക്കണ്ടടാ, എന്ന് ഏതൊരു അദൃശ്യ ശക്തി ആഗ്രഹിച്ചതുപോലെ എനിക്ക് തോന്നുന്നു. അല്ലെങ്കില്‍ ഞാന്‍ ആ ഭാഗം കാണേണ്ടതായിരുന്നു. ഈ ഡിക്ലറേഷന്‍ ഫോമില്‍ ഞാന്‍ ഒപ്പിട്ട് കൊടുക്കുമ്പോള്‍ അതൊരു പ്രതിജ്ഞ കൂടിയാണ്. സംഘടനയുടെ ചിട്ടവട്ടങ്ങള്‍ അനുസരിച്ച് നിശബ്ദനായി ഇരിക്കണം എന്നതിനുള്ള ഒരു പ്രതിജ്ഞ. അതില്‍ ഒപ്പിട്ട് കൊടുത്താല്‍ പിന്നെ മിണ്ടാന്‍ പറ്റുമോ എനിക്ക്? എന്റെ അഭിപ്രായ സ്വാതന്ത്രം അവിടെ പണയം വെക്കേണ്ടി വരും. എന്നെ ഒപ്പ് രേഖപ്പെടുത്താന്‍ അനുവദിക്കാതിരുന്ന അദൃശ്യശക്തി ആരാണെന്ന് ഞാന്‍ പ്രത്യേകിച്ച് പറയണ്ടല്ലോ? നിങ്ങള്‍ക്ക് അറിയാം അതാരാണെന്ന്.

ദിലീപിനെ പുറത്താക്കുന്നത് മുതല്‍ വിവാദങ്ങളുടെ നടുവിലാണ് താരസംഘടന, തിലകനെ പുറത്താക്കിയ സംഭവത്തെക്കുറിച്ച് പറഞ്ഞപ്പോഴും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് സംസാരിച്ചപ്പോഴും ഒരു വിഭാഗം ആളുകളുടെ പിടിയിലാണ് അമ്മ എന്ന് താങ്കള്‍ ആരോപിച്ചിരുന്നു. അതേ ലോബി തന്നെയാണോ ഇപ്പോഴും തലപ്പത്ത് ?

ഞാന്‍ മാത്രമല്ലലോ ആരോപിച്ചിരുന്നത്. ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു, 'എന്റെ അച്ഛനായിരുന്നു ശരി' എന്ന് പറഞ്ഞ്. എന്റെ അച്ഛനെന്താ പറഞ്ഞെ? മാഫിയ സംഘങ്ങളുടെ പിടിയിലാണ് താരസംഘടന എന്നാണ്. അച്ഛന്‍ 2012 ല്‍ മരിക്കുന്നതിന് മുന്നെയാണ് അത് പറയുന്നത്. അച്ഛന്‍ ഒരു കൂട്ടം ആളുകള്‍ എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. എന്നാല്‍ 2017ല്‍ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ അച്ഛന്‍ പറഞ്ഞ അതെ കാര്യങ്ങള്‍ തന്നെ ആളുകളുടെ പേരനുസരിച്ച് 15 അംഗ കമ്മിറ്റിയെ കുറിച്ച് ഉണ്ടായിരുന്നില്ലേ? അച്ഛനോടുള്ള വിശ്വാസം കൊണ്ടാണ് ആളുകള്‍ അന്ന് അത് മുഖവിലക്ക് എടുത്തത്. ഒരുപക്ഷെ ഞാനായിരുന്നു അത് പറഞ്ഞിരുന്നതെങ്കില്‍ ആരും മുഖവിലക്കെടുക്കില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പറയുന്നത് ആളുകള്‍ മുഖവിലക്കെടുക്കുന്നതിന്റെ കാര്യം മറ്റൊന്നുമല്ല, അച്ഛന്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍ ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കൃത്യമായ തെളിവുകളോടെ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നു. അതിനകത്ത് വ്യക്തമായി 15 അംഗ മാഫിയ കമ്മിറ്റി എന്ന് തന്നെയാണ് പറഞ്ഞിരിക്കുന്നത്. തിലകന്‍ ചില്ലറ ആളല്ല എന്ന് ഞാനെഴുതാന്‍ കാരണവും അതാണ്. തിലകന് ബുദ്ധിസ്ഥിരതയില്ല എന്ന് പറഞ്ഞല്ലേ അവരെല്ലാം അന്ന് ന്യായീകരിച്ചത്? എന്ന് കരുതി ജസ്റ്റിസ് ഹേമ കമ്മീഷന് ബുദ്ധിസ്ഥിരതയില്ല എന്ന് പറയാന്‍ കഴിയുമോ? ജസ്റ്റിസ് ഹേമ കമ്മിഷന്‍ പരാമര്‍ശിച്ചിരിക്കുന്ന പലയാളുകളും ഇപ്പോഴത്തെ ഗവണ്മെന്റിനെ സപ്പോര്‍ട്ട് ചെയ്യുന്നവരാണ്.

അച്ഛനോട് അന്ന് കോടതിയില്‍ കേസ് മൂവ് ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ എന്നോട് ചോദിച്ചത് നിന്റെ കയ്യില്‍ അതിനുള്ള പൈസയുണ്ടോ എന്നാണ്. പൈസ ഇറക്കി അവര്‍ സീനിയര്‍ വക്കീലുമാരെ കൊണ്ട് വന്നാല്‍ തിലകനെന്നല്ല ദേവേന്ദ്രന്‍ പറഞ്ഞാലും തള്ളി പോകും. മാധ്യമ വിചാരണയില്‍ വിശ്വസിച്ചിരുന്ന ആളായിരുന്നു അച്ഛന്‍ എന്നാല്‍ ഞാന്‍ അതിന് കൂട്ട് നില്‍ക്കില്ല എന്ന് അച്ഛനോട് പറഞ്ഞിരുന്നു. അച്ഛന്റെ മരണത്തിന് ഒരാഴ്ച മുന്നേ ഞാന്‍ തുടങ്ങിയ ഫൈറ്റാണ്. പക്ഷെ ഞാന്‍ എന്നാണ് വെളിയില്‍ പറഞ്ഞതെന്ന് നിങ്ങള്‍ ശ്രദ്ധിച്ചാട്ടുണ്ടോ? ഞാന്‍ ആദ്യമായി ഇത് വെളിയില്‍ പറയുന്നത് വിനയന്റെ കേസില്‍ കോമ്പറ്റിഷന്‍ കമ്മിറ്റി ഓഫ് ഇന്ത്യയുടെ വിധി വന്നതിനു ശേഷമാണ്. തിലകന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നും അതുപോലെയുള്ള പീഡനങ്ങള്‍ അനുഭവിച്ചട്ടുണ്ടെന്നും കോടതിയുടെ കണ്ടെത്തലാണ്. അതൊരു തെളിവ് അല്ലെ? പിന്നെ ഞാന്‍ പറഞ്ഞാല്‍ എന്താണ് പ്രശ്‌നം? അച്ഛന് ഭ്രാന്താണെന്നാണ് ഇവരെല്ലാം പറഞ്ഞത്. അധികം വൈകാതെ തന്നെ എന്നെയും ഭ്രാന്തനാക്കും.

പ്രേംകുമാറും ബൈജു സന്തോഷും മാത്രമാണ് താങ്കളെ നോമിനേഷനില്‍ പിന്തുണച്ചത്. മോഹന്‍ലാല്‍ നയിക്കുന്ന ഭരണസമിതിയാണ് അമ്മയുടെ തലപ്പത്ത്, അവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതും. അമ്മയുടെ നിയന്ത്രണം കിട്ടിയാല്‍ മോഹന്‍ലാലിനോ മറ്റ് പ്രധാന താരങ്ങള്‍ക്കോ ഉള്ള ഗുണം എന്തായിരിക്കുമെന്നാണ് താങ്കള്‍ കരുതുന്നത് ?

'അമ്മ ഒരു താരസംഘടനയാണ്. ഞാന്‍ അതിന്റെ വെറും മെമ്പര്‍ മാത്രമല്ല സ്ഥാപക മെമ്പര്‍ കൂടിയാണ്. ഗുണമൊന്നും ഇല്ലാതെ 20 വര്‍ഷത്തോളമായി തലപ്പത്ത് ആരും ഇരിക്കില്ലല്ലോ. 2018ല്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് മീറ്റിംഗ് നടക്കുമ്പോള്‍ ഒരു എക്‌സിക്യൂട്ടിവ് അംഗം സാമ്പത്തിക വിഷയം ഉന്നയിച്ചുകൊണ്ട് ഒരു പരാമര്‍ശം നടത്തിയിരുന്നു. ജനറല്‍ ബോഡിയില്‍ പറഞ്ഞത് അല്ലാത്തതുകൊണ്ട് ഞാന്‍ അത് എന്താണെന്നും ആരാണെന്നും തല്‍കാലം പറയുന്നില്ല. തലപ്പത്ത് ഇരിക്കുന്നവര്‍ക്ക് ഗുണമില്ലെങ്കില്‍ അങ്ങനെയൊരു വിഷയം എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അവതരിപ്പിക്കേണ്ട ആവശ്യമില്ലലോ.

അമ്മ വിവാദത്തില്‍ പാര്‍വതി തിരുവോത്തിനെ ഉള്‍പ്പെടെ പിന്തുണച്ച ആളാണ് താങ്കള്‍, ഭരണസമിതി തലപ്പത്തേക്ക് വരണമെന്ന് ആഗ്രഹിച്ചത് സംഘടന ജനാധിപത്യ വിരുദ്ധമെന്ന് തോന്നിയത് കൊണ്ടാണോ ?

സംഘടന തീര്‍ച്ചയായും ജനാധിപത്യ വിരുദ്ധമായത് കൊണ്ട് തന്നെയാണ് ഭരണസമിതി തലപ്പത്തേക്ക് വരണമെന്ന് ആഗ്രഹിച്ചത്. അതല്ലാതെ മറ്റൊരു കാരണങ്ങളുമില്ല. എനിക്ക് ഇതല്ലാതെ ഒത്തിരി പണിയുണ്ട്. ഞാന്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ ഒരു കേസ് ഡയറക്റ്റ് വാദിച്ചുകൊണ്ട് ഇരിക്കുകയാണ്. ഇന്ത്യ മഹാരാജ്യത്ത് ചരിത്ര സംഭവമാണിത്. നേരത്തെ പറഞ്ഞ ക്രൗണ്‍ പ്ലാസയില്‍ വെച്ച് നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗില്‍ ജോയ് മാത്യു പറഞ്ഞൊരു വാചകമുണ്ട്, 'തിലകന്‍ ചേട്ടന്റെ പ്രാക്കാണ് ഇപ്പോള്‍ ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം എന്ന രീതിയില്‍ ഒരു സംസാരം ജനങ്ങള്‍ക്കിടയിലുണ്ടെന്ന്'. എന്നാല്‍ അതിനൊരു മറുപടിയും പറയാനില്ലാതെ ശരിയാണെന്ന രീതിയില്‍ തലയാട്ടുകയായിരുന്നു അവരെല്ലാവരും. ഞാന്‍ അതെന്റെ കണ്ണുകള്‍ കൊണ്ട് കണ്ടതാണ്.

അമ്മ സിനിമാതാരങ്ങളുടെ ഒരു ക്ലബ് അല്ലെങ്കില്‍ ചാരിറ്റി ഗ്രൂപ്പ് ആയി കണ്ടാല്‍ മതിയെന്ന രീതിയില്‍ സംഘടനയിലെ വിഷയങ്ങളെ ചുരുക്കി കാണുന്ന ചിലരെയും സിനിമാ മേഖലിയല്‍ കാണാനാകും. താരസംഘടനയുടെ പ്രവര്‍ത്തനം, സാമ്പത്തിക ഇടപാടുകള്‍, സുതാര്യമല്ലെന്നാണോ വിശ്വസിക്കുന്നത്?

സുതാര്യമല്ലെന്ന് എന്റെയടുത്ത് ശ്രീ മോഹന്‍ലാല്‍ തന്നെ പറഞ്ഞിട്ടുണ്ട്. 'എനിക്ക് ഇതിനെ കുറിച്ച് ഒരു പിടിയുമില്ല' എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. പിന്നെയെന്തിന് ലാലേട്ടാ ഇതിനകത്ത് കയറി ഇരിക്കണത് എന്ന് എനിക്ക് ചോദിക്കാന്‍ തോന്നിയതാണ്, പക്ഷെ ഞാന്‍ ചോദിച്ചില്ല. ഞാന്‍ വളരെ ഇഷ്ടപെടുന്ന, ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം. മാത്രവുമല്ല അദ്ദേഹം സംഘടനയുടെ പ്രസിഡന്റായി ഇരിക്കുന്നത് ആ സംഘടയുടെ ഗ്ലാമറിന് ആവശ്യവുമാണ്. എനിക്ക് ഇതിനെ കുറിച്ച് ഒരു പിടിയുമില്ല അതുകൊണ്ട് നിങ്ങളെ പോലുള്ളവര്‍ കൃത്യമായി പഠിച്ച്, വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്ക് എന്ന് പറഞ്ഞാണ് എന്നെ അദ്ദേഹം ക്രൗണ്‍ പ്ലാസ മീറ്റിംഗിന് ക്ഷണിച്ചുകൊണ്ടുള്ള ഫോണ്‍ കോളില്‍ പറഞ്ഞത്.

അതിനുശേഷം ഞാന്‍ ഒഫീഷ്യല്‍ ആയിട്ട് സംഘടനക്ക് കത്തയച്ചു. ലാലേട്ടന്‍ ഇങ്ങനെയെല്ലാം പറഞ്ഞിട്ടുണ്ട് അതുകൊണ്ട് തന്നെ എനിക്ക് ഓഫീസില്‍ രേഖകളെല്ലാം നോക്കാനുണ്ടെന്നും, അത്തിന്റെ ചിട്ടവട്ടങ്ങളെല്ലാം ഒരു പ്രതിഫലവുമില്ലാതെ ക്ലിയറാക്കാന്‍ തയ്യാറാണെന്നും ആ കത്തില്‍ പറഞ്ഞിട്ടുണ്ട്. അതിനുശേഷം ഞാന്‍ അതിന്റെ രേഖകളെല്ലാം പരിശോധിക്കാന്‍ ചെന്നപ്പോള്‍ പലര്‍ക്കും കൊണ്ടു. അവിടെ നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. വെറുതെ ഇരുന്നിരുന്ന എന്നെ പിടിച്ച് അതിനകത്തേക്ക് ഇടേണ്ട വെല്ല കാര്യവും ലാലേട്ടന് ഉണ്ടായിരുന്നോ? കാര്യം പത്താം ക്ലാസ് വരെ പഠിച്ചിട്ടുള്ളുവെങ്കിലും ചെങ്കോല്‍ മുതല്‍ പോലീസ് കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് ഇരിക്കുന്ന നടനാണ് ഞാന്‍. ഒരല്‍്പമെങ്കിലും പോലീസ് ബുദ്ധി എനിക്കുണ്ടാകില്ലേ? അങ്ങനെയെന്റെ പോലീസ് ബുദ്ധിയില്‍ ചോദിച്ചു പോയപ്പോള്‍ കണ്ടെത്തിയത് അതിഭീകരമായ അവസ്ഥകളാണ്. ഞാന്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഒരു വെള്ളവും ചേര്‍ക്കാതെ വസ്തുതാപരമായിട്ട് അദ്ദേഹത്തിനെ അറിയിച്ചു. ശരിക്കും പറഞ്ഞാല്‍ പുള്ളി വെട്ടിലായി പോയി. അപ്പൊ പിന്നെ പുള്ളി നിശബ്ദനായി പോയി. ഞാനന്ന് പറഞ്ഞ പ്രസ്താവനയും പ്രെസിഡന്റ് എന്ന നിലക്ക് മോഹന്‍ലാല്‍ ചെയ്തത് ശരിയല്ല എന്നായിരുന്നു. സംഘടനയുടെ തലപ്പത്ത് ഇരിക്കുമ്പോള്‍ സംഘടനയെ കുറിച്ച് പഠിച്ചിരിക്കണം, അല്ലെങ്കില്‍ തലപ്പത്ത് ഇരിക്കാന്‍ പോകരുത്.

Related Stories

No stories found.
logo
The Cue
www.thecue.in