
രാജീവ് ഗാന്ധി വധക്കേസിന്റെ അന്വേഷണം ആസ്പദമാക്കി സോണി ലിവിൽ പുറത്തിറങ്ങിയ ഏഴ് എപ്പിസോഡുകൾ മാത്രമുള്ള വെബ് സീരീസാണ് ‘ദി ഹണ്ട്’(The Hunt: The Rajiv Gandhi Assassination Case). നാഗേഷ് കുകുനൂർ സംവിധാനം ചെയ്ത സീരീസിൽ രാജീവ് ഗാന്ധി വധക്കേസിലെ പ്രധാന പ്രതിയായിരുന്ന ശിവരശൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പാലക്കാട് സ്വദേശിയായ ഷഫീഖ് മുസ്തഫയാണ്. ഈ കഥാപാത്രത്തിലേക്ക് എത്തിയതിനെക്കുറിച്ചും, സീരീസിന് ലഭിക്കുന്ന സ്വീകാര്യതയുടെ സന്തോഷവും ക്യു സ്റ്റുഡിയോയോട് പങ്കുവെക്കുകയാണ് ഷഫീഖ്.
ഹണ്ട് സീരീസിലേക്ക്
കാസ്റ്റ് ബേ എന്ന കാസ്റ്റിങ് കമ്പനി ഈ സീരീസിലേക്ക് അഭിനേതാക്കളെ തേടുന്ന സമയം ആ കമ്പനിയിൽ വർക്ക് ചെയ്യുന്ന ഒരു സുഹൃത്ത് എന്നെ അവർക്ക് പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു. തുടർന്ന് പ്രൊഡക്ഷൻ ഹൗസ് എന്നോട് ചില രംഗങ്ങൾ അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെടുകയും അത്തരം വീഡിയോസ് ഞാൻ ചെയ്ത് അയക്കുകയും ചെയ്തു. പിന്നീട് മുംബൈയിൽ വെച്ച് ലുക്ക് ടെസ്റ്റുമുണ്ടായിരുന്നു. അതിന് ശേഷമാണ് ഈ കഥാപാത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.
ഈ കഥാപാത്രം എത്രത്തോളമുണ്ടെന്ന് ആദ്യം എനിക്ക് അറിയില്ലായിരുന്നു. എനിക്ക് ലഭിച്ചിരുന്നത് എന്റെ മാത്രം ഭാഗങ്ങളുടെ സ്ക്രിപ്റ്റായിരുന്നു. എന്നാൽ ഈ കഥാപാത്രം പ്രധാനപ്പെട്ടതാണ് എന്ന് തിരിച്ചറിഞ്ഞിരുന്നു. ഇത്രത്തോളം വലിയൊരു പ്രോജക്ടിന്റെ ഭാഗമാകുന്നത് ഇത് ആദ്യമായാണ്. അത് ഗംഭീരമാക്കണം എന്ന് ആഗ്രഹിച്ചിരുന്നു.
'ശിവരശ'നായുള്ള മുന്നൊരുക്കങ്ങൾ
ഈ കഥാപാത്രത്തിനായി മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഈ സംഭവങ്ങൾ നടന്ന സമയത്തുള്ള ചില വീഡിയോസായിരുന്നു ഞാൻ കൂടുതലായും കണ്ടത്. അതിനൊപ്പം എൽടിടിഇയെക്കുറിച്ച് പഠിക്കുന്നതിനായി ഇവരുടെ ചില അഭിമുഖങ്ങൾ, ഡോക്യുമെന്ററികൾ, ഒക്കെ കണ്ടു. അതിനൊപ്പം പത്രലേഖനങ്ങൾ റെഫർ ചെയ്‌തു. അതുപോലെ ചില മാധ്യമസുഹൃത്തുക്കളിൽ നിന്നും സഹായം തേടിയിരുന്നു.
എത്രനാളുകൾ വേണ്ടിവന്നു ഈ മുന്നൊരുക്കങ്ങൾക്ക്
അങ്ങനെ വലിയ സമയം ഒന്നും ലഭിച്ചില്ല. എന്നെ സെലക്ട് ചെയ്ത് 20 ദിവസം കഴിഞ്ഞപ്പോൾ ഷൂട്ടിങ് ആരംഭിച്ചു. ആ 20 ദിവസം മാത്രമാണ് എനിക്ക് ലഭിച്ചത്. ഈ കഥാപാത്രത്തിലേക്ക് തിരഞ്ഞെടുത്തപ്പോൾ തന്നെ സംവിധായകൻ ശരീരഭാരം വർധിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ അഞ്ച് കിലോയോളം ഭാരം വർധിപ്പിച്ചു.
ക്ലൈമാക്സ് രംഗങ്ങളിലെ പ്രകടനം
ആ രംഗങ്ങൾ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. കുറച്ച് സമയമെടുത്താണ് ആ രംഗങ്ങൾ ചെയ്തത്. സ്‌ക്രീനിൽ വരുമ്പോൾ അത്രത്തോളം ദൈർഘ്യമില്ലെങ്കിലും ആ രംഗങ്ങൾ മനോഹരമായി തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നാണ് ഞാൻ കരുതുന്നത്.
ഷഫീഖ് എന്ന അഭിനയമോഹി
ചെറുപ്പം മുതൽ സ്കൂൾ നാടകങ്ങളിലൊക്കെ ഞാൻ അഭിനയിക്കുമായിരുന്നു. കുട്ടിക്കാലം മുതൽ അഭിനയം തന്നെയായിരുന്നു മനസ്സിൽ. എന്നാൽ ചില കാരണങ്ങളാൽ അതിൽ നിന്ന് ഒരു ബ്രേക്കെടുത്ത് ഗൾഫിലേക്ക് പോകേണ്ടി വന്നു. പിന്നീട് എന്റെ സുഹൃത്തുക്കളൊക്കെ ഷോർട്ഫിലിംസൊക്കെ ചെയ്യുന്ന സമയത്ത്, അവർ എന്നെ വിളിക്കുകയും അങ്ങനെ ഞാൻ തിരികെ വരികയുമായിരുന്നു.
പിന്നീട് പല ഷോർട്ട് ഫിലിമുകളിൽ ഞാൻ സഹ സംവിധായകനായും മറ്റുമൊക്കെ വർക്ക് ചെയ്തിട്ടുണ്ട്. അയ്യപ്പനും കോശിയും എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്, ലോഡ്ജിലെ സംഘട്ടന രംഗങ്ങളിലായിരുന്നു. സുനി എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്.
സീരീസിന് ലഭിക്കുന്ന പ്രതികരണങ്ങൾ
ഈ സീരീസ് കണ്ട് സിനിമാ മേഖലയിൽ നിന്നും അല്ലാതെയും നിരവധിപ്പേർ വിളിച്ച് അഭിനന്ദിക്കുകയുണ്ടായി. തമിഴ്, തെലുങ്ക് സിനിമകളിൽ നിന്നുപോലും പലരും വിളിച്ച് അഭിനന്ദിച്ചു. അതിൽ തന്നെ കേരളം ക്രൈം ഫയൽസിന്റെ സംവിധായകൻ അഹമ്മദ് കബീർ കഥാപാത്രം നന്നായിട്ടുണ്ട് എന്ന് മെസ്സേജ് അയച്ചിരുന്നു. അതെല്ലാം കാണുമ്പോൾ സന്തോഷമുണ്ട്.