
ഈ വർഷം സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരുന്ന പാൻ ഇന്ത്യൻ ചിത്രം പുഷ്പ പാർട്ട് 2 തിയറ്ററുകളിലേക്കെത്തുകയാണ്. ഒരിന്ത്യൻ സിനിമയുടെ ഈ വർഷത്തെ ഏറ്റവും വലിയ റിലീസ് കൂടിയാണ് പുഷ്പയുടെ രണ്ടാം ഭാഗം. ചന്ദനകടത്തുകാരനായി പുഷ്പരാജും ഭൻവർ സിങ് ഷെഖാവത്തായി ഫഹദും എത്തുന്ന ചിത്രത്തിൽ അഭിനേതാക്കളുടെ വലിയ നിര തന്നെയുണ്ട്. തിയറ്ററുകളിൽ ആഘോഷമാകാൻ പുഷ്പ പാർട്ട് 2 എത്തുമ്പോൾ ചിത്രത്തിന് പശ്ചാത്തല സംഗീതം നിർവഹിച്ച സാം സി എസ് ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.
പുഷ്പ 2 വിന് പശ്ചാത്തല സംഗീതം ഒരുക്കുമ്പോൾ
പ്രേക്ഷകൻ എന്ന നിലയിൽ ചിന്തിച്ചുകൊണ്ടാണ് സിനിമകൾക്ക് ഞാൻ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ത്രില്ലറോ മർഡർ മിസ്റ്ററിയോ ഒക്കെയാണെങ്കിൽ നമുക്ക് മറ്റൊരു രീതിയിൽ ബിജിഎം ചെയ്യാൻ കഴിയും. എന്നാൽ പുഷ്പ പോലൊരു സിനിമയ്ക്ക് ബ്രഹ്മാണ്ഡം എന്ന് പറയാവുന്ന ഒരു വലിയ സ്കെയിൽ ഉണ്ട്. എൻട്രി ആണെങ്കിലും ഫൈറ്റ് ആണെങ്കിലും ഒരു ഷോട്ടിൽ പോലും സിനിമ സ്കെയിലിൽ വലുത് തന്നെയാണ്. മ്യൂസിക്കലി നോക്കുമ്പോൾ ഒരു സമ്മാനം പൊതിയുന്നതുപോലെയാണ് നമ്മൾ അതിൽ വർക്ക് ചെയേണ്ടതും. തിരക്കഥയ്ക്കൊപ്പം പോകാതെ ഒരു പ്രേക്ഷകന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് സിനിമ കാണുമ്പോഴാണ് ബിജിഎം ആ രീതിയിൽ ചെയ്യാൻ സാധിക്കൂ. തിയറ്ററിൽ പോയി സിനിമ കാണുമ്പോൾ ഒരു സീനിൽ റിവീലിംഗ് ഫീൽ എനിക്ക് കിട്ടണമെങ്കിൽ ഇങ്ങനെ ഒന്നു വേണം എന്ന തോന്നൽ ഉണ്ടാകാറുണ്ട്. ആ നിലയിലാണ് സിനിമയിൽ മ്യൂസിക് ചെയ്തിരിക്കുന്നത്. ഒരു ഓഡിയൻസ് പോയിന്റ് ഓഫ് വ്യൂവിൽ നിന്നുകൊണ്ടാണ് മ്യൂസിക് ചെയ്യുന്നത്. കൈതി ഇതിന് രണ്ടിനും നടുക്കുള്ള ഒരു സിനിമയാണ്. കൈതിയിൽ മ്യൂസിക് ഇല്ലെങ്കിലും പടം ഹിറ്റാണ്. മ്യൂസിക് കൂടെ വരുമ്പോൾ അടുത്ത ഒരു തലത്തിലേക്ക് സിനിമ പോകും. അതുപോലെ ഒരു സിനിമയാണ് പുഷ്പയും. മ്യൂസിക് ഇതിൽ ഒരു ആഡ് ഓൺ പോലെയാണ്. എല്ലാവരും കേൾക്കാത്ത തരത്തിലുള്ള ഒരു ബിജിഎം കൂടെ ആണെങ്കിൽ തീർച്ചയായും രോമാഞ്ചമുള്ള നിമിഷങ്ങൾ സിനിമയിൽ ഉണ്ടാകും. ഈ സിനിമയിൽ അങ്ങനെയൊന്ന് ഉണ്ടെന്നാണ് എന്റെ വിശ്വാസം. എന്റെ മാക്സിമമാണ് ഞാൻ പുഷ്പയിൽ ചെയ്തിരിക്കുന്നത്. വിക്രം വേദ ഉൾപ്പെടെ ഞാൻ ഇതുവരെ ചെയ്ത എല്ലാ സിനിമകളെക്കാളും കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് പുഷ്പ 2 .
പത്താം ക്ലാസ് പരീക്ഷ പോലെയാണ് ഓരോ സിനിമയും
സാധാരണ ഒരു സിനിമ ചെയ്യുമ്പോൾ എന്താണ് അവതരിപ്പിക്കാൻ പോകുന്നതെന്ന് ടീസറിലൂടെയോ ട്രെയ്‌ലറിലൂടെയോ ഉള്ള സൂചന മാത്രമേ ആളുകൾക്ക് കിട്ടൂ. എന്നാൽ പുഷ്പ 2 അങ്ങനെയല്ല. ആദ്യ ഭാഗത്തിന്റെ വിജയവും രണ്ടാം ഭാഗത്തിന്റെ സ്കെയിലുമെല്ലാം കൂടുതൽ പ്രതീക്ഷയാണ് ആളുകൾക്ക് കൊടുക്കുന്നത്. അതിന്റേതായ സമ്മർദ്ദം ഉറപ്പായും ഉണ്ടാകും. എല്ലാ സിനിമയും പത്താം ക്ലാസ്സിലെ എക്സാം എഴുതുന്ന പോലെയാണ് ചെയ്യുന്നത്. ടെൻഷൻ ഉണ്ടാകും. പക്ഷെ ഞാൻ ഈ സിനിമയെ വലിയ ഒരു അവസരമായിട്ടാണ് കാണുന്നത്. മറ്റ് ഭാഷകളിൽ സിനിമകൾ ചെയ്യുന്നുണ്ടെങ്കിൽ പോലും, പുഷ്പ 2 പോലെ ഒരു സിനിമ വലിയ അവസരം തന്നെയാണ്. അതുകൊണ്ട് ടെൻഷൻ എല്ലാം മാറ്റിവെച്ച് എന്റെ പരമാവധി ഈ സിനിമയിൽ ഞാൻ കൊടുത്തിട്ടുണ്ട്. സിനിമയിലെ മറ്റു ഡിപ്പാർട്ട്മെന്റുകളും ഇതിനെ സപ്പോർട്ട് ചെയ്തിട്ടുമുണ്ട്. സിനിമയിൽ എല്ലാവരുടെയും ഗംഭീര പെര്ഫോമൻസാണ്. എനിക്കുള്ള അതേ പ്രഷർ എല്ലാവർക്കുമുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരും അവരുടെ കഴിവിന്റെ പരാമാവധി ഈ സിനിമയ്ക്ക് കൊടുത്തിട്ടുണ്ട്.
സ്ക്രീനിലെ അല്ലു അർജുനും ഫഹദും
സിനിമയിലെ രണ്ട് പ്രധാന കഥാപാത്രങ്ങളുടെയും ഗ്രേ ഷെയ്‌ഡാണ് എന്നതാണ് വിക്രം വേദ ചെയ്യുമ്പോൾ എന്നെ ആ സിനിമയിലേക്ക് കണക്ട് ചെയ്ത ഒരു കാര്യം. വിജയ് സേതുപതിയുടെ കഥാപാത്രവും മാധവന്റെ കഥാപാത്രവും മുഴുവനായി നല്ല ആളുകളല്ല. ഇത് പോലെ തന്നെയാണ് പുഷ്പയിലും ഉള്ളത്. അല്ലു അർജുന്റെയും ഫഹദിന്റെയും കഥാപാത്രങ്ങൾ ഗ്രേ ആണ്. ഫഹദ് സാർ ചെയ്യുന്ന കാര്യങ്ങൾ കണ്ടാൽ തന്നെ നമുക്കൊരു അടി കൊടുക്കണമെന്ന് തോന്നി പോകും. അതോടൊപ്പം തന്നെ അദ്ദേഹം പെർഫോം ചെയ്യുന്നത് നമ്മൾ രസിക്കുകയും ചെയ്യും. ഇവരുടെ രണ്ടുപേരുടെയും പ്രെസെൻസ് സിനിമയിൽ ഗംഭീരമാണ്.
ബിജിഎമ്മും തിയറ്റർ റെസ്പോൺസും
ബിജിഎമ്മിന്റെ നീളം കൂടിപ്പോയി എന്നെല്ലാം ആളുകൾ പറയാറുണ്ട്. സിനിമയിലെ സീൻ ഡിമാൻഡ് ചെയ്യുന്നതുപോലെയാണ് ബിജിഎം ചെയ്യുന്നത്. പുഷ്പ 2 വിൽ കുറച്ച് ഇമോഷണൽ സംഭവങ്ങൾ ചെയ്തിട്ടുണ്ട്. ഇതുപോലുള്ള കാര്യങ്ങൾ ഞാനല്ലല്ലോ തീരുമാനിക്കുന്നത്. വിക്രം, ലിയോ പോലെ വലിയ സ്കെയിലിലുള്ള സിനിമകൾക്ക് ദൈർഖ്യമുള്ള മ്യൂസികിന്റെ ആവശ്യമുണ്ട്. സാധാരണയായി ആളുകൾ പരാതി പറയുന്നതുപോലെയുള്ള ലൗഡ് മ്യൂസിക് പുഷ്പ 2 വിൽ ഉണ്ടായിരിക്കില്ല. ദൈർഘ്യം അനുഭവപ്പെടാത്ത രീതിയിലാണ് മിക്സിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തിട്ടുള്ളത്. കഥ ഹോൾഡ് ചെയ്‌താൽ നീളക്കൂടുതൽ ആർക്കും തോന്നില്ല.
പണ്ട് തിയറ്ററുകളിൽ ഒരു ദിവസം ഒരു സിനിമ മാത്രമാണ് സ്ക്രീൻ ചെയ്തിരുന്നത്. എന്താണ് സിനിമയിൽ സംഭവിക്കുന്നതെന്ന് നേരത്തെ തന്നെ തിയറ്റർ ഉടമകൾക്ക് അറിയാവുന്നത് കൊണ്ട് വോളിയം ലെവലുകൾ എല്ലാം ഒരേ രീതിയിൽ തന്നെ ആയിരിക്കും. ഇന്ന് അങ്ങനെയല്ല. ഒരു ഷോ കഴിഞ്ഞാൽ അടുത്ത അടുത്ത ഷോ മറ്റൊരു സിനിമയായിരിക്കും. പിന്നെയുള്ള ഒരു ഷോ ഇംഗ്ലീഷ് സിനിമയായിരിക്കും. ഓരോ സിനിമയുടെ മിക്സിങ്ങും ഓരോ രീതിയിലാണ്. പുഷ്പ 2 വിന്റേത് കൃത്യമായ മിക്സിങ് ആയിരിക്കും. നല്ല തീയറ്ററിൽ തന്നെ പുഷ്പ 2 കാണണം. കാരണം സൗണ്ട് ഡിപ്പാർട്ട്മെന്റ് ഇതിൽ നന്നായി വർക്ക് ചെയ്തിട്ടുണ്ട്.
ഫൈറ്റിന് ബിജിഎം ചെയ്യുമ്പോൾ
ഫൈറ്റിന് ബിജിഎം ചെയ്യുക എന്നത് ആലോചിച്ചു ചെയ്യേണ്ട ഒന്നാണ്. കൈതി എല്ലാം ആ രീതിയിൽ വ്യക്തമായി പ്ലാൻ ചെയ്തു സംഭവിച്ച സിനിമയാണ്. ഏതു സമയത്ത് ആളുകളുടെ ശബ്‍ദം വേണം, എപ്പോൾ ബിജിഎം വേണം എന്നെല്ലാം കൃത്യമായി ഡിസൈൻ ചെയ്തിട്ടുണ്ടായിരുന്നു. പക്ഷെ ഈ അടുത്തായി ഇറങ്ങുന്ന സിനിമകളിൽ മറ്റൊരു പ്രവണത കാണുന്നുണ്ട്. മ്യൂസിക് ചെയ്തതിന് ശേഷമായിരിക്കും സിജി ചെയ്ത ഭാഗങ്ങൾ വരിക. അപ്പോൾ അവിടെയും മ്യൂസിക് ചെയ്യേണ്ടതായി വരും. അതുകൊണ്ട് നമുക്ക് പ്ലാൻ ചെയ്യാനേ കഴിയില്ല ചില കാര്യങ്ങൾ. പുഷ്പയെ കുറിച്ചല്ല ഞാനിത് പറയുന്നത്. സിജി വൈകി അവസാനം എല്ലാം ഒന്നിച്ചു ചെയ്യുമ്പോൾ ഒരു വലിയ ബഹളമാകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ മലയാളത്തിൽ 'പണി' എന്ന സിനിമ ചെയ്യുമ്പോൾ എന്ത് ചെയ്യണം എന്ന കാര്യം വ്യക്തമായിരുന്നു.
കേരളവും മലയാളം പാട്ടുകളും
എന്റെ ഒപ്പം പഠിച്ചവർ ഉൾപ്പെടെ ഒരുപാട് പേർ കേരളത്തിലുണ്ട്. സ്വന്തം സ്ഥലം മൂന്നാറാണ്. എവിടെയൊക്കെ ജോലി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാലും സ്വന്തം ആളുകളും സുഹൃത്തുക്കളും അംഗീകരിക്കുമ്പോഴാണ് അഭിമാനം തോന്നുക. വിദ്യാസാഗർ സാറിന്റെ ഉൾപ്പെടെയുള്ള പാട്ടുകൾ കേട്ടാണ് ഞാൻ വളർന്നത്. കൂടുതൽ പാട്ടുകളുള്ള സിനിമകൾ മലയാളത്തിൽ ചെയ്യണമെന്നുണ്ട്. എനിക്ക് വരുന്ന സിനിമകൾ ബിജിഎമ്മിനെ മുൻനിർത്തിയുള്ളതായിരിക്കും. ഇപ്പോൾ മലയാളം സിനിമകൾ എല്ലാം പാൻ ഇന്ത്യനാണ്. അതുകൊണ്ട് കൂടുതൽ അവസരങ്ങൾ മലയാളത്തിൽ നിന്നും വരുന്നുണ്ട്.
മ്യൂസിക് ഒരു സിനിമയ്ക്ക് ഡിമാന്റിങ് ആണോ എന്ന് നോക്കിയാണ് ഞാൻ സ്ക്രിപ്റ്റുകൾ സെലക്ട് ചെയ്യുന്നത്. പുഷ്പ പോലെ ഒരു സിനിമയ്ക്ക് ആ ക്രൈറ്റീരിയ ഞാൻ നോക്കിയിട്ടില്ല. കാരണം അങ്ങനെയൊരു സിനിമയുടെ ഭാഗമാകുക എന്നത് നമുക്കും ഗുണമുള്ള കാര്യമാണ്. അല്ലാതെ നോക്കുമ്പോൾ കഥ സെലക്ട് ചെയ്യുക എന്നത് എനിക്ക് വളരെ എളുപ്പമുള്ള കാര്യമാണ്. സാധാരണ ഒരു ഹീറോ, ഒരു വില്ലൻ, ഒരു കൊമേഡിയൻ, ഒരു പാട്ട് എന്ന രീതിയിലുള്ള സിനിമകൾ ചെയ്യാൻ എനിക്കിഷ്ടമല്ല. വലിയ സിനിമയാണോ ചെറിയ സിനിമയാണോ എന്നൊന്നും ഞാൻ നോക്കാറില്ല. സ്ക്രിപ്റ്റ് നല്ലതാണെങ്കിൽ ചെയ്യും. ഈ അടുത്ത് ജീവ നായകനായി എത്തിയ ബ്ലാക്ക് എന്ന സിനിമയ്ക്ക് മ്യൂസിക് ചെയ്തിരുന്നു. സൈഫൈ സിനിമയ്ക്ക് സ്കോർ ചെയ്യുക എന്നത് ചലഞ്ചിങ് ആണല്ലോ. അപ്പോൾ അത് കണ്ണുമടച്ച് ചെയ്തു.
ലോകേഷും കൈതിയും
കൈതി ചെയ്യുന്നതിന് മുൻപ് എനിക്കും ലോകേഷിനും ഓരോ ഹിറ്റുകൾ ഉണ്ടായിരുന്നു. എന്റേത് വിക്രം വേദയും ലോകേഷിന്റേത് മാനഗരവും. വിക്രം വേദയുടെ സംവിധായകരായ പുഷ്ക്കറും ഗായത്രിയും ലോകേഷിന്റെ ഉറ്റ സുഹൃത്തുക്കളായിരുന്നു. അങ്ങനെയാണ് കൈതിയിലേക്ക് എത്തുന്നത്. കൈതി എനിക്കും ലോകേഷിനും ഒരു ബ്രേക്കായിരുന്നു. അതിന് ശേഷം എല്ലാ പടത്തിനും ഞങ്ങൾ വിളിച്ചു സംസാരിക്കാറുണ്ട്. 'കൈതി 2' ഞങ്ങൾ ഒരുമിച്ച് ചെയ്യും.
സിനിമയും സ്വപ്നങ്ങളും
എല്ലാ ഭാഷകളിലും എല്ലാ തരത്തിലുമുള്ള സിനിമകൾ ചെയ്തിട്ടുണ്ട്. ഹിന്ദിയിൽ പുതിയതായി ഒരു അനിമേഷൻ സിനിമയ്ക്ക് ബിജിഎം ചെയ്യുന്നുണ്ട്. ടിൻടിൻ പോലത്തെ ഒരു വലിയ അനിമേഷൻ സിനിമയാണ് അത്. 6 വർഷത്തോളമായി ആ സിനിമയുടെ ജോലികൾ നടക്കുന്നുണ്ട്. അലാവുദ്ധീൻ ഒക്കെ പോലെയുള്ള ഒരു മ്യൂസിക്കൽ സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. നമ്മുടെ നാട്ടിൽ ബിജിഎം ചെയ്‌താൽ തന്നെ ആളുകൾ അതിനെ മ്യൂസിക്കലായാണ് കാണുന്നത്. മ്യൂസിക്കൽ ഫിലിം എന്ന് പറഞ്ഞാൽ അതല്ലല്ലോ. കഥാപാത്രങ്ങൾ സംസാരിക്കുന്ന ഡയലോഗ് പോലും പാട്ടു പോലെ അവതരിപ്പിക്കുന്ന സിനിമയാണ് മ്യൂസിക്കൽ ഫിലിം. ലാലാ ലാന്റ് ഉൾപ്പെടെയുള്ള ധാരാളം മ്യൂസിക്കൽ ഫിലിമുകളുണ്ട്. അങ്ങനെയൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ ഇന്ത്യയിൽ അത് നടക്കുമോ എന്ന് സംശയമാണ്. പുറത്തും ഞാൻ സിനിമകൾ ചെയ്യുന്നുണ്ട്. വിയറ്റ്നാമി സിനിമയും കൊറിയൻ സിനിമയും എല്ലാം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുകയാണ്.