ദീപികയുടെ കാവി ബിക്കിനിയല്ല; ബോളിവുഡിന്റെ കാവിപുതപ്പാണ് ചർച്ചയാവേണ്ടത്

ദീപികയുടെ കാവി ബിക്കിനിയല്ല; ബോളിവുഡിന്റെ കാവിപുതപ്പാണ് ചർച്ചയാവേണ്ടത്
Summary

പതിവ് ബോയ്ക്കോട്ട് വിവാദങ്ങള്‍ പോലെയല്ല, ഇത്തവണ വിവാദ നായിക സംഘപരിവാരത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കുന്ന ദീപികയാണ്. ഷാരൂഖിന്റെയും അവസ്ഥ മറ്റൊന്നല്ല. മുസ്ലിം നാമധാരികളായ താരങ്ങളോട് പണ്ടേ രാജ്യം വിടാന്‍ ആക്രോശിച്ചവരാണ് അവര്‍. ഭൂരിപക്ഷ വര്‍ഗീയതയെ ചോദ്യം ചെയ്തിട്ടുള്ള ചലചിത്ര പ്രവര്‍ത്തകരോടെല്ലാമുണ്ട് പരസ്യമായി തന്നെ വിരോധം. അങ്ങനെയിരിക്കെയാണ് ദീപിക കാവി ബിക്കിനിയുമായി എത്തുന്നത്. എല്ലാം കൊണ്ടും ഒത്തുവന്ന സുവര്‍ണാവസരം.

'പത്താന്‍' എന്ന ഷാരൂഖ്- ദീപിക ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ നിന്ന് തുടങ്ങിയ വിവാദം മറ്റൊരു ബോളിവുഡ് ബോയ്കോട്ട് സീസണിന് കൂടി തുടക്കമിട്ടിരിക്കുന്നു. മതവികാരം വ്രണപ്പെടുന്ന പതിവ് വാദം ആവര്‍ത്തിക്കുമ്പോഴും ഇത്തവണ സംഘടനകള്‍ക്ക് പിന്നിലൊളിക്കാതെ തന്നെ മത രാഷ്ട്രീയത്തിന് നേരിട്ട് യുദ്ധ ഭൂമിയിലിറങ്ങാം. വിഷയം ദീപികയുടെ കാവി ബിക്കിനിയാണ്. ഹിന്ദുത്വ സ്വത്വത്തിന്റെ സ്വന്തമായി സംഘപരിവാര്‍ കൊണ്ടുനടക്കുന്ന നിറം.

വിവാദത്തെ പരിഹസിക്കുന്നവര്‍ ചോദിക്കുന്നത് നിറം ഒരു വിഷയമാണോ എന്നാണ്. എന്തുകൊണ്ട് അല്ല? കശ്മീര്‍ ഫയല്‍സിന്റെ പോസ്റ്ററിലെ കാവി പൂശിയ ജമ്മു കാശ്മീരിന്‍റെ ഭൂപടം ഓര്‍മ്മയുണ്ടോ? അതൊരു ഉദാഹരണം മാത്രം. അതിലപ്പുറം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍, പ്രത്യേകിച്ച് ബോളിവുഡില്‍ നടന്ന കാവിവല്‍ക്കരണമോ? അങ്ങനെ വരുമ്പോള്‍ കാവി ഒരു വിഷയം തന്നെയാണ്.

നീണ്ടകാലമായി ഹിന്ദു ഐതീഹ്യ കഥകളായ മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും പോപ്പുലറായ ആഖ്യാനങ്ങള്‍ ദൃശ്യവത്കരിക്കപ്പെട്ടിട്ടുണ്ട് ഇന്ത്യന്‍ സിനിമയില്‍. ചരിത്ര സിനിമകള്‍ എന്ന അവകാശവാദമില്ലാതെ, മത-വര്‍ഗ ഭേദമില്ലാത്ത പ്രേക്ഷകരെ ഉണ്ടാക്കിയിട്ടും ഉണ്ട്. അത്തരം നിരുപദ്രവകാരികളായ സാങ്കല്‍പിക കഥകളെക്കുറിച്ചല്ല. ഇനി പറയുന്നത്, ചരിത്രമെന്ന പേരില്‍ പുനരവതരിപ്പിക്കപ്പെടുന്ന, പ്രചരിപ്പിക്കപ്പെടുന്ന, ഹിന്ദു ദേശീയ വാദ അജണ്ട ഒളിച്ചുകടത്തുന്ന ചില പ്രത്യേക വിഭാഗം സിനിമകളെക്കുറിച്ചാണ്. സംഘപരിവാറിന്റെ ബോളിവുഡ് ദോസ്തുകളായ കങ്കണയിലും അക്ഷയ് കുമാറിലും മാത്രം ഒതുങ്ങുന്നതല്ല ആ ചര്‍ച്ച.

സംഘ പ്രതിനിധികള്‍ ബോയ്‌കോട്ട് പ്രഖ്യാപിച്ച ദീപിക പദുക്കോണ്‍ ചിത്രങ്ങള്‍- പത്മാവതും ബാജിറാവു മസ്താനിയും മുതല്‍ അക്ഷയ് കുമാറിന്റെ കേസരി, സാമ്രാട്ട് പൃത്വിരാജ്, അര്‍ജുന്‍ കപൂറിന്റെ പാനിപത്, അജയ് ദേവ്ഗണിന്റെ തന്‍ഹാജി, കങ്കണ റണൗത്തിന്റെ മണികര്‍ണിക എന്നിങ്ങനെ നീണ്ടുകിടക്കുകയാണ് ബോളിവുഡിലെ ഹിന്ദു വീര കഥകള്‍. ഇതിന്റെ തുടര്‍ച്ചയായി അടുത്ത വര്‍ഷം റിലീസ് കാത്തിരിക്കുന്ന പ്രഭാസിന്റെ ആദി പുരുഷും ഉണ്ട്.

മുസ്ലിം അധിനിവേശ ശക്തികളെ തുരത്താന്‍ രാജ്യസ്‌നേഹം എടുത്ത് അണിയുന്ന ഹിന്ദു പുരുഷ വീരന്മാര്‍ നയിക്കുന്ന പ്ലോട്ടുകളാണ് ഇതിലധികവും. പോസ്റ്റര്‍ മുതല്‍ പ്രൊമോഷന്‍ വരെ പശ്ചാത്തലമാകുന്ന നിറം കാവിയും. ഹീറോ ഹിന്ദു മതത്തിലെ ഏതുവിഭാഗക്കാരനാണെങ്കിലും കാവിയുടുപ്പിച്ചാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെടുക.

സാമ്രാട്ട് പ്രത്വിരാജ്
സാമ്രാട്ട് പ്രത്വിരാജ്

ചരിത്ര പ്രണയകഥകളായ പത്മാവതും, ബാജിറാവു മസ്താനിയും നേരിട്ട് ചരിത്രത്തില്‍ കാവി പൂശുന്നില്ലെങ്കിലും, ആത്യന്തികമായി ഹിന്ദു പോരാട്ട ചരിത്രം തന്നെയാണ് അവയുടെയും ഉള്ളടക്കം. രാജ്യത്തെ ഭീമന്‍ പ്രൊഡക്ഷന്‍ ഹൗസുകളായ സഞ്ജയ് ലീലാ ബന്‍സാലി, യഷ് രാജ് ഫിലിംസ്, ടി സീരീസ്, ധര്‍മ്മ പ്രൊഡക്ഷന്‍സ്, സീ സ്റ്റുഡിയോസ് എന്നിവരൊരുക്കിയ ബിഗ്ബജറ്റ് ചിത്രങ്ങളായിരുന്നു ഇവയെല്ലാം.

2018-ലും 2019-ലുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പ്രമുഖ സിനിമ നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് നടത്തിയ രണ്ട് യോഗങ്ങള്‍ നടത്തിയിരുന്നു. ആ യോഗങ്ങളുടെ പ്രധാന അജണ്ട 'രാഷ്ട്ര നിര്‍മ്മാണ'ത്തിനുള്ള സിനിമകള്‍ ഉണ്ടാകണമെന്നുമായിരുന്നു.

ഇതു തമ്മില്‍ ബന്ധമുണ്ടെന്ന് പ്രത്യക്ഷത്തില്‍ വാദിക്കാനാവില്ലെങ്കിലും, അടുത്തകാലത്ത് ഹിന്ദു ചരിത്ര സിനിമകള്‍ എന്ന വിഭാഗത്തിലെത്തിയ ചിത്രങ്ങള്‍ ലക്ഷ്യം വയ്ക്കുന്ന മാസ് ഓഡിയന്‍സ് ഭൂരിപക്ഷ ഹിന്ദു വിഭാഗമാകുന്നത് യാദൃശ്ചികമാണോ എന്ന ചോദ്യം സ്വാഭാവികമായി ഉയരാം.

എന്നാല്‍ ആ ലക്ഷ്യത്തിലേക്ക് എത്താനാകാതെ ബോളിവുഡിന് കാലിടറി. ബിഗ് ബജറ്റുകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ എ ലെെന്‍ നായകന്മാര്‍ വരെ പരിഹാസ കഥാപാത്രങ്ങളായി.

അങ്ങനെയിരിക്കെയാണ് സൗത്തില്‍ നിന്ന് കാവിയുടുത്ത ഒരു നായകനെത്തുന്നത്. ആര്‍ആര്‍ആറില്‍ എസ് എസ് രാജമൗലി സൃഷ്ടിച്ചെടുത്ത രാമ രാജു. തെലുങ്കുദേശത്തിന്റെ പോരാളികളായിരുന്ന കൊമരം ഭീമും അല്ലു സീതരാമ രാജുവും കണ്ടുമുട്ടുന്ന സാങ്കല്‍പ്പിക ചരിത്രമായിരുന്നു ചിത്രത്തിന്റെ പ്ലോട്ട്.

ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ രാജ്യ സ്നേഹിയായ രാമ രാജു കാവി വേഷം ധരിക്കുന്നതായി ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതില്‍ തര്‍ക്കമില്ല. പക്ഷേ, ഹിന്ദു ഐതീഹ്യ കഥയായ രാമായണത്തോട് ചരിത്രത്തെ കൂട്ടിക്കെട്ടി, രാമിനെ കാവിയുടിപ്പിച്ച് രാമനാക്കിയ ക്ലൈമാക്‌സും രാമക്ഷേത്രം റഫറന്‍സും, അമ്പും വില്ലുമൊക്കെയായി ചേര്‍ന്നുള്ള അവതരണം ഒരു സാങ്കല്‍പ്പിക സൃഷ്ടിക്കപ്പുറത്ത് ഹിന്ദു വികാരത്തെ മാര്‍ക്കറ്റ് ചെയ്യാനുള്ള ഉപകരണമായി മാറിയിട്ടുണ്ടെന്ന് കാണാം.

ചിത്രം സാമ്പത്തികമായി നേടിയ വിജയത്തിനപ്പുറം പാന്‍ ഇന്ത്യന്‍ ലെവലില്‍ നേടിയ സ്വീകാര്യതയില്‍ നിന്ന് ബോളിവുഡ് ഒന്ന് പഠിച്ചിട്ടുണ്ട്. നേരിട്ട് കാവിക്കൊടി പറത്തുന്നതിലും നല്ലത്, ഇത്തരത്തില്‍ മാസ് അപ്പീല്‍ ചേരുവകളില്‍ പൊതിഞ്ഞ ചെറിയ ചെറിയ ഒളിച്ചുകടത്തലുകളാണ്.

ആര്‍ആര്‍ആര്‍
ആര്‍ആര്‍ആര്‍

വിവേക് അഗ്‌നിഹോത്രി ചിത്രം കശ്മീര്‍ ഫയല്‍സ് ഈ ഒളിച്ചുകടത്തലിന്റെ യഥാര്‍ഥ വിളനിലം തുറന്നുകാണിച്ചിട്ടുണ്ട്. അനുപം ഖേറല്ലാതെ മറ്റൊരു പ്രമുഖ താരത്തിന്റെയും സാന്നിധ്യമില്ലാതിരുന്ന ചിത്രം വന്‍ സാമ്പത്തിക ലാഭമാണ് നേടിയത്. ഒരു മറയുമില്ലാതെ സംഘപരിവാര്‍ കൊണ്ടുനടന്ന ചിത്രത്തിന് ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ പരസ്യമായി ആനുകൂല്യങ്ങള്‍ വരെ പ്രഖ്യാപിച്ചിരുന്നു. അതേ കശ്മീര്‍ ഫയല്‍സിന്റെ പോസ്റ്ററില്‍ കശ്മീരിനെ കാവി നിറത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. അതും വിവാദമായിരുന്നു, ആരും ഏറ്റെടുക്കാതെ പോയ വിവാദം.

ഇവിടെയാണ് ചോദ്യമുയരുന്നത് യഥാര്‍ഥത്തില്‍ നമ്മളിന്ന് ചര്‍ച്ചയാക്കേണ്ടത് ദീപികയുടെ കാവി ബിക്കിനിയാണോ?

ബിക്കിനിക്ക് പകരം ദീപിക കാവി സാരിയുടുത്തിരുന്നെങ്കില്‍ മധ്യപ്രദേശ് മന്ത്രി കയ്യടിക്കുമായിരുന്നോ? സത്യത്തില്‍ ചര്‍ച്ചകളിലൂടെ സജീവമായിരിക്കുക എന്ന ലക്ഷ്യത്തിന് അപ്പുറം നിലവിലെ വിവാദങ്ങളില്‍ എന്തെങ്കിലുമുണ്ടോ?

സംഘപരിവാറിന് പിന്നാലെ മധ്യപ്രദേശിലെ ഉലമ അടക്കമുള്ള ചില മുസ്ലിം സംഘടനകളും വിവാദത്തില്‍ നിന്ന് വിളവെടുക്കാനുള്ള സാധ്യത കണ്ടുതുടങ്ങിയിട്ടുണ്ട്. അല്‍പ വസ്ത്ര ധാരിയായ നായിക പത്താന്‍ വിഭാഗത്തിന് അപമാനമുണ്ടാക്കുന്നു എന്നാണ് അവരുടെ വാദം. ബിക്കിനിയുടെ നിറമെന്തായാലും അവര്‍ക്ക് പ്രശ്‌നമില്ല. വാഴയ്ക്ക് ഒപ്പം ചീര എന്ന കണക്കിന് വിവാദമുണ്ടാക്കുന്ന മൈലേജില്‍ ചര്‍ച്ചകളില്‍ ഇടം പിടിക്കാം. ഈ സാഹചര്യത്തില്‍ ദീപികയും ഷാരൂഖും മാത്രമല്ല, സിദ്ധാര്‍ഥ് ആനന്ദ് അടക്കമുള്ള അണിയറ പ്രവര്‍ത്തകരെല്ലാം ചിത്രത്തിന്റെ റിലീസുവരെയെങ്കിലും വേട്ടയാടല്‍ നേരിട്ടുകൊണ്ടിരിക്കും. 'അതുകഴിഞ്ഞ് എന്ത് കാവി, എന്ത് ബിക്കിനി'

Related Stories

No stories found.
logo
The Cue
www.thecue.in