ഋഷഭ് ഷെട്ടി; റിക്കി മുതൽ കാന്താര വരെ
ഋഷഭ് ഷെട്ടി എന്ന പേരിന് 17 വർഷത്തെ സിനിമ സപര്യയുടെ ഭാരമുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഒരു സിനിമയോളം കഥയുണ്ട് കർണാടകയിലെ ഉഡുപ്പി ജില്ലയിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഇന്ന് നിങ്ങൾ തിയറ്ററിൽ നിന്ന് കയ്യടിച്ചിറങ്ങിയ ആ സിനിമയുടെ അമരക്കാരനെന്ന് പറഞ്ഞാൽ?വെള്ളം വിറ്റും, ഹോട്ടലിൽ ജോലി ചെയ്തും, റിയൽ എസ്റ്റേറ്റ് ബ്രോക്കറായും എല്ലാം ജീവിച്ച, സിനിമ പഠിക്കാൻ കയ്യിലുള്ളതെല്ലാം കൊടുത്ത് ബാംഗളൂർ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റ്യൂട്ടിൽ പോയ അന്നത്തെ പ്രശാന്ത് ഷെട്ടി എന്ന ഇന്നത്തെ കന്നഡ സിനിമയിലെ അഥവാ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പേരുകളിൽ ഒന്നായി മാറിയ മനുഷ്യന്റെ ജീവിതത്തിന് ഒരു മറുപേരില്ല. ആക്ടർ, പ്രൊഡ്യൂസർ, സ്ക്രീൻറൈറ്റർ ഫിലിം മേക്കർ ഋഷഭ് ഷെട്ടി.
കാന്താരയുടെ മുംബൈ പ്രസ്മീറ്റ് തുടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്; “ഇതേ അന്ധേരി വെസ്റ്റിൽ പ്രൊഡക്ഷൻ ബോയ് ആയും, പ്രൊഡ്യൂസറുടെ ഡ്രൈവർ ആയും വന്ന് പുറത്തിരിക്കുമ്പോൾ ഞാൻ ചിന്തിച്ചിട്ടില്ല ഇത് സാധ്യമാകുമെന്ന്, 17 വർഷത്തെ യാത്ര. നന്ദി മാത്രമേ എനിക്ക് പറയാനുള്ളൂ’. സിനിമ സ്വപ്നം കാണുകയെന്നത് മാത്രമല്ല ഏത് വിധേനയും സിനിമയിലേക്കെത്തുക, തനിക്ക് സിനിമകൾ തന്നത് അതിലുമെത്രയോ ഇരട്ടിയായി സിനിമയ്ക്ക് നൽകുക എന്ന ലക്ഷ്യത്തോടെ കഠിനാധ്വാനം ചെയ്തയാളാണ് ഋഷഭ്. യാതൊരു പ്രിവിലേജുമില്ലാതെ, പിന്താങ്ങായി തന്റെ കുടുംബമല്ലാതെ മറ്റാരുമില്ലാതെ ഇന്ന് എത്തി നിൽക്കുന്ന സ്പേസിലേക്ക് അദ്ദേഹമെത്തിയത് സ്വപ്രയത്നം കൊണ്ടാണ്.
തുഗ്ലക്ക് എന്ന സിനിമയിലൂടെയാണ് ഋഷഭ് ഷെട്ടി സ്ക്രീനിലെത്തുന്നത്. ലൂസിയ, അട്ടഹാസ, ഊളിടവരു കണ്ടന്തെ തുടങ്ങിയ ഇത്രമാത്രം ചർച്ചയാകാത്ത ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ. ശേഷം 2016 -ൽ രക്ഷിത് ഷെട്ടിയെ നായകനാക്കി ആദ്യ സംവിധാന ചിത്രം റിക്കി. ബോക്സ് ഓഫീസിലോ നിരൂപകർക്കിടയിലോ അത്രമാത്രം ഡിസ്കഷനായില്ലെങ്കിലും അതേ വർഷം തന്നെ രണ്ടാം സംവിധാന ചിത്രം കിരിക്ക് പാർട്ടി പുറത്തിറങ്ങി. അത് അന്നത്തെ ഇൻഡസ്ട്രി ഹിറ്റ്. എന്നാൽ അതിന് ശേഷം 2018 - ലാണ് അടുത്ത സംവിധാന ചിത്രം പുറത്തിറങ്ങുന്നത്. Sarkari Hi. Pra. Shaale, Kasaragodu, Koduge: Ramanna Rai എന്ന ആ ചിത്രം മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള നാഷണൽ അവാർഡ് നേടുന്നു.
ബെൽബോട്ടം എന്ന കോമഡി ഇൻവെസ്റ്റിഗേഷനിൽ നായക കഥാപാത്രം. ഗരുഡ ഗമന വൃഷഭ വാഹന പെർഫോമർ എന്ന നിലയിൽ നേഷൻ വൈഡ് അപ്രിസിയേഷൻ. തൊട്ട് പിന്നാലെ ഒരു സാധാരണ കന്നഡ സിനിമയായി പുറത്തിറക്കിയ കാന്താര.കന്നഡ സിനിമയായി മാത്രം പുറത്തിറങ്ങിയ കാന്താര ആദ്യത്തെ ആഴ്ച പിന്നിടുമ്പോൾ മറ്റ് ഭാഷകളിലേക്ക് ഡബ്ബ് ചെയ്തിറങ്ങുന്നു. പാൻ ഇന്ത്യൻ ഹിറ്റ്.
വിവാദങ്ങളും, അഭിപ്രായവ്യത്യാസങ്ങളും എല്ലാം സംഭവിക്കെയും, നിലനിൽക്കെയും കാന്താര ചാപ്റ്റർ 1 ഇന്ത്യൻ സിനിമ ഉറ്റ് നോക്കുക പ്രീക്വൽ ആയി മാറി. പുറത്തിറങ്ങി ആദ്യ ഒരാഴ്ച ആകുന്നതിന് മുൻപ് 300 കോടി കളക്ഷൻ കടന്നിരിക്കുന്നു. നായകനായി അഭിനയിക്കാനുള്ള തയ്യാറെടുപ്പുകൾക്ക് മുകളിൽ സംവിധായകൻ ആവുകയെന്ന വലിയ ചുമതല കൂടെയുള്ള ചിത്രം നിർമ്മിച്ചത് 125 കോടിയ്ക്കാണ് എന്നതാണ് കണക്കുകൾ പറയുന്നത്. ചിത്രത്തിലെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയറാം പറഞ്ഞത്, ഋഷഭ് ഷെട്ടി എന്ന മനുഷ്യന്റെ 3 വർഷത്തെ പ്രയത്നമാണ് ആ സിനിമ എന്നാണ്. ആ മനുഷ്യൻ ഉറങ്ങിയിട്ട് മൂന്ന് വർഷം ആയിക്കാണും.
കഥാപാത്രമാകാനുള്ള ശാരീരികമായ തയ്യാറെപ്പുകൾക്ക് പുറമെ ഓരോ ഡിപ്പാർട്ട്മെന്റിനും കൂടെയുള്ള സംവിധായകന്റെ യാത്ര എന്ന് പറയുന്നത് രാവിലെ 5 മുതൽ ആരംഭിക്കും. തന്റെ ജീവിതം, തന്റെ കുഞ്ഞുങ്ങളുടെ പഠനം അടക്കം സെറ്റിട്ടിരിക്കുന്ന കുന്തപുരയിലേക്ക് മാറ്റുന്നു. സൗത്തിലെ ആരും അത്ര കണ്ട് ചർച്ച ചെയ്യാതിരുന്ന ഒരു ഇൻഡസ്ട്രിയാണ് അവരുടെ മണ്ണിന്റെ കഥ പറയുന്നൊരു കഥയിൽ ഈ നേട്ടം സാധ്യമാക്കുന്നത്. ആ മാജിക്കിന്റെ പേരാണ് സിനിമ. ഋഷഭ് ഷെട്ടി. കാന്താരയും ഇവിടെ അവസാനിക്കുന്നില്ല, ഋഷഭ് എന്ന ഫിലിമേക്കറുടെ കഥയും ഇവിടെ അവസാനിക്കുന്നില്ല. സിനിമയും, ഈ നായകന്റെ വിജയകഥയും തുടരും.