എലിപ്പത്തായം നാല് പതിറ്റാണ്ടിനിപ്പുറത്തെ സമകാലീന കാഴ്ച

എലിപ്പത്തായം നാല് പതിറ്റാണ്ടിനിപ്പുറത്തെ സമകാലീന കാഴ്ച

മലയാളസിനിമയെ ലോകതിരശ്ശീലയിൽ രേഖപ്പെടുത്തിയ ചലച്ചിത്രകാരൻ അടൂർഗോപാലകൃഷ്ണന്റെ മാസ്റ്റർപീസ് 'എലിപ്പത്തായം' നാല് പതിറ്റാണ്ടുകൾ പീന്നിട്ടു കഴിഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്രരംഗത്തെ മികച്ച പുരസ്കാരങ്ങളിലൊന്നായ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവാർഡടക്കം നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ ചിത്രം മലയാളസിനിമയ്ക്ക് ലോക ചലച്ചിത്രഭൂപടത്തിൽ കൃത്യമായൊരു സ്ഥാനം നിർണ്ണയിക്കുകയായിരുന്നു. ഇന്ത്യൻ സിനിമയിൽ സത്യജിത് റായ്ക്ക് മാത്രം ലഭിച്ചിട്ടുള്ള ഈ പുരസ്കാരം അടൂരിനു ശേഷം മറ്റാർക്കും ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ നാലു ദശകങ്ങൾ എലിപ്പത്തായത്തിന്റെ കാഴ്ചയിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയത്?അങ്ങനെയൊരു അന്വേഷണത്തിന് ഈ ഘട്ടത്തിൽ പ്രസക്തിയുണ്ട്.

1982 ഏപ്രിൽ മുപ്പതിനാണ് എലിപ്പത്തായം റിലീസ് ചെയ്യുന്നത്. അടൂരിൻ്റെയും അരവിന്ദൻ്റെയുമടക്കം നിരവധി മികച്ച ചിത്രങ്ങൾ നിർമ്മിച്ച ജനറൽ പിക്ചേഴ്സ് ആണ് നിർമ്മാതാക്കൾ. കരമന ജനാർദ്ദനൻ നായർ, ശാരദ എന്നീ പ്രഗൽഭരുടെ അഭിനയം, മങ്കട രവിവർമ്മയുടെ ഉജ്ജ്വലമായ ഛായാഗ്രഹണം, എം. ബി. ശ്രീനിവാസന്റെ സംഗീതം, എം. മണിയുടെ ചിത്രസംയോജനം എന്നിവ അടൂരിന്റെ സംവിധാനത്തോടൊപ്പം ചേർന്നപ്പോൾ ചിത്രം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയായിരുന്നു.

1982-ൽ നടന്ന കാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ എഴുപത്തിരണ്ടാം പതിപ്പിൽ Un Certain Regard വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട എലിപ്പത്തായം നിരവധി അന്താരാഷ്ട്രപ്രേക്ഷരെയും നിരൂപകരെയും ആകർഷിച്ചിരുന്നു. തുടർന്ന് പാരീസ്, ലാ റോഷെല്ലെ, നാന്ത്സ്, പെസറോ, മ്യൂണിക്ക്, ലണ്ടൻ, വാഷിങ്ങ്ടൺ, ചിക്കാഗോ, സിയാറ്റിൽ, ഹൂസ്റ്റൺ,ന്യൂയോർക്ക്, ഹവാന, സവൊപോളോ, സിഡ്നി, മെൽബൺ തുടങ്ങിയ ചലച്ചിത്രമേളകളിലും ചിത്രം പ്രദർശിപ്പിച്ചു. എല്ലായിടത്തും പുരസ്കാരവും നേടി. ആ വർഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായി എലിപ്പത്തായം ലോകസിനിമാചരിത്രത്തിൽ ഇടം പിടിച്ചു. 1982-ലെ ഏറ്റവും മൗലികവും ഭാവനാത്മകവുമായ (most original and imaginative film) ചിത്രമായി ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എലിപ്പത്തായം തിരഞ്ഞെടുത്തപ്പോൾ മലയാളസിനിമയുടെ മാത്രമല്ല ഇന്ത്യൻ സിനിമയുടെയും ചരിത്രമാണ് മാറ്റിയെഴുതപ്പെട്ടത്.

ആ വർഷം, മികച്ച പ്രാദേശികഭാഷാചിത്രത്തിനും മികച്ച ശബ്ദലേഖനത്തിനുമുള്ള ദേശീയപുരസ്കാരങ്ങളും മികച്ച ചിത്രം, മികച്ച ഛായാഗ്രഹണം, മികച്ച ശബ്ദലേഖനം എന്നിവയ്ക്കുള്ള സംസ്ഥാന പുരസ്കാരങ്ങളും എലിപ്പത്തായം നേടി. സംസ്ഥാന-ദേശീയ-അന്തർദ്ദേശീയ തലത്തിൽ ഇത്രയധികം അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള സിനിമകൾ അതിനുമുമ്പും പിമ്പും മലയാളത്തിലുണ്ടായിട്ടില്ല.

സ്വന്തം ചലച്ചിത്രജീവിതം മാറ്റിയെഴുതിയ എലിപ്പത്തായത്തെപ്പറ്റി സംവിധായകൻ ഇങ്ങനെയാണ് വിശദീകരിക്കുന്നത്: 'ജീവിതത്തിൽ അനിവാര്യമായ മാറ്റങ്ങളെക്കുറിച്ചാണ് ഈ ചിത്രം. ഈ മാറ്റങ്ങൾ ചിലപ്പോൾ വേദനകളായിരിക്കും നമുക്ക് തരുന്നത്. എന്നാൽ അവയിൽ നിന്ന് നമുക്ക് രക്ഷപ്പെടാനാവില്ല. ഇര ദുർബ്ബലനാവുമ്പോൾ പ്രതിരോധം പീഡനമായി മാറുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രം പ്രതിരോധം നിഷ്ഫലമാണെന്ന് ഉണ്ണി പതുക്കെ തിരിച്ചറിയുന്നതോടെ അയാൾ ആത്മസ്നേഹത്തിൽ അഭയം തേടുകയാണ്. ചിത്രത്തിൽ ഒരു നിലപാടിന്റെ ഉള്ളിലേക്ക് കടന്ന് പ്രത്യേകതരത്തിലുള്ള ഒരു മാനസികാവസ്ഥയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകാനാണ് ഞാൻ ശ്രമിച്ചത്. കൂട്ടിലകപ്പെട്ട അവസ്ഥയിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ വിശാലതയിലേക്ക് എത്തുന്ന ഒരു പരമ്പരയായാണ് ചിത്രം പുരോഗമിക്കുന്നത്. പ്രേക്ഷകർക്ക് പ്രയാസമില്ലാതെ അതിനകത്തെത്താൻ വേണ്ടിയാണ് ലളിതമായ ഒരു ബാഹ്യരൂപം നൽകിയത്. സ്വന്തം തിരക്കഥയായതിനാൽ കൂടുതൽ സമയമേടുക്കേണ്ടി വന്നെങ്കിലും എനിക്ക് വേണ്ടത്ര സാതന്ത്ര്യം ലഭിച്ചിരുന്നു. ഞാൻ നിർമ്മിച്ച ചിത്രങ്ങളിൽ എലിപ്പത്തായമാണ് എന്റെ ജീവിതവുമായി ഏറ്റവും കൂടൂതൽ അടുത്ത് നിൽക്കുന്നത്. കേരളത്തിലെ ഒരു ഗ്രാമത്തിൽ നടക്കുന്നു എന്നത് മാത്രമല്ല അതിന് കാരണം. എന്റെ സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തലം തന്നെയാണ് അതിൽ ചിത്രീകരിക്കപ്പെടുന്നത് എന്നതാണ്.'

Picasa 3.0

തനിക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളോട് പുറംതിരിഞ്ഞു നിൽക്കുകയും ജീവിതത്തെ പൂർണ്ണമായും തന്നിലേക്ക് കേന്ദ്രീകരിക്കയും തന്നെ മാത്രംസ്നേഹിക്കയും ചെയ്യുന്ന ഉണ്ണിയുടെയും അയാൾക്കൊപ്പം കഴിയുന്ന രണ്ട് സഹോദരിമാരുടേയും ജീവിതക്കാഴ്ചകളാണ് എലിപ്പത്തായം. തനിക്കു ചുറ്റുമുള്ള ഇരുണ്ട ലോകത്തിൽ നിന്ന് രക്ഷപ്പെടുന്ന ശ്രീദേവിയുടെയും എലിപ്പത്തായത്തിനുള്ളിൽ ജീവിതമൊടുക്കുന്ന ഉണ്ണിയുടെയും സഹോദരി രാജമ്മയുടെയും ദുരന്തം എല്ലാ തീവ്രതകളോടും കൂടി ചിത്രം ആവിഷ്കരിക്കുന്നുണ്ട്. നാലു പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ഇപ്പോഴും തീവ്രമായ ഒരനുഭവമായി അത് നിൽനിൽക്കുന്നുവെന്ന് മാത്രമല്ല, ചലച്ചിത്ര കാഴ്ചകളുടെ പുതിയ വഴികളിലേക്ക് പ്രേക്ഷകരെ എത്തിക്കുക കൂടി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് കാഴ്ചകളെ നവീകരിക്കുന്ന ചിത്രമായി അത് മാറുന്നത്.

ചിത്രമാരംഭിക്കുമ്പോൾ ഒരു പഴയതറവാടിന്റെ താഴിട്ട് പൂട്ടിയ വാതിലുകൾ, വിളക്കുകൾ എന്നിവയ്ക്കൊപ്പം ടൈറ്റിലുകൾ വന്ന് നിൽക്കുന്നത് വീടിന്റെ ഉമ്മറത്ത് കിടക്കുന്ന പ്രൗഢമായ ചാരുകസേരയുടെ ദൃശ്യത്തിലാണ്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഉണ്ണിയുടെ ജീവിതവുമായി വളരെയടുത്ത് നിൽക്കുന്ന ഈ കസേര ഒരേസമയം അലസതയുടെയും അധികാരത്തിന്റേയും ഇരിപ്പിടമാണ്.

സിനിമ അവസാനിക്കുന്നത് ഉണ്ണിയുടെ നിലപാടിന്റെ ദാരുണമായ അന്ത്യത്തോടെയാണ്. എല്ലാം നഷ്ടപ്പെട്ട അയാൾ സമനില തെറ്റി മുറിയിൽ തനിച്ച് കഴിയുന്നു. വെളിച്ചത്തിലേക്ക് നോക്കാൻ ഭയപ്പെട്ട് ആരെയും അഭിമുഖീകരിക്കാതെ സ്വന്തം വിശ്വാസങ്ങളുടെ ബന്ധനത്തിൽ പത്തായത്തിൽ കുരുങ്ങിയ എലിയായി ഉണ്ണി മാറുന്നു. കാഫ്കയുടെ മെറ്റമൊർഫോസിസിനെ ഓർമ്മയിലെത്തിക്കുന്ന രംഗം.

ഉറക്കത്തിനിടയിൽ പേടിച്ച് നിലവിളിക്കുന്ന ഉണ്ണിയെ നാം ഒരിക്കൽക്കൂടി കാണുന്നു. എലിയായി പരിണമിച്ച അയാളെ ആളുകൾ പിടിച്ചുകൊണ്ടുപോയി കുളത്തിലെ വെള്ളത്തിലാഴ്ത്തുന്നു. ഉണ്ണിയുടെ ജീവിതം തീരുന്നു. അവസാനദൃശ്യത്തിൽ വെള്ളത്തിനു മുകളിലേക്കു വന്ന് ക്ഷമാപണത്തോടെ ലോകത്തെ നോക്കി നിൽക്കുന്നത് പുതിയൊരു ഉണ്ണിയാണ്. ഈ കാഴ്ചയിലാണ് സംവിധായകൻ എലിപ്പത്തായം അവസാനിപ്പിക്കുന്നത്.

Picasa

നാൽപ്പത് വർഷങ്ങൾക്ക് ശേഷം വീണ്ടും എലിപ്പത്തായം കാണുമ്പോൾ പുതിയ പല സൂചനകളും കണ്ടെടുക്കാൻ കഴിയുന്നുണ്ട്. പല തരത്തിലുള്ള വിശകലനങ്ങൾക്കുള്ള സാദ്ധ്യത സിനിമ നൽകുന്നു. ചിത്രത്തിന്റെ കാലാതീതമായ പ്രസക്തിയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ചിത്രത്തിന്റെ അന്ത്യത്തിൽ ഉണ്ണിക്ക് വരുന്ന മാറ്റം അത്തരമൊരു സമീപനത്തിന് സ്വാഭാവികമായും സംഭവിക്കേണ്ടതാണെന്ന വീക്ഷണത്തിലേക്കാണ് സിനിമയെത്തുന്നത്. ചുറ്റുമുള്ളവരുടെ ഇടപെടലുകളാണ് അതിലേക്ക് അയാളെ എത്തിക്കുന്നത്. തികച്ചും പ്രതിലോമപരമായ നിലപാടുകൾക്ക് സമൂഹം നൽകുന്ന തിരിച്ചടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അത്തരമൊരു പുരോഗമനരാഷ്ട്രീയം എലിപ്പത്തായം മുമ്പോട്ട് വെക്കുന്നുണ്ട്. സമൂഹത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുൾക്കൊള്ളതെ അവയോട് പുറം തിരിഞ്ഞ് നിൽക്കുന്നവർക്കുള്ള അന്തിമവിധിയായും ഇത് തിരിച്ചറിയപ്പെടുന്നു.

എലിപ്പത്തായത്തിലെ സ്ത്രീജീവിതങ്ങൾ സ്ത്രീപക്ഷവിശകലനങ്ങൾക്കും സാധ്യത നൽകുന്നുണ്ട്. ഉണ്ണിയുടെ മൂത്ത സഹോദരി ജാനമ്മ വിവാഹത്തിനുശേഷം കുട്ടികളുമായി ഭർത്തൃവീട്ടിൽ കഴിയുന്നുണ്ട്. ഉണ്ണിയുടെ കൈവശമുള്ള, തനിക്ക് കൂടി അർഹതയുള്ള സ്വത്ത് ഭാഗിക്കണമെന്ന ആവശ്യവുമായി പലപ്പോഴും അവർ സമീപിക്കുന്നുണ്ടെങ്കിലും അതിനയാൾ തയ്യാറാകുന്നില്ല. നെല്ലിനായി ജാനമ്മ മകനെ അയച്ചെങ്കിലും അത് കൊടുത്തയക്കാൻ ഉണ്ണി തയ്യാറാകുന്നില്ല. ആ സാഹചര്യത്തിലാണ് അവർ മകനൊപ്പം വന്ന് ഉണ്ണിക്കൊപ്പം താമസിക്കുന്നത്. അപ്പോഴും ഉണ്ണിയുടെ വാശി കാരണം സ്വത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമാകാതെ അവർ മടങ്ങുകയാണ്. ഉണ്ണിയുടെ അനുജത്തിയായ രാജമ്മയുടെ ജീവിതം ദുരന്തങ്ങൾ നിറഞ്ഞതാണ്. അയാളുടെ ആവശ്യങ്ങൾ നിറവേറ്റുക എന്നത് മാത്രമായി അവരുടെ ജീവിതം ചുരുങ്ങിയിരിക്കുന്നു. വിവാഹജീവിതമാഗ്രഹിക്കുന്ന രാജമ്മ ഉണ്ണിയുടെ തീരുമാനങ്ങളിൽ നിരാശപ്പെടുന്നുണ്ടെങ്കിലും അത് പ്രകടിപ്പിക്കാതെ നിശ്ശബ്ദമായി എല്ലാം സഹിച്ചുകൊണ്ട് കഴിയുന്നു . ഒടുവിൽ രോഗബാധിതയായി ആരും സഹായത്തിനില്ലാതെയാണ് അവരുടെ ജീവിതം അവസാനിക്കുന്നത്. സ്വന്തം അവസ്ഥയിൽ പ്രതിഷേധിക്കാതെ എല്ലാം സഹിച്ചുകൊണ്ടു മറ്റാർക്കോ വേണ്ടി ജീവിക്കുന്ന സ്ത്രീസാന്നിദ്ധ്യമാവുകയാണ് അനുഗൃഹീത നടി ശാരദ വേഷമിട്ട രാജമ്മ. എന്നാൽ ഇളയ സഹോദരി ശ്രീദേവി അതുപോലെ തന്റെ ജീവിതം ബലികൊടുക്കാൻ തയ്യാറല്ല. പുറം ലോകവുമായി ബന്ധപ്പെട്ടുകൊണ്ട് പഠനവും പ്രേമബന്ധവും അതിനൊടുവിലെ ഒളിച്ചോട്ടവുമായി മറ്റുള്ളവരെപ്പോലെ, ധീരയായി അവൾ ജീവിതത്തിലേക്ക് കയറിപ്പോകുന്നു. തങ്ങൾക്ക് നേരേയുള്ള അവഗണനയിലും ചൂഷണത്തിലും പൊരുതുന്ന സ്ത്രീജീവിതത്തിന്റെ പ്രതിനിധിയായി ശ്രീദേവി മാറുന്നുണ്ട്. ഇവർക്ക് പുറമെ എലിപ്പത്തായത്തിൽ നാം കാണുന്ന സ്ത്രീകഥാപാത്രം ഉണ്ണിയുടെ അയൽക്കാരിയായ മീനാക്ഷിയാണ്. ഭർത്താവ് മരിച്ച അവർ മകനുമൊന്നിച്ച് ചില്ലറ മോഷണവും മറ്റുമായി കഴിയുന്നു. രാജമ്മ അസുഖം ബാധിച്ച് കിടക്കുമ്പോൾ ഉൽക്കണ്ഠയോടെ അവർ മറ്റുള്ളവരെ വിവരമറിയിക്കുന്നുണ്ട്. അത്യാവശ്യകാര്യങ്ങൾ സാധിച്ചെടുക്കാനായി ഉണ്ണിയോട് അവർ അടുപ്പം കാണിക്കുന്നു . ഗ്രാമങ്ങളിൽ പൊതുവേ കണ്ടുവരാറുള്ള, അതിജീവനം മാത്രം ലക്ഷ്യമാക്കുന്ന കഥാപാത്രമായാണ് സംവിധായകൻ മീനാക്ഷിയെ ചിത്രത്തിൽ ഉൾപ്പെടുത്തുന്നത് .

ഉണ്ണിയുടെ നിഴലിൽ ജീവിക്കുന്നതോടെ പ്രകാശം നഷ്ടപ്പെട്ട രാജമ്മയുടെ ജീവിതദുരന്തം കൃത്യതയോടേയും തീവ്രതയോടെയുമാണ് സംവിധായകൻ സാക്ഷാൽക്കരിക്കുന്നത് . ശാരദയെന്ന നടിയുടെ എല്ലാ സാദ്ധ്യതകളും അതിനായി അദ്ദേഹം ഉപയോഗപ്പെടുത്തുന്നുണ്ട്. ഉണ്ണിയുടെ വിളിയിൽ ചലിക്കുന്ന ഒരു യന്ത്രമായി വികാരങ്ങളൊന്നും പ്രകടിപ്പിക്കാൻ അനുമതിയില്ലാതെ നിരാശയുടെയും മടുപ്പിൻ്റെയും സൂക്ഷ്മമായ മുഖഭാവങ്ങളോടെ രാജമ്മ നമുക്ക് മുമ്പിലെത്തുന്നു. കാര്യസ്ഥനായ ചെറിയാൻ മാപ്പിളയും അകന്ന ബന്ധുവായ അമ്മാവനുമൊഴിച്ചാൽ അവരോട് അനുകമ്പയുള്ളവരാരും ചിത്രത്തിലില്ല.

ഒടുവിൽ രോഗബാധിതയായി ആർക്കും വേണ്ടാതായ രാജമ്മ, ഋത്വിക്ക് ഘട്ടക്കിന്റെ പ്രസിദ്ധരചന 'മേഘ ധക്കാ താര'യിലെ സീതയെയാണ് ഓർമ്മിപ്പിക്കുന്നത്. ശ്രീദേവിയും മൂത്ത ചേച്ചി ജാനമ്മയും തങ്ങളുടെ ജീവിതത്തിൽ ഉണ്ണിയുണ്ടാക്കുന്ന പ്രതിബന്ധങ്ങൾ തകർത്ത് പ്രയോഗികജീവിതത്തിൽ മുമ്പോട്ട് പോകുന്നവരാണ്. മൂന്നു പേരുടേയും വസ്ത്രങ്ങളുടെ നിറങ്ങൾ അവരുടെ സ്വഭാവങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് തിരഞ്ഞെടുത്തിരുന്നതെന്ന് അഭിമുഖത്തിൽ അടൂർ സൂചിപ്പിക്കുന്നുണ്ട്. തന്റെ ആദ്യവർണ്ണചിത്രമായ എലിപ്പത്തായത്തിൽ വളരെയധികം സൂക്ഷ്മതയോടെയാണ് അടൂർ നിറങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. സ്വന്തം അവസ്ഥയോട് പ്രതിഷേധിക്കുന്ന ശ്രീദേവിയുടെ വസ്ത്രങ്ങൾ ചുവപ്പ് നിറത്തിലും തീരെ പ്രതിരോധിക്കാത്ത രാജമ്മയുടേത് നീലയിലുമാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ചുവപ്പ് പ്രതിഷേധത്തിന്റേയും നീല ഒരേ സമയം ഗാംഭീര്യത്തിൻ്റെയും അനുസരണയുടെയും ശാന്തതയുടെയും സൂചന ൽകുന്നു . ജാനമ്മയുടെ വസ്ത്രം പ്രായോഗികതയും ലൗകികതയും സൂചിപ്പിക്കുന്ന പച്ചനിറത്തിലാണുള്ളത്. ഇവയൊക്കെ ചാരനിറമുള്ള വീടിൻ്റെ പശ്ചാത്തലത്തിലാണ് നാം കാണുന്നത്. വീടിന്റെ ഇരുണ്ട അകത്തളങ്ങളും വെളിച്ചവും നിറങ്ങളും ഇടകലരുന്ന തെളിഞ്ഞ പുറംകാഴ്ചകളും മങ്കട രവിവർമ്മയുടെ മികവാർന്ന ഛായാഗ്രഹണത്തിലൂടെ സിനിമയ്ക്ക് കരുത്ത് പകരുന്നു. അവസാനഭാഗത്ത് മഴയുടെ ഇരുണ്ട കാഴ്ചകളിലൂടെ രാജമ്മയുയും ഉണ്ണിയുടേയും ദൃശ്യങ്ങളും ഒടുവിൽ തെളിഞ്ഞ പശ്ചാത്തലത്തിൽ ഉണ്ണിയുടെ തിരിച്ചുവരവിന്റെ കാഴ്ചയും. എലിയെ കുളത്തിലേക്ക് കൊണ്ടുപോകുന്ന ദൃശ്യത്തിൽ കേൾക്കുന്ന സവിശേഷമായ സംഗീതം അവസാനരംഗങ്ങളിൽ ആവർത്തിക്കുന്നുണ്ട്.

ചലച്ചിത്രനിരൂപകൻ സി.എസ്. വെങ്കിടേശ്വരൻ അടൂരുമായി നടത്തിയ അഭിമുഖത്തിൽ എലിപ്പത്തായത്തിന് തന്റെ ജീവിതവുമായുള്ള ബന്ധത്തേക്കുറിച്ച് അടൂർ വിശദീകരിക്കുന്നുണ്ട്. 'എലിപ്പത്തായത്തിന്റെ കഥ എന്നിൽ നിറഞ്ഞിരുന്നതിനാൽ അതിന്റെ തിരക്കഥാരചന വളരെപ്പെട്ടെന്ന് പൂർത്തിയായി. ചിത്രം എന്നെക്കുറിച്ചും എനിക്ക് ചുറ്റുമുള്ളവരെക്കുറിച്ചുമാണ്. കഥാപാത്രങ്ങളെല്ലാം അമ്മയടക്കമുള്ള എന്റെ കുടുംബാംഗങ്ങളാണ്. ജീവിതത്തിൽ ഒന്നും ചെയ്യാതിരുന്ന ഒരു അമ്മാവനെനിക്കുണ്ടായിരുന്നു. വിവാഹം കഴിക്കാതിരുന്ന അദ്ദേഹം എന്റെ മൂത്ത അമ്മാവനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഈ അമ്മാവന്റെ ജീവിതത്തിൽ നിന്നാണ് എനിക്ക് ഉണ്ണിയെന്ന കഥാപാത്രത്തിന്റെ ആശയം ലഭിക്കുന്നത്. അതേസമയം ഉണ്ണി അമ്മാവന്റെ തനിപ്പകർപ്പുമല്ല.' നാൽപ്പത് വർഷങ്ങളായി തീവ്രത നഷ്ടപ്പെടാതെ എലിപ്പത്തായം നിലനിൽക്കുന്നതിന്റെ കാരണവും ഇത് തന്നെയാണ് . സംവിധായകന്റെ ജീവിതം അത്രയധികം ചിത്രവുമായി ഇഴചേർന്നിരിക്കുന്നു. ഇനിയും എത്ര വർഷങ്ങൾ കഴിഞ്ഞാലും അതേ ശക്തിയോടെ പുതിയ വ്യാഖ്യാനങ്ങളുമായി പ്രേക്ഷകർക്കിടയിൽ അത് നിലനിൽക്കുമെന്നും തീർച്ചയാണ്.

Elippathayam aka Rat-Trap
Elippathayam aka Rat-Trap

പ്രസിദ്ധ ക്യൂബൻ ചലച്ചിത്രകാരൻ തോമസ് ഏലിയ (Tomas Alea) , 1990 കളുടെ തുടക്കത്തിൽ ഇന്ത്യ സന്ദർശിച്ചിരുന്ന സന്ദർഭത്തിൽ,താൻ കണ്ട 'എലിപ്പത്തായ' ത്തേപ്പറ്റി ഇങ്ങിനെ വിശേഷിപ്പിച്ചു : "ഞാൻ ഇന്ത്യയിൽവെച്ച് 'എലിപ്പത്തായ'മെന്ന ഒരു ക്ളാസ്സിക് കണ്ടു.” ചുറ്റും നടന്നുകൊണ്ടിരിക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങളെ അവഗണിച്ചുകൊ ണ്ട് ഹവാനയിൽ കഴിയുന്ന ബൂർഷ്വാ ബുദ്ധിജീവിയും എഴുത്തുകാരനുമായ ഡീഗോയുടെ ജീവിതമാവിഷ്ക്കരിക്കുന്ന, ഏലിയയക്ക് അന്താരാഷ്ട്രബഹുമതി നേടിക്കൊടുത്ത ചിത്രം 'മെമ്മറീസ് ഓഫ് അൺടർഡവലപ്പ്മെന്റും ' , ചുറ്റുപാടുകളിലെ മാറ്റങ്ങൾക്ക് നേരെ പുറം തിരിഞ്ഞു നിൽക്കുന്ന ഉണ്ണീയുടെ ജീവിതാഖ്യാനമായ, ലോകാംഗീകാരങ്ങൾ കരസ്ഥമാക്കിയ 'എലിപ്പത്തായ'വും തമ്മിലുള്ള പ്രമേയസാമ്യം ഒരു പക്ഷേ ഏലിയ ശ്രദ്ധിച്ചുകാണും .

പ്രശസ്ത ചലച്ചിത്രനിരൂപകൻ ഡെറിക്ക് മാൽക്കം(Derek Malacom) 'ദ ഗാഡിയൻ (The Guardian) 'പത്രത്തിലിൽ എലിപ്പത്തായത്തേപ്പറ്റി ഇങ്ങനെ എഴുതി : “ ഒരു പക്ഷേ, ഫെസ്റ്റിവലിലെ എന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ അടൂർ ഗോപാലകൃഷ്ണന്റെ 'എലിപ്പത്തായമാണ് . മാറുന്ന കാലത്തെ അഭിമുഖീകരിക്കാൻ കഴിയാത്ത ഭൂവുടമയേക്കുറിച്ചുള്ള മനോഹരമായ പഠനമാണത്.” പ്രസിദ്ധ ചലച്ചിത്ര നിരൂപണമാസികയായ ടൈം ഔട്ടി(Time Out) ൽ ടോണി റയൻസ് (Tony Rayns) ചിത്രത്തേക്കുറിച്ച് ഇങ്ങിനെ അഭിപ്രായപ്പെടുന്നു: “ എലിപ്പത്തായത്തിന്റെ ട്രീറ്റ്മെന്റ് അസാധാരണമാണ് : എലികളെ മെറ്റഫറായി ഉപയോഗിച്ച്കൊണ്ട് ഗോപാലകൃഷ്ണൻ ഒരു ചലച്ചിത്രകാവ്യം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത് . അതിലെ ഓരോ ദൃശ്യവും, ഓരോ ക്യാമറാചലനവും നിർണ്ണായകമാണ് '. ”

Related Stories

No stories found.
logo
The Cue
www.thecue.in