സ്വയംവരം@50: മനസ്സിനേറ്റ ഹൃദ്യമായ ആഘാതം

സ്വയംവരം
സ്വയംവരം
Summary

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത സ്വയംവരം അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ സിനിമയെക്കുറിച്ചുള്ള ഓര്‍മ്മകളും അനുഭവങ്ങളും എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ബൈജു ചന്ദ്രന്‍ എഴുതുന്നു.

മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായ 'സ്വയംവരം' പ്രദർശനത്തിനെത്തിയിട്ട് അൻപതു വർഷം തികയുകയാണല്ലോ. കുറച്ചു നാളുകൾക്ക് മുമ്പ് മാധ്യമം വാരികയിൽ പ്രസിദ്ധീകരിച്ച എന്റെ സ്വയം വരാനുഭവം ഇവിടെ ഒരിക്കൽ കൂടി പോസ്റ്റ്‌ ചെയ്യുന്നു. എ ചന്ദ്രശേഖറും ഗിരീഷ് ബാലകൃഷ്ണനും ചേർന്ന് എഡിറ്റ്‌ ചെയ്ത സ്വയം വരം @50 എന്ന പുസ്തകത്തിന് വേണ്ടിയെഴുതിയതാണ്. താല്പര്യമുള്ളവർക്ക്‌ വേണ്ടി ഒരിക്കൽ കൂടി.

'അവിസ്മരണീയമായ ആ ചിത്രലേഖ കാലം '

ആ ബസ് ഓടിക്കൊണ്ടേയിരിക്കുകയാണ്.ദൂരെ ഏതോ സ്ഥലത്ത് നിന്ന് യാത്ര തുടങ്ങി മെല്ലെ പട്ടണത്തിലേക്ക് പ്രവേശിക്കുകയാണ്,ഇപ്പോഴത്.പത്രം വായനയിൽ ലയിച്ചിരിക്കുന്ന ഒരാൾ,വാരിക മറിച്ചു നോക്കിക്കൊണ്ടിരിക്കുന്ന ഒരു സ്‌ത്രീ, ചോക്ലേറ്റ് കഴിക്കുന്ന കുട്ടി, വികാരിയച്ചന്റെ തോളിലേക്ക് ഉറക്കം തൂങ്ങി വീഴുന്ന കഷണ്ടിക്കാരൻ, ഗോട്ടി മീശ വെച്ച ഒരു മനുഷ്യൻ, അച്ഛനും അമ്മയും കുഞ്ഞുമടങ്ങുന്ന ഒരു കുടുംബം....വിവിധ തരക്കാരായ ആ യാത്രക്കാരുടെ കൂട്ടത്തിൽ നവദമ്പതികളെന്ന് ഒറ്റനോട്ടത്തിൽ തന്നെ തോന്നിക്കുന്ന ആ രണ്ടു മനുഷ്യരും. കണ്ടക്ടർ ബെല്ലടിക്കുന്നു,ഡ്രൈവർ ബ്രേക്കിടുന്നു,ചിലർ ഇറങ്ങുകയും ചിലർ കയറുകയും ചെയ്യുന്നു.നഗരദൃശ്യങ്ങൾ പലതും വഴിയോരക്കാഴ്ചകളായി മിന്നിമറയുന്നു....

പ്രത്യേകിച്ച് സംഭാഷണങ്ങളോ നാടകീയ മുഹൂർത്തങ്ങളോ ഒന്നുമില്ലാത്ത,ഇത്രയും ദീർഘമായ ഒരു ബസ് യാത്ര 'കണ്ണൂർ ഡീലക്സി'ൽ പോലും ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല.എന്നാലുമെനിക്ക് ഒട്ടും വിരസത തോന്നിയില്ല.കാരണം ഞാൻ താമസിക്കുന്ന നഗരത്തിലെ പല ഇടങ്ങളിൽ കൂടി,ഞാൻ സ്ഥിരമായി സ്കൂളിലേക്ക് പോകാറുള്ള 'ട്രാൻസ്‌പോർട്ട്' ബസിലാണ്, ഈ യാത്ര നടക്കുന്നത്.നഗരമെന്ന് വെറുതെ പറഞ്ഞെന്നേയുള്ളൂ.എഴുപതുകളിലെ തിരുവനന്തപുരം, പട്ടണമായി ഇനിയും വികസിച്ചിട്ടില്ലാത്ത ഒരു തനിഗ്രാമം തന്നെയായിരുന്നു. മണ്ണ് കൊണ്ട് കെട്ടിയുണ്ടാക്കിയ ചെറിയ കയ്യാലകൾ, ഓല മേഞ്ഞ കൊച്ചു കുടിലുകൾ,ഓടിട്ട ചെറിയ വീടുകൾ,രണ്ടു നിലയിലേറെ ഉയരമില്ലാത്ത കെട്ടിടങ്ങൾ, ഇരുവശങ്ങളിലും പരന്നുകിടക്കുന്ന വിശാലമായ വയലുകൾ,കാളവണ്ടിയും സൈക്കിളും കറുപ്പും മഞ്ഞയും ചായമടിച്ച ടാക്സി കാറുകളും സിറ്റി സർവീസ് ബസുകളും മാത്രം സഞ്ചരിക്കുന്ന, തിരക്ക് തീരെ കുറഞ്ഞ തെരുവീഥികൾ...അതൊക്കെ കണ്ടും കടന്നുമായിരുന്നു ആ ബസ് മുന്നോട്ടു പോയി ക്കൊണ്ടിരുന്നത്..

സ്വയംവരം
സ്വയംവരം

ഞാൻ ഇരിക്കുന്നതിന്റെ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു. ശ്രീപത്മനാഭ തീയേറ്ററിന്റെ ബാൽക്കണിയിൽ അപൂർവം സീറ്റുകൾ മാത്രമേ നിറഞ്ഞിട്ടുള്ളൂ.താഴെ റിസർ വേഷനിലും ഫസ്റ്റ് ക്ലാസ്സിലുമൊന്നും ആരുമില്ലെന്ന് തന്നെ പറയാം.

പതിനൊന്ന് വയസുകാരനായ എന്റെ അഭിരുചിയ്ക്കൊത്ത സിനിമയായിരുന്നില്ല, അത്.നസീറും ജയഭാരതിയും ഉമ്മറും അടൂർ ഭാസിയും ബഹദൂറുമൊന്നുമില്ലാതെ എന്തു സിനിമ!പക്ഷെ എനിക്ക് ഉള്ളിന്റെയുള്ളിൽ വലിയ എന്തോ സംഭവത്തിൽ പങ്കു കൊള്ളുന്ന ഒരു പ്രതീതിയാ യിരുന്നു,അപ്പോൾ. കാരണം കുറെ നാളുകളായി ഞാനീ സിനിമയെ കുറിച്ചു പറഞ്ഞു കേൾക്കാൻ തുടങ്ങിയിട്ട്.ഇതിന്റെ പിറകിൽ പ്രവർത്തിക്കുന്നവരിൽ പലരെയും കണ്ടും കേട്ടും കുറച്ചൊക്കെ അറിയാവുന്നവരാണ്. അച്ഛന്റെ ചില ഉറ്റ സുഹൃത്തുക്കൾ,അടുത്ത പരിചയക്കാർ....അങ്ങനെ പലരും ഈ സിനിമയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ വ്യക്തികൾ മുൻകയ്യെടുത്തു പുറത്തുകൊണ്ടുവന്ന സിനിമാ സംരംഭങ്ങളിൽ ചിലതൊക്കെ എനിക്ക് കാണാനാവസരമുണ്ടായിട്ടുണ്ട്.

പക്ഷെ ഈ സിനിമ....ഈ സിനിമയെ കുറിച്ച് അച്ഛൻ വളരെ പ്രതീക്ഷയോടെ പറയുന്നത് കേട്ടിരുന്നു.അച്ഛൻ പത്രാധിപരായ കേരളശബ്ദം സ്വതന്ത്രരാഷ്ട്രീയ വാരികയിലും സഹോദര പ്രസിദ്ധീകരണമായ കുങ്കുമം വാരികയിലും ചിത്രീകരണവിശേഷങ്ങൾ വന്നിരുന്നു.തിരുവനന്തപുരത്തുകാരുടെ സ്വന്തം പത്രമായ കേരളകൗമുദിയുടെ 72ലെ ഓണം വിശേഷാൽപ്രതിയിൽ ഒരുപാട് ചിത്രങ്ങളുമായി, സിനിമയെ പറ്റിയുള്ള ദീർഘമായ റിപ്പോർട്ട് വായിക്കുകയും ചെയ്തു.സംവിധായകന്റെയും മറ്റ് പ്രധാന അണിയറ പ്രവർത്തകരുടെയുമൊക്കെ അഭിമുഖങ്ങളും ഉണ്ടായിരുന്നു, അവയിലെല്ലാം. അതൊക്കെ മനസിലുണ്ടായിരുന്നതുകൊണ്ട്,വലിയ പ്രതീക്ഷകളോട് കൂടിയാണ് ഈ ചിത്രം കാണാൻ വന്നിരിക്കുന്നത്.ആകാംക്ഷയോടെ സ്ക്രീനിലേക്ക് ഉറ്റുനോക്കിക്കൊണ്ട് ഞാൻ സീറ്റിന്റെ അറ്റത്തേക്ക് കയറിയിരുന്നു....

....അവർ രണ്ടുപേരിൽ മുതിർന്നയാൾക്ക് സാമാന്യത്തിലധികം പൊക്കമുണ്ടായിരുന്നു.ഇരുണ്ട നിറം.കട്ടി മീശ.കറുത്ത ഫ്രെയിം ഉള്ള കണ്ണടയ്ക്കുള്ളിലൂടെ കാണുന്നത് ചെറിയൊരു കോ ങ്കണ്ണാണോ എന്ന് സംശയം.

ഉയരം കുറഞ്ഞ് ലേശം വെളുത്തനിറക്കാരനാണ് അപരൻ.ഭംഗിയായി ക്രോപ്പ് ചെയ്ത് ചീകിയൊതുക്കിവെച്ചിരുന്ന ചുരുണ്ട മുടി വളർന്ന് കിരണങ്ങൾ പോലെ മുകളിലേക്കും വശങ്ങളിലേക്കും പടർന്നു നിൽക്കാൻ തുടങ്ങിയതും,ചുണ്ടിന് മുകളിലുള്ള തീരെ നനുത്ത മീശ, റ മാതിരി വളഞ്ഞ് രണ്ടു വശങ്ങളിലൂടെയും താടിയിലേക്ക് അരിച്ചിറങ്ങിയതുമൊക്കെ കാലാന്തരത്തിൽ സംഭവിച്ചതാണ്.ചുരുട്ടിവെച്ച കൈയുള്ള ഷർട്ടും വേഷ്ടിയും ധരിച്ചാണ് മിക്കവാറും കാണാറുള്ളത്.ചിലപ്പോൾ മുണ്ടിന് പകരം ഷർട്ട് പാന്റ്സിൽ ഇൻസെർട്ട് ചെയ്തും.

മുപ്പതുകളുടെ തുടക്കത്തിലുള്ള പ്രായക്കാരായ അവർ രണ്ടുപേരും ഒരൊറ്റ വയറ്റിൽപ്പിറന്ന സഹോദരന്മാരെപ്പോലെയായിരുന്നു. ഒരുമിച്ചല്ലാതെ അവരെ അന്നൊന്നും ഒരിക്കലുമാരും കണ്ടിട്ടില്ല.ഇത്രയും അഭിപ്രായൈക്യമുള്ള ചങ്ങാതിമാരെ കാണാൻ കിട്ടിയിരുന്നില്ല എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ആദ്യത്തെയാൾ ഒരുപാട് വാചാലൻ.ഒന്നാന്തരം സംഘാടകൻ.കാര്യങ്ങൾ അനായാസമായി നടത്തിയെടുക്കാൻ ബഹുമിടുക്കൻ.മറ്റേയാൾ മിതഭാഷി.ചലച്ചിത്ര കലയെ സംബന്ധിച്ച് അക്ഷരാർത്ഥത്തിൽ തന്നെ ഒരു എൻസൈക്ളോപീഡിയ. ഛായാഗ്രഹണവും എഡിറ്റിങ്ങും ശബ്ദലേഖനവും എന്നുവേണ്ട,സിനിമ പ്രദർശിപ്പിക്കുന്ന നേരത്ത് പ്രൊജക്ടർ ഓപ്പറേറ്റ് ചെയ്യുന്ന ജോലി തൊട്ട്, സിനിമയുടെ പ്രിന്റുകളും വഹിച്ചുകൊണ്ടുള്ള സ്കൂട്ടറും ജീപ്പും ഓടിക്കുന്ന ഡ്രൈവർ പണി വരെ,ആളാണ് ഏറ്റെടുക്കാറ്.ഡോക്യൂമെന്ററി നിർമ്മാണത്തെ കുറിച്ച് വിവിധ സർക്കാർ വകുപ്പുകളുമായും,സിനിമാ പ്രദർശനം സംബന്ധിച്ച് പല വിദേശ എംബസ്സികളുമായും,അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളുടെ സംഘാടകരുമായിട്ടുമെല്ലാമുള്ള കത്ത് ഇടപാടുകൾ അദ്ദേഹത്തിന്റെ ചുമതലയിൽ പ്പെട്ടതായിരുന്നു.

ആ രണ്ടുപേർ ആരൊക്കെയാണെന്ന് ഇനിയും പ്രത്യേകിച്ച് പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.എങ്കിലും പറയാം. കുളത്തൂർ ഭാസ്‌ക്കരൻ നായരും അടൂർ ഗോപാലകൃഷ്ണനുമായിരുന്നു അവർ.

ചിത്രലേഖാ ഫിലിം സൊസൈറ്റി യുടെയും പിന്നീട് ആരംഭിച്ച ചിത്രലേഖ ഫിലിം കോ ഓപ്പറേറ്റിവ് എന്ന ചലച്ചിത്ര മേഖലയിലെ ആദ്യത്തെ സഹകരണപ്രസ്ഥാനത്തിന്റെയും ആത്മാവും ശരീരവുമായിരുന്ന അടൂർ ഗോപാലകൃഷ്ണനെയും കുളത്തൂർ ഭാസ്കരൻ നായരെയും അന്നത്തെയൊരു അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഇത്രത്തോളം സൂക്ഷ്മതയോടെ ഓർമ്മിക്കുന്നത് എന്തുകൊണ്ടാണെന്ന് തോന്നാം.അക്കാര്യം പറയുന്നതിന് മുമ്പ്,ഈ രണ്ടുപേരുടെയും കൂട്ടത്തിൽ ചിലപ്പോഴൊക്കെ ഉണ്ടാകാറുണ്ടായിരുന്ന വേറെ ചില വ്യക്തികളെക്കുറിച്ച് കൂടി ഒന്ന് ഓർത്തുകൊള്ളട്ടെ.അച്ഛന്റെ അല്പം കൂടി പഴയ സുഹൃത്തുക്കളായ,അന്ന് എൽ ഐ സി യിൽ ഉദ്യോഗസ്ഥനായിരുന്ന കെ പി കുമാരൻ, കോളേജ് അദ്ധ്യാപകനായ ശ്രീവരാഹം ബാലകൃഷ്ണൻ എന്നിവരാണത്.

ശ്രീവരാഹത്തിന്റെ കഥകളും സിനിമാ സംബന്ധമായ ലേഖനങ്ങളുമൊക്കെ 'കേരളശബ്ദ'ത്തിലും 'കുങ്കുമ'ത്തിലും 'ജനയുഗ'ത്തിലും 'കൗമുദി'യിലും മറ്റും അച്ചടിച്ചുവന്നത് കണ്ടിട്ടുണ്ട്. കെ പി കുമാരനാകട്ടെ, സാഹിത്യവും പുതിയ സിനിമകളെ കുറിച്ചുള്ള എഴുത്തും എൽ ഐ സി ജീവനക്കാരുടെ സംഘടനാപ്രവർത്തനവും അതോടൊപ്പം തന്നെ അൽപ്പം തീവ്രമായ രാഷ്ട്രീയ വിശ്വാസവുമൊക്കെ അന്ന് സജീവമായി കൊണ്ടു നടന്നിരുന്നു. അടൂർ ഗോപാലകൃഷ്ണന്റെ സ്വപ്നസാക്ഷാത്ക്കാരമായി രൂപം കൊണ്ട ചിത്രലേഖ ഫിലിം സൊസൈറ്റിയെ നനച്ചു വളർത്താൻ പിന്നീട് ഇവരും കൂട്ടുചേർന്നു. കേരളശബ്ദം - കുങ്കുമം പ്രസിദ്ധീകരണങ്ങളുടെ പത്രാധിപന്മാരായ അച്ഛന്റെയും (കെ എസ് ചന്ദ്രൻ)വൈക്കം ചന്ദ്രശേഖരൻ നായരുടെയും ശക്തമായ പിന്തുണ ഈ ചെറുപ്പക്കാർക്കുണ്ടായിരുന്നു.

1969 ലാണ് കേരളശബ്ദം കുങ്കുമം പ്രസിദ്ധീകരണങ്ങൾ കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ആസ്ഥാനം മാറിയെത്തുന്നത്.അൻപതുകളിലും അറുപതു കളിലും,ചെറുപ്പക്കാരായ എഴുത്തുകാരുടെയും സിനിമാ പ്രവർത്തകരുടെയുമൊക്കെ പ്രധാന പ്രചോദനവും അഭയ കേന്ദ്രവുമായി നിലകൊണ്ട കൗമുദി ആഴ്ചപ്പതിപ്പും ആ കാലത്തെ ഏറ്റവും വലിയ 'പ്രതിഭാസ'മായ അതിന്റെ പത്രാധിപർ കെ ബാലകൃഷ്ണനും അപ്പോഴേക്കും തങ്ങളുടെ ചരിത്ര ദൗത്യം പൂർത്തിയാക്കിട്ടെന്നോണം അണിയറയിലേക്ക് ഏതാണ്ട് പിൻ വാങ്ങിക്കഴിഞ്ഞിരുന്നു.(1965 ലെ ഒരാഴ്ച പുറത്തിറങ്ങിയ ടാബ്ലോയ്ഡ് സൈസിലുള്ള കൗമുദി വാരികയുടെ സിനിമാ വാർത്തകൾ വരുന്ന നടുപ്പേജുകളിലൊന്നിൽ,തിരുവനന്തപുരത്ത് ചിത്രലേഖ എന്ന പേരിൽ ഒരു ഫിലിം സൊസൈറ്റി ആരംഭിച്ചതിനെ കുറിച്ചുള്ള ഒരു ബോക്സ് വാർത്ത കാണാം.ഒപ്പം പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയ അടൂർ ഗോപാലകൃഷ്ണൻ എന്ന ചെറുപ്പക്കാരന്റെ ഒരു കുഞ്ഞൻ പടവും.)തിരുവനന്തപുരത്ത്,കൗമുദിയുടെ അഭാവമൊരുക്കിയ വലിയ വിടവിലേക്ക് കൂടിയാണ്,കൊല്ലത്തു വെച്ചു തന്നെ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ നിർണ്ണായക സാന്നിദ്ധ്യമായിത്തീർന്നിരുന്ന, ഈ രണ്ടു പ്രസിദ്ധീകരണങ്ങളുടെയും വരവ്.രാഷ്ട്രീയ -സാഹിത്യ-കലാ-സാംസ്കാരിക മേഖലകളിലെ പ്രഗത്ഭമതികൾ മാത്രമല്ല,പുതിയ തലമുറ യിൽ പെട്ട ഒരുപാട് എഴുത്തുകാരും കലാപ്രവർത്തകരുമൊക്കെ ചേക്കേറുന്ന ഇടമായിരുന്നു പെരുന്താന്നിയിലെ കേരളശബ്ദം - കുങ്കുമം ഓഫീസ്. തൊട്ടപ്പുറത്ത് ഞങ്ങൾ താമസിച്ചിരുന്ന വീട്ടിലെയും നിത്യ സന്ദർശകരായിരുന്നു അവരൊക്കെ. അക്കൂട്ടത്തിൽ ഞാനേറ്റവും ഓർമ്മിക്കുന്ന രണ്ടുപേരാണ് ഈ അപൂർവ സുഹൃത്തുക്കൾ. അവരുടെ മുൻകയ്യിൽ നടത്തിയ ചില ചലച്ചിത്ര പ്രദർശനങ്ങൾ കാണാൻ പോയതു കൊണ്ടു കൂടിയായിരിക്കാം ഞാൻ ഇത്ര കൃത്യമായി ഇതെല്ലാം ഓർമ്മിക്കാനിട വന്നത്.

ചിത്രലേഖ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ചില ഫിലിം സ്ക്രീനിംഗുകളിൽ വെച്ചാണ് ഞാൻ സത്യജിത് റേ യുടെ സിനിമകളും, ചില വിദേശ സിനിമകളും ഒക്കെ കാ ണുന്നത്.ഞങ്ങൾ സ്ഥിരമായി നാടകങ്ങൾ കാണാൻ പോയിരുന്ന തിരുവനന്തപുരത്തെ ടാഗോർ തീയേറ്ററിൽ വെച്ചുനടന്ന ആ ചലച്ചിത്ര പ്രദർശനങ്ങൾ ഓർമ്മയിൽ ഇപ്പോഴും പച്ചപിടിച്ചു കിടക്കുന്നു.അതോടൊപ്പം മുഖ്യ സംഘാടകനായി അവിടെ ഓടിനടന്നിരുന്ന ചുരുണ്ട മുടിയുള്ള ചെറുപ്പക്കാരന്റെ രൂപവും.തിരുവനന്തപുരത്തെ സാംസ്കാരികരംഗത്തിന്റെ ഒരു ക്രോസ് സെക്ഷൻ എന്ന് വിളിക്കാവുന്ന പല പ്രമുഖരുടെയും സിനിമയെ കുറിച്ച് കൂടുതൽ അറിയാൻ വെമ്പുന്ന ചെറുപ്പക്കാരുടെയും (പിൽക്കാലത്ത് അവരൊക്കെ പല നിലകളിൽ പ്രസിദ്ധരായി)ഒരു വലിയ നിര തന്നെ അന്നവിടെ സന്നിഹിതരാകാറുണ്ടായിരുന്നു.

.ആയിടയ്ക്കാണ്, കേരള ഗവണ്മെന്റിന്റെ ആരോഗ്യവകുപ്പ് കുടുംബാസൂത്രണത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു സിനിമ നിർമ്മിക്കുന്നതിന് വേണ്ടി തിരക്കഥ സഹിതം അപേക്ഷകൾ ക്ഷണിച്ചത്. സർക്കാർ തന്നെ നേരിട്ട് ഒരു സിനിമ നിർമ്മിക്കുന്ന പരിപാടി ആദ്യമായിട്ടായിരുന്നുവെന്ന് തോന്നുന്നു.ഈ പ്രോജക്ടിന്റെ ചുമതലയുള്ള വ്യക്തി ആരോഗ്യ വകുപ്പിന്റെ പബ്ലിസിറ്റി വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന ശ്രീ യശോധരൻ ( ആകാശവാണിയിലെ പ്രൊഡ്യൂസർ സരസ്വതിയമ്മയുടെ ജീവിതസഖാവ്) ആയിരുന്നുവെന്നാണ് ഓർമ്മ.

1970 ലെ ഗവണ്മെന്റിന്റെ തലപ്പത്തുണ്ടായിരുന്ന സി അച്യുത മേനോനുൾപ്പെടെ എല്ലാ മന്ത്രിമാരോടും പ്രമുഖ രാഷ്ട്രീയ നേതാക്കളോടും ഉറ്റ സൗഹൃദം പുലർത്തിയിരുന്ന ഫോട്ടോഗ്രാഫർ ശിവൻ (ശിവൻസ് സ്റ്റുഡിയോ),ഏതാനും ചില മലയാള സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള എൻ.ശങ്കരൻ നായർ എന്നിവരും ചിത്രലേഖയും ഈ പ്രോജക്ട് നേടിയെടുക്കാനായി മുന്നിട്ടിറങ്ങിയിരുന്നു.ശിവന് വേണ്ടി സ്ക്രിപ്റ്റ് എഴുതിയത് സാക്ഷാൽ പി കേശവദേവാണ്.ശങ്കരൻ നായർക്ക് വേണ്ടി അന്നത്തെ ഏറ്റവും ശ്രദ്ധേയനായ യുവ കഥാകൃത്ത് പി പത്മരാജനും.ചിത്രലേഖയുടെ സ്ക്രിപ്റ്റ് അടൂർ ഗോപാലകൃഷ്ണനും ശ്രീവരാഹം ബാലകൃഷ്ണനും ചേർന്നാണ് എഴുതിയത്.കടുത്ത മത്സരമായിരുന്നു നടന്നത് എന്ന് ഈ പേരുകൾ കേൾക്കുമ്പോൾ തന്നെ മനസിലാകുമല്ലോ.ഈ പ്രോജക്റ്റിന്റെകാര്യം ചർച്ച ചെയ്യാനും അക്കാര്യത്തിൽ കേരളശബ്ദത്തിന്റെ ആവശ്യമായ പിന്തുണ ഉറപ്പിക്കാനും വേണ്ടി കൂടിയാണ് കുളത്തൂരും അടൂരും അന്ന് വീട്ടിൽ വന്നിരുന്നത് എന്ന് ഞാൻ വിചാരിക്കുന്നു.

ദേവും പത്മരാജനും ശിവനും ശങ്കരൻ നായരുമൊക്കെ അടുത്ത സുഹൃത്തുക്ക ളായിരുന്നെങ്കിലും ഇക്കാര്യത്തിൽ അച്ഛന്റെ അനുഭാവം ചിത്രലേഖയോടായിരുന്നു. കേരളശബ്ദത്തിൽ അതിന് അനുകൂലമായ ചില കുറിപ്പുകളും മറ്റും വരികയും ചെയ്തു.എതായാലും ഒടുവിൽ ചിത്രലേഖയ്ക്ക് തന്നെ ആ പ്രോജക്ട് ലഭിച്ചു.അതോടെ ശിവന് അച്ഛനോട് നീരസമാകുകയും ചെയ്തു.പിൽക്കാലത്ത് എന്നോട് വലിയ സ്നേഹവാത്സല്യങ്ങൾ പ്രകടിപ്പിച്ചിട്ടുള്ള ശിവൻ ചേട്ടൻ ഈ കഥകളൊന്നും ഒരിക്കലും പറഞ്ഞിട്ടില്ല.എനിക്കറിയാമെന്നു ഞാൻ ഭാവിച്ചിട്ടുമില്ല.

'പ്രതിസന്ധി' എന്ന പേരുള്ള ആ ചിത്രത്തിന്റെ ശ്രീകുമാർ തീയേറ്ററിൽ നടന്ന പ്രിവ്യൂ ഷോ കാണാൻ ഞങ്ങൾ കുട്ടികളെയും അച്ഛനും അമ്മയും കൊണ്ടു പോയിരുന്നു.മധു,കവിയൂർ പൊന്നമ്മ,എസ് പി പിള്ള,അടൂർ ഭാസി തുടങ്ങിയ അന്നത്തെ പ്രധാന താരങ്ങളൊക്കെ അഭിനയിച്ച ഒരു കൊച്ചു സിനിമ. കെ പി എ സി ലളിതയോടൊപ്പം സുജാത, എഴുത്തുകാരനായ കെ ജി സേതുനാഥിന്റെ കൂടെ വീട്ടിൽ വന്നു കണ്ടിട്ടുള്ള തിരുവനന്തപുരത്തെ അമച്വർ സ്റ്റേജിലെ പ്രമുഖ നടനായ കരമന ജനാർദ്ദനൻ നായർ,ജനാർദ്ദനൻ എന്നു തന്നെ പേരുള്ള മറ്റൊരു യുവനടൻ തുടങ്ങിയ പുതുമുഖങ്ങളും ഉണ്ടായിരുന്നു,ചിത്രത്തിൽ.വയലാർ - ദേവരാജൻ ടീമിന്റെ ഏതാനും നല്ല പാട്ടുകളുമൊക്കെ ഉണ്ടായിരുന്ന സിനിമ കുടുംബാസൂത്രണത്തിന്റെ സന്ദേശം രസകരമായി പറഞ്ഞതായി ഓർമ്മിക്കുന്നു.

അക്കാലത്ത് തന്നെയാണെന്നു തോന്നുന്നു പലതുകൊണ്ടും വ്യത്യസ്തമായ മറ്റൊരു സിനിമ കാണാനും അവസരമുണ്ടായത്.ചിത്രലേഖ നിർമ്മിച്ച ആ ചിത്രത്തിന്റെ പ്രിവ്യൂഷോയും ശ്രീകുമാർ തീയേറ്ററിൽ വെച്ചുതന്നെയായിരുന്നു.ആകെ കുറച്ചു മിനിറ്റുകൾ മാത്രം നീണ്ടു നിന്ന ചിത്രത്തിൽ, താടിയും മുടിയും നീട്ടിവളർത്തിയ,അർദ്ധ നഗ്നയായ ഒരു വയസ്സൻ (നാറാണത്ത് ഭ്രാന്തൻ?) ഒരു വലിയ കല്ലുരുട്ടി കൊണ്ടു വന്ന് ഒരു മലയുടെ മുകളിൽ നിന്ന് താഴേക്ക് ഉരുട്ടിവിടുന്നതായിരുന്നു ആകെയുണ്ടായിരുന്ന ദൃശ്യം.

ചലച്ചിത്ര കലയ്ക്ക് വേണ്ടി ആത്മാർപ്പണം നടത്തിയ ആ ഒരുകൂട്ടം ചെറുപ്പക്കാരുടെ വർഷങ്ങൾ നീണ്ടുനിന്ന നിശ്ചയദാർഢ്യത്തോടെയുള്ള അക്ഷീണപരിശ്രമങ്ങൾ ഒടുവിൽ ലക്ഷ്യത്തിലെ ത്തുകയായിരുന്നു.ധാരാളം ഡോക്യൂമെന്ററി കളും ഹ്രസ്വചിത്രങ്ങളും ആ നാളുകളിൽ അടൂരിന്റെ സംവിധാനത്തിൽ ചിത്രലേഖ തുടർച്ചയായി നിർമ്മിച്ചു. ഒരു മുഴുനീള ഫീച്ചർ ചിത്രമെടുക്കാനുള്ള തയ്യാറെടുപ്പുകളുടെയും ധനസമാഹരണത്തിന്റെയും ഭാഗമായിരുന്നു ആ സംരംഭങ്ങളെല്ലാം തന്നെ.'സ്വയംവരം' എന്നു പേരിട്ട ചിത്രം അണിയറയിൽ ഒരുങ്ങുന്നതിന്റെ വാർത്തകളും ചിത്രീകരണവിശേഷങ്ങളുമൊക്കെ നല്ല സിനിമയെ പ്രണയിക്കുന്നവരെയെല്ലാം ആവേശം കൊള്ളിച്ചു.പ്രസിദ്ധരായ പല എഴുത്തുകാരും സംവിധായകരും അഭിനേതാക്കളുമൊക്കെ വീട്ടിലും കേരളശബ്ദം ഓഫീസിലും വന്നു കണ്ടിട്ടുണ്ടെങ്കിലും,അവരെല്ലാവരെയും കാൾ ചിത്രലേഖ യുടെ ആൾക്കാർ ഞങ്ങൾക്ക് വേണ്ടപ്പെട്ടവരാണെന്ന തോന്നലായിരുന്നു.അതുകൊണ്ടു തന്നെ 'സ്വയംവര'ത്തെ കുറിച്ചുള്ള വാർത്തകളും വിശേഷങ്ങളും എവിടെ കണ്ടാലും ആവേശത്തോടെ വായിക്കുമായിരുന്നു.മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കഥകൾക്കും നോവലുകൾക്കും ചിത്രം വരക്കുന്ന നമ്പൂതിരി, ദേശാഭിമാനി വാരികയിൽ ഇലസ്ട്രേഷൻ ചെയ്യുന്ന കരുണാകരൻ,പണ്ട് മാതൃഭൂമിയിലും ആയിടയ്ക്ക് മലയാളനാടിലുമൊക്കെ വരച്ചിരുന്ന,അക്കാലത്തെ ലളിതകലാ അക്കാദമി യുടെ ചെയർമാൻ കൂടിയായ എം വി ദേവൻ,പിന്നെ മാതൃഭൂമി യുടെ അവസാനത്തെ പേജിൽ പ്രത്യക്ഷപ്പെടുന്ന രാമുവും ഗുരുജിയുമൊക്കെ വഴി സുപരിചിതനായ അരവിന്ദൻ....ഇവരൊക്കെയാണ് 'സ്വയംവര'ത്തിന്റെ പോസ്റ്ററും പബ്ലിസിറ്റി യുമൊക്കെ കൈകാര്യം ചെയ്യുന്നതെന്ന് കേട്ടപ്പോൾ വലിയ കൗതുകം തോന്നി.

പുത്തരിക്കണ്ടം മൈതാനത്ത് ആണ്ടോടാണ്ട് നടത്താറുള്ള വ്യാവസായിക - കാർഷിക പ്രദർശനവും അതോടനുബന്ധിച്ചുള്ള നാടകാവതരണങ്ങളും മറ്റു കലാപരിപാടികളുമായിരുന്നു, അന്നൊക്കെ തിരുവനന്തപുരത്തു കാരുടെ ഏറ്റവും വലിയ എന്റർടെയ്ൻമെന്റ്. ആ വർഷത്തെ 'എക്സിബിഷനി'ൽ 'സ്വയംവര'ത്തിൽ നിന്നുള്ള സ്റ്റില്ലുകളും പോസ്റ്ററുകളും മറ്റും പ്രദർശിപ്പിച്ച ഒരു സ്റ്റാൾ ഉണ്ടായിരുന്നു. മധുവും ശാരദയും കൂടിയുള്ള വലിയൊരു ചിത്രം സ്റ്റാളിന്റെ കവാടത്തിൽ സ്ഥാപിച്ചിരുന്നതോർമ്മ വരുന്നു.( ഇതിനോട് ബന്ധമില്ലാത്ത മറ്റൊരു കാര്യം.അക്കൊല്ലത്തെ എക്സിബിഷനിൽ, ഒരുദിവസം അരങ്ങേറിയ 'രാമരാജ്യം' എന്ന നാടകത്തിൽ കണ്ട ഒരു ചെറുപ്പക്കാരൻ നടന്റെ വളരെ സ്വാഭാവികമായ അഭിനയത്തെ കുറിച്ച് ചേച്ചിയും ഞാനും അനിയനും വീട്ടിൽ ചെന്ന് അമ്മയോട് പറഞ്ഞതോർക്കുന്നു.സോമൻ എന്നു പേരുള്ള ആ പുതുമുഖ നടനെ അതേ ദിവസം തന്നെ നാടകം കാണാനെത്തിയ മലയാറ്റൂർ രാമകൃഷ്ണന്റെ ഭാര്യ വേണീ രാമകൃഷ്ണന്റെ ശുപാർശ പ്രകാരം ഗായത്രി എന്ന 'സിനിമേലെടുത്തു'!)

അങ്ങനെയങ്ങനെ കാത്തു കാത്തിരുന്ന് ഒരു ദിവസം, ശ്രീപത്മനാഭ തീയേറ്ററിൽ 'സ്വയംവരം' കാണാൻ ചെന്നപ്പോഴുണ്ടായ അനുഭവമാണ് തുടക്കത്തിൽ വിവരിച്ചത്.

സിനിമയുടെ നടന്നുപതിഞ്ഞ നടപ്പാതകളിൽ നിന്നെല്ലാം പാടേ വേറിട്ടു കിടക്കുന്ന ഒരു വഴിത്താരയുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നത്,ചിത്രലേഖയൊരുക്കിയ വേദിയിൽ കണ്ട ലോകസിനിമകളും സത്യജിത് റേയുടെ ഉൾപ്പെടെയുള്ള ചില ഇന്ത്യൻ സിനിമകളും കാണുമ്പോഴായിരുന്നുവെ ന്ന് നേരത്തെ പറഞ്ഞതാണല്ലോ.അന്നത്തെ മലയാള സിനിമകളിലൊന്നും അതുവരെ കണ്ടിട്ടില്ലാത്ത യാഥാർത്ഥ്യപ്രതീതി നിറഞ്ഞുനിന്ന 'പ്രതിസന്ധി' യും സ്കൂൾ വിദ്യാർത്ഥി യായ എന്നെ സംബന്ധിച്ചിടത്തോളം പുതിയ പാഠമായിരുന്നു. എന്നാൽ 'സ്വയംവരം'എന്ന സിനിമയാണ് എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞത്.സിനിമകളോട് ഭ്രാന്തമായ ഇഷ്ടം വെച്ചുപുലർത്തിയിരുന്ന എന്റെ മനസ്സിനേറ്റ ഹൃദ്യമായ ഒരു ആഘാതം തന്നെയായിരുന്നു,'സ്വയംവരം'.ആ സിനിമയെ കുറിച്ച് പ്രമുഖ ചലച്ചിത്രനിരൂപകരും മറ്റുമെഴുതിയ ആഴത്തിലുള്ള പഠനങ്ങളും വിശകലനങ്ങളും ആസ്വാദനങ്ങളുമൊക്കെ ധാരാളം വന്നുകഴിഞ്ഞിരിക്കുന്നു. ലോകസിനിമാ ഭൂപടത്തിൽ മലയാളഭാഷയെ ആദ്യമായി അടയാളപ്പെടുത്തിയ ആ സിനിമയെ കുറിച്ച് കൂടുതലായി എന്തെങ്കിലുമെഴുതണമെന്ന് ഞാൻ കരുതുന്നില്ല.

മധുവും ശാരദയും തിക്കുറിശ്ശി യും ഒഴിച്ചുള്ള ഒരൊറ്റ താരം പോലും 'സ്വയംവര'ത്തിൽ അഭിനയിച്ചിരുന്നില്ല.കെ പി എ സി യുടെ സ്റ്റേജിൽ നിന്നെത്തിയ അടൂർ ഭവാനിയും ലളിതയും അപ്പോഴും സിനിമാതാരത്തിന്റെ പദവിയിലേക്ക് ഉയർന്നിട്ടുണ്ടായിരുന്നില്ല.തിരുവനന്തപുരത്തിന്റെ അമച്വർ സ്റ്റേജിൽ കരുത്തുറ്റ സാന്നിധ്യം തെളിയിച്ച 'പ്രസാധന' ഗോപി യായിരുന്നു മലയാള സിനിമയ്ക്ക് 'സ്വയംവരം' നൽകിയ ഏറ്റവും വലിയ സംഭാവന.(ആ തടിക്കമ്പനിയുടെ ഗേറ്റിൽ അകത്തേക്ക് തന്നെ നോക്കിക്കൊണ്ട് ക്ഷമയോടെ നിൽക്കുന്ന തൊഴിലാളി യുടെ പരിക്ഷീണമായ മുഖം എങ്ങനെ മറക്കാൻ കഴിയും?)

അടൂർ ഭാസിയെ കൂടാതെ ഒരു മലയാള സിനിമയെടുക്കാൻ ആരും ധൈര്യം കാണിക്കാത്ത കാലമായിരുന്നു അത്.അടൂർ ഗോപാലകൃഷ്ണന്റെ തൊട്ടടുത്ത ബാച്ചിൽ പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയ,ഋത്വിക് ഘട്ടക്കിന്റെ മാനസപുത്രനായ ജോൺ എബ്രഹാമിന്റെ കന്നിച്ചിത്രവും 1972 ൽ തന്നെയാണ് പുറത്തിറങ്ങിയത്.'വിദ്യാർത്ഥി കളേ ഇതിലേ ഇതിലേ' എന്ന ആ ചിത്രത്തിൽ,അടൂർ ഭാസി തന്റെ പതിവ് ഹാസ്യ വേഷത്തിൽ അഭിനയിച്ചുവെന്നു മാത്രമല്ല, തമിഴ് ഹാസ്യനടിയായ മനോരമയോടൊപ്പം സ്വയം പാടിയ "ജിഞ്ചിലം ചിലചിലം" എന്നൊരു പാട്ടിനൊപ്പിച്ച്‌ കുറവൻ - കുറത്തി നൃത്തം കളിക്കുക കൂടി ചെയ്തു!

മലയാള സിനിമയിൽ പരീക്ഷിച്ചു നോക്കാൻ,അന്നേവരെ ആരും ധൈര്യം കാണിച്ചിട്ടില്ലാത്ത തരത്തിലുള്ള വ്യത്യസ്ത തയും പുതുമയുമായി തീയേറ്ററിൽ എത്തിയ 'സ്വയംവരം', തമാശരംഗങ്ങളും സ്റ്റണ്ടും കുളിസീനും ക്യാബറെ യുമൊക്കെ പ്രതീക്ഷിച്ചെത്തിയ അന്നത്തെ സാധാരണ പ്രേക്ഷകനെ കയ്യിലെടുക്കുന്ന കാര്യത്തിൽ പരാജയപ്പെട്ടുപോയത് സ്വാഭാവികം.എന്നാൽ ആ വർഷത്തെ സംസ്‌ഥാന അവാർഡ് കമ്മിറ്റി യുടെ പ്രതികരണമാണ് സകലരെയും അത്ഭുത പ്പെടുത്തിയത്.ലോകത്തെ ക്ലാസ്സിക് സിനിമകളും നവതരംഗ ചിത്രങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തിപ്പോന്നിരുന്ന,നാഷണൽ ഫിലിം ആർക്കൈവ്സിലെ പി കെ നായരായിരുന്നു കമ്മിറ്റി യുടെ അദ്ധ്യക്ഷൻ. അതുപോലെയുള്ള ചിത്രങ്ങൾ കണ്ടു പരിചയിച്ച ഒരാൾ കൂടി മാത്രമേ കമ്മിറ്റി യിൽ ഉണ്ടായിരുന്നുള്ളൂ. ചലച്ചിത്ര നിരൂപകനായ ഹമിമുദ്ദീൻ മുഹമ്മദ്.എങ്കിലും,മറ്റ് അംഗങ്ങളാരും തന്നെ ചില്ലറക്കാരായിരുന്നില്ല എന്നുകൂടി അറിയണം.

മാധവിക്കുട്ടി, ഓ.മാധവൻ,കെ ശങ്കരൻ നായർ( സിനിമാ മാസിക പത്രാധിപർ),എൽ പി ആർ വർമ്മ,നിർമ്മാതാക്കളായ എസ് കുമാർ,ശോഭനാ പരമേശ്വരൻ നായർ,കോൺഗ്രസ് നേതാവും പത്രപ്രവർത്തക നുമായ തോപ്പിൽ രവി...പിന്നെ പബ്ലിക് റിലേഷൻസ് അഡീ ഷണൽ ഡയറക്ടർ തോട്ടം രാജശേഖരൻ, പ്രസിദ്ധ കഥാകൃത്തും കൾച്ചറൽ ഡെവലപ്‌മെന്റ് ഓഫീസറുമായ എൻ മോഹനൻ (മെമ്പർ സെക്രട്ടറി) എന്നിവരടങ്ങിയതായിരുന്നു ജൂറി.ഏറ്റവും നല്ല ചിത്രമായി കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത 'പണി തീരാത്ത വീടും' 'ചെമ്പരത്തി', 'ആരോമലുണ്ണി' എന്നീ സിനിമകൾ രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. സേതുമാധവനായിരുന്നു മികച്ച സംവിധായകൻ.കേരളത്തിൽ വെച്ചു ചിത്രീകരിച്ച നല്ല ചിത്രമെന്ന പേരിലുള്ള, ഔദാര്യം പോലെ നൽകിയ ഒരു പുരസ്ക്കാരം മാത്രമാണ് 'സ്വയംവര'ത്തിന് കിട്ടിയ പരിഗണന.പി കെ നായരും ഹമിമുദ്ദീൻ മുഹമ്മദും ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും സ്വയംവരത്തിന് വേണ്ടി ആവുന്നത്ര വാദിക്കുകയും ചെയ്തെങ്കിലും,കമ്മിറ്റി യിലെ ഉദ്യോഗസ്ഥരായ മെമ്പർമാർ ഒഴിച്ചുള്ളവർ ഒറ്റക്കെട്ടായി നിന്നുകൊണ്ട് തീരുമാനം നടപ്പാക്കി.( ചിത്രലേഖ യുടെ ദീർഘകാലത്തെ സുഹൃത്തുക്കളായിരുന്ന ആ രണ്ടുപേരും തുടക്കം മുതൽക്കു തന്നെ സ്വയംവരത്തോട് കാണിച്ചുപോന്ന വ്യക്തമായ അനുഭാവവും ചിത്രലേഖയുടെ ഭാരവാഹികളോട് പരസ്യമായി പ്രകടിപ്പിച്ച സൗഹൃദവുമാണ് മറ്റ് കമ്മിറ്റി മെമ്പർമാരെ ചൊടിപ്പിക്കാൻ ഇടയാക്കിയതെന്ന് തോട്ടം രാജശേഖരൻ ഉദ്യോഗപർ വം എന്ന തന്റെ ആത്മകഥയിൽ പറയുന്നു)

'സ്വയംവര'ത്തിന് സംസ്ഥാനഅവാർഡ് കിട്ടാതെ പോയത് സ്വാഭാവികമായും പത്രങ്ങളിലും സാംസ്കാരിക രംഗത്തുമൊക്കെ കോളിളക്കം സൃഷ്ടിച്ചു. ഞങ്ങളുടെ വീട്ടിലും നിരാശ സൃഷ്ടിച്ച വാർത്തയായിരുന്നു,അത്. കേരളശബ്ദവും,കെ വി എസ് ഇളയതിന്റെ പത്രാധിപത്യത്തിൽ പുതുതായി ആരംഭിച്ച നാന സിനിമാ വാരികയുമൊക്കെ ശക്തമായ വിമർശനവുമായി രംഗത്ത് വന്നു.

സംസ്ഥാന അവാർഡിന്റെ വിവാദം കെട്ടടങ്ങുന്നതിന് തൊട്ടുപിന്നാലെ ദേശീയപുരസ്ക്കാരത്തിന്റെ ഊഴമെത്തി.അവാർഡിന്റെ പരിഗണനയ്ക്ക് വേണ്ടി സമർപ്പിച്ച മലയാള ചിത്രങ്ങളുടെ കൂട്ടത്തിൽ 'സ്വയംവരം' ഉൾപ്പെടുത്തപ്പെട്ടില്ല.തിരഞ്ഞെടുക്കാൻ നിയുക്തരായ സംസ്ഥാന അവാർഡ് കമ്മിറ്റിയിലെ രണ്ടുപേർ 'സ്വയംവര'ത്തെ വീണ്ടും തഴഞ്ഞു.ഈ കാര്യങ്ങളെല്ലാം വിശദീകരിച്ചുകൊണ്ടും ചിത്രത്തെ അവാർഡിന് പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടും ദേശീയ ജൂറി ചെയർമാനായ രമേശ് ഥാപ്പറിന് അടൂർ അയച്ച നീണ്ട ടെലിഗ്രാമാണ് രക്ഷപ്പെടുത്തിയത്.അന്നൊരു വൈകുന്നേരം, പി എം ജി ജംക്ഷനിലുണ്ടായിരുന്ന വേണുഗോപാലനിലയം എന്ന ഹോട്ടലിൽ ചായ കുടിക്കാൻ ചെന്നിരുന്ന അടൂരും കുളത്തൂരും മറ്റൊരു സുഹൃത്തും,അവിടെയുണ്ടായിരുന്ന റേഡിയോ യിൽ ഡൽഹിയിൽ നിന്നുള്ള വാർത്തകൾ കേൾക്കുകയായിരുന്നു.'സ്വയംവരം' 1972 ലെ ഏറ്റവും മികച്ച ചിത്രത്തിനും ശാരദ,അടൂർ ഗോപാലകൃഷ്ണൻ, മങ്കട രവിവർമ്മ എന്നിവർ മികച്ച നടിക്കും സംവിധായകനും ഛായാഗ്രാഹകനും ഉള്ള അവാർഡുകൾ നേടിയിരിക്കുന്നു എന്നതാണ് അവരാദ്യം കേട്ട വാർത്ത!

..അന്ന് സന്ധ്യയ്ക്ക്, അടക്കിവെക്കാനാകാത്ത ആഹ്ലാദത്തോടെ,ആഘോഷത്തിമിർപ്പോടെ ഞങ്ങളുടെ വീട്ടിലേക്ക് കയറി വന്ന അടൂരിനെയും കുളത്തൂരിനെയും ഞാനൊരിക്കലും മറക്കില്ല.അതൊരു വലിയ കുതിച്ചു ചാട്ടത്തിന്റെ തുടക്കമായിരുന്നു.താമസിയാതെ 'സ്വയംവരം' വീണ്ടും തീയേറ്ററിൽ എത്തി.ദേശീയ പുരസ്കാരം നേടിയ ചിത്രം നിറഞ്ഞ സദസ്സുകളിലാണ് പ്രദർശിപ്പിച്ചത്.പിന്നീടുള്ള വർഷങ്ങളിലെസംസ്‌ഥാന അവാർഡുകളിൽ,സിനിമയുടെ സൗന്ദര്യശാസ്ത്രത്തിലും ആവിഷ്കരണ സമ്പ്രദായത്തിലുമൊക്കെ വ്യത്യസ്ഥതയും പുതുമയും പുലർത്തുന്ന ചിത്രങ്ങൾക്ക് മുൻഗണന നൽകാൻ തുടങ്ങിയെന്നതാണ് 'സ്വയംവരം' കൊണ്ടുണ്ടായ ഏറ്റവും വലിയ നേട്ടം.(തൊട്ടടുത്ത രണ്ടുവർഷങ്ങളിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് എം ടി സംവിധാനം ചെയ്ത 'നിർമ്മാല്യ'വും അരവിന്ദന്റെ 'ഉത്തരായണ'വും ആയിരുന്നു! എന്നാൽ അക്കൂട്ടത്തിൽ ഏറെയും പതിരുകളായിരുന്നു എന്നത് വേറെ കാര്യം!)

'സ്വയംവര'വും കൊണ്ട് മോസ്കോ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോയ അടൂർ മടങ്ങിവന്നപ്പോൾ,അവിടെ നിന്നു കൊണ്ടുവന്ന ഒരു ഉപഹാരം അച്ഛന് സമ്മാനിച്ചു.രണ്ടു നൃത്തരൂപങ്ങൾ ആലേഖനം ചെയ്ത ഒരു പ്രത്യേകതരം തുണി.ഫ്രെയിം ചെയ്ത് ഞങ്ങളുടെ വീടിന്റെ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ആ വിശിഷ്‌ടോപഹാരം ചിത്രലേഖ/സ്വയംവരം നാളുകളുടെ സുവർണ സ്മരണ ഉണർത്തിക്കൊണ്ട് ഒരുപാട് കാലം അവിടെ കിടപ്പുണ്ടായിരുന്നു!

ഏതാനും വർഷങ്ങൾക്ക് ശേഷം ചിത്രലേഖയുടെ ടീമിൽ നിന്ന് 'കൊടിയേറ്റം' എന്ന സുന്ദരമായ ചിത്രം ലഭിച്ചു.എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഫിലിം സ്റ്റുഡിയോ എന്ന അവരുടെ ചിരകാല സ്വപ്നവും ഒപ്പം തന്നെ യാഥാർത്ഥ്യമായി.അടൂർ ഗോപാലകൃഷ്ണൻ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ സംവിധായക പ്രതിഭയായി ഉയർന്നു.

പക്ഷെ അപ്പോഴേക്കും ചിത്രലേഖ എന്ന അപൂർവകൂട്ടായ്മ ഇല്ലാതായി കഴിഞ്ഞിരുന്നു. ഏകോദര സഹോദരന്മാരെപ്പോലെ കഴിഞ്ഞിരുന്ന അടൂരും കുളത്തൂരും മാനസികമായി ബഹുദൂരം അകന്നു.കെ പി കുമാരൻ ഉൾപ്പെടെയുള്ള പലരും അതിനു മുമ്പ്‌തന്നെ ചിത്രലേഖ വിട്ടുപോയിരുന്നു.ആക്കുളം കുന്നിൽ പടുത്തുയർത്തിയ നല്ല സിനിമയുടെ ആസ്ഥാനം, ആത്മാവ് നഷ്ടപ്പെട്ട കുറേ കെട്ടിടങ്ങൾ മാത്രമായി അവശേഷിച്ചു.

.....ഓർമ്മയിൽ തറഞ്ഞു നിൽക്കുന്ന 'സ്വയംവര'ത്തിന്റെ അവസാന രംഗം.വിശ്വനാഥന്റെ മരണത്തിനു ശേഷം,വീട്ടിലേക്ക് മടങ്ങിപ്പോകില്ലെന്ന ഉറച്ച തീരുമാനവുമായി ചേരിപ്രദേശത്തെ ആ ചെറിയ വീട്ടിൽ കൈക്കുഞ്ഞുമായി തനിച്ചു താമസിക്കുന്ന സീത.മഴ പെയ്യുന്ന ആ രാത്രിയിൽ,കുപ്പിപ്പാൽ നുണഞ്ഞുകുടിക്കുന്ന കുഞ്ഞിന്റെ അടുത്തിരിക്കുകയാണ് അവൾ.പുറത്ത് ഇടിയും മിന്നലുമായി ഇരമ്പിപ്പെയ്യുന്ന മഴ.

വീടിന്റെ മുൻവശത്തെ കതകിന്റെ കനം കുറഞ്ഞ ദുർബലമായ സാക്ഷ,ആരോ ആഞ്ഞിടിക്കുന്നതിന്റെ ഒച്ചയിൽ വിറ കൊള്ളുന്നു.സീത ആ കതകിന്റെ നേർക്ക് ഉറ്റുനോക്കി.ഇടിയും കാറ്റും ചേർന്ന് കതകിനെ അകത്തേക്ക് ആഞ്ഞുതള്ളുന്നുണ്ട്.കൂര ചോർന്നൊഴുകിയ മഴ,ഭിത്തിയിൽ തൂക്കിയിട്ട സീതാ സ്വയംവര ചിത്രത്തെ കുതിർത്ത് കണ്ണീരായി താഴേക്ക് ഒഴുകി.കതകിനെ കിടുകിടാ വിറപ്പിച്ചുകൊണ്ട്,പിന്നെയും പിന്നെയും ആരോ ആഞ്ഞിടിയ്ക്കുന്നതിന്റെ ശബ്ദം മുഴങ്ങിക്കേട്ടു. വിവിധ വികാരങ്ങളോടെ കതകിലേക്കും സാക്ഷയിലേക്കും തുറിച്ചു നോക്കിക്കൊണ്ട് അങ്ങനെതന്നെയിരിക്കുന്ന സീതയുടെ ദൃശ്യം നിശ്‌ചലമായി,ക്രമേണ വിളറി ,വെളുപ്പായി,അപ്രത്യക്ഷമാകുന്നു.....

എന്നെ മാത്രമല്ല,ആ സിനിമ കണ്ട എല്ലാവരെയും അലട്ടിയ ഒരു ചോദ്യമുണ്ട്. സീത എന്തിനെയാണ് അല്ലെങ്കിൽ ആരെയാണ് അങ്ങനെ ഉറ്റു നോക്കിയിരുന്നത്? അവളുടെയും ആ കുഞ്ഞിന്റെയും ഭാവി ഇനി എന്തായിത്തീരും?

മനസിനെ അസ്വാസ്ഥ്യപ്പെടുത്തിക്കൊണ്ട് ഇപ്പോൾ മറ്റൊരു ചോദ്യം കൂടി ഉയരുന്നു- എല്ലാവരെയും ഒരുപാട് അസൂയപ്പെടുത്തിയിരുന്ന ഭാവഗംഭീരമായ ആ ചലച്ചിത്ര കാലത്തെ ഓർമ്മയിൽ മാത്രം അവശേഷിപ്പിച്ചുകൊണ്ട് ആ അപൂർവ സൗഹൃദവും കൂട്ടായ്മയും എന്തുകൊണ്ടാണങ്ങനെ പെട്ടെന്നൊരു ദിവസം അസ്തമിച്ചു പോയത്?

സ്വയംവരം പുറത്തിറങ്ങി അമ്പതാം വര്‍ഷത്തില്‍ പ്രസിദ്ധീകരിക്കുന്ന എ.ചന്ദ്രശേഖരനും ഗിരീഷ് ബാലകൃഷ്ണനും എഡിറ്റ് ചെയ്ത 'സ്വയംവരം' -അടൂരിന്റെയും അനുവാചകന്റെയും എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ലേഖനം, മുമ്പ് മാധ്യമം ആഴ്ചപതിപ്പ് പ്രസിദ്ധീകരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in