നെടുമുടി വേണു, പകരക്കാരനില്ലാത്ത പെരുമക്കാരൻ

നെടുമുടി വേണു
നെടുമുടി വേണു
Summary

നെടുമുടി കെട്ടിയാടാത്ത വേഷമേതുണ്ട് മലയാളസിനിമയിൽ? തുല്യപ്രതിഭകളായ തിലകനും ഗോപിയും അഭിനയിച്ച ഏതാണ്ടെല്ലാ വേഷങ്ങളും തന്നെ ഗംഭീരമായി അഭിനയിക്കാൻ നെടുമുടി വേണുവിന് കഴിയുമായിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നു. അതേസമയം, നെടുമുടി അവതരിപ്പിച്ച ചില വേഷങ്ങളെങ്കിലും അത്രത്തോളം അനായാസതയോടെ അഭിനയിച്ചു ഫലിപ്പിക്കാൻ ആ രണ്ട് മഹാപ്രതിഭകൾക്ക് ആകുമായിരുന്നോ എന്ന സംശയവും ബാക്കിനിൽക്കുന്നു.

ബൈജു ചന്ദ്രന്‍ എഴുതുന്നു

'വാലടിക്കാവിലെയുത്സവമുറ്റത്തു

കീശയിൽപ്പണമിട്ടു മുറുക്കിച്ചുവപ്പിച്ചും

കഥകളിത്തിരുമുറ്റത്തുറക്കംതൂങ്ങിയും

ക്നാക്കണ്ടു കഴിക്കും പാവത്താന്മാരേ

നിങ്ങടെ കീശയിൽക്കയ്യിടാൻ കൊതിച്ചൊരീ

ആട്ടപ്പണ്ടാരങ്ങളാവനവൻ-

കടമ്പയയ്ക്കലിന്തത് ധുടിനോം!'

1976-ലെ ഒരു ത്രിസന്ധ്യ. തിരുവനന്തപുരം അട്ടക്കുളങ്ങര സ്കൂളിന്റെ വിശാലമായ തിരുമുറ്റത്ത് വട്ടത്തിൽ നിറഞ്ഞു കൂടിയിരിക്കുന്ന സദസ്സിന്റെ ഒത്തനടുവിൽ 'അവനവൻ കടമ്പ' അരങ്ങു തകർക്കുകയായിരുന്നു. വാലടിക്കാവിൽ ഉത്സവം കൂടാൻ പോണ ആട്ടപ്പണ്ടാരങ്ങളും പോകുന്ന വഴിയിൽ വെച്ച് അവരോട് 'കോർക്കുന്ന' പാട്ടുപരിഷകളുമാണ് രംഗത്ത്. പുറകിലേക്ക് വളർത്തി ഒതുക്കിക്കെട്ടിവെച്ച സമൃദ്ധമായ തലമുടിയും അഴകുള്ള താടിയും തുളുമ്പുന്ന പ്രസരിപ്പുമെല്ലാമുള്ള പാട്ടുപരിഷ ഒന്നാമൻ എന്ന കൂട്ടത്തിലെ പ്രമാണിയാണ് അനായാസവും താളനിബദ്ധവുമായ ചലനങ്ങളും കൊട്ടും പാട്ടുമെല്ലാം കൊണ്ട് അരങ്ങു കൊഴുപ്പിക്കുന്നത്.

കാവാലം നാരായണ പണിക്കരുടെ തിരുവരങ്ങ് നാടകസംഘം അവതരിപ്പിച്ച 'അവനവൻ കടമ്പ'യിൽ വടിവേലവൻ, ഇരട്ടക്കണ്ണൻ പക്കി, ദേശത്തുടയോൻ, ചിത്തിരപ്പെണ്ണ് തുടങ്ങിയ വേഷങ്ങളണിഞ്ഞ 'പ്രസാധന' ഗോപി, ജഗന്നാഥൻ, നടരാജൻ, കൃഷ്ണൻകുട്ടി നായർ, കലാധരൻ, രുഗ്മിണി എന്നിവരേയും നാടകം സംവിധാനം ചെയ്‌ത ജി. അരവിന്ദനേയും സഹൃദയലോകം ആവേശത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ, കടമ്പ അരങ്ങേറിയ അട്ടക്കുളങ്ങര സ്കൂളിലും കാര്യവട്ടം യൂണിവേഴ്‌സിറ്റി കാമ്പസിലും പാലക്കാട് വിക്ടോറിയ കോളേജിലും കോഴിക്കോട് തളി സ്കൂളിലുമൊക്കെ നിന്ന് അന്നു നാടകം കണ്ടിറങ്ങിയ കലാസ്നേഹികളുടെയെല്ലാം ഹൃദയത്തിൽ കയറിക്കൂടി ഇരിപ്പുറപ്പിച്ചത് ആ പാട്ടുപരിഷ ഒന്നാമനായിരുന്നു. അന്നവരറിയുന്നുന്നുണ്ടോ, അവരൊപ്പം കൂടെക്കൂട്ടിയ ആ നടന്റെ ആട്ടവും പാട്ടും ശൃംഗാരവും പ്രണയവും അടവും തന്ത്രവും നയകൗശലങ്ങളും സൂത്രശാലിത്വവുമെല്ലാം ഒന്നൊന്നായി തിരയടിക്കുന്ന ആ അഭിനയവൈഭവം, ഒരിക്കലും വേർപിരിച്ചെടുക്കാനാകാത്ത വിധത്തിൽ മലയാളിസ്വത്വത്തിന്റെ തന്നെ ഉൾക്കാമ്പായിത്തീരുമെന്ന്..!

നെടുമുടി വേണു,
നെടുമുടി വേണു,

നികത്താനാവാത്ത വിടവ്, പകരം വെക്കാനാകാത്ത പ്രതിഭ തുടങ്ങിയ പദപ്രയോഗങ്ങളൊക്കെ എത്രത്തോളം തേഞ്ഞുമാഞ്ഞു തുടങ്ങിയതാണെന്ന് നമ്മൾ തിരിച്ചറിഞ്ഞത് നെടുമുടി വേണു യാത്രയായപ്പോഴാണ്. നമുക്ക് താരങ്ങളും നടന്മാരും മഹാനടന്മാരുമുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. പക്ഷേ, അവരാരും ഒരിക്കലും നെടുമുടി വേണു എന്ന മഹാപ്രതിഭയ്ക്ക് പകരമാകുന്നില്ല. Versatality എന്ന വാക്കിന്റെ ആൾരൂപം. നിഷ്കളങ്കൻ, നിസ്സഹായൻ, കുടിലൻ, കൗശലക്കാരൻ, വക്രബുദ്ധി, കാമുകൻ, ഭർത്താവ്, അച്ഛൻ, തനി വായിനോക്കി, വന്ദ്യവയോധികൻ, മദ്ധ്യവയസ്ക്കൻ, നാട്ടിൻപുറത്തു കാരൻ, പച്ചപ്പരിഷ്കാരി... നെടുമുടി കെട്ടിയാടാത്ത വേഷമേതുണ്ട് മലയാളസിനിമയിൽ? തുല്യപ്രതിഭകളായ തിലകനും ഗോപിയും അഭിനയിച്ച ഏതാണ്ടെല്ലാ വേഷങ്ങളും തന്നെ ഗംഭീരമായി അഭിനയിക്കാൻ നെടുമുടി വേണുവിന് കഴിയുമായിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നു. അതേസമയം, നെടുമുടി അവതരിപ്പിച്ച ചില വേഷങ്ങളെങ്കിലും അത്രത്തോളം അനായാസതയോടെ അഭിനയിച്ചു ഫലിപ്പിക്കാൻ ആ രണ്ട് മഹാപ്രതിഭകൾക്ക് ആകുമായിരുന്നോ എന്ന സംശയവും ബാക്കിനിൽക്കുന്നു. പ്രായം മുപ്പതു തികഞ്ഞ കാലത്തു തന്നെ തൊണ്ണൂറു പിന്നിട്ട മുതുമുത്തച്ഛന്റെ വേഷത്തിൽ അസാമാന്യമികവോടെ ആ നടൻ പകർന്നാടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. നന്മയുടെയും വാത്സല്യത്തിന്റെയും കാരുണ്യത്തിന്റെയും വിശുദ്ധിയുടെയും ആൾരൂപങ്ങളെ തികഞ്ഞ ആർദ്രതയോടും വിശ്വസനീയതയോടും അവതരിപ്പിക്കുന്നയാൾ തന്നെ ശകുനിയെയും ഇയാഗോയെയും തോൽപ്പിക്കുന്ന കുടിലബുദ്ധി അങ്ങേയറ്റം ഭാവതീവ്രതയോടെ ആവിഷ്കരിച്ചു കാട്ടുന്നതു കണ്ട് അമ്പരന്നിരുന്നു പോയിട്ടുണ്ട്. ഒപ്പം തിരശ്ശീല പങ്കിട്ട ശിവാജി ഗണേശനെയും കമലഹാസനേയും പോലെയുള്ള മഹാനടന്മാർ അഭിനയത്തിന്റെ 'കൊടുമുടി'യെ കുറിച്ച് പറഞ്ഞ നല്ല വാക്കുകൾ കാലം രേഖപ്പെടുത്തി വെച്ചിട്ടുണ്ടല്ലോ. എന്നിട്ടും ഒരൊറ്റ സിനിമയിൽ മാത്രം പ്രത്യക്ഷപ്പെട്ടവരെപ്പോലും കൈയടിച്ചു വിളിച്ചുവരുത്തി നൽകിയ, ചില നടന്മാർക്കൊക്കെ ഒരിക്കൽ കൊടുത്തിട്ട് മതിവരാതെ വീണ്ടും വീണ്ടും സമ്മാനിച്ച മികച്ച നടനുള്ള ആ ദേശീയ പുരസ്‌ക്കാരം നെടുമുടി വേണുവിനെ ഒരിക്കലും തേടിയെത്തിയില്ല. സാക്ഷാൽ ദിലീപ്കുമാറിനും ശിവാജി ഗണേശനും സത്യനും കിട്ടാത്ത അവാർഡ് നെടുമുടി വേണുവിന് ലഭിക്കാതെ പോയതിൽ അതിശയിക്കേണ്ട കാര്യമില്ലല്ലോ.

നെടുമുടി വേണു,
നെടുമുടി വേണു,

അന്ന് അട്ടക്കുളങ്ങര സ്കൂളിൽ വെച്ചുകണ്ട പാട്ടുപരിഷയെ അധികം വൈകാതെ വീണ്ടും കണ്ടു. പെരുന്താന്നിയിലെ ഞങ്ങളുടെ അയൽപക്കക്കാരനും നാടകപ്രവർത്തകനുമായ ഭട്ടതിരിസാറിന്റെ വീട്ടിൽ വെച്ചായി രുന്നു അത്. മടിയിൽ കമഴ്ത്തിവെച്ച അടുക്കളപ്പാത്രത്തിൽ താളത്തിൽ തകൃതിയായി കൊട്ടിക്കൊണ്ട് അരവിന്ദനോടൊപ്പം ചേർന്നു നാടൻ പാട്ട് പാടുന്ന വേണുച്ചേട്ടനെ അന്ന് കൗമാരപ്രായക്കാരനായ ഞാൻ പരിചയപ്പെട്ടു. ആ കാലത്ത് കലാകൗമുദിയിൽ വന്നിരുന്ന ചില അഭിമുഖങ്ങളിലും റിപ്പോർട്ടുകളിലുമൊക്കെ തെളിഞ്ഞു നിന്ന, സവിശേഷമായ ആ എഴുത്ത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞത് അന്ന് അച്ഛൻ പരിചയപ്പെടുത്തിയപ്പോഴായിരുന്നു.

ആ നാളുകളിൽ തിരുവനന്തപുരത്തിന്റെ സാംസ്‌ക്കാരിക സായാഹ്‌നങ്ങളിൽ ഏറ്റവും ജനപങ്കാളിത്തമുണ്ടായിരുന്ന 'ചൊല്ക്കാഴ്ച'യുടെ അരങ്ങുകളിൽ വെച്ചാണ് വീണ്ടും കാണുന്നത്. കുറത്തിയും കാട്ടാളനും ശാന്തയും കോഴിയുമൊക്കെ പരിസരം മറന്ന് ഉറക്കെച്ചൊല്ലുന്ന കടമ്മനിട്ട രാമകൃഷ്ണന്റെയും ഭാവഗംഭീരമായ, ഘനമുള്ള ശബ്ദത്തിൽ യാത്രാമൊഴി ചൊല്ലുന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും കൂടെ 'വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിച്ചില്ലേ' എന്ന അയ്യപ്പപ്പണിക്കർ കവിതയും 'തകു തിത്തനം തെയ്യന്നം തകു തിന്തനം താരോ' എന്നു തുടങ്ങുന്ന മണ്ണ് എന്ന കാവാലം കവിതയുമൊക്കെ അരങ്ങത്ത് ആടിത്തകർത്തത് നെടുമുടി വേണുവിന്റെ നേതൃത്വത്തിലാണ്. നാടൻകലകളുടെ താളബോധമുൾക്കൊണ്ട സ്വരവിന്യാസത്തിന്റെയും ശാരീരികചലനങ്ങളുടെയും സാധ്യതകൾ മുഴുവൻ ഉപയോഗിച്ചുകൊണ്ടുള്ള അസാമാന്യമായ ഒരു പെർഫോമൻസ് ആയിരുന്നു അത്. പിൽക്കാലത്ത് സിനിമാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച മുരളിയുൾപ്പെടെയുള്ള പല കലാകാരന്മാരുടെയും അരങ്ങേറ്റവേദി കൂടിയായിരുന്നു ചൊല്ക്കാഴ്ച്ചയുടേത്. അരവിന്ദനും കടമ്മനിട്ടയും കാവാലവും നമ്പൂതിരിയും സി.എൻ. കരുണാകരനും ഭരതനും പത്മരാജനും സേതുവും വേണുവും എൻ. എൽ. ബാലകൃഷ്ണനുമെല്ലാം ഒത്തുചേർന്നുകൊണ്ടുള്ള ഒരു സർഗകൂട്ടായ്മ വഴുതക്കാടുള്ള ടാഗോർ തീയേറ്ററിന്റെ എതിർവശത്തു തുടങ്ങിയ നികുഞ്ജം എന്ന ഹോട്ടൽ ആസ്ഥാനമാക്കി മലയാളസിനിമയുടെ ഗതി തന്നെ തിരിച്ചുവിടുന്ന സംഭവങ്ങളിലേക്ക് വഴിതെളിയുന്നതും ആ കാലത്തു തന്നെയാണ്. അധികം വൈകാതെ അരവിന്ദന്റെ 'തമ്പി'ൽ ഞെരളത്ത് രാമപ്പൊതുവാളിനോടൊപ്പം വേണു പ്രത്യക്ഷപ്പെട്ടപ്പോൾ അത് 'കടമ്പ'യിലും 'നികുഞ്ജ' ത്തിലും 'ചൊല്ക്കാഴ്ച'യുടെ അരങ്ങുകളിലുമൊക്കെയായി നിറഞ്ഞാടിയ നടനവൈഭവത്തിന്റെ വെള്ളിത്തിരയിലേക്കുള്ള പടർന്നുകയറ്റമായി. തൊട്ടുപിന്നാലെ എത്തിയ ഭരതന്റെ 'ആരവ'ത്തിൽ "മുക്കുറ്റി തിരുതാളീ കാടും പടലും പറിച്ചു കെട്ടിത്താ" പാടിത്തിമർത്തു മദിക്കുന്ന മരുതിനെ, അന്ന് കൗമാരം കടക്കുകയായിരുന്ന ഞങ്ങളുടെ തലമുറ അതിവേഗം ഏറ്റെടുത്തു. എങ്കിലും, മാതു മൂപ്പനോടുള്ള പ്രതികാരം തീർക്കാൻ തകരയെ വേണ്ടാതീനങ്ങളൊക്കെ ചെയ്യാൻ പ്രേരിപ്പിക്കുന്ന ചെല്ലപ്പനാശാരിയെ കണ്ടതോടെയാണ് ഒരു കാര്യം തീർച്ചയാകുന്നത്. മലയാള സിനിമ ഈ ഒരു നടന് വേണ്ടിയാണ് ഇത്രയും നാൾ ക്ഷമയോടെ കാത്തിരുന്നത്!

തുടർന്നുള്ള നാളുകളിൽ നെടുമുടി വേണു അഭിനയിക്കുന്ന സിനിമകൾക്ക് വേണ്ടി പ്രതീക്ഷയോടെ നോക്കിയിരിക്കുന്നത് ഞങ്ങളുടെ പതിവായി. ചാട്ട, ചാമരം, വിടപറയും മുൻപേ, ആലോലം, രചന, കള്ളൻ പവിത്രൻ, ഒരിടത്തൊരു ഫയൽമാൻ, കോലങ്ങൾ, പാളങ്ങൾ.! ചാമരത്തിലെ ശുദ്ധാത്മാവായ ഫാദർ നെടുമുടിയും ( 'അച്ചോ, അച്ചന്റെ പൂ!') പ്രേമഗീതങ്ങളിലെ സകല തരികിടകളും കൈവശമുള്ള ജോൺസണും കേരളത്തിലെ ക്യാമ്പസുകളിൽ വലിയ ഹിറ്റായി മാറി. അപ്പോഴേക്കും കൊടിയേറ്റം ഗോപിയായി അറിയപ്പെടാൻ തുടങ്ങിയിരുന്ന പഴയ വടിവേലവനും പാട്ടുപരിഷയും ഒരുമിച്ചുചേർന്ന ചിത്രങ്ങൾ തീയേറ്ററിലെത്തുമ്പോൾ ചെറുപ്പക്കാർ ആവേശത്തോടെ ഇടിച്ചുകയറുകയായിരുന്നു. 'യവനിക'യിൽ അഭിനയിക്കുമ്പോൾ ചിത്രത്തിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന (മമ്മൂട്ടിയെക്കാൾ) നടൻ നെടുമുടി ആയിരുന്നു. (ഒരു കാര്യം കൂടി കെ ജി ജോർജ്ജ് പറഞ്ഞതായി വായിച്ചതോർക്കുന്നു. സദാ നേരവും ഒപ്പമഭിനയിക്കുന്ന നടികളെ 'മണപ്പിച്ചു' നടക്കുന്ന ബാലഗോപാലനായി അഭിനയിക്കുമ്പോൾ നെടുമുടിക്ക് ലവലേശം ബോധമുണ്ടായിരുന്നില്ലത്രേ. എന്നാൽ മുഴുവൻ സമയവും മദ്യത്തിന്റെ ലഹരിയിൽ ഉന്മത്തനായി കഴിയുന്ന തബലിസ്റ്റ് അയ്യപ്പനായി ഗോപി അഭിനയിച്ചതാകട്ടെ പച്ചയ്ക്കും. മലയാളത്തിലെ ഏറ്റവും വലിയ ക്ലാസ്സിക്കുകളിൽ ഒന്നായ ആ സിനിമ കണ്ടിട്ടുള്ളവർ ഒരിക്കലും മറക്കില്ലല്ലോ ഈ രണ്ടു മഹാപ്രതിഭകളുടെയും ആ കഥാപാത്രങ്ങളായുള്ള പകർന്നാട്ടങ്ങൾ! നെടുമുടിയുടെ 'ചാക്യാർ' പ്രതിഭ നിറഞ്ഞാടിയ തമാശചിത്രങ്ങളുടെ വരവ് പിന്നീടായിരുന്നു. പൂച്ചയ്ക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം, ധിം തരികിട ധോം, ചിത്രം തുടങ്ങിയ സാമാന്യയുക്തിയെ പടിക്കു പുറത്തുവെച്ച പ്രിയദർശൻ ചിത്രങ്ങളായാലും അപ്പുണ്ണി, വെറുതെ ഒരു പിണക്കം, പപ്പൻ പ്രിയപ്പെട്ട പപ്പൻ തുടങ്ങിയ ശുദ്ധഹാസ്യം തുളുമ്പുന്ന സത്യൻ അന്തിക്കാട് ചിത്രങ്ങളായാലും അക്കരെ നിന്നൊരു മാരൻ, അമ്പട ഞാനേ, ഒരു കഥ ഒരു നുണക്കഥ, മുത്താരം കുന്നു പി.ഒ. തുടങ്ങിയ മറ്റു സംവിധായകരുടെ ചിത്രങ്ങളായാലും നെടുമുടി വേണുവിന്റെ പ്രകടനം തന്നെയായിരുന്നു അവയുടെയെല്ലാം ജീവാത്മാവ്.

നെടുമുടി വേണു,
നെടുമുടി വേണു,

സവിധം, സാന്ത്വനം, ഹിസ് ഹൈനസ് അബ്ദുള്ള, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം.. സാത്വികഭാവത്തിലുള്ള നെടുമുടി വേണുവിനെക്കാൾ എനിക്ക് പ്രിയം ചമ്പക്കുളം തച്ചനിലും വൈശാലിയിലും ധനത്തിലും മനസ്സിനക്കരെയിലുമൊക്കെ കണ്ട കൗശലത്തിന്റെയും കുടിലതയുടെയും ആൾ രൂപങ്ങളോടാണ്.

മലയാള സിനിമയ്ക്ക് സംഭവിച്ച ഏറ്റവും വലിയ നഷ്ടം 1960-കളിൽ നടനായി നെടുമുടി ഇല്ലായിരുന്നു എന്നുള്ളതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മലയാളത്തിലെ ലബ്ധപ്രതിഷ്ഠങ്ങളായ സാഹിത്യകൃതികളൊക്കെ ചലച്ചിത്രങ്ങളാകുന്നത് അക്കാലത്താണ്. നെടുമുടി വേണുവിന്റെ നടനവൈദഗ്ധ്യവും വൈവിധ്യവും പുറത്തെടുക്കാൻ പറ്റുന്ന, ചതുർമാനമുള്ള എത്രയെത്ര കഥാപാത്രങ്ങളുണ്ടായിരുന്നു അവയിലൊക്കെ! ആ ചിത്രങ്ങളിലഭിനയിച്ച സത്യൻ, പ്രേം നസീർ, മധു, കൊട്ടാരക്കര, പി. ജെ. ആന്റണി, അടൂർ ഭാസി, ബഹദൂർ തുടങ്ങിയവരൊക്കെ മോശക്കാരാണെന്നു പറയുകയല്ല. പക്ഷെ അവരോടൊപ്പം നെടുമുടി കൂടി ഉണ്ടായിരുന്നെങ്കിൽ!ഇതോടനുബന്ധിച്ച് ഒരു വിചിത്രചിന്ത കൂടി ഞാൻ പങ്കുവെച്ചോട്ടെ. പാറപ്പുറത്തിന്റെ വിഖ്യാതമായ നോവൽ അരനാഴികനേരം 1970-ൽ അഭ്രപാളിയിൽ എത്തി. ആ ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ തൊണ്ണൂറുകഴിഞ്ഞ കുഞ്ഞേനാച്ചനായി വേഷമിട്ട കൊട്ടാരക്കര, മക്കളായി അഭിനയിച്ച ശങ്കരാടി (കീവറീച്ചൻ), ബഹദൂർ (കുഞ്ഞുചെറുക്കൻ), ഗോവിന്ദൻ കുട്ടി (പീലിപ്പോച്ചൻ), സത്യൻ(മാത്തുക്കുട്ടി), ഇവരുടെ ബന്ധുവായി വന്നുചേരുന്ന ഉമ്മർ (തോമസ് സാർ), മറ്റൊരു നിർണ്ണായക വേഷമഭിനയിച്ച ജോസ് പ്രകാശ് (അച്ചൻ), ഒടുവിൽ വില്ലനായി തീരുന്ന അടൂർഭാസി (ശിവരാമക്കുറുപ്പ്) ഈ വേഷങ്ങളിലെല്ലാം ഒന്നാന്തരമായി പകർന്നാടാൻ സിദ്ധിയുള്ള ഒരേയൊരു നടൻ മാത്രമേ സിനിമയിലുണ്ടായിട്ടുള്ളൂ. അത് നെടുമുടി വേണുവാണ് എന്നു ഞാൻ ആലോചിക്കാറുണ്ട്. ഇതൊരുദാഹരണം മാത്രം.

നെടുമുടി വേണു,
നെടുമുടി വേണു,

സിനിമയിൽ നിന്നു തിരിയാൻ നേരമില്ലാത്ത കാലത്തുപോലും തിരക്കിന്റെ കാരണം പറഞ്ഞോ അല്ലാതെയോ ടെലിവിഷനെ ഒരു രണ്ടാം തരം മാദ്ധ്യമമായി നെടുമുടി ഒരിക്കലും മാറ്റി നിറുത്തിയിരുന്നില്ല. ദൂരദർശന്റെ തുടക്കകാലം തൊട്ടുതന്നെ ഒരുപാട് പരിപാടികളുമായി സഹകരിക്കാൻ ആ വലിയ നടൻ എപ്പോഴും താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ദേശീയചാനലിൽ ഗിരീഷ് കർണാഡ് Turning Point എന്ന വിജ്ഞാനപരമ്പരയുടെ anchor ആയപ്പോൾ ഇവിടെ 'ശാസ്ത്രകൗതുകം' അവതരിപ്പിച്ചത് തുല്യപ്രതിഭയായ നെടുമുടിയാണ്. ഗന്ധർവസംഗീതം ഉൾപ്പെടെ ഒട്ടേറെ പരിപാടികളുടെ അവതാരകനായി. ദൂരദർശനിൽ സംപ്രേഷണം ചെയ്ത ആദ്യ പരമ്പരകളിലൊന്നായ 'കൈരളീവിലാസം ലോഡ്ജ്' സംവിധാനം ചെയ്തു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത എൻ .മോഹനന്റെ 'പെരുവഴിയിലെ കരിയിലകളി'ൽ (നരേന്ദ്രപ്രസാദിനോടൊപ്പം) നഷ്ടസൗഹൃദത്തിന്റെ തീവ്ര നൊമ്പരങ്ങളിലൂടെ കടന്നുപോകുന്ന നായകനെ അവതരിപ്പിച്ച നെടുമുടിയാണ് ശ്യാമിന്റെ തന്നെ 'വിശ്വവിഖ്യാതമായ മൂക്ക്' എന്ന ടെലിച്ചിത്രത്തിനു വേണ്ടി ബഷീറിയൻ നർമ്മം നിറഞ്ഞുകവിഞ്ഞ നറേഷൻ നൽകിയത്. ബഷീറിന്റെ തന്നെ മറ്റൊരു വിഖ്യാതകഥയുടെ ടിവി ആവിഷ്കാരത്തിൽ അബ്ദുൽഖാദർ സാഹിബിന്റെ വേഷത്തിൽ പുഴനീന്തി വീട്ടിൽ ചെന്ന് ജമീലാബീബിയെ 'പൂവമ്പഴം' എന്ന പേരിൽ ഓറഞ്ച് തല്ലിത്തീറ്റിച്ചതും നെടുമുടിയുടെ സമാനതകളില്ലാത്ത അഭിനയപ്രതിഭയായിരുന്നു. വീണ്ടും ധാരാളം ടെലിവിഷൻ സീരിയലുകളിലും പരിപാടികളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയത് ജ്വാലയായ് എന്ന വയലാർ മാധവൻ കുട്ടി സംവിധാനം ചെയ്ത ദൂരദർശൻ സീരിയലിൽ നീരേറ്റ് കൃഷ്ണപിള്ള എന്ന കഥാപാത്രമായി അഭിനയിച്ചപ്പോഴാണെന്നു തോന്നുന്നു. പിന്നീടൊരിക്കൽ, ഓരോണക്കാലത്ത് സൂപ്പർ ഹിറ്റ്‌ സീരിയലായ ജ്വാലയായ്-ലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടൊരു പ്രത്യേകപരിപാടി സംപ്രേഷണം ചെയ്തു. അഭിനേതാക്കൾ എല്ലാവരും അവർ ചെയ്തുകൊണ്ടിരുന്ന സ്ഥിരം വേഷങ്ങളിൽ നിന്ന് മാറി പ്രത്യക്ഷപ്പെട്ട ആ പരിപാടിയിൽ നെടുമുടി അഭിനയിച്ചത് പ്രധാന വില്ലന്റെ വേഷത്തിലായിരുന്നു. പരമസാത്വികനായ നായകന്റെ റോളിൽ വരുന്ന അതേ കൈയ്യടക്കത്തോടെയും അനായസതയോടെയും അദ്ദേഹം ആ ദുഷ്ടവേഷവും എടുത്തണിഞ്ഞു.

നെടുമുടി വേണു,
നെടുമുടി വേണു,

കൗമാരപ്രായത്തിൽ പരിചയപ്പെടുകയും ഒരു ആരാധകനായി മാറുകയും ചെയ്ത ഞാൻ അദ്ദേഹത്തെ പ്രധാനവേഷത്തിൽ അഭിനയിപ്പിച്ചുകൊണ്ട് ഒരു ടെലിഫിലിം ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. നന്തനാരുടെ 'ജീവിതം അവസാനിക്കുന്നില്ല' എന്ന കഥയായിരുന്നു അതിനായി തെരഞ്ഞെടുത്തത്. ആത്മഹത്യ ചെയ്യാനുറപ്പിച്ച് ഒരു ലോഡ്ജിൽ മുറിയെടുത്ത ശേഷം ഒരു നിർണ്ണായക നിമിഷത്തിൽ മനസ്സുമാറി ജീവിതത്തിലേക്ക് തിരിച്ചുനടക്കുന്ന ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ വേണുച്ചേട്ടനും ഒരുപാട് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. കഥയുടെ വിഷ്വൽ ട്രീറ്റ്‌മെന്റിനെയും പെർഫോമൻസിന്റെ സാധ്യത കളെയുമൊക്കെ കുറിച്ച് ഞങ്ങൾ കുറെ ചർച്ച ചെയ്‌തെങ്കിലും പിന്നീടത് എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് മുന്നോട്ടുപോയില്ല. എന്റെ വലിയൊരു സ്വകാര്യദുഃഖമായി ഇന്നും അതവശേഷിക്കുന്നു. സിനിമാരംഗത്ത് പ്രവർത്തിക്കുന്ന എന്റെ മകൻ നെടുമുടിയുടെ മരണവാർത്തയറിഞ്ഞപ്പോൾ എന്നോട് പങ്കു വെച്ചതും ഇനിയൊരിക്കലും ആ വലിയ നടനോടൊപ്പം പ്രവർത്തിക്കാനാകില്ലല്ലോ എന്ന അതേ ദുഃഖമാണ്. സിനിമയെ ഇഷ്ടപ്പെടുന്ന എത്രയെത്ര തലമുറകളിൽപ്പെട്ടവരെയാണ് ഈ ഒരു വിയോഗം ഒരൊറ്റ ദിവസം കൊണ്ട് അനാഥരാക്കിയത്!

ഞാൻ ആദ്യം പറഞ്ഞത് ആവർത്തിക്കുകയാണ്. അഭിനയപ്രതിഭകളായ മഹാനടന്മാർ പലരും ഇവിടെ വന്നുപോയിട്ടുണ്ടാകാം. ഇനിയും ഒട്ടേറെപ്പേർ ഇങ്ങോട്ട് കടന്നുവരാനായി എവിടെയോ തങ്ങളുടെ ഊഴവും കാത്തിരിക്കുന്നുണ്ടാകാം. പക്ഷേ, ഒരു കാര്യം തീർച്ചയാണ്. ഇനിയൊരു നെടുമുടി വേണു ഉണ്ടാകില്ല. ആ കസേര അവിടെ ഒഴിഞ്ഞുതന്നെ കിടക്കട്ടെ.

Related Stories

No stories found.
logo
The Cue
www.thecue.in