എംഎ കോളേജ് പശ്ചാത്തലമായി സിനിമ എന്നും ആഗ്രഹം, ഫോര്‍ ഇയേഴ്സ് പ്രണയ ചിത്രമെന്ന് രഞ്ജിത് ശങ്കര്‍

എംഎ കോളേജ് പശ്ചാത്തലമായി സിനിമ എന്നും ആഗ്രഹം,  ഫോര്‍ ഇയേഴ്സ് പ്രണയ ചിത്രമെന്ന് രഞ്ജിത് ശങ്കര്‍

സണ്ണി എന്ന സിനിമയ്ക്ക് ശേഷം രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഫോര്‍ ഇയേഴ്സ്. യുവത്വത്തിന്റെ കലാലയവും പ്രണയവും പ്രമേയമാകുന്ന ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തിരുന്നു. താന്‍ പഠിച്ച കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് പശ്ചാത്തലമായി ഒരു പ്രണയ സിനിമ ചെയ്യണമെന്ന ആഗ്രഹിച്ചിരുന്നുവെന്ന് രഞ്ജിത് ശങ്കര്‍ പറയുന്നു. ചിത്രത്തിലെ നായകന്റെയും നായികയുടെയും പ്രായം 21 ആയതുകൊണ്ട് തന്നെ മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊന്നും ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയില്ലെന്നും രഞ്ജിത് ശങ്കര്‍ ദ ക്യുവിനോട് പറഞ്ഞു.

ഞാന്‍ പഠിച്ച കോളേജ്, മാര്‍ അത്തനേഷ്യസ് കോതമംഗലം

ഫോര്‍ ഇയേഴ്‌സ് ഒരു ലവ് സ്റ്റോറിയാണ്. ഒരു യങ്ങ് കോളേജ് ലൗ സ്റ്റോറിയാണ്. ഇങ്ങനെയൊരു സിനിമ ഇതുവരെ ചെയ്തിട്ടില്ല. ഒരുപാട് നാളായിട്ടുള്ള ആഗ്രഹമായിരുന്നു ഇത്തരമൊരു സിനിമ ചെയ്യണം എന്നത്. ഞാന്‍ പഠിച്ച കോളേജ് ഉണ്ട്. കോതമംഗലത്തെ മാര്‍ അത്തനേഷ്യസ് (എം.എ) കോളേജ്. അവിടെ വെച്ച് ഒരു ലൗ സ്റ്റോറി ചെയ്യണം എന്നത്. എംഎ കോളേജില്‍ ഷൂട്ട് ചെയ്യുന്നതിനായി ഞാന്‍ രണ്ട് മൂന്ന് തിരക്കഥകള്‍ എഴുതിയിരുന്നു. പക്ഷെ അത് പോര എന്ന് തോന്നി. കാരണം കോളേജിനോടുള്ള സ്‌നേഹം കൃത്യമായി കാണിക്കാന്‍ സാധിക്കുന്ന സിനിമയായിരിക്കണം എന്ന് തോന്നി.

ഞാന്‍ പുണ്യാളന്‍ അഗര്‍ബത്തീസ് ചെയ്തപ്പോള്‍ എനിക്ക് തൃശൂരിനോടുള്ള സ്‌നേഹം ആ സിനിമയില്‍ ഉണ്ടായിരുന്നു. ഈ സിനിമയിലേക്ക് വരുമ്പോള്‍ കോതമംഗലം എന്റെ ഒരു വ്യക്തിത്വത്തിനെ ഒരുപാട് സഹായിച്ചൊരിടമാണ്. ഞാന്‍ തൃശൂരാണ് എഞ്ചിനീയറിംഗ് പഠിച്ചിരുന്നതെങ്കില്‍ ഒരിക്കലും ഇങ്ങനെയൊരു ആളാകില്ലായിരുന്നു എന്നത് ഉറപ്പാണ്. അതുകൊണ്ട് കോതമംഗലത്തിനോട് എനിക്കൊരു സ്‌നേഹമുണ്ട്.

സണ്ണി കഴിഞ്ഞ് എഴുതിയത് എട്ടോളം തിരക്കഥകള്‍

സണ്ണി കഴിഞ്ഞ് 8 ഓളം തിരക്കഥകള്‍ എഴുതിയിരുന്നു. പലതും ചെയ്യാന്‍ ശ്രമിച്ചു. ചിലത് വലിയ താരങ്ങള്‍ ഉള്ള സിനിമ തന്നെയായിരുന്നു. പക്ഷെ എന്ത് തരത്തിലുള്ള സിനിമയാണ് ഇപ്പോള്‍ ചെയ്യേണ്ടത് എന്നൊരു സംശയം ഉണ്ടായിരുന്നു. ഓരോ ആഴ്ച്ചയും നമുക്ക് മിനിമം പത്ത് പുതിയ സിനിമകള്‍ വീട്ടില്‍ ഇരുന്ന് കാണാന്‍ സാധിക്കും. പിന്നെ പത്ത് സിനിമകള്‍ തിയേറ്ററിലും വരും. അത് പോലെ തന്നെ യൂട്യൂബും വലിയൊരു മാധ്യമമാണ്. അതില്‍ വെബ് സീരീസുമെല്ലാം ഉണ്ട്. അത്തരം കണ്ടന്റുകള്‍ സ്ഥിരമായി കാണുന്ന പ്രേക്ഷകരും ഉണ്ട്. ഇതുപോലെ ഒരുപാട് പ്രൊഡക്ഷന്‍സ് നടക്കുന്നുണ്ട് മലയാളത്തില്‍. ഇതൊക്കെ കൊവിഡനാന്തരം ഇവിടെ സംഭവിച്ചതാണ്. അതുകൊണ്ട് നമ്മള്‍ സിനിമ ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ക്ക് വേണ്ടി എന്ത് തരത്തിലുള്ള സിനിമയാണ് ചെയ്യേണ്ടത് എന്ന സംശയം ഉണ്ടാകുന്നു. പിന്നെ മാര്‍ക്കറ്റില്‍ ചെലവാകാത്ത ഒരു സാധനം ഉണ്ടാക്കി വിടുന്നതില്‍ കാര്യമില്ല.

അങ്ങനെ ഒരുപാട് തിരക്കഥകള്‍ ആലോചിച്ചിരുന്നു. തിയേറ്ററില്‍ ഇറങ്ങുന്ന ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ എഴുതി വെച്ചതൊന്നും ചെയ്യാന്‍ ഒരു ആത്മവിശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. അപ്പോഴാണ് വീണ്ടും ഫോര്‍ ഇയേഴ്‌സ് ചെയ്യാമെന്ന് ആലോചിച്ചത്. ഇത് കുറച്ച് കാലമായി മനസിലുള്ള കഥയായിരുന്നു. ഇതിനെ സംബന്ധിച്ച് വലിയ സംശയങ്ങളും ഇല്ല. കാരണം ഈ സിനിമയുടെ പ്രേക്ഷകര്‍ കോളേജ് വിദ്യാര്‍ത്ഥികളാണ്. പിന്നെ മലയാലത്തില്‍ ഇങ്ങനെയൊരു ലൗ സ്റ്റോറി വന്നിട്ട് കുറച്ച് കാലമായി.

മഴ കഴിഞ്ഞിട്ടുള്ള പ്രകൃതിയ്ക്കായി വെയ്റ്റിംഗ്

ചിത്രത്തിന്റെ തിരക്കഥ നല്ല രീതിയില്‍ ഷൂട്ട് ചെയ്യപ്പെടേണ്ട ഒന്നാണ്. അതുകൊണ്ടാണ് മധു നീലകണ്ഠനെ പോലൊരാള്‍ സിനിമയുടെ ഭാഗമായത്. പിന്നെ സിനിമയില്‍ നല്ല പാട്ടുകളുണ്ട് ശങ്കര്‍ ചെയ്തിട്ടുള്ളത്. തപസാണ് സൗണ്ട് ചെയ്യുന്നത്. ജൂലൈ അവസാനം ഷൂട്ട് ചെയ്യണമെന്നാണ് ആഗ്രഹം. ഷൂട്ട് ചെയ്യാന്‍ ഞങ്ങള്‍ എല്ലാവരും റെഡിയാണ്. മഴ കഴിഞ്ഞൊരു സമയത്തുള്ള പ്രകൃതിയുണ്ടല്ലോ, ആ ഭംഗി കിട്ടുന്ന രീതിയില്‍ ഷൂട്ട് ചെയ്യാനാണ് തീരുമാനം.

നായകന്റെയും നായികയുടെയും പ്രായം ഇരുപത്തിയൊന്ന്

ചിത്രത്തിന്റെ പോസ്റ്ററില്‍ കാണിച്ചിരിക്കുന്ന വര്‍ഷങ്ങള്‍ ഈ സിനിമയില്‍ തന്നെയുള്ള കാലഘട്ടങ്ങളല്ല. ടൈറ്റിലുമായി ബന്ധപ്പെട്ട ഒരു കാര്യമാണ്. അതിനെ കുറിച്ച് കൂടുതല്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ല. ഇത് ഒരു കോണ്‍സപ്പ്റ്റ് സിനിമയാണ്. ഇന്ന താരങ്ങളാണ് സിനിമയിലുള്ളത് എന്ന് പറഞ്ഞാല്‍ സിനിമ കാണാന്‍ ആളുകള്‍ വരുന്ന കുറച്ച് താരങ്ങള്‍ മലയാളത്തിലുണ്ട്. പക്ഷെ അത്തരം താരങ്ങള്‍ക്കൊന്നും ഈ സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കില്ല. കാരണം ഇതിലെ നായകന്റെയും നായികയുടെയും പ്രായം 21 വയസാണ്. അത് ആരൊക്കെയാണ് എന്നത് ഏകദേശം തീരുമാനമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ ആരാണ് പ്രധാന അഭിനേതാക്കള്‍ എന്ന് അറിയിക്കുന്നതായിരിക്കും.

ഇനി നമ്മള്‍ നിര്‍മിക്കേണ്ടത് പ്രേക്ഷകരെ തിയേറ്ററില്‍ എത്തിക്കുന്ന സിനിമകള്‍

എന്നെ സംബന്ധിച്ചെടുത്തോളം സിനിമ ചെയുമ്പോള്‍ നമ്മള്‍ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് എന്നതില്‍ വ്യക്തത ഉണ്ടാകേണ്ടത് ആവശ്യമാണ്. ഒന്ന് നിലവിലെ മാര്‍ക്കറ്റിനെ കുറിച്ച് സത്യസന്ധമായി പഠനം നടത്താന്‍ സാധിച്ചാല്‍ നല്ലതാണ്. പിന്നെ ചെയ്യുന്ന കഥയുടെ കാര്യത്തില്‍ സംശയം ഉണ്ടാവരുത്. എന്തായാലും വിജയിക്കുന്ന ഒരു സിനിമ ഉണ്ടാവണം എന്നാണല്ലോ നമ്മള്‍ ആഗ്രഹിക്കുക.

സണ്ണി എന്ന സിനിമ ഒടിടി പ്ലാറ്റ്‌ഫോമിന് വേണ്ടി ചെയ്താണ്. അത് എല്ലാ തരം പ്രേക്ഷകര്‍ക്കും വേണ്ടിയുള്ള സിനിമയല്ല. എക്‌സിപിരിമെന്റല്‍ സിനിമ കാണാന്‍ താത്പര്യമുള്ളവര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമയാണ്. ആ രീതിയില്‍ ആ സിനിമ വിജയമായിരുന്നു. നമുക്ക് പല രീതിയില്‍ സിനിമ ചെയ്യാം. ഒരു പ്രമുഖ താരം അഭിനയിക്കുന്നു എന്ന രീതിയില്‍ മാര്‍ക്കെറ്റ് ചെയ്ത് സിനിമ ഇറക്കി, തിയേറ്ററില്‍ അധികം ഓടിയില്ലെങ്കിലും നമുക്ക് നഷ്ടം വരാത്ത സാഹചര്യത്തില്‍ സിനിമ ചെയ്യാന്‍ സാധിക്കും. പക്ഷെ എപ്പോഴും എല്ലാവരും വിജയിക്കുന്ന സിനിമ ചെയ്യാന്‍ തന്നെയാണ് ആഗ്രഹിക്കുന്നത്. ഞാന്‍ തീര്‍ച്ചയായും നിലവിലെ സാഹചര്യത്തെ കുറിച്ച് ബോധവാനാണ്. എന്ന് കരുതി എനിക്ക് തോന്നുന്നില്ല കൊവിഡിന് ശേഷം സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് പ്രേക്ഷകര്‍ സിനിമ കാണാന്‍ വരാത്തതെന്ന്.

പ്രേക്ഷകര്‍ തിയ്യേറ്ററില്‍ വരാത്തത് സിനിമകള്‍ ആകര്‍ഷിക്കാത്തതുകൊണ്ട്

കാണേണ്ട സിനിമ കാണാന്‍ അവര്‍ വരുന്നുണ്ട്. അടുത്ത ആഴ്ച്ച 'തോര്‍' എന്ന ഹോളിവുഡ് ചിത്രം റിലീസ് ചെയ്യുന്നുണ്ട്. തീര്‍ച്ചയായും തിയേറ്ററുകള്‍ നിറയും. കഴിഞ്ഞ തവണ 'സ്‌പൈഡര്‍മാന്‍' റിലീസ് ചെയ്തപ്പോള്‍ എല്ലാ തിയേറ്ററുകളിലും രാവിലെ നാല് മണിക്ക് ഷോ ഉണ്ടായിരുന്നു. എനിക്ക് തോന്നുന്നു മലയാള സിനിമ മേഖലയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് അങ്ങനെയുണ്ടായതെന്ന്.

അപ്പോള്‍ നമ്മള്‍ അത്തരത്തില്‍ പ്രേക്ഷകരെ തിയേറ്ററില്‍ എത്തിക്കുന്ന സിനിമകള്‍ ഉണ്ടാക്കുന്നുണ്ടോ എന്നതാണ് ചിന്തിക്കേണ്ടത്. പിന്നെ നല്ല സ്റ്റാര്‍ കാസ്റ്റും കഥയുമാണെങ്കില്‍ ആളുകള്‍ വരാം. പ്രേക്ഷകര്‍ സിനിമ കാണാന്‍ വരാത്തത് സിനിമകള്‍ അവരെ ആകര്‍ഷിക്കാത്തതുകൊണ്ടാണ്. മുന്‍പത്തെ പോലെ സിനിമ ഉണ്ടാക്കിയിട്ട് ഇനി കാര്യമില്ല. കാരണം ആ കാലഘട്ടം മാറിയിരിക്കുന്നു. മുന്‍പ് സിനിമയുണ്ടാക്കുമ്പോള്‍ ഒരു താരതമ്യം വരുന്നത് ടിവി സീരിയലുകളോടാണ്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഒടിടി മാത്രമല്ല ഗെയിമിങ്ങ് ഉണ്ട്. കൊവിഡിന് ശേഷം എന്റര്‍ട്ടെയിന്‍മെന്റ് എന്നത് ഒരുപാട് രീതിയിലേക്ക് മാറി. അപ്പോള്‍ അതിനോടെല്ലാം നമുക്ക് മത്സരിക്കേണ്ടിയിരിക്കുന്നു.

അവകാശവാദങ്ങള്‍, ആഗ്രഹം മാത്രം

ഇതിനൊക്കെയുള്ള ഉത്തരമാണ് ഫോര്‍ ഇയേഴ്‌സ് എന്ന അവകാശവാദമൊന്നും എനിക്കില്ല. പക്ഷെ നമുക്ക് ശ്രമിച്ചുകൊണ്ടിരുന്നല്ലെ പറ്റു. ജീവിതത്തില്‍ എന്നെ മുന്നോട്ട് നയിക്കുന്ന ഒരേ ഒരു സാധനം സിനിമയാണ്. സിനിമ ചെയ്യണം എന്നുള്ള ആഗ്രഹമാണ്. അപ്പോള്‍ സിനിമ ചെയ്യാതിരിക്കുക എന്നത് ബുദ്ധിമുട്ടാണ്. കൊവിഡിന്റെ സമയത്തും വെറുതെ ഇരുന്നിട്ടില്ല. ഓരോ ദിവസവും ഓരോ സിനിമകളില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ നമുക്ക് സിനിമയില്ലാതെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ട് നമുക്ക് സിനിമകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നേ പറ്റൂ. നിലവിലെ സാഹചര്യത്തില്‍ നമുക്ക് പറ്റുന്ന രീതിയില്‍ ഒരു ശ്രമം നടത്തുക എന്നതാണ്. അതിന്റെ ഭാഗമാണ് ഫോര്‍ ഇയേഴ്‌സ് എന്ന് വേണമെങ്കില്‍ പറയാം. ഇത്തരമൊരു ലൗ സ്റ്റോറി മലയാളത്തില്‍ അധികം വന്നിട്ടില്ല. അപ്പോള്‍ അത് പ്രേക്ഷകര്‍ ഏത് രീതിയില്‍ സ്വീകരിക്കും എന്ന് അറിയാന്‍ താത്പര്യമുണ്ട്. പിന്നെ ഞാന്‍ തന്നെ നിര്‍മിക്കുന്ന സിനിമയായതുകൊണ്ട് കുറച്ച് കൂടി സ്വാതന്ത്ര്യം ഉണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in