കന്നഡ സിനിമയ്ക്ക് പുതിയ വഴി വെട്ടിയ രക്ഷിത് ഷെട്ടി

ഞങ്ങൾ ഒരുപാട് റീമേക്കുകൾ ചെയ്യുന്നതിനാൽ കർണാടകയിൽ എഴുത്തുകാരുടെ ഒരു ടീമിനെ വികസിപ്പിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. എഴുത്തുകാർക്ക് നല്ല എക്സ്പോഷർ ലഭിക്കണം, അങ്ങനെയാണ് സെവൻ ഓഡ്‌സ് രൂപപ്പെട്ടത്. ഏതൊരു സിനിമയുടെയും അടിസ്ഥാനം തിരക്കഥയാണ്. നല്ല എഴുത്തുകാരില്ലാതെ നല്ല സിനിമകൾ ഉണ്ടാകില്ല. ഞാൻ ഈ വ്യവസായത്തിന്റെ ഭാഗമായതിനാൽ, അതുമൂലം നല്ല എഴുത്തുകാരെ നിർമിച്ചെടുക്കാനും അവര്ക്ക് കൂടുതൽ അംഗീകാരം നല്കാനായും ഞാൻ ആഗ്രഹിക്കുന്നു. താരമൂല്യത്തിനുമപ്പുറം നല്ല സിനിമകൾ നിര്മിക്കണമെന്നും തന്റെ ആദ്യ കാലം മുതൽ നല്ല സിനിമകളുടെ യാത്രയിൽ ഭാഗമാവുകയും ചെയ്യുന്ന രക്ഷിത് ഷെട്ടിയുടെ വാക്കുകളാണിവ. ഇൻഡസ്ട്രിയിലെത്തി 13 കൊല്ലമാകുമ്പോഴും രക്ഷിത്തിന്റെ സംഭാവന ഗസ്റ്റ് അപ്പിയറൻസുകൾ മാറ്റി നിർത്തിയാൽ വെറും 12 ചിത്രങ്ങളാണ്. അവയെല്ലാം കന്നഡ സിനിമയെ കൂടുതൽ ശക്തിയോടെ മറ്റു ഇൻഡസ്ട്രിയുടെ മുന്നിലേക്ക് ധൈര്യപൂർവം എടുത്തുവെക്കാൻ തക്കവണ്ണം മികച്ച സൃഷ്ട്ടികളാണ്.

അഭിനേതാവ്, സംവിധായകൻ, എഴുത്തുകാരൻ, നിർമാതാവ് എന്നിങ്ങനെ പല പേരുകളാണ് രക്ഷിത് ഷെട്ടിക്ക്. ഒന്നിൽ മാത്രം ഒതുങ്ങി നിൽക്കാൻ അയാൾ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. സിംപിൾ സ്റ്റാർ എന്നാണ് രക്ഷിതിനെ കന്നഡ സിനിമാപ്രേമികൾ വിശേഷിപ്പിക്കുന്നത്. വെറുമൊരു ടൈറ്റിലിലായി സൃഷ്ട്ടിച്ചെടുത്ത പേരല്ല അത്. ചെയ്യുന്ന സിനിമകളൊക്കെയും കാഴ്ചക്കാരന് മികച്ച അനുഭവം നൽകുന്ന, അതിലൂടെ അവരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങാൻ രക്ഷിതനാകുന്നുണ്ട്. ചെറുപ്പത്തിൽ തന്നെ തുളു നാടുകളിൽ കണ്ടിരുന്ന പിലി നലികേ എന്ന ഫോക്ക് ഡാൻസ് രക്ഷിത് അഭ്യസിച്ചിരുന്നു. NMAM ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗിൽ ബാച്ചിലേഴ്‌സ് ഡിഗ്രി നേടിയ രക്ഷിത് അഭിനയത്തിനയി നാടകത്തിലേക്ക് ചേക്കേറിയിരുന്നു.

അഭിനയമോഹവുമായി ബാംഗളൂരിൽ എത്തിയ രക്ഷിതിന് അത്ര നല്ല തുടക്കമായിരുന്നില്ല ലഭിച്ചത്. ഇൻഡസ്ട്രിയിൽ തനിക്ക് കോൺടാക്ട് ഒന്നും ഇല്ലാത്തതിനാൽ രക്ഷിത് ഷോർട്ട് ഫിലിമുകളിലേക്ക് തിരിഞ്ഞു. സീറോ ബഡ്ജറ്റിൽ രക്ഷിത് തന്റെ ആദ്യ ഷോർട് ഫിലിം പൂർത്തിയാക്കി. രണ്ടാമത്തെ ഷോർട്ട് ഫിലിം നീക്കിവച്ച 5000 രൂപയുടെ സഹായത്തോടെ രക്ഷിത് പൂർത്തിയാക്കി. പിന്നീട് തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ മൂന്നും നാലും ഷോർട് ഫിലിമുകൾ രക്ഷിത് പൂർത്തിയാക്കുകയായിരുന്നു. അങ്ങനെ നാം ഏരിയൽ ഒണ്ട് ദിന എന്ന ചിത്രത്തിലൂടെ രക്ഷിത് ഷെട്ടി സിനിമയിലേക് അരങ്ങെറ്റം കുറിച്ചു. ചിത്രത്തിലെ മൂന്ന് പ്രധാന താരങ്ങളിൽ ഒരാൾ ആയി രക്ഷിത് സിനിമയിലെത്തി. 2013 ൽ പുറത്തിറങ്ങിയ 'സിമ്പിൾ അഗി ഒന്ധ് ലവ്' എന്ന റൊമാന്റിക് കോമഡി ചിത്രമായിരുന്നു രക്ഷിതനെ കൂടുതൽ പ്രേക്ഷക സ്വീകാര്യനാക്കിയത്. ചിത്രത്തിലെ കുശാൽ എന്ന നായക കഥാപാത്രം രക്ഷിതിന് വഴിത്തിരിവായി. വലിയ ആർഭാടങ്ങളിലാതെ വന്ന് രണ്ടു പ്രധാന കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രണയചിത്രം വലിയ വിജയമായി. എന്നാൽ രക്ഷിത് ഷെട്ടി എന്ന അഭിനേതാവിന്റെ പൂർണ്ണ ഭാവം പ്രേക്ഷകർ മനസ്സിലാക്കിയത് 'ഉളിദവരു കണ്ടന്തേ' എന്ന സിനിമയിലൂടെയായിരുന്നു. സിനിമക്കായി തിരക്കഥയൊരുക്കിയതും ആദ്യമായി സംവിധാനം ചെയ്തതും രക്ഷിത് തന്നെയായിരുന്നു. ഉളിദവരു കണ്ടന്തേ അക്ഷരാർത്ഥത്തിൽ കന്നഡ സിനിമയുടെ ന്യൂ വെവിന്റെ തുടക്കമായിരുന്നു. ആദ്യമായി കന്നടയിൽ സിങ്ക് സൗണ്ട് ടെക്‌നിക്ക് ഉപയോഗിച്ചതും ഉളിദവരു കണ്ടന്തേയിലൂടെയായിരുന്നു. മികച്ച പ്രതികരണം നേടിയ ചിത്രത്തിന് ഒരു കൾട്ട് ഫോളോവിങ് ഉണ്ടാകുകയും ചെയ്തു. പല പെർസ്പെക്ടിവിലൂടെ നോൺ ലീനിയർ നരേഷനിൽ കഥ പറഞ്ഞ ചിത്രത്തിൽ റിച്ചി എന്ന കഥാപാത്രത്തെയാണ് രക്ഷിത് അവതരിപ്പിച്ചത്. ചിത്രത്തിലെ ഒരു രംഗത്തിൽ പുലികളോടൊപ്പം ആർത്തുല്ലസിച്ച് ഡാൻസാടുന്ന രക്ഷിത്തിന്റെ പ്രകടനം വളരെയധികം സെലിബ്രെറ്റ് ചെയ്യപ്പെട്ടു. മികച്ച സംവിധായകനുള്ള കർണാടക സ്റ്റേറ്റ് അവാർഡും രക്ഷിതിനെ തേടിയെത്തി. ഉളിദവരു കണ്ടന്തേ എഴുതുന്ന സമയത്ത് എനിക്ക് ആക്റ്റ് വൺ ആക്റ്റ് ടു ആക്ട് ത്രീ എന്നാൽ എന്തെന്ന് അറിയില്ലായിരുന്നു. എന്റെയുള്ളിൽ ഒരു എഴുത്തുകാരൻ ഉണ്ടെന്ന് മാത്രമേ അപ്പോൾ ഞാൻ തിരിച്ചറിഞ്ഞിരുന്നുള്ളു. എനിക്കിഷ്ടമുള്ള സംവിധായകന്മാരുടെ ഇന്റർവ്യൂസ് ഒക്കെ ഞാൻ കാണുമായിരുന്നു അതുവഴി അവർ എങ്ങനെ തിരക്കഥയെഴുതുമെന്നത് ഞാൻ പഠിച്ചിരുന്നു എന്നാണ് സിനിമയുടെ തിരക്കഥയെഴുത്തിനെക്കുറിച്ച് രക്ഷിത് പറഞ്ഞത്

തുടർന്ന് വാസ്തു പ്രകാര, ഗോധി ബന്ന സാധാരണ മൈക്കാട്ട്, റിക്കി തുടങ്ങിയ സിനിമകളിലൂടെ രക്ഷിത് പതിയെ പതിയെ കന്നഡ മണ്ണിൽ തന്റെ സ്ഥാനമുറപ്പിച്ചു. എന്നാൽ അഭിനയത്തിൽ മാത്രം ഒതുങ്ങി നിന്നില്ല രക്ഷിത്. പതിയെ പതിയെ തന്റെ ആഗ്രഹം പോലെ എഴുത്തിലേക്കും നിര്മാണത്തിലേക്കും രക്ഷിത് ചുവടുവച്ചു. കഴിവുള്ള പല എഴുത്തുകാരെ ഒരുമിപ്പിച്ച് രക്ഷിത് ഷെട്ടി ആൻഡ് ദി സെവൻ ഓഡ്ഡ്സ് എന്ന ഗ്രൂപ് രക്ഷിത് ആരംഭിച്ചു. തുടർന്നുള്ള പല രക്ഷിത് സിനിമകൾക്കും തിരക്കഥയൊരുക്കിയത് ഇവർ ഒരുമിച്ചായിരുന്നു. 2016 പുറത്തിറങ്ങിയ കിരിക് പാർട്ടി എന്ന ക്യാമ്പസ് സിനിമയിലൂടെ രക്ഷിത് ആദ്യമായി നിർമാതാവായി. പരംവാ സ്റ്റുഡിയോസ് എന്ന തന്റെ നിർമാണ കമ്പനിയുടെ ആദ്യ സിനിമയായിരുന്നു കിരിക് പാർട്ടി. നടൻ ഋഷഭ് ഷെട്ടിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. കന്നഡ സിനിമയുടെ ബോക്സ് ഓഫീസ്‌ പൊട്ടൻഷ്യലിനെ മാറ്റിമറിച്ച സിനിമ കൂടിയായിരുന്നു കിരിക് പാർട്ടി. മുഴുനീള കാംപസ് റോമാറ്റിക് സിനിമയിൽ രണ്ട് വ്യത്യസ്ത ലുക്കിൽ രക്ഷിത് കസറി. 365 ദിവസത്തോളമാണ് ചിത്രം തിയറ്ററിൽ പ്രദർശിപ്പിച്ചത്. വരും സിനിമകളിൽ രക്ഷിത് കന്നഡ സിനിമയുടെ ബൗണ്ടറികളെ മാറ്റിമറിച്ചുകൊണ്ടിരുന്നു. കിരിക് പാർട്ടിക്ക് ശേഷം രക്ഷിത് കൈവച്ചത് അവനെ ശ്രീമന്നാരായണ എന്ന ഫോക് ആക്ഷൻ സിനിമയായിരുന്നു. വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രണത്തിന്റെ തിരക്കഥയൊരുക്കിയത് രക്ഷിത് ഷെട്ടി ആൻഡ് ദി സെവൻ ഓഡ്ഡ്സ് ആയിരുന്നു. ഒരു നിധി തേടിയുള്ള യാത്രയുടെ കഥപറഞ്ഞ ചിത്രം വ്യത്യസ്ത കഥാപശ്ചാത്തലത്താൽ വിജയമായി. ചിത്രത്തിൽ ഒരു തിയറ്റർ സ്ക്രീൻ പൊളിച്ച് ചാടി കഥയിൽ പ്രത്യക്ഷപ്പെടുന്ന രക്ഷിത്തിന്റെ പോലീസ് കഥാപാത്രം കണ്ടുമടുത്ത സ്ഥിരം മാനറിസങ്ങൾ അവർത്തിച്ചവയായിരുന്നില്ല. ഒട്ടും സീരിയസ് അല്ലാത്ത, തമാശകൾ പറയുന്ന ഒരു ജാക് sparow മോഡൽ സൃഷ്ട്ടിയിലുള്ള കഥാനായകനെ രക്ഷിത് ഒട്ടും അതിഭാവുകത്വം ഇല്ലാതെ മികച്ചതാക്കി. ചിത്രം തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ മൊഴിമാറ്റി റിലീസ് ചെയ്യുകയും ചെയ്തു.

ചിത്രങ്ങളുടെ വിജയപരാജയങ്ങളിൽ പെട്ടുപോകാതെ നല്ല സിനിമക്കായി പരിശ്രമിക്കുകയായിരുന്നു രക്ഷിത് ഷെട്ടി എന്നും ചെയ്തിരുന്നത്. അവനെ ശ്രീമന്നാരായണക്ക് ശേഷം 777 ചാർളി ആയിരുന്നു രക്ഷിത് നായകനായി പുറത്തിറങ്ങിയ ചിത്രം. നായയായ ചാര്ലിയും അവന്റെ ഉടമസ്ഥൻ ധര്മയും തമ്മിലുള്ള ആഴമായ സ്നേഹത്തിന്റെ കഥപറഞ്ഞ സിനിമ പ്രേക്ഷകരെ കരയിപ്പിച്ചു. ഒട്ടും അടുക്കും ചിട്ടയും ഇല്ലാതെ, മദ്യപിച്ച് നടന്നിരുന്ന ധർമയുടെ അടുത്തേക്ക് എത്തിപ്പെടുന്നതാണ് ചാർളി എന്ന നായ. ഒരു നായ ഒരു മനുഷ്യനെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്ന് 777 ചാർളി കാണിച്ചുതന്നു. നായയായ ചാർളിയും രക്ഷിതും തമ്മിലുള്ള അപാര കോമ്പിനേഷനും സിനിമയുടെ നട്ടെല്ലായിരുന്നു.

സ്ഥിരമായി തന്നെയൊരു ഴോണറിൽ മാത്രം ഒതുക്കാനും രക്ഷിത് ശ്രമിച്ചിരുന്നില്ല. അവനെ ശ്രീമന്നാരായണ ഒരു ഫാന്റസി ഫോക്ക് കഥ പറഞ്ഞപ്പോൾ, ചാർളി തീർത്തുമൊരു ഇമോഷണൽ ഡ്രാമ ആയിരുന്നു. രക്ഷിത്ത് അടുത്തതായി ഭാഗമായതാകട്ടെ മുഴുനീള പ്രണയ ചിത്രവും. സപ്ത സാഗര ധാച്ചെ യെല്ലോ ഒരു തകർന്ന പ്രണയത്തിന്റെ കഥാവിഷ്കരമായിരുന്നു. രക്ഷിത്തിന്റെ മനു തീർത്തും വാൾനറബിൾ ആയ, തന്റെ പ്രണയിനിയായ പ്രിയയോട് ആത്മാർത്ഥമായ പ്രണയമുള്ള, ജീവിതത്തിൽ മുന്നോട്ട് വരണമെന്ന് ആഗ്രഹമുള്ള ആളാണ്. മനുവിന്റെയും പ്രിയയുടെയും പല തലങ്ങളിലൂടെയുള്ള യാത്രയാണ് സപ്ത സാഗര ധാച്ചെ യെല്ലോ. തന്റെ പ്രണയത്തിന് വേണ്ടി മനു ജയിലിൽ പോകുന്നതും അവരുടെ പ്രണയത്തിനുണ്ടാകുന്ന വിള്ളലുമെല്ലാം ചിത്രം കാണിച്ചുവക്കുന്നത് അത്രത്തോളം സത്യസന്ധമായിട്ടായിരുന്നു. മനുവിന്റെ പ്രണയവും പ്രണയതകർച്ചയും അയാളിലെ frustationമെല്ലാം രക്ഷിതെന്ന അഭിനേതാവിന്റെ കയ്യിൽ സുരക്ഷിതമായിരുന്നു. ഒരുപക്ഷെ എല്ലാവരിലേക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന രക്ഷിത്തിന്റെ ശൈലി തന്നെയാകും മനുവിനെ കൂടുതൽ പ്രിയങ്കരമാക്കിയത്.

അഭിനയത്തിനൊപ്പം സംവിധാനകുപ്പായവും രക്ഷിത് എടുത്തണിയാൻ മറന്നിട്ടില്ല, വരും ചിത്രങ്ങളായ റിച്ചാർഡ് ആന്റണി രക്ഷിത്തിന്റെ സംവിധാനത്തിലേക്കുള്ള തിരിച്ചുപോക്കായിരിക്കും. ഇന്ന് രക്ഷിത് ഷെട്ടി സിനിമകളെന്നാൽ അവക്ക് ക്വാളിറ്റി സിനിമ എന്ന് കൂടി അർത്ഥമുണ്ട്. കെ ജി എഫ് തുടക്കം കുറിച്ച പാതയിലൂടെ കന്നഡ സിനിമ ബോക്സ് ഓഫീസ് പട്ടികയിൽ സ്ഥാനങ്ങൾ കീഴടക്കുമ്പോൾ ആ കന്നഡ സിനിമയെ വീണ്ടും നല്ല കാഴ്ച്ചാനുഭവങ്ങളിലൂടെ മുന്നിലെത്തിക്കാൻ കെല്പുള്ള ആൾ തന്നെയാണ് രക്ഷിത് ഷെട്ടി.

Related Stories

No stories found.
logo
The Cue
www.thecue.in