'ആപ്പ് തുടങ്ങി ബോളിവുഡ് കാസ്റ്റിം​ഗ് വരെ'; കാസ്റ്റ് മി പെർഫെക്ടിന്റെ വിജയകഥ

'ആപ്പ് തുടങ്ങി ബോളിവുഡ് കാസ്റ്റിം​ഗ് വരെ'; കാസ്റ്റ് മി പെർഫെക്ടിന്റെ വിജയകഥ

മലയാളത്തിൽ വളരെ വൈകി സജീവമായ രം​ഗമാണ് സിനിമകൾക്കും പരസ്യങ്ങൾക്കുമായുള്ള കാസ്റ്റിം​ഗ് ഏജൻസികൾ. സിനിമ, വെബ് സീരീസ്, അഡ്വർട്ടൈസിം​ഗ് മേഖലയിലെ താരനിർണയത്തിന് ചുക്കാൻ പിടിക്കുന്നവരാണ് കാസ്റ്റ് മീ പെർഫെക്ട് എന്ന സ്ഥാപനം. നെറ്റ്ഫ്ലിക്സിലെ ലിറ്റിൽ തിങ്സിന്റെ നാലാം സീസണിലെ ആദ്യത്തെ നാല് എപ്പിസോഡുകൾ കേരളത്തിലാണ് ഷൂട്ട് ചെയ്തത്. അതിന്റെ കേരളത്തിലെ മുഴുവൻ കാസ്റ്റി​ഗും നോക്കിയത് ‍കാസ്റ്റ് മി പെർഫെക്ട് ആണെന്ന് സ്ഥാപകരായ രാകേന്ദ് പൈയും സച്ചിൻ സലിമും. റഹ്മാൻ സാറിന്റെ ആദ്യത്തെ ബോളിവുഡ് പ്രൊജക്ട് വരുന്നത് ഞങ്ങളുടെ കമ്പനി വഴിയാണ്. ​ഗണപത് എന്ന വികാസ് ബഹലിന്റെ സിനിമയിലേക്കായിരുന്നു അത്, സംവിധായകൻ ​ഗൗതം വാസുദേവ് മേനോന്റെ ആദ്യത്തെ നാഷ്ണൽ ആഡും ‍‍തങ്ങളുടെ കാസ്റ്റിം​ഗ് കമ്പനി വഴിയാണ് വന്നതെന്ന് രാകേന്ദ് പൈ. തൃപ്പൂണിത്തുറ സ്വദേശി രാകേന്ദ് പൈയും കാക്കനാട് സ്വദേശി സച്ചിൻ സലിമുമാണ് കാസ്റ്റ് മി പെർഫെക്ടിന് പിന്നിൽ. ഒരു ആപ്ലിക്കേഷനായി തുടങ്ങിയ സംരംഭത്തിൽ ബോളിവുഡിലെ കാസ്റ്റിം​ഗ് വരെ കാസ്റ്റ് മി പെർഫെക്ട് എത്തി.

തുടക്കമിട്ടത് കാസ്റ്റിം​ഗ് ആപ്

ഞങ്ങൾ കാസ്റ്റ് മീ പെർഫെക്ട് തുടങ്ങിയത് ഒരു കാസ്റ്റിം​ഗ് കമ്പനിയായിട്ടായിരുന്നില്ല, മലയാളത്തിലെ ആദ്യത്തെ കാസ്റ്റിം​ഗ് ആപ്പായിട്ടാണ്. ഇൻഡസ്ട്രിയിൽ നിന്നും ഞാൻ കേൾക്കാനിടയായ ഒരു കാര്യമായിരുന്നു ഇത് തുടങ്ങാനുള്ള ഒരു സുപ്രധാന കാരണം. ഒരു മേജർ ഡയറക്ടറിന്റെ കാസ്റ്റിം​ഗ് കോൾ അനൗൺസ് ചെയ്തു. ഒരു 32-35 വയസ്സിനിടെ പ്രായമുള്ള ഒരു സ്പെസിഫിക്ക് ക്യാരക്ടറിന് വേണ്ടിയിട്ടാണ് അന്ന് ആ കാസ്റ്റിം​ഗ് കോൾ അനൗൺസ് ചെയ്യുന്നത്. എന്നാൽ അത് പോസ്റ്റ് ചെയ്തതിന് ശേഷം ഒരു വലിയ ഡയറക്ടറിന്റെ സിനിമയിലേക്ക് ആയതുകൊണ്ടു തന്നെ പല പ്രായത്തിലുമുള്ള ​ആളുകൾ അപേക്ഷകൾ അയച്ചു തുടങ്ങി. അസിസ്റ്റന്റ് ഡയറക്ടേഴ്സാണ് ഈ വരുന്ന അപേക്ഷകളെല്ലാം സോർട്ട് ചെയ്യുന്നത്. അവരുടെ മെയിൽ ബോക്സ് ഇത് കാരണം ഒരു ആഴ്ചയ്ക്കുള്ളിൽ ഫുള്ളാവുകയാണ്. ഈ സംഭവത്തിന് ശേഷം ഞാൻ ആ അസിസ്റ്റന്റ് ഡയറക്ടേഴ്സിന്റെ കാഴ്ച്ചപ്പാടിൽ ആലോചിച്ചു. എത്ര ബുദ്ധിമുട്ടായിരിക്കും ഇവർക്ക് ഒരോ ഇമെയിലും തുറന്ന് നോക്കാനും അവർക്ക് ആവശ്യപ്പെട്ട പ്രായത്തിലെ ഒരാളെ കണ്ടെത്താനും. ഇത്രയും അപേക്ഷകൾ വരുമ്പോൾ അത് കാരണം കൊണ്ടു തന്നെ ഏറ്റവും യോ​ഗ്യമായ ഒരാളുടെ പ്രൊഫെെൽ അവർക്ക് കണ്ടെത്താനാവാതെ പോയാലോ? ഇങ്ങനെ വന്ന ഒരു ചിന്തയിൽ നിന്നാണ് എന്ത് കൊണ്ട് ഇതിന് വേണ്ടി ഒരു ആപ്പ് ബേസ്ഡ് സിസ്റ്റം ഉണ്ടാക്കിക്കൂടാ എന്ന് ചിന്തിക്കുന്നത്. അതായത് നിങ്ങൾക്ക് ആവശ്യമുള്ളത് ഒരു 32-34 വയസ്സിനടുത്ത് പ്രയമുള്ള ഒരാളെയാണെങ്കിൽ ഈ ആപ്പിൽ തന്നെ അത് ഫിൽട്ടർ ചെയ്ത് കണ്ടെത്താൻ കഴിയും. കഥാപാത്രത്തിന്റെ ശാരീരിക പ്രത്യേകതകൾ ഉദാ; ഉയരം, നിറം, മുടിയുടെ പ്രത്യേകത, കണ്ണിന്റെ നിറം തുടങ്ങിയ നിരവധി ഓപ്ഷനുകളിലൂടെ ഫിൽട്ടർ ചെയ്ത് ആവശ്യമുള്ളവരെ കാസ്റ്റ് മീ പെർഫെക്ടിലൂടെ കണ്ടെത്താനാവും. ഇതായിരുന്നു ആപ്പിന്റെ ആദ്യ കാല പ്രവർത്തനം. അന്ന് അത് തുടങ്ങുമ്പോൾ ഒരു കാസ്റ്റിം​ഗ് ആപ്പ് മാത്രമായിരിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യവും. ഒഎൽഎക്സിൽ വരെ കാസ്റ്റിം​ഗ് കോൾ വന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു മുമ്പ്. കാസ്റ്റ് മീ പെർഫെക്ട് എന്ന ആപ്പിലേക്ക് വരുമ്പോൾ ജെനുവിനായിട്ടുള്ള കാസ്റ്റിം​ഗ് കോൾ മാത്രം പോസ്റ്റ് ചെയ്യുകയും അഭിനേതാക്കൾക്ക് അവരുടെ പ്രൊഫെെൽ പരിപാലിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു പ്ലാറ്റ്ഫോമായുമാണ് ഞങ്ങൾ ഇത് തുടങ്ങിയത്. അഭിനേതാക്കളും സംവിധായകരും എല്ലാം ഇതിൽ ലോ​ഗിൻ ചെയ്തിട്ടുണ്ടാകും. അവർക്ക് ഈ ഫിൽ‍ട്ടറുകൾ ഉപയോ​ഗിച്ച് ആവശ്യമായവരെ കണ്ടെത്താൻ സാധിക്കുന്നതായിരിക്കും.

സച്ചിൻ സലിമും രാകേന്ദ് പൈയും കാസ്റ്റ് മി പെർഫെക്ടിന്റെ അംഗങ്ങളോടൊപ്പം
സച്ചിൻ സലിമും രാകേന്ദ് പൈയും കാസ്റ്റ് മി പെർഫെക്ടിന്റെ അംഗങ്ങളോടൊപ്പം

ഒടിടിയും പരസ്യവും സിനിമയും

ഞങ്ങൾ ഇതിന് വേണ്ടി ആദ്യം സമീപിച്ചത് ഇന്ത്യൻ ആഡ് മേക്കർ അസോസിയേഷനെയായിരുന്നു. അസോസിയേഷന് ഞങ്ങളുടെ ആപ്ലിക്കേഷൻ ഇഷ്ടമാവുകയും ചെയ്തു. എന്നാൽ അവർ ഞങ്ങളോട് ഒരു ചോദ്യം ചോദിച്ചു ആപ് വഴി തിരഞ്ഞെടുക്കപ്പെടുന്ന മോഡൽ ഷൂട്ടിന്റെ ദിവസം പിൻമാറിയാൽ ആര് ഉത്തരവാദിത്തമേൽക്കും? അത് വളരെ ജെനുവിനായുള്ള ഒരു ചോദ്യമായിരുന്നു. അങ്ങനെയാണ് ഞങ്ങൾ കാസ്റ്റിങ് കമ്പനി തുടങ്ങിയത്. ബോളിവുഡിൽ ഏത് സീരീസോ സിനിമയോ എടുത്താലും കാസ്റ്റിം​ഗ് ഡയറക്ടേഴ്സാണ് അതിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നവർ മലയാളത്തിലും അത് പതിയെ വരുന്നുണ്ട്. ഇത് ഒരു ചെറിയ ഇൻഡസ്ട്രിയായത് കൊണ്ട് തന്നെ കാസ്റ്റിം​ഗ് ഡയറക്ടർ എന്ന ഒരു ഫുൾ ടെെം ജോലി ഇവിടെ വന്നു തുടങ്ങിയിട്ടില്ല. മാത്രമല്ല ഒടിടിയുടെ കൂടി വരവോടെ അവസരങ്ങൾ കൂടുതൽ കൂടുതൽ വരികയാണ്, അതുകൊണ്ട് തന്നെ പുതിയ അഭിനേതാക്കളെ കണ്ടെത്താനുള്ള കാസ്റ്റിം​ഗിന്റെ പ്രധാന്യം ഭാവിയിൽ വർധിക്കും.

കാസ്റ്റിം​ഗിലെ വെല്ലുവിളി

ഇതൊരു ആപ്ലിക്കേഷൻ ആയതുകൊണ്ടു തന്നെ ആളുകളെക്കൊണ്ട് ഇത് ഡൗൺലോഡ് ചെയ്യിക്കുക എന്നതും അതിന്റെ മാർക്കെറ്റിങ്ങും തന്നെയായിരുന്നു ആദ്യം നേരിട്ട വെല്ലുവിളി. ഒരു കേരള ആഡിൽ നിന്നാണ് ‍ഞങ്ങൾ ആദ്യത്തെ പ്രൊജക്ട് തുടങ്ങുന്നത്. ഞങ്ങളുടെ ടെക്നോളജി ബാക്ക് അപ്പ് ഉപയോ​ഗിച്ച് ഞങ്ങൾ തന്നെ ആൾക്കാരെ ഫിൽട്ടർ ചെയ്തിട്ടാണ് അന്ന് അത് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആദ്യത്തെ ചുവടുകൾ വളരെ പ്രയാസമേറിയതായിരുന്നു. സ്റ്റാർട്ട് ചെയ്ത ഒരു മാസത്തിനുള്ളിൽ കേവലം 800 അഭിനേതാക്കളുടെ കയ്യിൽ മാത്രമേ ഞങ്ങളുടെ ആപ്ലിക്കേഷൻ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഒന്നര വർഷം പിന്നിട്ടപ്പോൾ ആപ്പ് ഡൗൺലോഡ് മൂവായിരം പേർ എന്നതിലേക്ക് ഉയർന്നു. എന്നാൽ ആദ്യ കാലത്ത് ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അയാൾക്ക് ആ ആപ്ലിക്കേഷനിലേക്ക് കയറിക്കഴിഞ്ഞാൽ അതിൽ അപ്ലെെ ചെയ്യാം എന്നല്ലാതെ ആ ആപ്പ് കൊണ്ട് മറ്റ് ​ഗുണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒരു ആക്ടിവിറ്റിയും ഞങ്ങൾ കൊടുത്തിരുന്നില്ല. ആ സമയത്ത് ഞങ്ങൾക്ക് കാസ്റ്റിം​ഗ് അവസരങ്ങൾ കൂടി വന്നു. പിന്നീട് ചെന്നെെയിലേക്കും ബാം​ഗ്ലൂരിലേക്കും മുംബെെയിലേക്കും പ്രവർത്തന മേഖല വ്യാപിച്ചു. ആദ്യത്തെ രണ്ട് മൂന്ന് വർഷം ഒരു മാർക്ക് ക്രിയേറ്റ് ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു.

ഒരു പുതുമുഖത്തിന് എങ്ങനെ കാസ്റ്റ് മീ പെർഫെക്ടിലേക്ക് വരാം

കാസ്റ്റിം​ഗിലേക്ക് വരുന്ന ഒരു ഫ്രഷർക്ക് എപ്പോഴും അറിയാത്ത ഒരു കാര്യമാണ് ഇത്. ഒരു കാസ്റ്റിം​ഗ് ഡയറക്ടറിനെയോ ഒരു കാസ്റ്റിം​ഗ് ഏജൻസിയെയോ സംബന്ധിച്ച് അവർക്ക് എപ്പോഴും നല്ലത് പുതിയ ഓപ്ഷൻസ് കൊടുക്കുക എന്നുള്ളതാണ്. ഹെെ പ്രൊഫെെൽ ഫോട്ടോഷൂട്ട്, ഹെെ ഫാഷൻ ഫോട്ടോ ഷൂട്ട് ഒന്നും നമ്മൾ ആവശ്യപ്പെടുന്നില്ല. അവരിൽ നിന്നും നമ്മൾ ശേഖരിക്കുന്നത് വളരെ സിംപിളായ കാര്യങ്ങളാണ്. പ്രായം, ഉയരം, സ്ഥലം, എത്ര ഭാഷകൾ കെെകാര്യം ചെയ്യാൻ സാധിക്കും, തുടങ്ങിയവയാണ് ഞങ്ങൾ ശേഖരിക്കുന്നത്. കൂടാതെ ഫോണിൽ എടുക്കാൻ പറ്റുന്ന മിനിമൽ മേക്കപ്പിലും ഫിൽട്ടർ ഉപയോ​ഗിക്കാത്തതുമായ ഫോട്ടോകൾ. ഇത് നിങ്ങൾ ഞങ്ങൾക്ക് അയച്ചു തന്നാൽ ഒരു പ്രൊജക്ട് വന്നാൽ അതിനെ നിങ്ങളിലേക്ക് പിച്ച് ചെയ്യാൻ ‍ഞങ്ങൾക്ക് സാധിക്കും.

ഓഡിഷനുകൾ

ഓഡിഷൻ എന്നത് ഒരു ആക്ടർ എത്രത്തോളം അഭിനയിക്കുന്നു എന്ന് അറിയാനുള്ള ഒരു ജഡ്ജ്മെന്റ് അല്ല. ഓഡീഷൻ പ്രോസസ് എന്ന് പറയുന്നത് വളരെ ലളിതമാണ്. ഒരാളുടെ കഴിവുകൾ‌ നമ്മൾ ഉദ്ദേശിക്കുന്ന കഥാപാത്രവുമായി എത്രത്തോളം സിങ്ക് ചെയ്യുന്നു എന്നതാണ് ഓഡീഷനിലൂടെ അളക്കുന്നത്. പരസ്യ മേഖലയിലേക്ക് വരുമ്പോഴും ഇത് ഇങ്ങനെ തന്നെയാണ്. കാസ്റ്റിം​ഗിൽ ക്യാരക്ടർ ഫേസ് എന്ന് പറയുന്ന ഒരു പ്രയോ​ഗം തന്നെയുണ്ട്. പരസ്യ മേഖലയിലാണെങ്കിലും ക്യാരക്ടറിനനുസരിച്ചുള്ള ലുക്കാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്. നാഷ്ണൽ ലെവലിൽ വരുന്ന പരസ്യങ്ങൾ നോക്കിയാൽ നിങ്ങൾക്ക് അത് മനസ്സിലാവും. ഏതെങ്കിലും ഒരു റീജിയണിനെ പരസ്യത്തിൽ കാണിക്കുകയാണ് എങ്കിൽ ആ നാടിനെ പ്രതിനിധീകരിക്കാൻ കഴിയുന്ന ആളുകളെയാണ് അവർ എടുക്കുന്നത്. സിനിമയ്ക്ക് വേണ്ടി ചെയ്യുന്ന അതേ ഓഡീഷൻ പ്രോസസ് തന്നെയാണ് ഇപ്പോൾ പരസ്യ മേഖലയിലും ഉള്ളത്.

ആക്ടിം​ഗ് പ്രൊഫഷനാകണം

ആക്ടിം​ഗിനെ ഒരു പ്രൊഫഷനായി കാണാൻ കഴിയാത്തതാണ് ഇതിന്റെ ഏറ്റവും വലിയ വെല്ലുവിളി. അതാണ് ഞാൻ ഈ മേഖലയിൽ കാണുന്ന ഏറ്റവും വലിയ ചലഞ്ച്. എന്തുകൊണ്ട് ആക്ടിം​ഗിനെ പ്രൊഫഷനായി കാണുന്നില്ല ആളുകൾ? ഒരു കുട്ടി എനിക്ക് ഒരു നടനോ നടിയോ ആകണം എന്ന് പറയുമ്പോൾ പലരും നിരുത്സാഹപ്പെടുത്തുന്നത് ഇതിനെ എല്ലാവരും കേവലം ഒരു പാഷൻ മാത്രമായി കാണുന്നത് കൊണ്ടാണ്. ആക്ടിം​ഗ് എന്നത് പ്രൊഫഷൻ കൂടിയാണ്. ഇതിനെ ഒരു പ്രൊഫനായി കണ്ട് തുടങ്ങുമ്പോൾ ഈ പറഞ്ഞ പല കാര്യങ്ങളും മാറി നിൽക്കും. മാത്രമല്ല ബേസിക്കായിട്ടുള്ള പല കാര്യങ്ങളും ഞങ്ങൾ നോക്കാറുണ്ട്, പിക്ക് അപ് ആൻഡ് ഡ്രോപ്പ്, അഭിനയിച്ച് കഴിഞ്ഞാൽ ഓൺ ടെെം പേയ്മെന്റ് ഇതൊക്കെയാണ് പ്രൊഫഷന്റെ ഭാ​ഗമായിട്ട് വരുന്നത്. എന്നാണോ മറ്റ് പ്രൊഫഷനുകൾ പോലെ ആക്ടിം​ഗിനെയും കാണാൻ സാധിക്കുന്നത് അന്ന് ഈ വെല്ലുവിളികൾ ഒക്കെ മാറും.

ബോളിവുഡിലേക്ക്

പുതുമുഖങ്ങളെ മാത്രമല്ല അറിയപ്പെടുന്ന മറ്റ് ആർട്ടിസ്റ്റുകളെയും ഞങ്ങൾ കാസ്റ്റ് ചെയ്യാറുണ്ട്. സൗത്ത് ഇന്ത്യയെ മുൻനിർത്തിയാണ് ഞങ്ങൾ ഇപ്പോൾ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ ‍മുംബെെയിലും ഞങ്ങൾക്ക് ഒരു ഓഫീസ് സ്പേയ്സ് ഉണ്ട്. ഈക്കാലത്ത് ഒടിടിയിൽ വരുന്ന സീരീസുകളും ഒർജിനൽസും ഒക്കെ നോക്കുകയാണെങ്കിൽ ധാരാളം സൗത്ത് പ്രസൻസ് വരുന്നുണ്ട്. നെറ്റ്ഫ്ലിക്സിലെ ലിറ്റിൽ തിങ്സിന്റെ നാലാം സീസണിലെ ആദ്യത്തെ നാല് എപ്പിസോഡുകൾ കേരളത്തിലാണ് ഷൂട്ട് ചെയ്തത്. അതിന്റെ കേരളത്തിലെ മുഴുവൻ കാസ്റ്റി​ഗും നോക്കിയത് ‍ഞങ്ങളാണ്. റഹ്മാൻ സാറിന്റെ ആദ്യത്തെ ബോളിവുഡ് പ്രൊജക്ട് വരുന്നത് ഞങ്ങളുടെ കമ്പനി വഴിയാണ്. ​ഗണപത് എന്ന വികാസ് ബഹലിന്റെ സിനിമയിലേക്കായിരുന്നു അത്, സംവിധായകൻ ​ഗൗതം വാസുദേവിന്റെ ആദ്യത്തെ നാഷ്ണൽ ആഡും ‍‍ഞങ്ങളുടെ കാസ്റ്റിം​ഗ് കമ്പനി വഴിയാണ് വന്നത്. ഇതൊക്കെ ഞങ്ങളുടെ നോട്ടബിളായിട്ടുള്ള പ്രൊജക്ട്സാണ്.

സെലിബ്രിറ്റി മാനേജ്മെന്റ്

കാസ്റ്റ് മീ പെർഫെക്ടിന്റെ പാരന്റ് കമ്പനി എന്ന് പറയുന്നത് സ്കെെമാൻ കൺസൾട്ടൻസിയാണ്. രണ്ട് ഡിവിഷൻസാണ് കാസ്റ്റ് മീ പെർഫെക്ടിൽ വരുന്നത്, ഒന്ന് കാസ്റ്റിം​ഗ് രണ്ട് സെലിബ്രിറ്റി മനേജ്മെന്റ്, സെലിബ്രിറ്റി മാനേജ്മെന്റ് ആരംഭിച്ചിട്ട് ഇപ്പോൾ നാല് വർഷമാകുന്നു. നിമിഷ സജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത്, ധന്യ വർമ്മ തുടങ്ങിയവരുടെ സെലിബ്രിറ്റി മാനേജ്മെന്റ് ഞങ്ങളാണ് ചെയ്യുന്നത്. ഒരു ആക്ടറിനെ എങ്ങനെ പിച്ച് ചെയ്യാം എന്ന് തുടങ്ങി കോൺട്രാറ്റുകൾ, ടേംസ് ആൻഡ് കണ്ടീഷൻസ്, പേമെന്റിന്റെ ഫോളോ അപ്പുകൾ, പ്രമോഷനുകൾ ഇതെല്ലാം നോക്കുന്നത് ‍ഞങ്ങളാണ്. കൂടാതെ ലെെൻ പ്രൊഡക്ഷൻസും ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്, അതിൽ തന്നെ നാലോളം നാഷ്ണൽ ആഡ്സ് ഞങ്ങൾ ചെയ്തിട്ടുണ്ട്. പതിയെ ആഡ് പ്രൊഡക്ഷനിലേക്കും കടക്കണം എന്നതാണ് ഭാവി പ്ലാൻ.

Related Stories

No stories found.
logo
The Cue
www.thecue.in