പൃഥ്വിരാജിന്റെ മാ​ഗ്നം ഓപ്പസ്

ഒട്ടകത്തിന് കുടിക്കാനുള്ള വെള്ളം സംഭരിച്ച കൂറ്റൻ വീപ്പക്ക് മുന്നിലേക്ക് നജീബ് നടന്നടുക്കുന്നൊരു സീൻ ആടുജീവിതത്തിലുണ്ട്. 22 വർഷത്തിലെ അഭിനയ ജീവിതത്തിലൊരിടത്തും, കഥാപാത്രമായോ സിനിമക്ക് പുറത്തോ അത് പോലൊരു രൂപത്തിലും ഭാവത്തിലും ശരീര പ്രകൃതിയിലും പൃഥ്വിരാജിനെ നമ്മൾ ഇത് പോലെ കണ്ടിട്ടേ ഇല്ല, ഒരേ സമയം മരുപ്പറമ്പായി പരിണാമപ്പെട്ട നജീബിനെയും, അഭിനേതാവെന്ന നിലയിൽ പുതിയൊരു ഉയരത്തിലേക്ക് കാലൂന്നുന്ന പൃഥ്വിരാജിനെയും ശ്വാസമടക്കിപ്പിടിച്ച് ഞെട്ടലോടെ അത്ര തന്നെ അമ്പരപ്പോടെ പ്രേക്ഷകർക്ക് കാണേണ്ടി വരും. കയ്യടിക്കൊപ്പമല്ലാതെ ഈ സീൻ കടന്നുപോവില്ല.

ഒരു കഥാപാത്രത്തിന് വേണ്ടി മുപ്പത്തൊന്ന് കിലോ ഭാരം കുറച്ച നടൻ. പൃഥ്വിരാജ് സുകുമാരൻ നജീബാകുമ്പോൾ അത് ചർച്ച ചെയ്യപ്പെടണം. തിയറ്ററിലെത്തും മുൻപ് തന്നെ അത് ചർച്ചയായിക്കഴിഞ്ഞിരുന്നു. എന്നിട്ടും അയാളുടെ ഏറ്റവും മെലിഞ്ഞ രൂപം കണ്ടപ്പോൾ നിങ്ങൾ ഞെട്ടിയിരുന്നില്ലേ? ഞെട്ടലോ നടുക്കമോ അതോ മറ്റൊരു മനുഷ്യനോട് തോന്നാവുന്ന അത്ഭുതമോ? എന്തായിരുന്നു അത്?

തന്റെ ഇരുപത്തിരണ്ട് വർഷങ്ങൾ നീണ്ട കരിയറിൽ അയാൾ പതിനാറു വർഷങ്ങൾ സഞ്ചരിച്ചത് നജീബിനെയും പേറിയായിരുന്നു. ഇന്ന് രണ്ടുലക്ഷത്തിലധികം കോപ്പികൾ വിറ്റ് പോയൊരു പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിന് അയാൾ കൂട്ടുനിൽക്കാൻ തുടങ്ങുമ്പോൾ മലയാളികളിലൊരു കൂട്ടം അയാളെ "രായപ്പൻ" എന്നും അഹങ്കാരിയെന്നും വിളിക്കുന്ന കാലത്തെത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് നിറഞ്ഞ സദസ്സിൽ നിർത്താത്ത കരഘോഷങ്ങൾക്കും, അടക്കിപ്പിടിക്കാനാകാത്ത കണ്ണുനീരുകൾക്കും, ഉറവപൊട്ടാതെ ഉള്ളിൽ കുരുങ്ങിക്കിടക്കുന്ന വേദനകൾക്കുമിടയിൽ പൃഥ്വിരാജ് സുകുമാരൻ പ്രകീർത്തിക്കപ്പെടുകയാണ്. അത് ശരീരഭാരം കുറച്ചത് കൊണ്ടല്ല. അതീജീവനം എന്ന വാക്കിനെക്കാൾ വലുപ്പം വച്ച് അതിന് പര്യായമായി തീർന്നൊരു മനുഷ്യനെ, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ നീതിപൂർവ്വമായ അടയാളപ്പെടുത്തലായത് കൊണ്ട് കൂടിയാണ്. കണ്ണും, മെയ്യും മനസും അദ്ദേഹം നജീബിന് കൊടുത്തത് കൊണ്ടാണ്.

ആലപ്പുഴക്കാരൻ മണൽ വാരൽ തൊഴിലാളിയായൊരു നജീബ്. അയാളൊരിക്കലും പൃഥ്വിരാജായിരുന്നില്ല, എഴുന്ന് നിൽക്കുന്ന ഞരമ്പുകളില്ലാത്ത കുറുകിയ ശരീരത്തോടു കൂടിയ നജീബ്. ഒരഞ്ചാം ക്ലാസുകാരൻ. പറയുന്നത് ഹിന്ദിയോ അറബിയോ എന്ന് അയാൾക്ക് തന്നെ തിരിയുന്നില്ല, ഭാഷയറിയാത്തൊരു നാട്ടിൽ ചെന്ന് സാറേ വീട്ടിലേക്കൊന്ന് വിളിക്കണം എന്ന് നിർത്താതെ പറയുന്നൊരു ആവലാതിക്കാരൻ.

അസാധ്യ മെയ്‌വഴക്കത്തോടെ പുഴയിലിറങ്ങി മുങ്ങി മണല് കോരി, പാറി വന്ന് വള്ളത്തിലേക്കിട്ട്, പുഴയിലേക്ക് തന്നെ മൂക്കുചീറ്റി, കയ്യിലൂന്നി വള്ളത്തിലേക്ക് കയറി മുണ്ടഴിച്ചു കെട്ടുന്ന നജീബ്. ഓമനേ പാട്ടിന്റെ രംഗങ്ങളിലത്രയും അയാളുടെ വഴക്കത്തിന്റെ ചേല് കാണാം. ബ്ലെസ്സിയുടെ നജീബിന് ആടിനെ കറക്കാനും, ഒട്ടകത്തിന്റെ മേക്കാനും മാത്രം അറിഞ്ഞാൽ മതിയായിരുന്നില്ല, വലയെറിഞ്ഞ് മീൻപിടിക്കാനും, പുഴയുടെ അടിയിൽ ചെന്ന് മണൽ കോരാനും അറിയണമായിരുന്നു. എന്നോ ശീലിച്ച പോലെ പൃഥ്വിരാജ് അത് ചെയ്തെടുത്തു എന്നതിലാണ് അത്ഭുതം.

'ഉമ്മാ എനിക്ക് പറ്റണില്ലുമ്മാ, എനിക്ക് വയ്യുമ്മാ" എന്നയാൾ കരയുന്നത് കേട്ടോ നിങ്ങൾ? അത് കണ്ടിരുന്നോ നിങ്ങൾ? കേൾക്കാനോ, കാണാനോ കണ്ണെത്തും ദൂരം വരേയ്ക്കും ആരുമില്ലാത്ത, എന്തിന് തട്ടിത്തിരിച്ചു വരാൻ ഒരു ചുമര് പോലുമില്ലാത്ത മരുഭൂവിൽ നിസ്സഹായതയുടെ കരച്ചിൽ കരയുന്ന നജീബിനെ അയാൾ തന്റെ മുഖത്തിലും, ശബ്ദത്തിലും, വിരലനക്കത്തിലും താങ്ങിനിർത്തി.

പൃഥ്വിരാജ് എന്ന നടന്റെ ഉറച്ച ശബ്ദവും, സ്പുടതയുള്ള സംസാരവും അയാളെ വിട്ട് പോകാത്തത് അയാളിലെ നടന്റെ പോരായ്മയായി പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ നജീബ് ഞെട്ടിച്ചു കളഞ്ഞു. അറബിയോ ഹിന്ദിയോ അല്ല, മലയാളം പോലും അഴിഞ്ഞു വീണ ജീവിതം. ആടിനും ഒട്ടകത്തിനും മാത്രം അറിയാവുന്ന ഭാഷയിൽ തട്ടി നജീബിന്റെ ഭാഷ ഉടഞ്ഞു പോകുന്നപാടെ പൃഥ്വിരാജ് സുകുമാരന്റെ കുപ്പായം ആ ശബ്ദം ഊരിക്കളഞ്ഞു. പ്രേക്ഷകർ തിരിച്ചറിയും മുൻപേ അയാൾ ആടായി. ഹക്കീമേ എന്ന് നീട്ടി വിളിക്കാനുള്ള ശബ്ദങ്ങൾ പോലും ആ തൊണ്ടക്കുഴി മറന്നു പോയി.

ഓടി രക്ഷപ്പെടുന്നതിന് മുൻപ് കീറിയ ചാക്ക് കുപ്പായം ഊരിക്കളഞ്ഞ് അയാൾ നഗ്നനായി ആ പൈപ്പിന് കീഴിലേക്ക് നടക്കുമ്പോൾ വാരിയെല്ലുകൾ എണ്ണിയെടുക്കാം, തൊലി തൂങ്ങിയ അടിവയർ കാണാം, ശോഷിച്ച കാലുകൾ കാണാം. ചിറക്കൽ കേളുവും, ചന്ദ്രഹാസനും, സുകുവും, ആന്റണി മോസെസും അധിവസിച്ച ശരീരമാണത്. അങ്ങ് നിന്ന് അയാൾ നജീബ് ആകുമ്പോൾ .. ചാക്ക് പോലെ മേലാട തീർത്തൊരു തുണിയിൽ പൊതി‍ഞ്ഞു കെട്ടിയ ആ ശരീരം വിട്ടയാൾ പുറത്തിറങ്ങുന്നതിന്റെ അടുത്ത നിമിഷം മിന്നലേറ്റ പോലെ തറഞ്ഞിരുന്നു പോകും പ്രേക്ഷകൻ. നജീബും അയാളുടെ ജീവിതവും തിരശ്ശിലയിൽ പൃഥ്വിരാജ് വരച്ചിടുന്നത് സമർപ്പണത്തിന്റെ അങ്ങേയറ്റവും താണ്ടിയാണെന്ന് നിസംശയം പറയേണ്ടി വരും.

തൊട്ടാൽ മുറിഞ്ഞു പോകുമെന്ന് തോന്നുന്ന ശരീരം ചുരുട്ടി അയാളാ ആഡംബരക്കാറിന് പുറകിൽ ഇരുന്ന് പോകുമ്പോഴും അയാൾ വേദനിപ്പിക്കുകയാണ്. പ്രതീക്ഷ വറ്റിയൊരു ജീവിതത്തിൽ, സംഭവ്യമേയല്ല എന്നയാൾ എപ്പോഴോ വിശ്വസിച്ചു പോയ നിമിഷമാണ് സൈനുവുമായുള്ള അയാളുടെ ഒത്തുചേരൽ. കുഞ്ഞിക്കാ കൊണ്ട് കൊടുക്കുന്ന ഫോണിൽ റിസീവറിനറ്റത്ത് സൈനുവിന്റെ ശബ്ദം കേൾക്കുമ്പോൾ അയാളുടെ മുഖത്ത് കോടാനുകോടി ഭാവങ്ങൾ വന്നു പോകുന്നുണ്ട്. നഷ്ടപ്പെട്ടു പോയതിനെ കുറിച്ചുള്ള സങ്കടമോ, തിരിച്ചു കിട്ടിയതിലുള്ള ആശ്വാസമോ, പ്രതീക്ഷയോ എന്തോ പ്രേക്ഷർക്കോ നജീബിന് തന്നെയോ നിർവചിക്കാൻ കഴിയാത്ത ഒരു മോമെന്റ്റ്. പൃഥ്വിരാജ് അതിന്റെ എപ്പിറ്റോം കൊണ്ട് നിർത്തിയത് ഫോണിൽ കേൾക്കുന്ന കുഞ്ഞിന്റെ കരച്ചിലിലാണ്. പ്രതീക്ഷയും ആശ്വാസവുമെല്ലാം സന്തോഷം കൂടെയാകയാണ്.

ഇനിയും വിട്ടുമാറാത്ത ചെറിയ കൂനുമായി അയാൾ നാട്ടിലേക്കുള്ള ഫ്ലെെറ്റിന്റെ പടി ചവിട്ടുമ്പോൾ പ്രേക്ഷകനിലേക്ക് തിരിഞ്ഞു നോട്ടം നോക്കുന്നുണ്ട്. വശങ്ങളിൽ ഹക്കീമും ഹിന്ദിക്കാരൻ ഭയ്യയും അടക്കം പേരറിയാത്ത അനേകായിരം ആത്മാക്കളിലേക്ക് ബ്ലെസി പൃഥ്വിരാജിന്റെ മുഖം കടം കൊടുക്കുന്നുണ്ട്. രക്ഷപ്പെട്ടതിന്റെ വിണ്ടുകീറിയ പുഞ്ചിരിയുമായി അയാൾ പറന്നു പൊങ്ങുന്നത് ബ്ലെസി നമുക്ക് കാണിച്ചു തരില്ല, കാരണം നജീബിനപ്പുറം കണക്കെത്താത്ത എത്രയോ പേർ ഇന്നും ഏതേതോ മസറകളിലുണ്ടാവാമെന്ന് ബ്ലെസി അറിയുന്നുണ്ട്. തിരിഞ്ഞു നോക്കുന്ന നജീബിന് അപ്പുറം സ്ക്രീനിലൊരു കറുത്ത നിറം, അതിൽ ഒരു ബ്ലെസി ചിത്രം എന്ന് കാണുമ്പോൾ എഴുന്നേറ്റ് നിന്ന് ഒന്ന് കയ്യടിക്കാൻ നിങ്ങൾ ശ്രമിക്കും, പക്ഷേ അതിന് പോലും കഴിയാത്ത വിധം നിങ്ങൾ ആ വലിയ സ്ക്രീനിന് മുന്നിലെ ചുവന്ന കസേരയിൽ തളർന്നിരിപ്പുണ്ടാവും.

Related Stories

No stories found.
logo
The Cue
www.thecue.in