പൃഥ്വിരാജിനെ 100 കോടി ക്ലബിലെത്തിക്കുമോ കടുവ?, ലക്ഷ്യമിടുന്നത് കെജിഎഫും വിക്രമും പുഷ്പയും പോലൊരു വിജയം

പൃഥ്വിരാജിനെ 100 കോടി ക്ലബിലെത്തിക്കുമോ കടുവ?, ലക്ഷ്യമിടുന്നത് കെജിഎഫും വിക്രമും പുഷ്പയും പോലൊരു വിജയം

കൊവിഡ് സൃഷ്ടിച്ച ആഘാതത്തെ മറികടന്ന് മലയാളം സിനിമ കുതിപ്പ് തുടങ്ങിയത് കുറുപ്പ്, ഭീഷ്മപര്‍വ്വം എന്നീ സിനിമകള്‍ക്കൊപ്പമാണ്. തമിഴില്‍ നിന്ന് വിക്രം, തെലുങ്കില്‍ നിന്ന് ആര്‍ആര്‍ആര്‍, കന്നഡത്തില്‍ നിന്ന് കെജിഎഫ് ടു എന്നീ സിനിമകള്‍ കേരളത്തിലും ബോക്സ് ഓഫീസ് തരംഗം തീര്‍ത്തപ്പോള്‍ മലയാളം ബോക്സ് ഓഫീസും ഒരു ഇന്‍ഡസ്ട്രി ഹിറ്റിനായി കാത്തിരിക്കുകയാണ്. ചെറുതും വലുതുമായ ഹിറ്റുകള്‍ സംഭവിക്കുന്നുണ്ടെങ്കിലും സിനിമാ വ്യവസായത്തെ പിടിച്ചുകുലുക്കുന്നൊരു കൂറ്റന്‍ ഹിറ്റ് മലയാളത്തില്‍ അടുത്തിടെ പിറന്നിട്ടില്ല. കൊവിഡിന് ശേഷം മലയാളത്തിലെ ആദ്യ നൂറ് കോടി ക്ലബ് ചിത്രമായി കടുവ മാറുമോ എന്നറിയാനാണ് സിനിമാ മേഖലയും പൃഥ്വിരാജ് ആരാധകരും കാത്തിരിക്കുന്നത്.

തമിഴില്‍ കമല്‍ഹാസന്‍ ചിത്രം വിക്രം 400 കോടി പിന്നിട്ട് ഇന്‍ഡസ്ട്രി ഹിറ്റും തമിഴിലെ ഏറ്റവും മികച്ച ബോക്സ് ഓഫീസ് കളക്ഷനും സ്വന്തം പേരിലാക്കിയപ്പോള്‍ തെലുങ്കില്‍ ആര്‍ആര്‍ആര്‍ ആഗോള കളക്ഷനില്‍ ആയിരം കോടിക്ക് മുകളില്‍ നേടി പുതിയ റെക്കോര്‍ഡിട്ടിരുന്നു. അല്ലു അര്‍ജുന്റെ പുഷ്പ 365 കടിക്ക് മുകളിലാണ് നേടിയത്. കന്നഡത്തില്‍ നിന്നെത്തിയ കെജിഎഫ് ടു 1200 കോടിക്ക് മുകളില്‍ നേടിയാണ് ഓട്ടം അവസാനിപ്പിച്ചത്. തെലുങ്കിനും തമിഴിലും കന്നഡത്തിനും തുല്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെങ്കിലും ലൂസിഫര്‍ പോലൊരു ഇന്‍ഡസ്ട്രി ഹിറ്റ് കടുവയിലൂടെ പൃഥ്വിരാജ് ലക്ഷ്യമിടുന്നുണ്ട്.

മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളിലായാണ് സിനിമ റിലീസ് ചെയ്യുന്നത്. ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, കൊച്ചി എന്നിവിടങ്ങളിലായി പൃഥ്വിരാജും സംഘവും സിനിമയുടെ പ്രമോഷനായി എത്തുന്നുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ ബിഗ് ബജറ്റ് സിനിമകളുടെ അതേ പ്രചരണ രീതികളെ പിന്തുടര്‍ന്നാണ് ഈ നീക്കം. ജനഗണമന നേടിയ തിയറ്റര്‍ ഹിറ്റിന് പിന്നാലെ എത്തുന്ന പൃഥ്വിരാജ് ചിത്രമെന്ന പ്രത്യേകതയും കടുവക്കുണ്ട്. ജിനു വി എബ്രഹാമിന്റെ തിരക്കഥയില്‍ ഷാജി കൈലാസാണ് സംവിധാനം. ആറാം തമ്പുരാന്‍, നരസിംഹം തുടങ്ങിയ ഇന്‍ഡസ്ട്രി ഹിറ്റുകളൊരുക്കിയ ഷാജി കൈലാസും കരിയറിലെ വലിയ തിരിച്ചുവരവാണ് വലിയ ഇടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന കടുവയിലൂടെ ലക്ഷ്യമിടുന്നത്.

കെ.ജി.എഫ് ടു, ചാര്‍ലി 777 എന്നീ സിനിമകള്‍ കേരളത്തില്‍ റിലീസ് ചെയ്തതും പൃഥ്വിരാജിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ടുള്ള പ്രചരണത്തിന് ഗുണമേകും. കെജിഎഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ എന്ന സിനിമയില്‍ പൃഥ്വിരാജും പ്രധാന റോളിലുണ്ട്. പ്രഭാസാണ് നായകന്‍. കടുവ മലയാളത്തിനൊപ്പം ഇതര സംസ്ഥാനങ്ങളിലും ചലനം സൃഷ്ടിച്ചാല്‍ പാന്‍ ഇന്ത്യന്‍ താരമൂല്യത്തിലേക്ക് പൃഥ്വിരാജിന് ഉയരാനാകും. നേരത്തെ ബോളിവുഡിലും, തമിഴിലും മുന്‍നിര സിനിമകള്‍ ചെയ്തതിനാല്‍ തമിഴിലും, ഹിന്ദിയിലും നടനെന്ന നിലയില്‍ സുപരിചിതനുമാണ് പൃഥ്വിരാജ്. ബോളിവുഡ് താരം വിവേക് ഒബ്റോയ് ആണ് കടുവയിലെ വില്ലന്‍. ദക്ഷിണേന്ത്യന്‍ ഭാഷകളിലെ പ്രമോഷന് ഇതും ഗുണമാകും.

അയ്യപ്പനും കോശിയും എന്ന സിനിമക്ക് ശേഷം സച്ചി സംവിധാനം ചെയ്യാനായി പ്രഖ്യാപിച്ച വിലായത്ത് ബുദ്ധയാണ് പൃഥ്വിരാജ് നായകനായി ഇനി വരാനിരിക്കുന്ന മറ്റൊരു പ്രധാന പ്രൊജക്ട്. സച്ചിയുടെ ശിഷ്യന്‍ ജയന്‍ നമ്പ്യാരാണ് സംവിധാനം. ബഹുഭാഷാ റിലീസിന് സാധ്യമാകുന്ന രീതിയിലാണ് വിലായത്ത് ബുദ്ധയുടെയും ഡിസൈന്‍ എന്നറിയുന്നു. ജി ആര്‍ ഇന്ദുഗോപന്റെ ഇതേ പേരിലുള്ള ജനപ്രിയ രചനയാണ് സിനിമയാകുന്നത്. സന്ദീപ് സേനനാണ് നിര്‍മ്മാണം. ഷാജി കൈലാസിന്റെ സംവിധാനത്തിലുള്ള കാപ്പ എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രവും, ബ്ലെസിയുടെ ആടുജീവിതവും പൃഥ്വിരാജിന്റേതായി വരാനുണ്ട്. എമ്പുരാന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ടൈസണ്‍ എന്ന ചിത്രവും ബഹുഭാഷാ പ്രൊജക്ടായാണ് ഒരുങ്ങുന്നത്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. പ്രഭാസും യാഷും അല്ലു അര്‍ജുനും തെലുങ്കില്‍ നിന്നും രജനികാന്തും കമല്‍ഹാസനും വിജയ്യും അജിത്തും തമിഴില്‍ നിന്നും സൃഷ്ടിച്ച ദക്ഷിണേന്ത്യന്‍ താരമൂല്യത്തിലേക്കാണ് പൃഥ്വിരാജും പുതിയ സിനിമകള്‍ക്കൊപ്പം എന്‍ട്രി ലക്ഷ്യമിടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in