പാൻ ഇന്ത്യൻ പൃഥ്വിരാജ്

എനിക്കൊരു നാല്പത് വയസ്സായി കഴിഞ്ഞാൽ അവിടെയാണ് ശരിക്കും എന്റെ മുമ്പിൽ സാധ്യതകൾ തുറക്കപ്പെടുന്നത്. അവിടെയായിരിക്കും ഞാനെന്ന നടന്റെ ഒരുപാട് ഡയമെൻഷൻസ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ പോകുന്നത്. എന്റെ അഭിനിവേശം അഭിനയത്തോടേതല്ല സിനിമയോടാണ്, അവിടെയാണ് മറ്റൊരു നടനിൽ നിന്ന് ഞാൻ വ്യത്യസ്തനാക്കുന്നത്. മുതിർന്ന മാധ്യമപ്രവർത്തകൻ ജോണി ലൂക്കോസിന് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറയുമ്പോൾ പൃഥ്വിരാജ് സുകുമാരന് പ്രായം 27 വയസ്. ഒരു അഹങ്കാരിയുടെ വിടുവായത്തരമായും പ്രായത്തിന്റെ പാകതക്കുറവും പക്വതക്കുറവുമായും അന്ന് മിക്കവരും എഴുതിത്തള്ളിയിരുന്നു പൃഥ്വിയുടെ ഈ വാക്കുകളെ.

സിനിമ സംവിധാനം ചെയ്യണമെന്നും നിർമിക്കണമെന്നും ഉള്ള അയാളുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും പലരും വരവേറ്റത് ട്രോളുകളിലൂടെയും കളിയാക്കലിലൂടെയും ആയിരുന്നു. സ്‌ക്രീനിൽ പൃഥ്വിരാജ് സുകുമാരൻ എന്ന പേര് തെളിയുമ്പോൾ അയാളുടെ മുഖം തെളിയുമ്പോൾ തിയറ്ററിൽ കൂവി തോൽപ്പിക്കാൻ ശ്രമിച്ചിടത്തുനിന്ന് ഇന്ന് മലയാള സിനിമയുടെ വാണിജ്യസാധ്യതകൾക്ക് പുതിയ ഉയരം തീർക്കുന്ന ഫിലിംമേക്കറും നായകനുമായി പൃഥ്വി വളർന്നെത്തിയിരിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷമായി മലയാളത്തിന്റെ ബോക്സ് ഓഫീസ് ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനാണ്. മലയാളം ഇതുവരെ കണ്ട ഏറ്റവും ഉയർന്ന ബജറ്റിലുമാണ് ആ ചിത്രം. മറ്റു ഭാഷകളുടെ ബിസിനെസ്സ് സാധ്യതകൾക്കൊപ്പം ഉയർത്തിനിർത്താൻ പൃഥ്വിരാജ് തന്നെ മുന്നിട്ടിറങ്ങണമെന്ന് മാറിയിരിക്കുന്നു. സിനിമ ബിസിനെസ്സ് ഡൈനാമിക്‌സുകളെ കാലങ്ങളായി നിലനിന്നിരുന്ന പരിധിക്കപ്പുറം കൊണ്ടുപോകാൻ നിർമാണത്തിലൂടെയും സംവിധാന സംരംഭത്തിലൂടെയും പൃഥ്വിരാജ് ശ്രമിക്കുകയാണ്.

ഡെയറിങ് എന്ന് വിശേഷിപ്പിക്കാവുന്ന തീരുമാങ്ങൾ പൃഥ്വി തന്റെ കരിയറിൽ പലപ്പോഴായി എടുത്തിട്ടുണ്ട്. മുംബൈ പൊലീസിലെ ഗേ കഥാപാത്രമായും കനാ കണ്ടേനിലെ കണ്ണിങ് ആയ ബിസിനെസ്സ് കൺസൽട്ടൻറ് മദൻ ആയും, നായികാ പ്രാധാന്യമുള്ള സിനിമകളിൽ ഇമേജ് നോക്കാതെ അഭിനയിച്ചതും അവയിൽ ചുരുക്കം ചിലത് മാത്രം. മലയാളത്തിൽ മാത്രം തന്നെ തളച്ചിടാതെ ഭാഷാതീതമായി പൃഥ്വിരാജ് നല്ല സിനിമകളുടെയും കഥാപാത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്. പാൻ ഇന്ത്യൻ എന്ന് ഇന്ന് ഇന്ത്യൻ സിനിമ വിശേഷിപ്പിക്കുന്നതിനും എത്രയോ കാലം മുൻപ് മലയാളത്തിൽ നിന്ന് മറ്റു ഭാഷയിലേക്ക് ചേക്കേറി അവിടത്തെ പ്രേക്ഷരെപ്പോലും ഞെട്ടിച്ചിട്ടുണ്ട് പൃഥ്വിരാജ്. അതിൽ തുടക്കമായിരുന്നു കെ വി ആനന്ദ് സംവിധാനം ചെയ്ത കനാ കണ്ടേൻ. ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന വില്ലൻ അതായിരുന്നു ചിത്രത്തിലെ പ്രിത്വിയുടെ മദൻ. ഒരു ബിസിനെസ്സ് കൺസൽട്ടൻറ് ആയ മദൻ വലിയ പലിശക്ക് പണം കടം നൽകുകയും അത് തിരികെ ലഭിക്കാൻ ഏതറ്റം വരെയും പോകുന്നയാളായിരുന്നു. ചിത്രത്തിൽ ഒരു കുഞ്ഞിനെയെടുത്ത് ജനാലയുടെ പുറത്തേക്ക് നീട്ടിപിടിച്ച് കടം വാങ്ങിയവരെ പേടിപ്പിക്കുന്ന സീനിലൊക്കെ തന്റെ വില്ലനിസം പ്രിത്വി അസാമാന്യമായി കൊണ്ടുവന്നിട്ടുണ്ട്. തുടർന്ന് റൊമാന്റിക് സിനിമകളിലേക്ക് പ്രിത്വി തിരിഞ്ഞു. ഭാഗ്യരാജിന്റെ പാരിജാതവും രാധ മോഹൻ സംവിധാനം ചെയ്ത മൊഴിയും പ്രിത്വിയിലെ റൊമാന്റിക് നായകനെ തമിഴ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ സിനിമകളായിരുന്നു. ഇതിൽ മൊഴി വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും പ്രേക്ഷസ്വീകാര്യത ആവോളം നേടിയ ചിത്രവുമായിരുന്നു. പ്രണയവും, സൗഹൃദവും, വിരഹവും ഒക്കെ കൂടിക്കലർത്തി ഒരു പെർഫെക്റ്റ് എന്റെർറ്റൈനെർ ആയിരുന്നു മൊഴി. ജ്യോതിക, പൃഥ്വിരാജ്, പ്രകാശ് രാജ് എന്നിവയുടെ ഉജ്ജ്വല പ്രകടനവും കൂടി ചേർന്നപ്പോൾ ചിത്രം ബോക്സ് ഓഫീസിലും കത്തിക്കയറി. രജനികാന്ത് ഉൾപ്പെടെയുള്ള താരങ്ങൾ അന്ന് ചിത്രത്തെയും പൃഥ്വിയുടെ അഭിനയത്തേയും പുകഴ്ത്തിയിരുന്നു.

തുടർന്ന് മലയാളത്തിനോടൊപ്പം തമിഴിലും പൃഥ്വിരാജ് സിനിമകൾ ചെയ്തുകൊണ്ടിരുന്നു. സത്തം പോടാതെ, കണ്ണാമൂച്ചി യെനെടാ, വെള്ളി തിരൈ, ക്ലാസ്സ്‌മെറ്റിസിന്റെ തമിഴ് പതിപ്പായ നിനൈത്താലേ ഇനിക്കും ഉൾപ്പടെ പോകുന്നു ആ നിര. വീണ്ടും തമിഴിൽ പ്രിത്വിക്ക് ഒരു ബ്രേക്ക് നൽകുന്നത് മാസ്റ്റർ ഡയറക്ടർ മണിരത്നത്തിന്റെ രാവണൻ ആയിരുന്നു. തമിഴ്, ഹിന്ദിയിലും ഒരേ സമയം ഒരുങ്ങിയ ചിത്രത്തിലെ തമിഴ് വേർഷനിൽ ദേവ് പ്രകാശ് എന്ന പോലീസ് ആയിട്ടായിരുന്നു പ്രിത്വിയുടെ രംഗപ്രവേശം. രാമായണത്തെ മുൻനിർത്തി സീതയുടെ അപഹാരവും രാമ-രാവണ യുദ്ധത്തെ പ്രമേയമാക്കി മണിരത്നം അവതരിപ്പിച്ച രാവണനിൽ പ്രിത്വി കൈയ്യടി നേടി. വിക്രം എന്ന അഭിനയപ്രതിഭയുടെ മുന്നിൽ ഒട്ടും അടിപതറാതെ അല്പം നെഗറ്റീവ് ഷെയ്ഡ് തോന്നിപ്പിക്കുന്ന പോലീസായി പ്രിത്വി കസറി. തമിഴ് ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള പ്രിത്വിയുടെ മിടുക്കും അയാളിലെ അഭിനേതാവിനെ പൂർണ്ണതയോടെ പുറത്തെത്തിക്കാൻ സഹായകമായി.

എന്നാൽ തമിഴും കടന്നു പ്രിത്വി മുന്നേറിക്കൊണ്ടിരുന്നു. 2012 ൽ പുറത്തിറങ്ങിയ അയ്യാ പ്രിത്വിയുടെ മറ്റൊരു പരീക്ഷണമായിരുന്നു. റാണി മുഖർജി പ്രധാന വേഷത്തിലെത്തിയ ചിത്രം പൂർണമായും ഒരു സ്ത്രീയുടെ കാഴ്ചയിലൂടെ അവളുടെ പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു. വളരെ കുറഞ്ഞ സംഭാഷണങ്ങൾ മാത്രമുണ്ടായിരുന്നിട്ടും തന്റെ നോട്ടം കൊണ്ടും ശരീരഭാഷ കൊണ്ട് പ്രിത്വി ചിത്രത്തിലൂടെ തന്റെ വരവറിയിച്ചു. സിനിമക്കായി സിക്സ് പാക്ക് വച്ച് റാണിയോടൊപ്പം ഗാന രംഗങ്ങളിൽ പ്രിത്വി കസറി. അന്ന് നോർത്തിൽ മാധ്യമങ്ങൾ പ്രിത്വിയെ വിശേഷിപ്പിച്ചത് കാലാ സൽമാൻ എന്നായിരുന്നു. സൗത്ത് ഇന്ത്യൻ താരങ്ങൾക്ക് മേലുള്ള ഒരു മുൻവിധി ആ വിശേഷണത്തിലുണ്ടായിരുന്നെങ്കിലും ബോളിവുഡിൽ പൃഥ്വി താരമെന്ന നിലയിൽ തുടക്കമിടുകയായിരുന്നു. തുടർന്ന് യഷ് രാജ് നിർമിച്ച് അർജുൻ കപൂർ നായകനായ ഔറംഗസേബ് ആയിരുന്നു ഹിന്ദിയിൽ പൃത്വിയുടെ രണ്ടാമൂഴം. എസിപി അജയ് ഫോഗാട്ട് എന്ന പോലീസ് ഓഫീസറെയായിരുന്നു പ്രിത്വി ചിത്രത്തിൽ അവതരിപ്പിച്ചത്. ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമയായി ഒരുങ്ങിയ ചിത്രത്തിന്റെ കഥ മുന്നോട്ട് കൊണ്ടുപോയത് പ്രിത്വിയുടെ കഥാപാത്രമായിരുന്നു. സ്ഥിരം സൈഡ് കഥാപാത്രമായി ചുരുങ്ങിപോകാതെ ചിത്രത്തിലുടനീളം കൃത്യമായ സ്ക്രീൻ സ്പേസ് പ്രിത്വിക്ക് ഉണ്ടായിരുന്നു. തന്റെ സിനിമാ ജീവിതത്തിൽ ആദ്യമായൊരു ഓഡിഷന് പങ്കെടുത്തത് aurangazeb ന് വേണ്ടിയായിരുന്നുവെന്ന് പ്രിത്വി ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. തുടർന്ന് നാം ഷബാന, പോലീസ് പോലീസ്, കാവ്യതലൈവൻ തുടങ്ങി തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ പ്രിത്വിരാജ് തന്റെ സ്ഥാനമുറപ്പിച്ചു. കാവ്യതലൈവനിലെ അഭിനയത്തിന് മികച്ച വില്ലനുള്ള തമിഴ് നാട് സ്റ്റേറ്റ് അവാർഡും പ്രിത്വിക്ക് ലഭിച്ചു.

അഭിനേതാവ് എന്ന നിലയിൽ പരിമിതികൾ നിലനിൽക്കെ തന്നെ പൃഥ്വിരാജ് ഭാഷയോ, ഴോണറോ, സിനിമയുടെ വാണിജ്യ സാധ്യതയോ മാത്രം തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡമാക്കാതെ എല്ലാത്തരം സിനിമകളും ചെയ്തു. മലയാളത്തിൽ കരിയറിന്റെ ആദ്യ പത്ത് വർഷം പരി​ഗണിച്ചാൽ വാണിജ്യ സിനിമകൾക്കൊപ്പം തന്നെ ഇത്രയേറെ സമാന്തര സിനിമകൾ ചെയ്ത മറ്റൊരു യുവതാരമില്ല. പല ഭാഷകൾ വ്യക്തമായി അതിന്റെ തനിമ ചോരാതെ കൈകാര്യം ചെയ്യാനുള്ള പ്രിത്വിയുടെ മിടുക്ക് തന്നെയാണ് ഓരോ ഭാഷയിലും അയാളിലെ അഭിനേതാവിനെ കൂടുതൽ മികവുറ്റതാക്കുന്നത്. അഭിനയിച്ച എല്ലാ ഭാഷയിലും പൃഥ്വിരാജ് തന്നെയാണ് സ്വയം ശബ്ദം നൽകിയിരിക്കുന്നത്. നമ്മുടെ ശബ്ദം എന്നത് അഭിനയത്തിൻറെ വലിയൊരു ഭാഗമാണ്. മറ്റൊരാൾ നമ്മുക്കായി ഡബ്ബ് ചെയ്യുമ്പോൾ നമ്മളൊരു കഥാപാത്രം ചെയ്തു ഒടുവിലത്തിന്റെ കണ്ട്രോൾ നമ്മുടെ കയ്യിൽ നിന്ന് പോകുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. അതിനാൽ ഏതു ഭാഷയിലായാലും ഞാൻ സ്വന്തമായി ഡബ്ബ് ചെയ്യാൻ ശ്രമിക്കും. പ്രിത്വിയുടെ വാക്കുകളാണിവ.

അത്തരത്തിൽ തന്റെ കഥാപാത്രത്തിനായുള്ള ഡെഡിക്കേഷൻ തന്നെയായിരിക്കണം പ്രിത്വി എന്ന അഭിനേതാവിനെ തന്നെ മതിയെന്നു തീരുമാനിക്കാൻ പ്രശാന്ത് നീലിനെയും അലി അബ്ബാസ് സഫറിനെയും ചിന്തിപ്പിച്ചത്. വരദരാജ മന്നാരായി പ്രിത്വി എത്തുമ്പോൾ കഥയിലുടനീളം പ്രഭാസിനൊപ്പം സഞ്ചരിച്ച് ആ കഥയുടെ ഗതിമാറ്റുന്നൊരാളാണ് അയാളെന്ന് പുറത്തുവന്ന പ്രോമോകൾ എല്ലാം സൂചിപ്പിക്കുന്നു. ഒരു സ്റ്റാറിനെയല്ല, അസാധാരണ ആക്ടറിനെ ആയിരുന്നു ഞങ്ങൾ വരദ രാജ മാന്നാറിനായി തേടിയത്. അത് പൃഥ്വി ആകണമെന്നായിരുന്നു എന്റെ ആഗ്രഹം. കഥ കേട്ട് പൃഥ്വിരാജ് സിനിമ നിരസിക്കും എന്നാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത് എന്നാൽ അദ്ദേഹത്തിന് ഇഷ്ട്ടമായി. പൃഥ്വിയുടെ സ്ക്രീൻ പ്രെസെൻസ്, അഭിനയത്തിനൊപ്പം ഞങ്ങൾക്ക് ഏറ്റവും മികച്ച അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു അദ്ദേഹം. ക്രിയേറ്റീവ് പോയിന്റിൽ നിന്നുള്ള അദ്ദേഹത്തിന്റെ നിർദേശങ്ങൾ അത്രക്കും ബ്രില്ല്യന്റ് ആയിരുന്നു. സലാർ ചെയ്തതിന് പൃഥ്വിയോട് നന്ദിയുണ്ട്. പൃഥ്വിരാജ് ഇല്ലാതെ സലാർ ഇല്ലെന്ന് സിനിമ കണ്ട ശേഷം എനിക്ക് മനസ്സിലായി. സംവിധായകൻ പ്രശാന്ത് നീലിന്റെ വാക്കുകളാണിവ. ഒരു ഘട്ടത്തിൽ ഡേറ്റ് ക്ലാഷ് മൂലം സിനിമയിൽ നിന്ന് ഒഴിവാകെണ്ടി വന്ന പ്രിത്വിരാജ് തന്നെ ആ കഥാപാത്രമാകാനായി ചിത്രത്തിന്റെ ഷൂട്ട് പോലും സലാർ ടീം ക്രമീകരിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം ഹിന്ദി ചിത്രം ബഡെ മിയാൻ ചോട്ടെ മിയാനിൽ ഒരു വില്ലനായി പ്രിത്വി തിരിച്ചെത്തുമ്പോൾ അതും കണ്ടുമടുത്ത ടൈപ്പിക്കൽ തള്ളിക്കൊല്ലി വില്ലൻ ആയിരിക്കില്ലെന്നു തന്നെയാണ് പ്രതീക്ഷ. വളരെ മികച്ചൊരു കഥാപാത്രമെന്നാണ് പ്രിത്വി അതിനെ വിശേഷിപ്പിക്കുന്നത്.

പല ഭാഷകളിൽ ചെന്ന് മലയാള സിനിമയുടെ മൂല്യം ഉയർത്തിപിടിക്കുന്നതിനോടൊപ്പം തന്നെ സ്വന്തം ഭാഷയിലും അതിനായുള്ള വിത്തുകൾ പ്രിത്വിരാജ് പതിയെ പാകുന്നുണ്ട്. തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിലൂടെ സംവിധാനവും തനിക്ക് വഴങ്ങുന്ന പണിയാണെന്ന് അയാൾ തെളിയിച്ചുകഴിഞ്ഞു. പൃഥ്വിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഒരു ബി​ഗ് ടിക്കറ്റ് സിനിമയിലൂടെ ഭാഷയുടെയും ബോക്സ് ഓഫീസിന്റെയും അതിരുകളെ മാറ്റാൻ ശ്രമിക്കുകയായിരുന്നു ലൂസിഫർ. മലയാള സിനിമയുടെ ബോക്സ് ഓഫീസിൽ കച്ചവട സാധ്യതകളെ അതിന്റെ ഉന്നതിയിൽ എത്തിക്കാൻ പോകുന്ന ചിത്രമായിരിക്കും എമ്പുരാൻ എന്നത് തുടക്കം മുതൽ തന്നെ വ്യക്തമാണ്. കെജിഎഫും ബാഹുബലിയും കാന്താരയും പോലെ മലയാളത്തിലും ലാർജ് സ്കെയിൽ അത്തരം സംരംഭങ്ങൾ ഉണ്ടാകണമെന്ന് തന്നെയാണ് പ്രിത്വിരാജിന് ആഗ്രഹം. ആടുജീവിതത്തിൽ നജീബായി അയാൾ എത്തുമ്പോൾ അഭിനയ സാധ്യത ഉയർത്തിപ്പിടിച്ച് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ കഴിയുന്നൊരു ചിത്രമാകും അതെന്നതിൽ സംശയമില്ല. പൃഥ്വിരാജിലെ നടന്റെ പുതിയ ഉയരവുമായിരിക്കും ആടുജീവിതം. ശരീരം സിനിമക്കായി മാറ്റിയെടുത്ത് കാലങ്ങളോളം നീണ്ടു നിന്ന പ്രോസസിലൂടെ അയാൾ നജീബായി മാറുമ്പോൾ മികച്ചൊരു ദൃശ്യാവിഷ്കാരമാകും ആ ബ്ലെസ്സി ചിത്രം. അയാൾ പ്രവചിച്ചതുപോലെ തന്റെ നാല്പതാം വയസിൽ എത്തിനിൽക്കുമ്പോൾ മനസ്സിലുറപ്പിച്ചതെല്ലാം സാധിച്ച് തന്റെ കരിയറിലെ ഏറ്റവും എക്സ്സിറ്റിംഗ് ആയ ഫേസിലാണ് പൃഥ്വിരാജ് എന്ന സിനിമാപ്രേമി ഇന്ന് എത്തി നിൽക്കുന്നത്.

നാല് പതിറ്റാണ്ട് പിന്നിടുമ്പോഴും മലയാളത്തിൽ ഒന്നാം നിരയിൽ തുടരുന്ന മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം ബോക്സ് ഓഫീസിലും വാണിജ്യ സാധ്യതയിലും സൂപ്പർതാരമെന്ന നിലയിൽ മൂന്നാമത്തെ പൊസിഷനിലേക്ക് ഉയരാൻ സാധിച്ചു എന്നതും കരിയർ രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ പൃഥ്വിരാജിനുള്ള നേട്ടമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in