One Dream. Two Decades. Infinite Impact | Prithviraj Sukumaran

I want to hold the ambassadorship of Malayalam Cinema. നാളെ ഞാൻ കാരണം മലയാളം സിനിമ ഒരു നാല് പേർ കൂടുതലറിഞ്ഞാൽ അതാണ് എന്റെ ഏറ്റവും വലിയ നേട്ടം. ഇരുപത് വർഷങ്ങൾക്ക് മുൻപ് തന്റെ ഇരുപതുകളുടെ തുടക്കത്തിൽ നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ തന്റെ ബിഗ്ഗെസ്റ്റ് ഡ്രീം എന്താണ് എന്ന ചോദ്യത്തിന് പറഞ്ഞ മറുപടിയാണിത്. രണ്ടായിരത്തിപത്തൊൻപത്തിൽ അയാൾ തന്റെ ആദ്യ സംവിധാനം ചിത്രം പുറത്തിറക്കി. അത് മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ചു. എട്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലെത്തി ആ സിനിമ.

രണ്ടായിരത്തി ഇരുപത്തിയഞ്ച് മാർച്ച് 21 ന്, രാവിലെ ഒൻപത് മണിക്ക് അതേ ചിത്രത്തിന്റെ രണ്ടാം ഭാഗം ബുക്കിങ് ഓപ്പൺ ആകുന്നു. ഒൻപത് ഒന്ന് ആകുമ്പോഴേക്കും ഫസ്റ്റ് ഷോ ടിക്കറ്റുകൾ ഏതാണ്ട് മുഴുവനായും വിറ്റ് പോകുന്നു. ഒരു മണിക്കൂറിൽ ഒരു ലക്ഷത്തോളം ടിക്കറ്റുകൾ എന്ന റെക്കോർഡ് ആദ്യം. ആദ്യ 24 മണിക്കൂർ കഴിഞ്ഞപ്പോഴോ ബുക്ക് മൈ ഷോയിലൂടെ മാത്രം 645k ടിക്കറ്റുകളാണ് വിറ്റ് പോയത്. ഇന്ത്യൻ സിനിമയുടെ തന്നെ എക്കാലത്തെയും വലിയ റെക്കോർഡ് ആണിത്.

20 വർഷം മുൻപ് ആ ചെറുപ്പക്കാരൻ ഓവർ അംബീഷ്യസ് അഹങ്കാരി എന്ന വിളിപ്പേരിൽ കളിയാക്കെപ്പെട്ടിരുന്നുവെങ്കിൽ, ഇന്ന് അയാൾ, അന്ന് അയാൾ പറഞ്ഞ സ്വപ്നങ്ങൾ അയാളുടെ, കൺവിക്ഷൻ ആരാധിക്കപ്പെടുന്നു. ഇന്ത്യയൊട്ടാകെ.

ഇരുപത് വർഷം മുൻപ് ആ ഇരുപത്തിനാല്കാരൻ സ്വപ്നം കണ്ടത് സാക്ഷാത്കരിക്കപ്പെടുമ്പോൾ, ഇന്ന് മലയാളം സിനിമയ്ക്ക് വലിയ വാതിലുകൾ തുറക്കപ്പെടുന്നു. പുതിയ മേച്ചിൽപ്പുറങ്ങളും, വലിയ സ്വപ്നങ്ങളും കാണാൻ അടുത്ത തലമുറകളോട് വിളിച്ചു പറയുന്നു, അതിന് സാധ്യതകൾ തുറന്നിട്ടുകൊണ്ടിരിക്കുന്നു. ആ കൺവിക്ഷന്റെ പേരാണ് പൃഥ്വിരാജ് സുകുമാരൻ.

സിനിമ ഒരു മാസ്സ് മീഡിയമാണ്. വലിയ മുടക്കുമുതലുകളുള്ള. എത്രയോ ആളുകളുടെ ഓട്ടപ്പാച്ചിലുകളും, ഉറക്കമില്ലാത്ത രാത്രികളും, അൺഈവൻ വർക്ക് അവേഴ്സും, പ്രീപ്രൊഡക്ഷനും, പോസ്റ്റ്പ്രൊഡക്ഷനും അടക്കം നീളുന്ന, ചിലപ്പോൾ (മിക്കവാറും) വർഷങ്ങളോളം നീളുന്ന ഒരു പ്രോഡക്റ്റ് ഓഫ് വർക്ക് ആണ് സിനിമ. എത്ര നിരാകരിച്ചാലും സിനിമ ബിസിനസ് കൂടെയാണ്. വിൽക്കപ്പെടേണ്ട ആർട്ട്ഫോം. അതുകൊണ്ട് തന്നെ ലൂസിഫറും, മഞ്ഞുമ്മൽ ബോയ്സും, എമ്പുരാനും എല്ലാം മലയാള സിനിമയെ സംബന്ധിച്ച് നിർണ്ണായക നേട്ടങ്ങളാണ്. തെലുങ്ക് പ്രീറിലീസ് പ്രസ്മീറ്റിൽ മോഹൻലാൽ പറഞ്ഞ, ഞങ്ങൾ കേരളത്തിൽ എല്ലാ സിനിമകളും കാണും, തമിഴും, തെലുങ്കും, ഹിന്ദിയും, ഇപ്പോൾ ഞങ്ങൾ ഇതാ നിങ്ങൾക്ക് ഒരു സിനിമ കൊണ്ട് തരുന്നു. പ്ലീസ് വാച്ച്.

മലയാള സിനിമയുടെ, മലയാളിയുടെ മോഹൻലാൽ മറ്റൊരു മണ്ണിൽ ചെന്ന് നമ്മുടെ സിനിമ കാണാൻ അഭിമാനത്തോടെ അഭ്യർത്ഥിക്കുന്നു. അത് മൈൽസ്റ്റോൺ തന്നെയാണ്. ലൂസിഫർ തമിഴിലും, തെലുങ്കിലും, ഹിന്ദിയിലും, കന്നഡയിലും വിതരണം ചെയ്യപ്പെടുന്നത് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ സിനിമാ സീരീസിലെ രണ്ടാം ഭാഗം എന്ന നിലയിലാണ്. മോഹൻലാൽ എന്ന അഭിനേതാവിന്റെ, സർവ്വോപരി, താരത്തിന്റെ, മലയാളിയുടെ പരസ്യമായ അഹങ്കാരത്തിന്റെ, ഓറ, കരിഷ്മ തിരശ്ശീലയിൽ വരുമ്പോൾ അത് കാണാൻ, അനുഭവിച്ചറിയാൻ കാത്തിരിക്കുന്നത് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നീളുന്ന തിയറ്റർ സ്ക്രീനുകൾ മാത്രമല്ല ഇപ്പോൾ എന്നത് ഒന്ന് ആലോചിച്ചു നോക്കൂ. അത് നേട്ടമാണ്.

ആടുജീവിതത്തിന് വേണ്ടി ശരീര ഭാരം കുറച്ച, എമ്പുരാന് തിയറ്റർ വിജയമാകും വരെശമ്പളം വാങ്ങാതിരി ക്കുന്ന, സിനിമ പഠിച്ചുകൊണ്ടേയിരിക്കുന്ന ആ അരഗന്റ്, അഡമെന്റ് ചെറുപ്പക്കാരൻ ചെയ്തുകൊണ്ടിരിക്കുന്നത് മലയാള സിനിമയ്ക്ക് വേണ്ടിയുള്ള രാഷ്ട്രീയപ്രവർത്തനമാണ്. മറ്റൊരാൾ, നോക്കൂ, ഞങ്ങളുടെ സിനിമയ്ക്കും ഇത്രയാളുകൾ കാത്തിരിക്കുന്നുണ്ട്, നിങ്ങൾ ഇത്ര ഇൻവെസ്റ്റ് ചെയ്താൽ, നിങ്ങൾക്ക് ഇത്രയെങ്കിലും തിരിച്ചു കിട്ടും, ഞങ്ങൾക്ക് ഉദാഹരണമുണ്ട് എന്ന് പറയാൻ ഒരു സിനിമ. കൺടെൻറ് ഡ്രിവൺ, എക്സ്പെൻസീവ് ചിത്രം കാത്തിരിക്കാൻ ഇവിടെ ആളുകൾ ഉണ്ടായിരുന്നു എന്നത് ഉദാഹരിച്ചു പറയാൻ ഒരു എമ്പുരാൻ നൽകിക്കൊണ്ട് അയാൾ ഇരുപത് വർഷം മുന്നത്തെ മോഹൻലാൽ- മഞ്ജു വാര്യർ ചിത്രമെന്ന ആഗ്രഹം സാധിച്ചു. സ്വാർഥമായി പറയട്ടെ, അയാൾക്കുള്ളിൽ അയാൾ ആഗ്രഹിച്ച നേട്ടം എത്തിയിട്ടുണ്ടാകല്ലേ എന്നാശിക്കുന്നു. മലയാള സിനിമയ്ക്ക് ഇനിയും വലിയ മാനം അയാൾ സ്വപ്നം കണ്ടിട്ടുണ്ടാകണേ എന്ന സ്വാർഥവിചാരത്തിൽ, പൃഥ്വിരാജ് സുകുമാരനോട് നന്ദി. Dream Bigger, We’ll follow.

Related Stories

No stories found.
logo
The Cue
www.thecue.in