കൈത്തറിയെ ഇന്റർനാഷണൽ ലെവലിൽ എത്തിക്കുകയെന്നത് ലക്ഷ്യം; ഓസ്കർ വേദിയിൽ തിളങ്ങി പൂർണിമ ഇന്ദ്രജിത്തിന്റെ 'പ്രാണ'

കൈത്തറിയെ ഇന്റർനാഷണൽ ലെവലിൽ എത്തിക്കുകയെന്നത് ലക്ഷ്യം; ഓസ്കർ വേദിയിൽ തിളങ്ങി പൂർണിമ ഇന്ദ്രജിത്തിന്റെ 'പ്രാണ'
Published on

2025 ഓസ്കർ വേദിയിൽ ഒരു മലയാളി മുദ്രയുണ്ട്. അനന്യ ശാൻഭാ​ഗ് തന്റെ കന്നി ചിത്രം കൊണ്ട് ഓസ്കർ റെഡ്‌കാർപ്പെറ്റിൽ ചെന്ന് നിന്നത് പൂർണ്ണിമ ഇന്ദ്രജിത്തിന്റെ 'പ്രാണ' ധരിച്ചുകൊണ്ടാണ്. ട്രെഡിഷണലായി തോന്നാതെയുള്ള ഒരു സ്റ്റൈലിം​ഗ് ആണ് അനന്യയിൽ ഉപയോ​ഗിച്ചിരിക്കുന്നത് എന്ന് പൂർണിമ ഇന്ദ്രജിത്ത് പറയുന്നു. ഭരതനാട്യം നർത്തകി കൂടെയായ അനന്യയ്ക്ക് താൻ എന്തിനെ വിശ്വസിക്കുന്നു അല്ലെങ്കിൽ എന്താണ് തന്റെ സ്വപ്നം എന്ന് വസ്ത്രത്തിൽ എവിടെയെങ്കിലും കൊണ്ടുവരാൻ പറ്റിയെങ്കിൽ എന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് നെറ്റിച്ചുട്ടി അടക്കമുള്ള ജ്വലറികൾ ആ വസ്ത്രത്തിനൊപ്പം ഉപയോ​ഗിച്ചത് എന്നും പൂർണിമ ക്യു സ്റ്റുഡിയോയോട് പറഞ്ഞു. ക്യാൻ വേദിയിൽ ദിവ്യപ്രഭ ധരിച്ചതും പ്രാണ തന്നെയായിരുന്നു. ഇന്റർനാഷണൽ വേദികളിൽ പ്രാണയെത്തുമ്പോൾ, വസ്ത്രാലങ്കാരത്തിലുള്ള തന്റെ കാഴ്ചപ്പാടുകളെ കുറിച്ചും, അനന്യയുടെ റെഡ് കാർപെറ്റ് ലുക്കിനെ കുറിച്ചും പൂർണിമ ഇന്ദ്രജിത്ത് ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.

എന്താണ് ഓസ്കർ റെഡ്കാർപ്പറ്റിലെ അനന്യ ശാൻഭാ​ഗിന്റെ വസ്ത്രത്തിന്റെ പ്രത്യേകത?

ഹാൻഡ് ലൂം ക്രാഫ്റ്റേഴ്സുമായി അസോസിയേറ്റ് ചെയ്ത് എന്റെ ബ്രാൻഡിന് ആവശ്യമായ രീതിയിലുള്ള കൈത്തറി ഫാബ്രിക് ഉണ്ടാക്കിയെടുക്കുന്ന ഒരു സംവിധാനം പ്രാണയ്ക്കുണ്ട്. കഴിഞ്ഞ വർഷത്തെ ക്യാനിൽ ദിവ്യ പ്രഭ ഇട്ടത് കൈത്തറി വസ്ത്രമായിരുന്നില്ല. അത് സസ്റ്റൈയിനബിൾ ഫാഷനെ പ്രമോട്ട് ചെയ്യുന്ന ഒരു വസ്ത്രമായിരുന്നു. ഇതിന് മുമ്പെ വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും, ലോകാർന്നോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും എല്ലാം തന്നെ മലയാളത്തിൽ നിന്നുമുള്ള ആക്ടേഴ്സ് പ്രാണയുടെ കൈത്തറിയിൽ എക്സ്ക്ല്യൂസിവായിട്ടുള്ള വസ്ത്രങ്ങളാണ് ധരിച്ചിട്ടുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം മാറിയാണ് ഇപ്പോൾ അനന്യ ശാൻഭാ​ഗിന് ചെയ്തിരിക്കുന്ന വസ്ത്രം. കേരള ഹാൻഡ് ലൂമിലാണ് ഈ വസ്ത്രം ചെയ്തിരിക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത.

എന്തുകൊണ്ട് കസവ്?

കസവ് മതി എന്നുള്ളത് എന്റെ ബോധപൂർവ്വമായ തീരുമാനം ആയിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം എന്നെ സമീപിക്കുന്ന എല്ലാ ആക്ടേഴ്സിനോടും ഞാൻ അവർക്ക് എന്താണ് വേണ്ടത് അവരുടെ ചോയിസ് എന്താണ് എന്നതാണ് പ്രധാനമായിട്ടും ചോദിക്കുന്നത്. കാരണം എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇതൊരു ബാക്ക് സീറ്റ് ആണ്. മുന്നിൽ നിൽക്കുന്നത് ആ സിനിമയിലെ പ്രധാന കഥാപാത്രങ്ങളോ സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്ന ആൾക്കാരോ ദിവസമോ സ്ഥാനമോ ആണ്. അവരുടെ ചോയിസിനാണ് അവിടെ പ്രാധാന്യം. അനന്യ എന്റെ അടുത്ത് വന്ന് സംസാരിക്കുമ്പോഴും അനന്യയോട് ഞാൻ പറഞ്ഞ കാര്യം അനന്യയ്ക്ക് അന്ന് എന്താണ് ഇടേണ്ടത് എന്നും അത് എന്തിനെയാണ് പ്രതിനിധീകരിക്കേണ്ടത് എന്നുമാണ്. അത് അനന്യ എന്ന വ്യക്തിയെയാണോ അല്ലെങ്കിൽ അവരുടെ റൂട്ട്സിനെ ആണോ അല്ലെങ്കിൽ അനന്യയുടെ സിനിമയെയാണോ അല്ലെങ്കിൽ അനന്യ വിശ്വസിക്കുന്ന രാഷ്ട്രീയത്തെയാണോ അതോ കൃത്യമായ ഒരു റെഡ് കാർപ്പെറ്റ് ​ഗ്ലാമർ വസ്ത്രമാണോ വേണ്ടത് എന്നാണ്. ഇത്തരത്തിലുള്ള വിവിധ ഓപ്ഷനുകൾ എന്നെ വന്നു കാണുന്ന സെലിബ്രിറ്റികളുമായി ഞാൻ പങ്കുവയ്ക്കാറുണ്ട്. അതാണ് എന്റെ ആദ്യത്തെ ചുവട്. ഇതെല്ലാം നമ്മൾ അവരോട് അവതരിപ്പിക്കുകയും അത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് കൊടുക്കുകയുമാണ് നമ്മൾ ചെയ്യുന്നത്. ആ തിരഞ്ഞെടുപ്പുകളിലൂടെയും സംഭാഷണങ്ങളിലൂടെയുമാണ് എപ്പോഴും ഒരു തീരുമാനത്തിലേക്ക് നമ്മൾ എത്തുന്നത്.

അനന്യയുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ വളരെ ചെറിയ ഒരു കുട്ടിയാണ് അനന്യ. അനന്യയുടെ ആ​ദ്യത്തെ റെഡ് കാർപ്പറ്റ് അനുഭവമാണ് ഇത്. ആദ്യത്തെ സിനിമയും കൂടിയാണ്. അത് എല്ലാവർക്കും സാധിക്കുന്നതല്ല, അനന്യയ്ക്ക് അത് ലഭിക്കാൻ ഭാ​ഗ്യമുണ്ടായി. അപ്പോൾ അന്നത്തെ ദിവസം അനന്യയ്ക്ക് തന്റെ വസ്ത്രത്തിൽ എന്താണ് വേണ്ടത് എന്നുള്ളതിൽ ഓപ്ഷൻസ് കൊടുക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്, അങ്ങനെ കൊടുത്തതിന്റെ കൂട്ടത്തിലാണ് ആ കുട്ടിക്ക് ആ കുട്ടിയുടേതായിട്ടുള്ള എന്തെങ്കിലും അതിൽ പ്രതിനിധീകരിക്കേണ്ടതുണ്ടോ എന്ന് ഞാൻ ചോദിച്ചത്. അപ്പോഴാണ് അനന്യ താൻ ഒരു ഭരതനാട്യം നർത്തകിയാണ് എന്ന കാര്യം എന്നോട് പറഞ്ഞത്. നൃത്തത്തിന് വേണ്ടി ജീവിതം ഒഴിഞ്ഞു വച്ചിരിക്കുന്ന ഒരാളാണ് അനന്യ. എന്നെ കാണുമ്പോൾ ആളുകൾക്ക് ഞാൻ എന്തിനെ വിശ്വസിക്കുന്നു അല്ലെങ്കിൽ എന്താണ് എന്റെ സ്വപ്നം എന്ന് എന്റെ വസ്ത്രത്തിൽ എവിടെയെങ്കിലും കൊണ്ടുവരാൻ പറ്റിയാൽ നല്ലത് എന്ന് ആ കുട്ടി പറഞ്ഞു. അങ്ങനെയാണ് നെറ്റിച്ചുട്ടി അടക്കമുള്ള ജ്വലറികൾ ആ വസ്ത്രത്തിനൊപ്പം ഉപയോ​ഗിച്ചത്. കോണ്ടംപററി എന്ന് നമ്മൾ അതിനെ വിളിക്കാറുണ്ട്. ട്രെഡിഷണലായി തോന്നാതെയുള്ള ഒരു സ്റ്റൈലിം​ഗ് ആണ് അനന്യയിൽ നമ്മൾ ഉപയോ​ഗിച്ചിരിക്കുന്നത്. വസ്ത്രത്തിനൊപ്പം വളരെയധികം പൊരുത്തപ്പെടുന്ന എന്നാൽ ട്രെഡിഷനലാണ് എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും എങ്കിലും ട്രെഡിഷണലായിട്ടുള്ള ഒന്നും തന്നെ നമ്മൾ ഇതിൽ ഉപയോ​ഗിച്ചിട്ടില്ല. ഹാൻഡ് ലൂം ആണെങ്കിലും ട്രെഡിഷണൽ ഹാൻഡ് ലൂം അല്ല ഉപയോ​ഗിച്ചിരിക്കുന്നത്.

റെഡ് കാർപറ്റിലെ പ്രാണ സി​ഗ്നേച്ചർ

ഞാൻ വിശ്വസിക്കുന്ന കാര്യങ്ങൾ തന്നെയാണ് അവർ ധരിച്ചിരിക്കുന്നത്. ഇന്റർനാഷ്ണൽ ഫാഷനിലേക്കോ അല്ലെങ്കിൽ കോണ്ടംപററി ഫാഷനിലേക്കോ കൈത്തറിയെ എത്തിക്കാനുള്ളൊരു ശ്രമം ഒരു ഡിസൈനർ എന്ന നിലയിൽ ഞാൻ പ്രാണ എന്ന എന്റെ ബ്രാന്റിലൂടെ ചെയ്യുന്നുണ്ട്. അത് ഇതുപോലെയുള്ള സാഹചര്യങ്ങളിൽ സംയോജിപ്പിക്കാൻ സാധിക്കുമ്പോഴാണ് എന്തെങ്കിലും തരത്തിൽ അതിലേക്ക് ഒരു ശ്രദ്ധ കൊണ്ടു വരാൻ സാധിക്കുകയുള്ളൂ. അല്ലെങ്കിൽ കൈത്തറി വീണ്ടും കറങ്ങിത്തിരിഞ്ഞ് നമ്മുടെ സെറ്റ് മുണ്ടുകളിലും കസവ് സാരികളിലും മാത്രം ഒതുങ്ങിപ്പോകും. അത് മാത്രമല്ല കൈത്തറി എന്നു പറയുന്നത്. അതിനും മുകളിൽ കോണ്ടംപററി ഫാഷനിലേക്ക് അതിന് ഒരു സ്ഥാനം നേടിക്കൊടുക്കാൻ നമുക്ക് പറ്റും. അതിന് വേണ്ടിയുള്ള ശ്രമമാണ് ഇത്തരത്തിലുള്ള ഇന്റർനാഷ്ണൽ പരിപാടികളിലൂടെ നമുക്ക് ചെയ്യാൻ സാധിക്കുക. അതിന് വേണ്ടി നമ്മൾ കൃത്യമായി ശ്രമിക്കുന്നുണ്ട്.

അനുഭവങ്ങളാണ് എന്റെ സമ്പത്ത്

ഇതെല്ലാം പ്രാണ എന്ന ബ്രാന്റുമായുള്ള എന്റെ യാത്രകളിലെ നാഴിക കല്ലുകളായാണ് ഞാൻ കാണുന്നത്. ഞാൻ പ്രൊഫഷണലി ഡിസൈനിം​ഗ് പഠിച്ചിട്ടുള്ള ആൾ അല്ല. പലരിലും നിന്നു അറിഞ്ഞും പഠിച്ചും എന്റെ തന്നെ തെറ്റുകളിൽ നിന്നും മനസ്സിലാക്കിയെടുത്തതുമാണ് ഈ അറിവുകൾ എല്ലാം. അനുഭവമാണ് എന്റെ ഏറ്റവും വലിയ സമ്പത്ത്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ മനസ്സിലാക്കിയ കാര്യം എന്റെ ബിസിനസ്സിലൂടെ പ്രാവൃത്തികമാക്കി സഞ്ചരിക്കുകയാണ്. ഇതിൽ എന്റെ നേട്ടം എന്നു പറയുന്നത് ഒന്നുമില്ലായ്മയിൽ നിന്നും എന്തെങ്കിലും ഒക്കെ മനസ്സിലാക്കി ഇപ്പോൾ ഇതിനെക്കുറിച്ച് സംസാരിക്കുന്ന രീതിയിലുള്ള ഒരു അറിവ് ഞാൻ സമ്പാദിച്ചു എന്നതാണ്. അതാണ് എന്റെ ഏറ്റവും വലിയ നേട്ടം. ബാക്കിയെല്ലാം എന്റെ ബ്രാന്റിന്റെ നാഴിക കല്ലുകൾ മാത്രമാണ്. ഇനി മുന്നോട്ട് പോകുമ്പോൾ വളരെ വ്യക്തമായി ഞാൻ ആ​ഗ്രഹിക്കുന്ന ഒരു കാര്യം വിവാഹ വസ്ത്രമല്ലാതെ തന്നെ റെഡ് കാർപ്പറ്റ് അടക്കമുള്ള ഇടങ്ങളിലേക്ക് എന്തെങ്കിലും തരത്തിൽ കൈത്തറിയെ സംയോജിപ്പിക്കണെം എന്നതാണ്. ഒപ്പം 'ഡേ - ടു - ഡേ' ഫാഷനിലും കൈത്തറിയെ ഉൾപ്പെടുത്തണം. ഇതെല്ലാം മാർക്കറ്റിൽ അം​ഗീകരിക്കപ്പെടുമ്പോഴാണ് അതൊരു വലിയ ചുവട് വെയ്പ്പാകുന്നത്.

ഓസ്കർ വേദിയിൽ സ്വന്തം ഡിസൈൻ, എത്രമാത്രം സന്തോഷമുണ്ട്?

ഓസ്കറിൽ ഞാൻ ഡിസൈൻ ചെയ്ത വസ്ത്രം എത്തിയത് സന്തോഷമുള്ള ഒരു കാര്യം തന്നെയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഒരു അഭിനേതാവ് കൂടിയാണ്. അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം ഓസ്കറാണ് എല്ലാം എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ വ്യവസായം എന്ന തരത്തിൽ ഇതിനെ നമ്മൾ നോക്കുകയാണെങ്കിൽ ചില പ്ലാറ്റ്ഫോംസിന് അതിന്റേതായ മഹത്വം ഉണ്ട്. അതിലേക്ക് എത്തിപ്പെടാൻ സാധിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്. ആ വേദിയുടെ പ്രധാന്യം എന്താണെന്ന് എനിക്ക് കൃത്യമായി അറിയാം. നമ്മുടെ സഹപ്രവർത്തകർ ഈ വേദി കീഴടക്കുമ്പോൾ നമുക്കും ഒരു അഭിനേതാവ് എന്ന തരത്തിൽ അത്തരത്തിലുള്ള വേദികളിൽ എത്തണം എന്ന ആ​ഗ്രഹം സ്വഭാവികമായി ഉണ്ടാകുമല്ലോ? എന്നെ സന്തോഷിപ്പിക്കുന്ന ഒരു കാര്യം എനിക്ക് ഈ ഒരു മേഖലയിലൂടെ അതിനുള്ള അവസരം ദൈവം ഒരുക്കിയിട്ടുണ്ടല്ലോ എന്നോർത്താണ്. എന്റെ ഒരു കലാസൃഷ്ടി അല്ലെങ്കിൽ കുറച്ച് ദിവസത്തെ കഠിന പ്രയത്നം എല്ലാം അവിടെ പ്രദർശിപ്പിക്കാൻ സാധിച്ചു എന്നു പറയുന്നത് വലിയൊരു കാര്യമാണെല്ലോ? അത് ലഭിക്കാത്ത എത്രപേരുണ്ട്. അത് ആ​ഗ്രഹിക്കുന്ന എന്നെക്കാൾ കഴിവുള്ള എത്രയോ പേരുണ്ട്. അത് ഞാൻ മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെയാണ് നന്ദിപൂർവ്വം ഞാൻ ഈ നേട്ടത്തിൽ സന്തോഷിക്കുന്നത്.

പ്രാണയുടെ ലക്ഷ്യം

കൈത്തറി മേഖലയിലേക്ക് പുതിയൊരു തലമുറ ഇറങ്ങി വരുന്നില്ല. ആ കൈത്തൊഴിലിന് നമ്മുടെ തനതായ കലകൾക്ക് വാല്യു കൊണ്ടുവരാൻ ശ്രമിക്കുക എന്നത് മാത്രമാണ് എന്നെപ്പോലെയുള്ളവർ ഇതുപോലെയുള്ള പ്ലാറ്റ്ഫോമുകളിലൂടെ ചെയ്യാൻ ശ്രമിക്കുന്നത്. അതിനൊരു വാല്യു കൊണ്ടു വന്നു കഴിഞ്ഞാൽ അതുമായി സഹകരിക്കാൻ എല്ലാവർക്കും അഭിമാനം ഉണ്ടാകും. ആ വാല്യൂ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമാണ് ഇത്. അങ്ങനെ സംഭവിക്കുമ്പോൾ മാത്രമാണ് ഈ മേഖലയിലേക്ക് കൂടുതൽ പേർ വരൂ. അങ്ങനെ വരണമെങ്കിൽ കൈത്തറിക്ക് ഒരു സ്വീകാര്യത ഉണ്ടാവണം. ആ സ്വീകാര്യത നേടണമെങ്കിൽ സമകാലികമായ ഫാഷനുമായി റിലേറ്റ് ചെയ്യുന്ന തരത്തിലുള്ള ഓപ്ഷൻസ് ഉണ്ടാകണം. എങ്കിൽ മാത്രമേ അത് സംഭവിക്കുകയുള്ളൂ. അതിലെ ഒരു ചെറിയ ഭാ​ഗമാണ് ഇത്.

Related Stories

No stories found.
logo
The Cue
www.thecue.in