മുപ്പത് വർഷം എനിക്ക് എന്റെ അച്ഛനെ ജീവനോടെ നൽകിയ വലിയ മനുഷ്യൻ

മുപ്പത് വർഷം എനിക്ക് എന്റെ അച്ഛനെ ജീവനോടെ നൽകിയ വലിയ മനുഷ്യൻ
Summary

വർഷങ്ങൾക്കു ശേഷം ഓമല്ലൂർ രക്തകണ്ഠേശ്വര സ്വാമി ക്ഷേത്രത്തിൽ വച്ച് ചേച്ചിയുടെ വിവാഹം. അന്ന് കോൺഗ്രസ് - ആർ.എസ്.എസ്. സംഘർഷം നടക്കുന്ന സമയം. അന്ന് ഉമ്മൻചാണ്ടി സാർ മന്ത്രിയാണ്. എന്റെ വീട്ടിലെ എല്ലാ ചടങ്ങിലും അദ്ദേഹം പങ്കെടുക്കും എന്ന് നാട്ടുകാർക്ക് നന്നായി അറിയാം. വിവാഹത്തിന്റെ തലേദിവസം ക്ഷേത്രത്തിന്റെ മതിലിൽ ചിലർ ഒരു പോസ്റ്റർ പതിക്കുന്നു.“അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ല"

നിർമ്മാതാവ് എം.രഞ്ജിത് ഉമ്മൻചാണ്ടിയെ അനുസ്മരിക്കുന്നു.

മുപ്പത് വർഷം എനിക്ക് എന്റെ അച്ഛനെ ജീവനോടെ നൽകിയ വലിയ മനുഷ്യനാണ് ഇന്നലെ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ അവസാനമായി അന്തിയുറങ്ങിയത്.

ഉമ്മൻ ചാണ്ടി സാർ ജയിച്ച 1970ലാണ് എന്റെ അച്ഛൻ പി. ഉണ്ണികൃഷ്ണൻ നായരും പത്തനംതിട്ട നിയോജക മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥി ആയി മത്സരിക്കുന്നത്. അത്തവണ പതിമൂന്നോ പതിനാലോ സ്ഥാനാർഥികൾ മാത്രമാണ് വിജയിച്ചത്. വളരെ തുച്ഛമായ വോട്ടിന്റെ വ്യത്യാസത്തിൽ എന്റെ അച്ഛൻ പരാജയപ്പെട്ടു. അച്ഛൻ കൊല്ലം ഡി.സി.സി. സെക്രട്ടറി ആയിരുന്നു . പാർട്ടിയിലെ സീനിയറായ അച്ഛനും യുവ നേതാവായ ഉമ്മൻചാണ്ടിയും തമ്മിലുള്ള ബന്ധം അന്നാണ് തുടങ്ങിയത്.

കുറച്ച് വർഷങ്ങൾക്ക് ശേഷം 1979-80 കാലഘട്ടം. അച്ഛൻ കൊല്ലം ജില്ലയിലെ കോൺഗ്രസിന്റെ ഒരു അവിഭാജ്യ ഘടകമായി നിൽക്കുന്ന സമയം. അന്ന് അതികഠിനമായ നെഞ്ചുവേദനയോടെ അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ടയിൽ അന്ന് ആകെയുള്ളത് കോട്ടയംകാരന്റെ ഹോസ്പിറ്റൽ എന്നറിയപ്പെട്ടിരുന്ന ഒരു ആശുപത്രി മാത്രമാണ്. അവിടെ പരിമിതമായ സൗകര്യങ്ങൾ മാത്രമേയുള്ളൂ. ഓരോ നിമിഷവും അച്ഛന്റെ അവസ്ഥ മോശമായി വരുന്നു. വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചേ മതിയാവൂ. അക്കാലത്ത് ഓക്സിജൻ സൗകര്യം ഉള്ള ആംബുലൻസ് പോലും പത്തനംതിട്ടയിലോ സമീപപ്രദേശത്തോ ഇല്ല. അത്തരം ഒരു ആംബുലൻസ് അന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രമേയുള്ളൂ. ആ ആംബുലൻസ് തിരുവനന്തപുരത്ത് നിന്ന് വരുന്നത് വരെ അച്ഛന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കാം എന്ന് മാത്രമേ ഡോക്ടർ പറയുന്നുള്ളൂ. അച്ഛന്റെ അവസ്ഥ എങ്ങനെയോ അറിഞ്ഞ് അന്നത്തെ യൂത്ത് കോൺഗ്രസ് നേതാവായ മോഹൻരാജ് തിരുവനന്തപുരത്ത് ഉമ്മൻചാണ്ടി സാറിനെ വിളിക്കുന്നു. സി.എച്ച്. മുഹമ്മദ് കോയ മൂന്ന് മാസത്തേക്ക് താത്കാലിക മുഖ്യമന്ത്രിയായി ഭരണം ഏറ്റ സമയമായിരുന്നു. ഉമ്മൻ ചാണ്ടി സാർ നേരെ മുഖ്യമന്ത്രിയുടെ വീട്ടിൽ എത്തുന്നു. കാര്യം പറയുന്നു. പക്ഷേ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആംബുലൻസ് മറ്റൊരു ജില്ലയിൽ പോയി ഒരു രോഗിയെ കൊണ്ടുവരാനുള്ള വകുപ്പ് അന്നില്ല."അതൊന്നും എനിക്കറിയേണ്ട. ഒരു വലിയ നേതാവിന്റെ ജീവനാണ് ആശുപത്രിയിൽ കിടക്കുന്നത്. ഞങ്ങൾക്ക് അദ്ദേഹത്തെ രക്ഷിച്ചേ പറ്റൂ. അതിനുള്ള ഉത്തരവ് കിട്ടാതെ ഞാൻ ഈ മുറിയിൽ നിന്നും പുറത്തിറങ്ങില്ല."ഉമ്മൻചാണ്ടി സാർ ആ മുറിയിൽ ഇരുന്നു. ഗത്യന്തരമില്ലാതെ മുഖ്യമന്ത്രി സ്പെഷ്യൽ ഓർഡർ ഇറക്കി. അങ്ങനെ ആംബുലൻസ് തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ടയിൽ എത്തുന്നു. അച്ഛനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നു. അന്ന് മുഖ്യമന്ത്രിയുടെ മുറിയിൽ ഉമ്മൻചാണ്ടി സാർ പിടിവാശിയോടെ ഇരുന്നുകൊണ്ട് നീണ്ട 30 വർഷക്കാലം അച്ഛൻ ഞങ്ങളോടൊപ്പം ജീവിച്ചു. എനിക്കും എൻ്റെ കുടുംബത്തിനും അത് എങ്ങനെ മറക്കാനാവും.

വർഷങ്ങൾക്കു ശേഷം ഓമല്ലൂർ രക്തകണ്ഠേശ്വര സ്വാമി ക്ഷേത്രത്തിൽ വച്ച് ചേച്ചിയുടെ വിവാഹം. അന്ന് കോൺഗ്രസ് - ആർ.എസ്.എസ്. സംഘർഷം നടക്കുന്ന സമയം. അന്ന് ഉമ്മൻചാണ്ടി സാർ മന്ത്രിയാണ്. എന്റെ വീട്ടിലെ എല്ലാ ചടങ്ങിലും അദ്ദേഹം പങ്കെടുക്കും എന്ന് നാട്ടുകാർക്ക് നന്നായി അറിയാം. വിവാഹത്തിന്റെ തലേദിവസം ക്ഷേത്രത്തിന്റെ മതിലിൽ ചിലർ ഒരു പോസ്റ്റർ പതിക്കുന്നു.“അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ല"

ഉമ്മൻചാണ്ടി സാർ വിവാഹത്തിന് എത്തിയാൽ തടയുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അച്ഛന് കാര്യം മനസ്സിലായി.

“ഈ വിവാഹത്തിന് എനിക്ക് എന്റെ മകളുടെ കൈപിടിച്ച് കൊടുക്കാൻ ഇടവന്നത് സാർ കാരണമാണ്. സാറില്ലാതെ എന്റെ വീട്ടിൽ ഒരു വിവാഹമില്ല."

അച്ഛനും വാശിയായി. ക്ഷേത്രത്തിന്റെ തൊട്ടടുത്തുള്ള അച്ഛന്റെ സുഹൃത്തിന്റെ വീടിന്റെ മുറ്റത്ത് ഒറ്റ രാത്രി കൊണ്ട് വിവാഹ പന്തൽ ഉയരുന്നു. താലികെട്ട് ക്ഷേത്രത്തിൽ വച്ച്. ബാക്കി ചടങ്ങുകൾ ആ വീട്ടിൽ വച്ച്. വിവാഹത്തിന് ഉമ്മൻചാണ്ടി സാർ എത്തുന്നു. അദ്ദേഹത്തെ തടയുന്നു. ക്ഷേത്ര കോമ്പൗണ്ടിൽ കയറാൻ അനുവദിച്ചില്ല.അച്ഛൻ ഉമ്മൻചാണ്ടി സാറിന്റെ അടുത്ത് എത്തി."പത്തു മിനിറ്റ് എനിക്കു വേണ്ടി കാത്തു നിൽക്കണം."അദ്ദേഹം തലകുലുക്കി. അച്ഛൻ പെട്ടെന്ന് ചേച്ചിയുടെ താലികെട്ട് ക്ഷേത്രത്തിൽ വച്ച് നടത്തി. അവിടെ കൂടി നിന്ന ജനങ്ങളുടെ മദ്ധ്യത്തിലൂടെ വരനേയും വധുവിനെയും കൊണ്ട് ഉമ്മൻചാണ്ടി സാറിന്റെ അടുത്തെത്തി അദ്ദേഹത്തെയും കൂട്ടി ക്ഷേത്രത്തിന് മുന്നിലുള്ള വീട്ടിൽ എത്തി ഉമ്മൻചാണ്ടിന്റെ സാന്നിധ്യത്തിൽ ബാക്കി വിവാഹ ചടങ്ങുകളും നടത്തി അദ്ദേഹത്തോടൊപ്പം വധു വരന്മാരെ ഇരുത്തി സദ്യയും കഴിപ്പിച്ചു.

അങ്ങനെ ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായി മാറിയ ഞങ്ങളുടെ ഉമ്മൻചാണ്ടി സാർ ഇന്ന് ഓർമ്മയായി മാറുമ്പോൾ എനിക്കും എന്റെ കുടുംബത്തിനും എന്റെ സഹോദരങ്ങൾക്കും എന്നും ഓർമ്മിക്കാൻ എത്രയോ നിമിഷങ്ങളാണ് അദ്ദേഹം നൽകിയത്. എന്റെ അച്ഛന്റെയും അമ്മയുടെയും മരണത്തിന് അദ്ദേഹം ഞങ്ങളുടെ വീട്ടിൽ എത്തി ആശ്വസിപ്പിച്ചത് എങ്ങനെ മറക്കാനാവും...

ഒരു രാഷ്ട്രീയ നേതാവിനെ മാത്രമല്ല എന്റെ അച്ഛന്റെ ഒരു ഉറ്റ സുഹൃത്തിനെ കൂടിയാണ് ഞങ്ങൾക്ക് നഷ്ടമായത്...

അദ്ദേഹം ഇപ്പോൾ അച്ഛന്റെയടുത്ത് ഉണ്ടാവും എന്ന് തോന്നുന്നു...

പ്രണാമം.....

Related Stories

No stories found.
logo
The Cue
www.thecue.in